ADVERTISEMENT

1659 മുതലുള്ള ചരിത്രമുണ്ട് ദക്ഷിണാഫ്രിക്കന്‍ വീഞ്ഞുകള്‍ക്ക് പറയാന്‍. കേപ്ടൗണിലാണ് ആദ്യകുപ്പി വൈന്‍ പിറന്നു വീണത്. ഡച്ച് ഈസ്റ്റിന്ത്യ കമ്പനിയുടെ സര്‍ജനായിരുന്ന ജാന്‍ വന്‍ റെബീക്ക് ആയിരുന്നു ഇവിടെ ആദ്യമായി വൈന്‍ ഉണ്ടാക്കിയത്. ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള അധിനിവേശകാലത്ത് നാവികര്‍ക്ക് സ്കര്‍വി രോഗം പിടിപെടാതിരിക്കാനായുള്ള മുന്‍കരുതലായിരുന്നു അന്ന് വൈന്‍. പിന്നീടിങ്ങോട്ട്‌ ലോക വിപണിയില്‍ ആഫ്രിക്കന്‍ വൈനുകളുടെ കൂടി ചരിത്രം എഴുതിച്ചേര്‍ക്കപ്പെട്ടു. ഇന്ന് രാജ്യത്തിന്‍റെ വിസ്തീര്‍ണ്ണത്തിന്‍റെ 1.5% ഭാഗത്തോളം മുന്തിരിത്തോട്ടങ്ങളുമായി. ലോക വൈന്‍ വിപണിയില്‍ മുന്നിട്ടുനില്‍ക്കുന്ന ആദ്യ പത്തു രാജ്യങ്ങളുടെ ലിസ്റ്റില്‍ ദക്ഷിണാഫ്രിക്കയുമുണ്ട്.

വൈന്‍ ഉണ്ടാക്കുന്ന സ്ഥലങ്ങള്‍

ദക്ഷിണാഫ്രിക്കയിലെ വൈൻ ഉൽപാദനം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് കേപ് തീരപ്രദേശത്തിന്‍റെ തെക്കു പടിഞ്ഞാറ് മേഖലകളിലാണ്. കോൺസ്റ്റാൻ‌ഷ്യ, സ്റ്റെല്ലൻ‌ബോഷ്, പാ‌ൾ‌ തുടങ്ങിയ പഴയ മുന്തിരിത്തോട്ടങ്ങള്‍ ഇന്നും അതേ പ്രാധാന്യത്തോടെ നിലനില്‍ക്കുന്നുണ്ട്. കൂടാതെ പടിഞ്ഞാറന്‍ കേപ്, ക്വാസുലു-നതാൽ, വടക്കന്‍ കേപിന്‍റെ ചില ഭാഗങ്ങള്‍, പടിഞ്ഞാറന്‍ കേപ് എന്നിവിടങ്ങളിലും വൈനിനായുള്ള മുന്തിരികള്‍ വിളയുന്നു.

ബ്രീഡ് വാലി, ഒലിഫന്റ്സ്, ഓറഞ്ച് നദികൾ എന്നിവയുടെ താരതമ്യേന ചൂടു കൂടുതലുള്ള തീരപ്രദേശങ്ങളിൽ വൈനുകളുടെ മൊത്ത ഉല്‍പ്പാദനം നടക്കുന്നു. കേപ് ടൗണിന്‍റെ കിഴക്കു ഭാഗത്തും ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ തീരത്തായി സ്ഥിതി ചെയ്യുന്ന വാക്കർ ബേ, എൽജിൻ എന്നിവിടങ്ങളിലും വൈന്‍ നിര്‍മാണ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ തണുത്ത കാലാവസ്ഥയായതിനാല്‍ ശീതകാല വൈനുകളുടെ ഉല്‍പ്പാദനമാണ് ഈ പ്രദേശത്ത് ഉന്നം വയ്ക്കുന്നത്.

vineyards-to-visit-in-South-Africa1-gif

യാത്ര ചെയ്യാം, മുന്തിരിത്തോപ്പുകളിലൂടെ

വൈന്‍ രുചിച്ച് യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍ കേപ്ടൌണിനു പുറത്തു കടക്കുന്നതാണ് നല്ലത്. കുറഞ്ഞ നിരക്കിൽ ഇവിടെ മികച്ച വൈനുകള്‍ ലഭിക്കും. വൈന്‍ ടൂറിസം എന്നത് ഇന്ന് ദക്ഷിണാഫ്രിക്കയിലെ പ്രധാന വ്യവസായമാണ്‌. മിക്ക വൈന്‍ എസ്റ്റേറ്റുകളിലും മികച്ച താമസ സൗകര്യങ്ങള്‍ ലഭ്യമാണ്.

ദക്ഷിണാഫ്രിക്കയിലെത്തിയാല്‍ വൈനറികള്‍ കാണണം എന്നുണ്ടെങ്കില്‍ ആദ്യം അവരെ നേരിട്ട് വിളിക്കുക എന്നതാണ് മികച്ച വഴി. സ്റ്റെല്ലന്‍ബോഷ്, ഫ്രാന്‍ഷ്ഹോക്ക് തുടങ്ങിയ വൈനറികളാണ് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ഇടങ്ങള്‍. സ്കോട്ട്ലാന്‍ഡ്, വെല്ലിംഗ്‌ടണ്‍, തുല്‍ബാഗ് തുടങ്ങി അധികം അറിയപ്പെടാത്ത മുന്തിരിത്തോപ്പുകളും സഞ്ചാരികള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കുന്ന ഇടങ്ങളാണ്. ഈ പ്രദേശങ്ങളിലുള്ള റസ്റ്റോറന്റുകളിലും സഞ്ചാരികള്‍ക്ക് താങ്ങാനാവുന്ന ചെലവേ വരൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com