ADVERTISEMENT

പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തട്ടിമാറ്റി സ്ഥിരോല്‍സാഹത്തിന്റെയും അതിജീവനത്തിന്റെയും കൈയൊപ്പു ചാര്‍ത്തിയാണ് ഏതൊരു യാത്രയും വിജയം വരിക്കുന്നത്. യാത്രകള്‍ക്കായി എപ്പോഴും കൊതിക്കുന്ന ഒരു സഞ്ചാരി. നീരജ് ജോർജ്. വിധി ഒരു കാലുമാത്രം നൽകിട്ടും നീരജ് തളർന്നില്ല. ജീവിതത്തോട് പോരാടി ഉയരങ്ങളുടെ കൊടുമുടിയിലേക്ക് ഈ യുവാവ് ഓടിക്കയറുന്നതും പരിമിതികള്‍ ഇല്ലാത്ത വേഗതയില്‍ ആയിരുന്നു.

  ഇരുകാലുകള്‍ക്കൊപ്പം മനസ്സിന്റെ ചിറകുകള്‍ കൂടി വിടര്‍ത്തി ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍, നീരജ് തന്റെ പോരായ്മകളെ അതിജീവിച്ച് ലോകത്തിന്റ നെറുകയിൽ എത്തിയിരിക്കുന്നു. യാത്രികന്‍ ഒരിക്കലും ഒറ്റയാനല്ല. ശരീരം പ്രതിബന്ധമാകുമ്പോഴും അവശതകളെ മറികടന്ന് നീരജ് യാത്ര തുടര്‍ന്നു. സഹസഞ്ചാരിയുടെ  പിന്തുണയും ഉൗർജവും നീരജിന്റ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചു. 

ആലുവ സ്വദേശിയായ മേജർ പ്രഫസർ സി.എം. ബേബിയുടെയും – ഷൈലയുടെയും  മകനാണ് നീരജ് ബേബി ജോർജ്. സ്വപ്നങ്ങൾക്ക് വർണം വിതറുന്ന കാലം എട്ടാമത്തെ വയസിലാണ് ദുരന്തം നീരജിനെ തേടിയെത്തുന്നത്. അർബുദത്തെ തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു. വിധിയുടെ ക്രൂരതയോട് നീരജ് ഒട്ടും പരിഭവിച്ചില്ല. തന്‍റെ ഭാവിയോര്‍ത്തു ദുഃഖിച്ചിരിക്കാനും ഇയാള്‍ തയാറായില്ല. തന്‍റെ സ്വപ്നങ്ങള്‍ക്ക് ഇതൊന്നും ഒരു പരിമിതികളേയല്ലെന്ന് നീരജ് തെളിയിച്ചു.  യാത്രകളിലൂടെ അതിജീവിച്ചു. ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങും സ്‌കോട്ട്ലാന്‍ഡിലെ ബെന്നവിസ് മലയും നീരജിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.  നീരജ് നടത്തുന്ന ഒാരേ യാത്രകളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. 

neeraj1

ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോ വലതുകാൽ വച്ച് കീഴടക്കിയശേഷം നീരജ് ജോർജ് ബേബി (32) ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘ 5 വർഷത്തെ എന്റെ സ്വപ്നം സഫലമാക്കി, എല്ലാ ഭിന്നശേഷിക്കാർക്കും വേണ്ടി. ഏറെ വേദന സഹിച്ചു. ഒറ്റക്കാലിൽ ജീവിക്കുന്നവർക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം.’ അർബുദം ബാധിച്ച് എട്ടാം വയസ്സിൽ ഇടതുകാൽ നഷ്ടപ്പെട്ടിട്ടും ഉയരങ്ങളിലേക്കു യാത്ര തുടർന്ന നീരജല്ലാതെ മറ്റാരാണിതു പറയേണ്ടത്? ഇടതുകാലിന്റെ സ്ഥാനത്ത്, നിറഞ്ഞ ആത്മവിശ്വാസത്തിലൂന്നി, 19,341 അടിയാണു നീരജ് കയറിയത്. അടുത്ത സുഹൃത്തുക്കളായ ചാന്ദ്നി അലക്സ്, പോൾ, ശ്യാം ഗോപകുമാർ, സിജോ, അഖില എന്നിവർക്കൊപ്പം ഈ മാസം 10നാണു കിളിമഞ്ചാരോ കയറിത്തുടങ്ങിയത്. ഒപ്പം 2 സഹായികളും.

2015 ൽ ജർമനിയിൽ നടന്ന പാരാ ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. ഫ്രാൻസിൽ 2012 ൽ നടന്ന ഓപ്പൺ പാരാ ബാഡ്മിന്റൻ ടൂർണമെന്റിൽ സ്വർണ മെഡൽ നേടി. സ്കൂബ ഡൈവിങ്, ട്രക്കിങ്, ഹൈക്കിങ്, റോക്ക് ക്ലൈമ്പിങ് എന്നിവയും ഹരമാണ്. നൈനിറ്റാളിലെ നൈന കൊടുമുടി, കോയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ ചെമ്പ്ര മല, പക്ഷിപാതാളം എന്നിവ കയറിയിട്ടുണ്ട്. ക്രച്ചസ് ഉപയോഗിക്കുന്ന നീരജ്, കൃത്രിമക്കാൽ വയ്ക്കാറില്ല. കിളിമഞ്ചാരോ ഏറ്റവും കുറഞ്ഞ സമയത്തിൽ കീഴടക്കുന്ന ഭിന്നശേഷിക്കാരനെന്ന ഗിന്നസ് റെക്കോർഡാണു ലക്ഷ്യം. കൈവരിച്ച നേട്ടങ്ങൾക്കും കീഴടക്കിയ സ്വപ്നങ്ങളിലും ജീവിക്കുന്ന നീരജ് മരണമാസാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com