ADVERTISEMENT

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ പലതാണെങ്കിലും വിനോദസഞ്ചാരം നാട്ടുകാർക്കും സർക്കാരിനും ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗ്ഗങ്ങളിലൊന്നാണ്. ഒരു അവധിക്കാല ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യാന്തര പ്രശസ്തി നേടുന്നത് തികച്ചും ലാഭകരമാണെങ്കിലും മിക്കയിടത്തും ഇപ്പോൾ അത് ദോഷകരവുമായി തീർന്നിരിക്കുകയാണ്. പറഞ്ഞു വരുന്നത് ഓവർ ടൂറിസത്തെക്കുറിച്ചാണ്. സന്ദർശകർ പെരുമഴ പോലെ പെയ്യുമ്പോൾ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും ആൾക്കൂട്ട ബഹളത്താൽ ബുദ്ധിമുട്ടുന്നു. സന്ദർശകരുടെ തിരക്ക് മൂലം വീർപ്പുമുട്ടുന്ന ചില പ്രധാന ഡെസ്റ്റിനേഷനുകളെ അറിയാം.

ആംസ്റ്റർഡാം

നിരവധി കാരണങ്ങളാൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ആംസ്റ്റർഡാം. യൂറോപ്പിലെ ഏറ്റവും ആകർഷണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആംസ്റ്റർഡാം കനാലുകളുടെ നഗരമെന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ തെരുവുകളും നഗരവീഥികളുമെല്ലാം സന്ദർശകരെ അതിശയിപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പുറകിലുമല്ല.

amsterdam-gif

എന്നാലിന്ന് ആംസ്റ്റർഡാം ജനത്തിരക്കിനാൽ വിർപ്പുമുട്ടുകയാണ്. 2018ൽ മാത്രം 18 ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാനെത്തിയെന്നതാണ് കണക്ക്. ഇങ്ങനെ പോയാൽ തങ്ങളുടെ നഗരത്തെ വിനോദസഞ്ചാരികൾ തട്ടിയെടുക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാനായി  നെതർലാൻഡ്‌സ് അധികൃതർ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യം മൊത്തത്തിൽ പരസ്യം ചെയ്യുന്നത് പോലും അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തിരിക്കുകയാണിപ്പോൾ.

മാച്ചുപിച്ചു

പുരാതന ഇന്‍കാ വംശത്തിന്റെ ഭൂമികയാണ് മാച്ചു പിച്ചു. പെറുവിലെ ഉറുബാംബ താഴ്‌വരയുടെ മുകളിൽ ഒരു പർവതശിഖരത്തിൽ 2,430 മീറ്റർ ഉയരത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ, പുരാതന വാസ്തുവിദ്യയും അവിശ്വസനീയമായ ആത്മീയ പ്രാധാന്യമുള്ള സ്ഥലങ്ങളുമുള്ള ഇവിടേക്ക് ലോകത്തെമ്പാടുമുള്ള സന്ദർശർ എത്തുന്നു. സമീപ വർഷങ്ങളിൽ, പ്രതിദിനം 5000ൽ അധികം സന്ദർശകരുണ്ടെന്നാണ് കണക്ക്.

ഇത് യുനെസ്കോ ശുപാർശ ചെയ്യുന്ന പ്രതിദിന പരിധിയായ 2500ന്റെ പകുതിയിലധികമാണ്. സന്ദർശക ബാഹുല്യം മാച്ചുപിച്ചുവിന്റെ സ്വഭാവികത നഷ്ടപ്പെടുത്തുകയാണ്. സന്ദർശകർ ഇവിടുത്തെ അമൂല്യങ്ങളായ ശിലകളും മറ്റും മോഷ്ടിക്കുകയും ചുവരുകളിലൊക്കെ എഴുതിയും കുത്തിയും മോശമാക്കുകയുമൊക്കെ ചെയ്യുന്നതായി പരാതികൾ ഉയരുന്നു. ആളുകളുടെ തള്ളിക്കയറ്റം കാരണം നിയന്ത്രിക്കാനും പാടുപെടുന്നതായി ഇവിടുത്തെ അധികാരികൾ പറയുന്നു.

പാരിസ്

ശരാശരി യാത്രികൻ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തുന്നത് പരിഗണിക്കുമ്പോൾ ഓർമയിൽ വരുന്ന ആദ്യത്തെ പേര് പാരിസ് എന്നു തന്നെയായിരിക്കും. എല്ലാവർക്കുമായി എന്തെങ്കിലുമൊന്ന് കരുതി വച്ചിട്ടുണ്ട് പാരിസ്. ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള രുചികരമായ ഭക്ഷണങ്ങൾ, ചരിത്രപരമായ പ്രാധാന്യം, തകർപ്പൻ കല സാംസ്കാരിക വേദികൾ - അങ്ങനെ പാരീസിൽ പോകേണ്ടതും  കാണേണ്ടതുമായിനൂറുകൂട്ടം കാര്യങ്ങളുണ്ട്. എന്നാൽ പാരിസ് സന്ദർശകരുടെ വർധിച്ചു വരുന്ന എണ്ണത്താൽ നട്ടം തിരിയുകയാണ്.

1156484167

നഗരത്തിലെ ഏറ്റവും പ്രശസ്തമായ ലൂവർ മ്യൂസിയം അടുത്തിടെ തിരക്ക് കാരണം അടച്ചിടേണ്ട സ്ഥിതിവിശേഷമുണ്ടായി. കാര്യമായ ചർച്ചകൾക്ക് ശേഷം ഇത് വീണ്ടും തുറന്നുവെങ്കിലും, പാരിസിന്റെ അവസ്ഥ അൽപ്പം കഷ്ടത്തിൽ തന്നെയാണെന്ന സൂചനയാണിത്. 

ബാഴ്സിലോണ

സ്പെയിനിലെ അതിമനോഹര നഗരമായ ബാഴ്‌സലോണയിൽ 2 ദശലക്ഷത്തിൽ താഴെ ആളുകൾ മാത്രമേ താമസിക്കുന്നുള്ളൂ, പക്ഷേ 30 ദശലക്ഷത്തിലധികം സഞ്ചാരികളാണ് ഓരോ വർഷവും അവിടേയ്ക്കെത്തുന്നത്. തെരുവുകളുടെ സൗന്ദര്യത്തിന് പേരുകേട്ട യൂറോപ്പിലെ ഏറ്റവും ആകർഷകമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ബാഴ്സിലോണയുടെ നഗര വഴികളിൽ  വിനോദ സഞ്ചാരികളെ മുട്ടിയിട്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണ്.  നഗരത്തിലെ ഏറ്റവും ജനപ്രിയമായ ചില തെരുവുകളിൽ സന്ദർശകരുടെ തിരക്ക് കാരണം ദിശയറിയാൻ പോലും സാധിക്കുന്നില്ല എന്നാണ് പറയുന്നത്.

സാന്റോറിനി

സീസൺ അനുസരിച്ച് മാറുന്ന ജീവിതം നയിക്കുന്ന ഒരു ഗ്രീക്ക് ദ്വീപാണ് സാന്റോറിനി. ഓഫ് സീസണിൽ, ഇവിടം ശാന്തവും ആകർഷകവും തിരക്കൊട്ടുമില്ലാതെയുമായിരിക്കും. എന്നാൽ ടൂറിസ്റ്റ് സീസണിൽ തികച്ചും വ്യത്യസ്തമായ സ്ഥലമായി സാന്റോറിനി മാറുന്നു. നഗരത്തിന്റെ ഓരോ ഇഞ്ചിലും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും. ചിലർ ആ നാടിന്റെ തനത് പ്രകൃതിദൃശ്യങ്ങളും വെള്ളപൂശിയ വാസ്തുവിദ്യയും ഉൾപ്പെടെയുള്ള മനോഹരമായ കാഴ്ചകൾക്കായിട്ടാണ് വരുന്നതെങ്കിൽ മറ്റുചിലർ രാത്രി ജീവിതം ഏറ്റെടുക്കുന്ന നിർത്താതെയുള്ള പാർട്ടിയുടെ ഭാഗമാകുന്നു.

santorini-island-gif

എന്നാൽ ഈ ഓവർ‌ടൂറിസം പ്രാദേശിക ജനതയുടെ ജീവിതശൈലിക്കും നഗരത്തിന്റെ മൊത്തത്തിലുള്ള രൂപത്തിനും ഭീഷണിയായി തീർന്നിരിക്കുകയാണ്, കാരണം കഴിഞ്ഞ 5 വർഷത്തിനിടെ സന്ദർശകരുടെ എണ്ണത്തിൽ 66% വർദ്ധനവാണുണ്ടായത്. സാന്റോറിനി പോലെയൊരു ചെറു പട്ടണത്തിന് ഉൾക്കൊള്ളാവുന്നതിലും അധികം ആണിന്ന് അവിടുത്തെ ജനസാന്ദ്രത.

വെനീസ്

കനാലുകൾ നാഡി ഞരമ്പുകളായ വെനീസ് നഗരത്തെയും ഓവർ ടൂറിസം പിടികൂടിയിരിക്കുകയാണ്. വെനീസിന്റെ ജീവൻ തുടിയ്ക്കുന്ന കനാലുകൾ ഇന്ന് ഗണ്ടോലകളാൽ തിങ്ങിനിറഞ്ഞിരിക്കുന്നു. വിനോദ സഞ്ചാരികളുടെ അധിക കടന്നുകയറ്റം വെനീസിലെ പൊതുജീവിതം ദുഷ്കരമാക്കിയിരിക്കുകയാണിപ്പോൾ.

ഇറ്റലിയിലെ ഏറ്റവും പ്രശസ്തവും അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നുമായ വെനീസിലേക്ക് ഓരോ വർഷവും ലക്ഷക്കണക്കിനാളുകളാണ് ഒഴുകിയെത്തുന്നത്.

491391396

യൂറോപ്പിന് പുറത്തേക്ക് വന്നാൽ ക്വാലാലംപൂരും മക്കാവും വിനോദ സഞ്ചാരികളുടെ തിരക്ക് മൂലം ശ്വാസം മുട്ടി നിൽക്കുന്ന പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അങ്കോർ വാട്ട്, ഹാലോംഗ് ബേ, ഇൻലെ തടാകം എന്നിവയ്‌ക്കെല്ലാം പൊതുവായിട്ടുള്ള ഒരു കാര്യം ഈ ആൾക്കൂട്ടം തന്നെ: ഇവിടങ്ങളിലെ ഭയങ്കരമായ തിരക്ക് വിനോദസഞ്ചാരികളെയും താമസക്കാരെയും ഒരുപോലെ അലോസരപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com