sections
MORE

കൊതിപ്പിക്കുന്ന കോത്തോർ

കോത്തോർ നഗര ദൃശ്യങ്ങൾ 
SHARE

മോണ്ടിനീഗ്രോയുടെ കൊതിപ്പിക്കുന്ന കാഴ്ചകളിലൂടെ കോത്തോറിലെത്തി. ഞാൻ റൂം ബുക്ക് ചെയ്തിരിക്കുന്ന തിവാത്തിലേക്ക് ഇനിയും ഒരു മണിക്കൂർ ബസ് യാത്രയുണ്ട്. എന്നാൽ കോത്തോറിൽ താമസിച്ചുകൊണ്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോയി വരുന്നതാണ് എളുപ്പമെന്ന് ഈ ബസ് യാത്രയ്ക്കിടയിലാണ് 'ഗൂഗിൾ ഭഗവാൻ' വ്യക്തമാക്കിത്തന്നത്. അതുകൊണ്ട് ബസിൽ ഇരുന്നു കൊണ്ടു തന്നെ ഞാൻ തിവാത്തിലെ റൂം റിസർവേഷൻ ക്യാൻസൽ ചെയ്തിട്ട് കോത്തോറിൽ റൂം ബുക്ക് ചെയ്തിരുന്നു.

വളരെ ചെറിയൊരു ബസ് സ്റ്റേഷനാണ് കോത്തോറിലേത്. ബസ് ഇറങ്ങിയ ശേഷം ഞാൻ ഹോട്ടലിലേക്കുള്ള വഴി ഇന്റർനെറ്റിൽ പരതി. അര കിലോമീറ്റർ ദൂരമെന്നാണ് ഗൂഗിളിൽ കാണുന്നത്. ഒരു സഹയാത്രികനോട് വഴി ചോദിച്ച് ഒന്നുകൂടി ഉറപ്പുവരുത്തി. 'നേരെ വലത്തേക്ക് നടക്കുമ്പോൾ കടൽതീരമെത്തും. അവിടെ നിന്നു നോക്കുമ്പോൾ എതിർവശത്തായി ഓൾഡ് സിറ്റി കാണാം. ഓൾഡ് സിറ്റിക്കുള്ളിലാണ് ഈ ഹോട്ടൽ' - അദ്ദേഹം വ്യക്തമായി വഴി പറഞ്ഞു തന്നു.

കോത്തോർ നഗര ദൃശ്യങ്ങൾ 

ഞാൻ ലഗേജും വലിച്ച് നടപ്പു തുടങ്ങി. ഭംഗിയായി ടൈൽ വിരിച്ച ഫുട് പാത്ത്. എത്രദൂരം വേണമെങ്കിലും ട്രോളി ബാഗ് വലിച്ച് നടക്കാം. എറണാകുളത്ത്, അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും നഗരത്തിൽ വന്നിറങ്ങുന്ന വിനോദസഞ്ചാരിയുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഞാൻ ഓർത്തുപോയി. ഫുട് പാത്ത് പേരിനുമാത്രം. ഉള്ളതിൽ തന്നെ കോൺക്രീറ്റ് സ്ലാബുകൾ ഇളകിപ്പോയി രൂപപ്പെട്ടിരിക്കുന്ന അഗാധഗർത്തങ്ങൾ. ഫുട് പാത്തിനു പിന്നിലെ ഓരോ കടക്കാരനും തന്റെ കടയിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ ഫുട് പാത്തിൽ വരുത്തുന്ന രൂപമാറ്റങ്ങൾ മൂലം മല കയറിയിറങ്ങുന്നതു പോലെ വേണം, പെട്ടിയും വലിച്ചു നീങ്ങാൻ, നമ്മൾ ഒരു ശതമാനം പോലും ടൂറിസ്റ്റ് ഫ്രണ്ട്‌ലി അല്ലെന്ന് ഇത്തരം കാര്യങ്ങൾ തെളിയിക്കുന്നു.

കോത്തോർ നഗര ദൃശ്യങ്ങൾ 

കടലെത്തി. കടലിനു ചുറ്റും ഭംഗിയുള്ള നടപ്പാതയും പാർക്കുമുണ്ട്. ആഡംബര നൗകകൾ നൂറുകണക്കിനാണ് തീരത്തിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്നത്. കടലിന് എതിർവശത്ത് വലിയ മല. മലയുടെ ഉച്ചിയിലൂടെ നീളുന്ന കോട്ടകൊത്തളങ്ങൾ. താഴെ മലഞ്ചരിവിൽ, മതിൽക്കെട്ടിനുള്ളിൽ, പഴയ നഗരം. അതിനുള്ളിൽ എവിടെയൊ ആണ് എന്റെ ഹോട്ടൽ-റെന്റസ്‌വസ്. ഞാൻ പഴയ നഗരത്തിന്റെ കവാടം തെരഞ്ഞു. നഗരത്തിന്റെ ചുറ്റും കാണുന്നത് മതിൽക്കെട്ടല്ല, പ്രാചീനമായ കോട്ട തന്നെയാണ്. കോട്ടയുടെ ചുറ്റും തടാകം, തടാകത്തിന് മേലെ നിർമ്മിച്ചിരിക്കുന്ന എടുത്തു മാറ്റാവുന്ന പാലത്തിലൂടെ വേണം കോട്ടയ്ക്കുള്ളിലെ പഴയ നഗരത്തിൽ പ്രവേശിക്കാൻ.കോട്ടയ്ക്ക് രണ്ട് വാതിലുകളുണ്ട്. അതിൽ പ്രധാനവാതിൽ മുന്നിലാണ്. അവിടേക്ക് വീണ്ടും നടക്കണം. എന്നാൽ ഒരുവശത്തായി മറ്റൊരു കവാടം കൂടിയുണ്ടെന്ന് ഞാൻ കണ്ടുപിടിച്ചു അവിടേക്ക് നടന്നു.

ഫുട് പാത്തിലൂടെ നടന്നതുപോലെ എളുപ്പമല്ല, കോട്ടയ്ക്കുള്ളിൽ നടക്കാൻ. കാരണം, തറയിൽ കരിങ്കൽ ചീളുകൾ പാകിയിരിക്കുകയാണ്. പക്ഷെ, കോട്ടയുടെ ഉൾഭാഗം അതിമനോഹരമായിരുന്നു. തലങ്ങും വിലങ്ങും ചെറിയ തെരുവുകളും ഉപതെരുവുകളുമുള്ളതുകൊണ്ട് ഹോട്ടൽ കണ്ടുപിടിക്കാൻ കുറച്ചു സമയമെടുത്തു എന്നു മാത്രം.

കോത്തോർ നഗര ദൃശ്യങ്ങൾ 

പഴയ നഗരത്തിൽ പുതിയ നിർമ്മിതികളൊന്നുമില്ല. പണ്ട് കോട്ടയ്ക്കുള്ളിൽ ഉണ്ടായിരുന്ന കെട്ടിടങ്ങളിൽ തന്നെയാണ് ഹോട്ടലുകളും കഫേകളും ബാറുകളും കരകൗശല ഉല്പന്ന ഷോപ്പുകളുമെല്ലാം പ്രവർത്തിക്കുന്നത്. ഉൾഭാഗം അവരവർക്ക് വേണ്ട രീതിയിൽ കടയുടമകൾ മാറ്റിയെടുത്തിട്ടുണ്ട് എന്നു മാത്രം.

കോത്തോർ നഗര ദൃശ്യങ്ങൾ 

റെന്റസ്‌വസ് ഹോട്ടലും റെസ്റ്റോറന്റും പഴയ കെട്ടിടത്തിനുള്ളിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഭംഗിയുള്ള ചെറിയ മുറിയാണ് എനിക്ക് ലഭിച്ചത്.1800 രൂപയോളമാണ് വാടക. ബ്രേക്ക്ഫാസ്റ്റ് സൗജന്യം. ജനാല തുറന്നിട്ടാൽ പഴയ നഗരത്തിലെ ചത്വരങ്ങളിലൊന്ന് ദൃശ്യമാണ്.

ഞാൻ കുളി കഴിഞ്ഞ് തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളുമണിഞ്ഞ് പുറത്തിറങ്ങി. സിരകളെ തുളയ്ക്കുന്ന തണുപ്പുണ്ട്. സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നു.

കോത്തോർ നഗര ദൃശ്യങ്ങൾ 

മെഡിറ്ററേനിയൻ തീരത്തെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന പഴയ നഗരമാണ് കോത്തോറിലുള്ളത്. കടലിനും പർവതത്തിനുമിടയിൽ കോട്ടയ്ക്കുള്ളിൽ 4.5 കി.മീ. നിളത്തിലാണ് പഴയ നഗരമുള്ളത്. യുനെസ്‌കോയുടെ പൈതൃക ലിസ്റ്റിലാണ് ഈ നഗരവും പരിസരപ്രദേശങ്ങളും. 4.5 കി.മീ നീളവും 20 മീറ്റർ ഉയരവും 15 മീറ്റർ വീതിയുമുള്ള കൽഭിത്തിക്കുള്ളിൽ മോണ്ടിനീഗ്രോയും കാലവും ചേർന്ന് പൊന്നുപോലെ കാത്തുസൂക്ഷിച്ചിരിക്കുകയാണ് പഴയ നഗരത്തെ.

കോത്തോർ ബസ് സ്റ്റേഷൻ 

18-ാം നൂറ്റാണ്ടിലാണ് നഗരം ഇക്കാണുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടതെങ്കിലും 9-ാം നൂറ്റാണ്ടിൽത്തന്നെ പല കെട്ടിടങ്ങളും മതിലും പണി തീർത്തിരുന്നതായി ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. വാച്ച് ടവർ, നിരവധി ചത്വരങ്ങൾ, പള്ളികൾ, കൊട്ടാരങ്ങൾ എന്നിവയെല്ലാം പഴയ നഗരത്തിലുണ്ട്. ഒമ്പതു മുതൽ 18-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ പണിയപ്പെട്ടവയാണ് ഇവയെല്ലാം. ഉദാഹരണമായി, ഏറ്റവും മനോഹരമായ പള്ളിയായ സെന്റ് ട്രൈഫോൺ കത്തീഡ്രൽ 1166ൽ നിർമ്മിക്കപ്പെട്ടതാണ്.

കോത്തോർ പഴയ നഗരത്തിന്റെ കവാടം 

പഴയ നഗരത്തെ കാത്തുസൂക്ഷിക്കാനായി മലമുകളിൽ നിർമ്മിക്കപ്പെട്ട കോട്ടയുടെ പേര് സാൻ ജിയോവനി ഫോർട്രസ് എന്നാണ്. സമുദ്ര നിരപ്പിൽ നിന്ന് 260 മീറ്റർ ഉയരെയാണ് കോട്ട. നൂറുകണക്കിന് പടവുകൾ കയറിയാലേ കോട്ടയിലെത്തൂ. 8 യൂറോയാണ് മലകയറ്റത്തിനുള്ള ഫീസ്. മലമുകളിലെ കോട്ടയുടെ മട്ടുപ്പാവിൽ നിന്നാൽ ആഡ്രിയാറ്റിക് സമുദ്രത്തിന്റെയും കോത്തോർ, ബുദ്‌വ എന്നീ പ്രദേശങ്ങളുടെയും വിഹഗവീക്ഷണം ലഭിക്കും. സമയം കിട്ടിയാൽ മലകയറാം എന്ന് ഉറപ്പിച്ച്,ഞാൻ ഒരു ചത്വരത്തിൽ കണ്ട വലിയ റെസ്റ്റോറന്റിലേക്ക് കയറി.

കോത്തോർ പഴയ നഗരത്തിന്റെ ഒരു വശത്തെ ചെറിയ കവാടം

ഇന്നു രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കാനാണ് തീരുമാനിച്ചത്. ഇനിയുള്ള നാലു ദിവസങ്ങൾ കൊണ്ട് ബുദ് വ, കോത്താർ, തിവാത്ത് തുടങ്ങിയ മൂന്നു സ്ഥലങ്ങൾ കാണാനുണ്ട്. അഞ്ചാം ദിവസം രാവിലെ തിവാത്ത് എയർപോർട്ടിൽ നിന്ന് മോസ്‌കോ വഴി കൊച്ചിയിലേക്ക് മടക്കയാത്ര. രാത്രിയിൽ പഴയനഗരം കാണാൻ നല്ല ഭംഗിയാണ്.കുട്ടിക്കാലത്ത് വായിച്ച 'സോവിയറ്റ് നാട്' മാസികയിലെ നാടോടിക്കഥയിൽ നിന്ന് ഇറങ്ങി വന്ന നഗരംപോലെ തോന്നും. എങ്ങും ഇളം ചുവപ്പ് ലൈറ്റുകൾ. അത് കടൽഭിത്തികളിലും കൽടൈലുകളിലും തട്ടി പ്രതിഫലിക്കുന്നു. പഴമയുടെ ഭംഗി ചോരാത്ത ഒരിടവുമില്ല, ഈ ഓൾഡ് സിറ്റിയിൽ. പുതിയ വ്യാപാരസ്ഥാപനങ്ങൾ, അവരുടെ ബോർഡുകളിൽ പോലും ആ പഴമയുടെ സൗന്ദര്യം കാത്തു സൂക്ഷിച്ചിട്ടുണ്ട്. ഗ്രിൽഡ് ഫിഷും ഫ്രഞ്ച് ഫ്രൈസും പ്രാദേശിക ബിയറായ നിക്‌സിഷ്‌കോയുമാണ് ഡിന്നറിന് ലഭിച്ചത്. എന്തൊരു സ്വാദാണ് ഫിഷിന്! 

മല മുകളിലെ കോട്ടയുടെ ദൃശ്യങ്ങൾ 

പഴയ നഗരത്തിന്റെ ഭംഗിയിൽ മതിമയങ്ങി, 10 ഡിഗ്രി തണുപ്പിന്റെ സുഖസാന്ത്വനമേറ്റ്, 18-ാം നൂറ്റാണ്ടിലെത്തിപ്പെട്ട പ്രതീതിയിൽ ഞാനിരുന്നു. പിന്നെ, പിറ്റേന്നത്തെ കാഴ്ചകളിലേക്ക് ഉണരാനായി റെൻഡസ് വസിന്റെ കിടക്കയിലേക്ക് ചാഞ്ഞു.പിറ്റേന്ന് രാവിലെ പഴയ സിറ്റിയിൽ നിന്നു തന്നെ കാഴ്ചകൾ ആരംഭിക്കാമെന്നു കരുതി.ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങി  ഇപ്പോഴും തണുപ്പുണ്ട്. സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടില്ല. ഷോപ്പുകൾ തുറന്നു വരുന്നതേയുള്ളൂ. തെവുകൾ സജീവമാകുന്നതിനുമുമ്പ് കോട്ടയുടെ പുറത്ത്, കടലിന്റെ തീരത്തൊന്ന് പോയി വരാമെന്നു കരുതി നടന്നു.

മല മുകളിലെ കോട്ടയുടെ ദൃശ്യങ്ങൾ 

ആഡ്രിയാറ്റിക് സമുദ്രത്തിന്റെ ഒരു ഉൾക്കടൽ ശാഖയാണ് കോത്തോറിലേക്ക് കയറിക്കിടക്കുന്നത്. പ്രശാന്തസുന്ദരമായ കടൽ. നീല ജലം. അഴുക്കിന്റെ ലാഞ്ചന പോലുമില്ലാത്ത വെള്ളം. നൂറുകണക്കിന് യോട്ടുകൾ അഥവാ ആഡംബര നൗകകൾ കെട്ടിയിട്ടിരിക്കുന്ന 'മറീന'യാണ് കോട്ടയുടെ മുന്നിൽ കാണുന്നത്. കോടിക്കണക്കിന് രൂപ വില വരുന്ന ആഡംബരയാനങ്ങളാണിവ. ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാർ തങ്ങളുടെ നാട്ടിൽ നിന്ന് കടലിലൂടെ സഞ്ചരിച്ച് മോണ്ടിനീഗ്രോയിൽ വിനോദസഞ്ചാരത്തിനും വിശ്രമത്തിനുമായി എത്തിയിരിക്കുകയാണ്. ഓരോ നൗകയിലും അത് ഏത് രാജ്യത്തേതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും നൗകകളാണ് ഏറെയും.

പഴയ നഗരത്തെ ചുറ്റിയുള്ള കോട്ട 

മറീനയോടു ചേർന്ന് വിശാലമായ കടൽത്തീരത്ത് പാർക്ക് നിർമ്മിച്ചിട്ടുണ്ട്. പാർക്ക് എന്നു പറയുമ്പോൾ ചെടികളുടെ പാർക്ക് അല്ല. നഗരവാസികൾക്ക് ഇരിക്കാനുള്ള ബെഞ്ചുകൾ, സൈക്കിൾ പാത്ത്, നടക്കാനുള്ള വഴികൾ എന്നിവ അടങ്ങുന്ന ഒരിടമാണിത്. ഇവിടെ നിന്ന് നോക്കുമ്പോൾ കടലിനക്കരെ കോത്തോറിന്റെ മറുതീരം കാണാം. മറീനയുടെ വശത്തുകൂടിയുള്ള റോഡിലൂടെ നടന്നാൽ കടലിനെ ചുറ്റി മറുതീരത്തെത്തുന്നു. അവിടെയും നിരവധി ഹോട്ടലുകളും വീടുകളുമുണ്ട്. നീലസാഗരത്തിനു  പിന്നിൽ എവിടെയും കാണുന്നത് കറുകറുത്ത മലനിരകളാണ് നിറങ്ങളുടെ ഈ 'കോൺട്രാസ്റ്റാ'ണ്  മോണ്ടിനീഗ്രോയുടെ പ്രത്യേകത.

മറുകരയിലെ കെട്ടിടങ്ങൾ

വെറും 13,500 പേർ മാത്രം അധിവസിക്കുന്ന കോത്തോർ 2000നു ശേഷമാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയത്. ഇപ്പോൾ ലോകമെമ്പാടു നിന്നും ക്രൂയിസ് ഷിപ്പുകളും കോത്തോറിൽ അടുക്കുന്നുണ്ട്. ക്രിസ്തുവിനും മുമ്പ് 168 ബിസി മുതൽ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തു റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കോത്തോർ. പിന്നീട് പല കാലങ്ങളായി സെർബിയ, ഹംഗറി എന്നിങ്ങനെ പല രാജ്യങ്ങളും കോത്തോറിനെ സ്വന്തമാക്കി, തുടർന്ന് ഓട്ടോമാൻ ഭരണത്തിൻ കീഴിലുമായി. ഇടക്കാലത്ത് വെനീസിന്റെ ഭാഗമായിരുന്നപ്പോഴാണ് പഴയ സിറ്റിയിലെ വെനീഷ്യൻ മാതൃകയിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടത്.

പൂച്ചകളെ സ്‌നേഹിക്കുന്ന നഗരമാണ് കോത്തോർ. നഗരത്തിന്റെ പ്രതീകം തന്നെ പൂച്ചകളാണ്. പൂച്ചകളെ സ്വന്തം മക്കളെക്കാൾ ലാളിക്കുന്നുണ്ട്.,ഇവിടുത്തുകാർ. പൂച്ചകൾക്കായി നഗരത്തിൽ പലയിടത്തും വെള്ളവും ഭക്ഷണവും വെച്ചിട്ടുണ്ട്. കൂടാതെ നഗരത്തിൽ കാണുന്ന കാർഡ്‌ബോർഡ് പെട്ടികൾ മാലിന്യം തള്ളാനുള്ളവയല്ലെന്നും അറിയുക. അത് പൂച്ചകൾക്ക് ഉറങ്ങാനായി കോത്തോർ മുനിസിപ്പാലിറ്റി സ്ഥാപിച്ചിരിക്കുന്നവയാണ്!

കോത്തോറിലൊരു പൂച്ചയായ് ജനിച്ചിരുന്നെങ്കിൽ എന്ന് പാടാൻ തോന്നിപ്പോയി.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA