sections
MORE

കോഫി പ്രേമികളെ ചായ കുടിയന്മാരാക്കി മാറ്റുന്ന മാജിക്കല്‍ മ്യാൻമര്‍

anjaly-travel1
SHARE

ചായ ഇഷ്ടമല്ലെന്നാണോ? എന്നാല്‍ നിങ്ങളെ മാറ്റി മറിക്കാനാവുന്ന അദ്ഭുത ചായകള്‍ കിട്ടുന്ന ഒരു രാജ്യമുണ്ട്. രുചിയൂറുന്ന പലവിധ ചായകളുടെ തലസ്ഥാനമായ മ്യാൻമര്‍! അവിടുത്തെ, ആവി പറക്കുന്ന ഒരു കപ്പ്‌ ചായ മതി നിങ്ങളുടെ തലച്ചോറിന്‍റെ ‘കോഫീ ബേസ്ഡ് പ്രോഗ്രാമിങ്’ മുഴുവന്‍ മാറ്റി മറിക്കാന്‍!

anjaly-travel4

മ്യാൻമര്‍ എന്ന രാജ്യത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ ഒഴിച്ചു കൂടാനാവാത്ത പങ്കുണ്ട് ചായയ്ക്ക്. യാങ്കോണിലെ തിരക്കേറിയ നടപ്പാതയോരത്തു മുതൽ വടക്കുഭാഗത്ത് കാച്ചിൻ സ്റ്റേറ്റിലെ ചെറിയ ഗ്രാമങ്ങളിൽ വരെ ചായക്കടകൾ നിരന്നുനിൽക്കുന്നതു കാണാം. ചൂടുള്ള ഒരു കപ്പ് ചായയില്‍ ടെന്‍ഷന്‍ ഒഴുക്കിക്കളയാൻ എല്ലാത്തരം ആളുകളും ഇവിടെയെത്തുന്നുണ്ട്.

മറ്റു രാജ്യങ്ങളില്‍ സാധാരണ കാണുന്നതു പോലെ പുരുഷന്മാരുടെ കുത്തകയല്ല ഇവിടുത്തെ ചായക്കടകള്‍. സ്ത്രീകള്‍ നടത്തുന്ന കടകളും ധാരാളമുണ്ട്. ചായകുടിക്കാന്‍ എത്തുന്നവരില്‍ അധികവും പുരുഷന്മാര്‍ തന്നെയാണ്. മധ്യവയസ്സു മുതല്‍ മുകളിലേക്കുള്ളവരാണ് ചായപ്രേമികളിൽ ഭൂരിപക്ഷവും. മാളുകളും ക്ലബ്ബുകളും ബാറുകളുമൊക്കെയാണ് യുവാക്കള്‍ക്കു പ്രിയം.

anjaly-travel

മിക്ക ചായക്കടകളിലും മേശപ്പുറത്ത് ഒരു തെര്‍മോസിലാക്കി പ്ലെയിന്‍ ചായ പകര്‍ന്നു വച്ചിട്ടുണ്ടാകും. കൂടുതല്‍ വിഭവങ്ങള്‍ വേണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് വേണമെങ്കില്‍ പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് കുടിക്കാം. ചായക്കൊപ്പം കഴിക്കാന്‍ മ്യാൻമറിന്‍റെ തനതു വിഭവങ്ങളും കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭിക്കും. ന്യൂഡില്‍സ്, വിവിധ തരം കറികള്‍ എന്നിവക്കൊപ്പം മീനും റൈസ് ന്യൂഡില്‍ സൂപ്പും ചേര്‍ന്ന 'മോഹിംഗ'യും ഇവിടെയെല്ലായിടത്തും കിട്ടും. നമ്മുടെ നാട്ടിലെ സമോസ, പൂരി എന്നിവയെ അനുസ്മരിപ്പിക്കുന്ന തരം പലഹാരങ്ങളും ചെനീസ് രീതിയിലുള്ള, ആവിയില്‍ വേവിച്ച ബണ്ണുകളും ഇവിടെ സ്ഥിരം കിട്ടുന്ന വിഭവങ്ങളാണ്.  

anjaly-thomas-travel

ശ്വേപ്, ഖാർ കാന്ത്, നിന്‍ൻ ടാറ്റ് എന്നിങ്ങനെ മൂന്നു തരം തേയിലകള്‍ ആണ് ഇവിടുത്തെ ചായകളില്‍ ഉപയോഗിക്കുന്നത്. കാലാവസ്ഥ, മഴ, മറ്റു ഋതുമാറ്റങ്ങള്‍ എന്നിവയ്ക്കനുസരിച്ച് തേയിലയുടെ സ്വഭാവ ഗുണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ഇത് പരിഗണിച്ചാണ് തേയിലയെ വിവിധ ഗണങ്ങളാക്കി തിരിക്കുന്നത്.

തെക്കന്‍ ചൈനയിലെ യുനാനില്‍ നിന്നാണ് ചായ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ചൈനക്ക് അടുത്തു കിടക്കുന്ന ഷാന്‍ പ്രദേശത്തേക്ക് പിന്നീടതു വ്യാപിച്ചു. വടക്കുകിഴക്കൻ മ്യാൻമര്‍, തായ്‌ലൻഡിന്‍റെ ചില ഭാഗങ്ങള്‍, ലാവോസ്, ചൈന എന്നീ പ്രദേശങ്ങളാല്‍ വലയം ചെയ്യപ്പെട്ടു കിടക്കുന്ന സ്ഥലമാണ് ഷാന്‍. 

യുനാൻ, ഷാൻ വാലി തുടങ്ങിയ ഉയരം കൂടിയ പ്രദേശങ്ങളില്‍ തേയിലത്തോട്ടങ്ങളും ധാരാളമുണ്ട്. ഇവിടത്തെ തണുത്ത കാലാവസ്ഥയില്‍ മികച്ച തരം പ്രീമിയം തേയിലകള്‍ വളരുന്നു. വടക്കൻ മ്യാൻമറിൽ നിന്നുള്ള ഈ തേയില ലോകപ്രശസ്തമാണ്. ഏഷ്യ മുഴുവനും ചായ വ്യാപിച്ചത് മ്യാൻമര്‍ അടക്കമുള്ള വ്യാപാര വഴികളിലൂടെയായിരുന്നു. ഇന്ത്യയില്‍ ബംഗാളിലും അസമിലും അങ്ങനെ ചായ എത്തി. 

പത്തൊൻപത്- ഇരുപത് നൂറ്റാണ്ടുകളില്‍ ബ്രിട്ടിഷ് ഭരണത്തിൻകീഴില്‍, അന്നു ബർമയായിരുന്ന മ്യാൻമറില്‍ നഗരവൽക്കരണമുണ്ടായി. കൊളോണിയൽ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഭക്ഷണം കഴിക്കാനും സൊറ പറയാനും അല്‍പനേരത്തേക്ക് ഒത്തുകൂടാനുമായി തൊഴിലാളികൾക്ക് ഒരു സ്ഥലം ആവശ്യമായിരുന്നു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പാനീയത്തില്‍ അവര്‍ ആശ്വാസം കണ്ടെത്തി.  ബ്രിട്ടിഷുകാർ അവരുടെ ടീഷോപ്പ് സംസ്കാരം തങ്ങള്‍ കീഴടക്കിയ ഓരോ രാജ്യത്തും വ്യാപിപ്പിച്ചിരുന്നു. അങ്ങനെ മ്യാൻമറിലെ ചായ സംസ്കാരത്തിന് അല്‍പ്പം ബ്രിട്ടിഷ് ഛായ കൂടി കൈവന്നു. 

സാമ്പത്തികമായും സാംസ്കാരികമായും അതിവേഗം വളരുന്ന രാജ്യമാണ് ഇന്ന് മ്യാൻമർ. പണ്ടുമുതലേ രാജ്യാന്തര വ്യാപാരത്തിന് പ്രാധാന്യം നല്‍കുകയും മാറ്റങ്ങളെ കൈനീട്ടി സ്വീകരിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന്‍റെ ചായ സംസ്കാരത്തിന്‍റെ രീതികളും പരിഷ്കരിക്കപ്പെടുന്നുണ്ട്. പല വിധത്തിലുള്ള ചായകള്‍ ദിനംപ്രതിയെന്നോണം പുതുതായി ഉണ്ടായി വരുന്നു, എന്നാല്‍ പഴയ ചായകളുടെ വില ഒട്ടും കുറയുന്നുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA