sections
MORE

ഡ്രാക്കുള കോട്ടയിലേക്ക്

SHARE

ഡ്രാക്കുള കോട്ടയിലേക്ക് ഒരു യാത്ര. അതെ, ഹോളിവുഡ് ഹൊറര്‍ സിനിമകളിലും ഹൊറര്‍ നോവലുകളിലും കണ്ടതും കേട്ടതുമായ ഡ്രാക്കുള കോട്ടയിലേക്കാണ് യാത്ര. സിനിമകളിലൂടെയും നോവലുകളിലൂടെയും അറിഞ്ഞ, പേടിപ്പെടുത്തുന്ന കോട്ടയിലെ കാഴ്ചകൾ കാണാന്‍  ആവേശമായിരുന്നു. റൊമാനിയയിലെ വിനോദ സഞ്ചാര പ്രദേശങ്ങളിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനു വേണ്ടി ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. പല രാജ്യങ്ങളിൽനിന്നായി 50 ഓളം ട്രാവൽ ഇൻഫ്ലുവൻസേഴ്സും വ്‌ളോഗേഴ്സും യൂട്യൂബേഴ്സും ഫൊട്ടോഗ്രഫേഴ്‌സും അടങ്ങുന്ന സംഘമായിരുന്നു അതിൽ‍ പങ്കെടുത്തത്. അവിടെവച്ച് പല രാജ്യങ്ങളിൽ നിന്നുള്ളവരുമായി സൗഹൃദത്തിലാവാൻ കഴിഞ്ഞു .

തെക്കു കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമാനിയയിലാണ് ഡ്രാക്കുള കോട്ട. ചരിത്രവും സംസ്‌കാരവും ഇടകലര്‍ന്നു നില്‍ക്കുന്ന രാജ്യമാണ് റൊമാനിയ. കൂറ്റന്‍ കോട്ടകളും പള്ളികളും കൊണ്ട് ചരിത്ര പ്രസിദ്ധമാണിവിടം. ബുക്കാറസ്റ്റില്‍ ടിമിസോറയിലേക്കാണ് യാത്ര തിരിച്ചത്. എട്ടൊമ്പതു മണിക്കൂര്‍ കൊണ്ട് ടിമിസോറയിലെത്തി. റൊമാനിയ അറിയപ്പെടുന്നത് ഡ്രാക്കുള പ്രഭുവിന്റെ നാടെന്നാണ്. അവിടെ എത്തിയതോടെ ചുറ്റുമുള്ള വ്യത്യസ്തമായ കാഴ്ചകള്‍ ഫ്രെയിമിലാക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ട്രാന്‍സില്‍വാനിയയിലെ കൊര്‍വിന്‍ കാസയിലേക്കു നടക്കുമ്പോള്‍ അവിടുത്തെ ചരിത്രം പറഞ്ഞു തരാന്‍ ഗൈഡും ഒപ്പമുണ്ടായിരുന്നു.

കോട്ടയിലേക്കുള്ള, കരിങ്കല്ല് വിരിച്ചു മനോഹരമാക്കിയ നടപ്പാതകള്‍. കോട്ടയുടെ കവാടത്തിലേക്കുള്ള വഴിയിൽ ഭീതിയുണർത്തുന്ന ചിത്രങ്ങളുള്ള ബാനറുകള്‍ തൂക്കിയിട്ടിരിക്കുന്നു. കുന്തത്തില്‍ തറച്ച മനുഷ്യരൂപത്തിന്റെയും രാത്രിയില്‍ ഓരിയിടുന്ന കുറുനരിയുടെയും നിഴല്‍ചിത്രങ്ങളാണ് ബാനറുകളിൽ. ഇതെല്ലാം കണ്ടപ്പോള്‍ കോട്ടയ്ക്കകത്തേക്ക് എത്രയുംപെട്ടെന്ന് എത്താന്‍ ആവേശമേറി.

കര്‍പ്പാത്തിയന്‍ മലനിരകളുടെ താഴ്‌വാരത്തുള്ള കുന്നിന്‍ ചെരുവിലാണ് കോട്ട. ഒരു ചെറിയ പാലം കടന്നു വേണം അവിടെയെത്താൻ. കോട്ടയും പാലവും ആ ചെറിയ നദിയും ഞാൻ പകര്‍ത്തിയെടുത്തു. ഈ  ചിത്രത്തില്‍ കാണുന്ന പാലമാണ് അത്. ഇത് കാണുമ്പോള്‍ തോന്നുന്നുണ്ടാകും ഒരുപാടു ദൂരം നടന്നു വേണം കോട്ടയ്ക്ക്  അടുത്തെത്താനെന്ന്. പക്ഷേ 50 മീറ്ററിൽത്താഴെ മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. ഫോട്ടോയെടുത്ത ശേഷം കോട്ടയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ നിരീക്ഷിക്കുന്ന സമയത്താണ് സുഹൃത്ത് ഗാബി എന്റെയടുക്കലേക്ക് വന്നത്.  ബ്രസീലിയന്‍ വ്ലോഗറാണ് ഗാബി 

പല രാജ്യങ്ങളും സന്ദർശിക്കാറുള്ളതുകൊണ്ട് കൊണ്ട് ഇത്തരം ധാരാളം  സൗഹൃദ വലയങ്ങള്‍ ഉണ്ട്.  കുറച്ചു നേരം ഗാബിയെ എന്റെ ഫ്രെയിമില്‍ കൊണ്ടുവന്നു. കോട്ടയെ  ഉള്‍പ്പെടുത്തി നല്ല കുറച്ചു ഫ്രെയിമുകള്‍ ക്ലിക്ക് ചെയ്തു. ശേഷം പാലം കടന്ന് കോട്ടയ്ക്കുള്ളിലേക്കു നടന്നു. 

സഞ്ചാരികളെ പരമ്പരാഗത റൊമാനിയന്‍ രീതിയിലാണ് കൊര്‍വിന്‍ കവാടത്തില്‍നിന്നു  സ്വാഗതം ചെയ്തത്. അകത്തേക്കു കയറിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ കാഴ്ചകളായിരുന്നു മുഴുവന്‍. കവാടം കടന്നു കുറച്ചുകൂടി അകത്തേക്ക് ചെന്നപ്പോള്‍ കിട്ടിയ സ്വീകരണം എന്നെ ഒന്നു ഞെട്ടിച്ചു. ആചാരവെടി എന്നൊക്കെ പറയുംപോലെ സഞ്ചാരികള്‍ അകത്തേക്ക് കയറുമ്പോള്‍ കോട്ടയുടെ  മുകള്‍ഭാഗത്തു നിന്ന് വെടിയുതിര്‍ക്കും. ഇങ്ങനെയൊരു സ്വീകരണം തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ ചെറുതായി ഒന്നു ഭയന്നു. പിന്നെ മനസ്സിലായി, സഞ്ചാരികളെ കോട്ടയിലേക്ക് വരവേല്‍ക്കുന്നതാണെന്ന്.  

കോട്ടയ്ക്കുള്ളിലെ കാഴ്ചകള്‍ വല്ലാത്തൊരു ഫീലാണ്. അവിടെയുണ്ടായിരുന്നവർ പരമ്പരാഗത റൊമാനിയന്‍ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അവരെ ഉൾപ്പെടുത്തി കോട്ടയുടെ ഫീല്‍ ഉള്‍കൊള്ളിച്ച്  എനിക്ക് ഒരു ഫ്രെയിം ഉണ്ടാക്കാന്‍ കഴിഞ്ഞു. അവിടെ ഫ്രെയിമുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല.

അതിശയകരമാണ് കോട്ടയുടെ വലിപ്പം. യൂറോപ്പിലെ അദ്ഭുതങ്ങളിൽ ഒന്നാണ് റൊമാനിയയിലെ ഏറ്റവും വലിയ ഈ കോട്ട. കോട്ടയ്ക്കുള്ളിലേക്കു പോകുമ്പോള്‍ ചെറിയ ഇടനാഴികളാണ്. ഒരാള്‍ക്കു മാത്രം കടന്നു പോകാന്‍ കഴിയുന്നത്ര ചെറുത്. പ്രേതബാധയുള്ളതു പോലെ കോട്ടയുടെ പല ഭാഗങ്ങളില്‍ എത്തിയപ്പോഴും തോന്നി. 

ഓരോ ഇടനാഴി കടക്കുമ്പോഴും ഓരോ ഫ്രെയിം സൃഷ്ടിക്കാനാണു ഞാന്‍ ശ്രമിച്ചത്. റൊമാനിയയിലെ പരമ്പരാഗത വസ്ത്രം അണിഞ്ഞവരുടെ ചിത്രങ്ങള്‍ പകര്‍ത്തി കുറച്ച സമയം അവരോടൊപ്പം ചെലവഴിച്ച് അടുത്ത ഇടനാഴിയിൽ കയറി. അവിടെ കണ്ടത് ട്രാൻസില്‍വാനിയയിലെ അമ്പെയ്ത്തു ജോലി ചെയ്യുന്ന വേഷം ധരിച്ചവരെയാണ്. അവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി. അത് അവരെ കാണിക്കുമ്പോള്‍ അവരുമായി കൂടുതല്‍ സൗഹൃദത്തിലാവാനും കഴിഞ്ഞു. ചിത്രങ്ങള്‍ അവര്‍ക്കു അയച്ചു കൊടുക്കണമെന്നു പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായിരുന്നു. ഇവരെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ ഞാനുമായി ഇപ്പോഴും കണക്ടഡ് ആണ്.

കൊര്‍വിന്‍ കോട്ടയില്‍  മൂന്ന് വലിയ ഹാളുകളുണ്ട്. നൈറ്റ് ഹാള്‍, ഡൈയ്റ്റ് ഹാള്‍, സര്‍ക്കുലര്‍ സ്റ്റെയിര്‍വെ.  ഈ ഭാഗങ്ങളെല്ലാം ചതുരാകൃതിയിലാണ്. മാര്‍ബിള്‍ കൊണ്ട് അവ അലങ്കരിച്ചിരുന്നു. ഔപചാരിക ചടങ്ങുകള്‍ക്കാണ് ഡൈറ്റ് ഹാള്‍; നൈറ്റ് ഹാള്‍ സൽക്കാരങ്ങള്‍ക്കും.

കോട്ടയുടെ ഉള്‍ഭാഗങ്ങള്‍ ക്രിസ്ത്യന്‍ പള്ളികളോട് സാദൃശ്യമുളളതാണ്. പക്ഷേ അവ പള്ളിയല്ല, വലിയ ഹാളുകളാണ്. ഉയരത്തിലുള്ള കൂര്‍ത്ത കമാനങ്ങള്‍, നിറം പിടിപ്പിച്ച കണ്ണാടിച്ചില്ലുകളും അവയില്‍ വരച്ച, ബൈബിളില്‍നിന്നുള്ള ചിത്രങ്ങളും, ഉയര്‍ന്ന ഗോപുരങ്ങളും മണിഗോപുരങ്ങളും. ഗോഥിക് ശൈലിയിലുള്ള പള്ളികൾ വളരെ ദൂരെനിന്നു  കാണാന്‍ സുന്ദരമായിരുന്നു. 

ഹോളിവുഡ് ഹൊറര്‍ ത്രില്ലറായ ‘നണ്‍’ ചിത്രീകരിച്ച സ്ഥലത്തേക്കായിരുന്നു പിന്നെ പോയത്. ക്രിസ്ത്യന്‍ പള്ളികളുടെ ഉള്‍വശം പോലെയാണിവിടം. ആ സ്ഥലം കണ്ടപ്പോള്‍ പെട്ടെന്ന് ആ സിനിമയിലെ ഒരു സീൻ ഓര്‍മ വന്നു. അവിടെ ഒരു മ്യൂസിക് പ്ലേ ചെയ്തിട്ടുണ്ട്. കുറച്ചു നേരം ഫോട്ടോ എടുക്കാതെ അവിടെ ചെലവഴിച്ചു. അവിടുന്ന് അടുത്ത ഇടനാഴി വഴി അകത്തേക്കു ചെന്നപ്പോള്‍ ഇന്ത്യൻ സുഹൃത്ത് അര്‍ണബിനെ കണ്ടു. അര്‍ണബ് കോട്ടയുടെ ജനാലയ്ക്കരികിൽ പുറത്തേക്കു നോക്കി നിൽക്കുന്ന ഫ്രെയിം എടുത്തു. ഏറെനേരത്തിനു ശേഷം മഴ പെയ്തു. കോട്ടയുടെ ജനാലയില്‍ കൂടി നോക്കുമ്പോള്‍ വളരെ മനോഹരമായ ദൃശ്യം.

ആ ഇടനാഴിയില്‍ വച്ച് കുറച്ചധികം പേര്‍ ചിത്രങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. തിരക്കു കൂടിയപ്പോൾ പതുക്കെ അവിടുന്ന് അടുത്ത സ്ഥലത്തേക്കു പോയി. കോട്ടയ്ക്കുള്ളിൽ പരാമ്പരാഗത രീതിയിൽ ഉപയോഗിച്ചിരുന്ന വസ്തുക്കൾ അവിടെ സൂക്ഷിച്ചിരുന്നു. കോട്ടയ്ക്കുള്ളില്‍  പലയിടത്തുനിന്നും ചിത്രങ്ങള്‍ എടുത്തുകൂട്ടി. അവിടെ സിനിമാ ഷൂട്ടിങ്ങിനു വേണ്ട എല്ലാ സഹായങ്ങളും റൊമാനിയന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

romania8

രക്തദാഹിയായ രക്ഷസ്സും ഭീതിയുടെ മഹാപ്രഭുവുമായി ലോകമെങ്ങും അറിയപ്പെടുമ്പോഴും ഡ്രാക്കുള റൊമാനിയന്‍ ദേശീയതയുടെ വീരപുരുഷനായിരുന്നു. അടുത്ത കാലം വരെ ഡ്രാക്കുള നോവലും അതിനെ അവലംബിച്ചുള്ള സിനിമകളുമൊക്കെ റൊമാനിയയില്‍ നിരോധിക്കപ്പെട്ടിരുന്നു.

romania9

അതിധീരനും ക്രൂരനുമായ വ്ലാദ് തെപിസ് അറിയപ്പെട്ടത് വ്ലാദ് ദ് ഇംപേലർ എന്നായിരുന്നു. ആളുകളെ ശൂലത്തില്‍ തറച്ചു കയറ്റുന്നതിനാണ് ഇംപേൽ എന്നു പറയുക. യുദ്ധത്തില്‍ പിടികൂടിയ ശത്രുഭടന്മാരെ ശൂലത്തില്‍ കോര്‍ത്ത് നാട്ടി നിര്‍ത്തുന്നത് വ്ലാദിന്റെ വിനോദമായിരുന്നത്രേ.

ഭീതി ജനിപ്പിക്കുന്ന കോട്ടകളാണ് സിനിമകളിലും നോവലുകളിലും ഡ്രാക്കുള കോട്ടകള്‍. മന്ത്രവാദവും ആഭിചാരവും നടത്തിയെന്ന കുറ്റം ചുമത്തി ജീവനോടെ കത്തിച്ചും തൂക്കിലേറ്റിയും നൂറുകണക്കിനു മനുഷ്യരെ ഇല്ലാതാക്കി. അതില്‍ കൂടുതലും സ്ത്രീകളായിരുന്നു. ഡ്രാക്കുള എന്ന  കഥാപാത്രത്തിന് കാരണമായ ക്രൂരനായ റൊമാനിയന്‍ രാജാവ് വ്ലാദ് ദ് ഇംപേലര്‍ അഥവാ വ്ലാദ് ഡ്രാക്കുളയുടെ ഭരണം കൊണ്ടാണ് ഡ്രാക്കുള കോട്ട എന്ന് അറിയപ്പെട്ടത്.

romania10

കേട്ടറിഞ്ഞ കഥയേക്കാള്‍ വ്യത്യസ്തമായിരുന്നു കൊര്‍വിന്‍ കോട്ടയുടെ കഥ. കൊര്‍വിന്‍ കോട്ടയില്‍യിൽനിന്ന് ധാരാളം ചിത്രങ്ങളെടുത്ത ശേഷം അടുത്ത കോട്ടയിലേക്ക് യാത്ര തിരിച്ചു.

പ്രമുഖ ഫാഷൻ ഫൊട്ടോഗ്രഫറായ ജിന്‍സണ്‍ എബ്രഹാം നിരന്തര യാത്രികൻ കൂടിയാണ്. മോഡലുകളെയും ചലച്ചിത്ര താരങ്ങളെയും സാധാരണക്കാരെയും ഉൾപ്പെടുത്തി ചെയ്ത ചിത്രപരമ്പരകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഫോർവേഡ് ലൈഫ് മാഗസിന്റെ ചീഫ് ഫൊട്ടോഗ്രഫർ. അര്‍ബന്‍ അഫയേഴ്‌സ് എന്ന സംരംഭത്തിന്റെ സഹസ്ഥാപകന്‍ കൂടിയാണ്.