ADVERTISEMENT

ബാൾക്കൻ ഡയറി 

അദ്ധ്യായം 23 

കോത്തോറിന്റെ തീരങ്ങളിലൂടെ കുറച്ചുനേരം അലഞ്ഞു നടന്നപ്പോൾ പെരസ്റ്റിലേക്കുള്ള ബസ് പോകുന്നതു കണ്ടു. കോത്തോറിൽ നിന്ന് 5 കി.മി ദൂരെയുള്ള മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് പെരസ്റ്റ്. ഇവിടെയും ഒരു 'ഓൾഡ് ടൗണു'ണ്ട്. കൂടാതെ തീരത്തു നിന്ന് വിളിപ്പാടകലെ രണ്ടു ദ്വീപുകളിൽ പഴയ പള്ളിയും മതപാഠശാലയുമുണ്ട് . മോണ്ടിനീഗ്രോയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് ആ ദ്വീപുകൾ.

പെരസ്റ്റ് നിന്നുമുള്ള ദൃശ്യം

ഞാൻ കോത്തോർ മറീനയ്ക്കു സമീപമുള്ള ബസ്‌സ്‌റ്റേഷനിൽ കാത്തു നിന്നു. പത്തു മിനിറ്റിനുള്ളിൽ പെരസ്റ്റിലേക്കുള്ള ബസ് എത്തി. ടൊയോട്ടയുടെ മിനി ബസ്സുകളാണ് ഇവിടെ സർവീസ് നടത്തുന്ന ബസ്സുകളിൽ ഏറെയും. വലിയ ഹൈവേകളൊന്നും മോണ്ടിനീഗ്രോയിലില്ല. ചെറിയ റോഡുകളിലൂടെ ഓടാൻ പറ്റിയത് ചെറുബസ്സുകളാണല്ലോ.

കടലിന്റെ തീരത്തു കൂടി ചെറിയ കുന്നുകൾ കയറിയിറങ്ങി ബസ് ഓടുകയാണ്. മോണ്ടിനീഗ്രോയുടെ ഓരോ ഇഞ്ചും അതിസുന്ദരമാണ്. ഓരോ ഫ്രെയിമും പിക്ചർ പെർഫക്ട്. ക്യാമറയ്ക്ക് വിശ്രമമില്ലാത്ത അവസ്ഥ. സുന്ദരമായ തങ്ങളുടെ രാജ്യത്തെ എത്ര സുന്ദരമായാണ് തദ്ദേശവാസികൾ കാത്തു സൂക്ഷിക്കുന്നത്! നമ്മൾ എന്നാണ് ഇതൊക്കെ പഠിക്കുക! ഈയിടെ ഡെൽഹി എയർപോർട്ടിനടുത്ത് മഹിപാൽപൂർ എന്ന സാറ്റലൈറ്റ് നഗരത്തിൽ താമസിക്കാനിടയായി. വൈകുന്നേരം ഒന്നു നടക്കാനിറങ്ങാമെന്നു കരുതി പുറത്തിറങ്ങി. ഹോട്ടലിനു മുൻഭാഗത്ത് ഒന്നാന്തരം ഹൈവേയും ഷോപ്പിങ് മാളുമൊക്കെയുണ്ട്. ഞാൻ പിന്നിലേക്ക് റോഡിലൂടെ നടക്കാൻ തീരുമാനിച്ചു. എന്തൊരു വൃത്തികേട്! ചെളിയിൽ കുതിർന്ന റോഡുകൾ. 

ഫുട് പാത്തിൽ ഈച്ചയാർക്കുന്ന ഹോട്ടലുകൾ. മാലിന്യം കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന പൊതുസ്ഥലങ്ങൾ. ചെളിയിൽ കുതിർന്ന കോലങ്ങളെപ്പോലെ മനുഷ്യർ... ഇതൊന്നും ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങളല്ല. ഇന്ത്യയിൽ പലയിടത്തും മനുഷ്യർ പട്ടിയെപ്പോലെ ജീവിച്ച് ശീലിച്ചുപോയി. ഇതിനെക്കാൾ ദാരിദ്ര്യം കൊടികുത്തി വാഴുന്ന ആഫ്രിക്കൻ നാടുകളിൽപ്പോലും വ്യക്തിശുചിത്വത്തിൽ ജനം ശ്രദ്ധിക്കുന്നുണ്ട്. പെരസ്റ്റിൽ ബസ് നിർത്തി. ഒരു കുന്നിനു മുകളിലാണ് ബസ് സ്റ്റോപ്പ്. താഴെയായി ഓൾഡ് നഗരത്തിലെ കെട്ടിടങ്ങളുടെ മേൽക്കൂര കാണാം. അതിനുമപ്പറുത്ത് നീലക്കടൽ.

ഞാനും അഞ്ചാറ് പേരും അവിടെയിറങ്ങി, ഓൾഡ് ടൗണിലേക്കുള്ള വഴി തെരഞ്ഞു. കെട്ടിടങ്ങൾക്കിടയിലൂടെ താഴേക്ക് പടവുകൾ കാണാം. ആ പടവുകൾ എന്തായാലും ഓൾഡ് ടൗണിന്റെ ഏതെങ്കിലും ഭാഗത്ത് എത്തിക്കുമെന്നുറപ്പാണ്. ഞങ്ങൾ-ചൈനക്കാരും ബെൽജിയംകാരനും ഞാനുമടങ്ങുന്നവർ- പടവുകൾ ഇറങ്ങി.

പഴയ കെട്ടിടങ്ങൾ, പള്ളികൾ എന്നിവയ്ക്കിടയിലൂടെയാണ് ഞങ്ങൾ താഴെ എത്തിയത്. ഓൾഡ് ടൗണിന്റെ ഹൃദയഭാഗത്താണ് എത്തിയിരിക്കുന്നതെന്ന് മനസ്സിലായി. കോത്തോറിലെ ഓൾഡ് ടൗണിന്റെ ഭംഗി കണ്ട് വാ പൊളിച്ച ഞാൻ പെരസ്റ്റയിലെ ഓൾഡ് ടൗൺ കണ്ടപ്പോൾ വായ് ഒരിക്കലും അടയാത്ത അവസ്ഥയിലായി. എന്തൊരു മനോഹാരിത! ഇതൊക്കെ ഒറിജിനലാണോ, ഞാൻ ശരിക്കും ഈ സൗന്ദര്യ തീരത്തു തന്നെയാണോ എന്നൊക്കെ ബോധ്യപ്പെടാനായി സ്വയം നുള്ളി നോക്കി. 

കോത്തോറിൽ കടലിനും ഓൾഡ് ടൗണിനുമിടയിൽ റോഡും കോട്ടയുമുണ്ട്. പെരസ്റ്റയിലാകട്ടെ, കടലിലാണ് ഓൾഡ് ടൗണെന്നു വേണമെങ്കിൽ പറയാം. ഇവിടെ കടലിനും ടൗണിനുമിടയിൽ ഒരു കൂവൽപ്പാടകലം പോലുമില്ല. കടലിന് അതിരിടുന്ന പഴയ കെട്ടിടങ്ങൾക്കു പിന്നിലായി കാണുന്ന കുന്നുകളിലും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കെട്ടിടങ്ങളാണ്. നീലക്കടലിന് അഭിമുഖമായി ചുവന്ന മേൽക്കൂരയുള്ള കെട്ടിടങ്ങളുടെ നീണ്ട നിര. കടലിനപ്പുറത്ത് കറുത്ത പർവത നിരകൾ. ദൈവമെന്ന ചിത്രകാരന്റെ സൗന്ദര്യം കിനിയുന്ന ക്യാൻവാസ്!

1300 കളിൽ ഒരു മുക്കുവ ഗ്രാമമായിരുന്നു, പെരസ്റ്റ്. റോമാക്കാർ ഉൾപ്പെടെ പലരുടെയും അധീനതയിലായിരുന്ന പ്രദേശം. വെനീസുകാരുടെ കീഴിലായപ്പോഴാണ് പെരസ്റ്റ്അഭിവൃദ്ധി പ്രാപിച്ചത്. കടലിനപ്പുറമുള്ള ഭാഗം തുർക്കികളുടെ കീഴിലായിരുന്നതിനാൽ ഒരു അതിർത്തി പ്രദേശത്തിന്റെ പ്രാധാന്യവും അക്കാലത്ത് പെരസ്റ്റിനുണ്ടായിരുന്നു. ഇപ്പോൾ കാണുന്ന കോട്ടകളും നിരീക്ഷണ ഗോപുരങ്ങളുമൊക്കെ വെനീസുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്. 20 കൊട്ടാരങ്ങൾ, 17  കാത്തലിക് പള്ളികൾ. രണ്ട് ഓർത്തഡോക്‌സ് പള്ളികൾ. നാവികരെ പരിശീലിപ്പിക്കുന്ന കോളേജ് എന്നിവയൊക്കെ അക്കാലത്ത് നിർമ്മിക്കപ്പെട്ടത്, കേടുപാടുകളില്ലാതെ ഇന്നും നിലനിൽക്കുന്നുണ്ട്.

വെനീസിന്റെ പ്രതാപം നശിച്ചപ്പോൾ പെരസ്റ്റ്  ഓസ്ട്രിയക്കാരുടെയും ഇറ്റലിക്കാരുടെയും അധീനതയിലായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സെർബിയയുടെയും ഭാഗമായി. 1944ൽ മോണ്ടിനീഗ്രോ എന്ന രാജ്യത്തിന്റെ ഭാഗമായതോടെ പെരസ്റ്റ് ടൂറിസ്റ്റ് രംഗത്ത് കുതിച്ചുചാട്ടം നടത്തി.

സെന്റ് ലിജ എന്ന പർവതത്തിന്റെ താഴ്‌വരയിലാണ് പെരസ്റ്റ്. ആഡ്രിയാറ്റിക് കടലിലെ റിസാനോ ഉൾക്കടലാണ് പെരസ്റ്റിലേക്ക് കയറിക്കിടക്കുന്നത്.

കരയിൽ നിന്ന് നോക്കുമ്പോൾ രണ്ട് ദ്വീപുകൾ ഏറെ ദൂരെയല്ലാതെ കാണാം. സെന്റ്‌ജോർജ്ജ്, ഔർ ലോഡി ഓഫ് റോക്ക്‌സ് എന്നിങ്ങനെയാണ് ആ ദ്വീപുകളുടെ പേരുകൾ. ഇതിൽ ഔർ ലേഡി ഓഫ് റോക്ക്‌സ് ഒരു കൃത്രിമദ്വീപാണ്. സെന്റ് ജോർജ്ജാകട്ടെ, പ്രകൃതിദത്തവും. ഏറ്റവും തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് സെന്റ്‌ജോർജ്ജ് ദ്വീപ് എല്ലാക്കാലത്തും നാവിക സേനയുടെ പ്രിയപ്പെട്ട ദ്വീപായിരുന്നു.

വർഷത്തിൽ 250 ദിവസവും സൂര്യ പ്രകാശം ലഭിക്കുന്ന വളരെ പ്രസന്നമായ പ്രദേശമാണ് പെരസ്റ്റ്. ചൂട് ഒരിക്കലും 20 ഡിഗ്രിയിൽ കൂടാറുമില്ല. ആകെ 247 പേരെ പെരസ്റ്റിൽ താമസിക്കുന്നുള്ളു. നിരവധി കെട്ടിടങ്ങൾ കാണാമെങ്കിലും അവയൊക്കെ കോഫിഷോപ്പുകളോ ബാറുകളോ ഹോട്ടലുകളോ ഹോംസ്റ്റേകളോ ആണ്. സ്വച്ഛന്ദസുന്ദരമായ ഒരു അവധിക്കാലം ആസ്വദിക്കാൻ പെരസ്റ്റിനേക്കാളും പറ്റിയ ഒരിടമില്ല.

ഞാൻ പെരസ്റ്റിന്റെ അതിസുന്ദരമായ വഴികളിലൂടെ അലഞ്ഞുനടന്നു. കോഫിഷോപ്പിൽ കയറിയിരുന്നു പ്രകൃതി സൗന്ദര്യം ആവോളം കോഫിയോടൊപ്പം നുകർന്നു.

കോഫിഷോപ്പുകളിൽ പലതും കടലിലേക്ക് ഇറക്കി നിർമ്മിച്ചവയാണ്. കടലിനുള്ളിൽ ഇരിക്കുന്ന പ്രതീതി. അഡ്രിയാറ്റിക് കടൽ ശാന്ത സ്വഭാവിയായതുകൊണ്ട് വലിയ തിരമാലകളൊന്നുമില്ല.

13-16 വരെയുളള നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ട പള്ളികളും കെട്ടിടങ്ങളുമെല്ലാം അതേ പ്രൗഡിയോടെയും പഴമയോടെയും നിലനിൽക്കുന്നുണ്ട്. ബോസ്‌നിയൻ യുദ്ധകാലത്തും പെരസ്റ്റിന് കേടുപാടുകളൊന്നും സംഭവിച്ചില്ല. ഈ ചെറിയ, രണ്ടുകിലോമീറ്റർ മാത്രം നീളമുള്ള തെരുവിൽ 16 പള്ളികളുണ്ട്  എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

നാവികരുടെ പ്രിയപ്പെട്ട പ്രദേശമായിരുന്നതിനാൽ അവർ ഇവിടെ ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഓൾഡ് ടൗണിലെ വലിയ ബംഗ്ലാവുകളിൽ ഏറെയും അക്കാലത്തെ പ്രമുഖ നാവികരുടേതായിരുന്നു. തെരുവിലൂടെ നടക്കുമ്പോൾ കാണുന്ന ഏറ്റവും വലിയ പള്ളിയാണ് ചർച്ച് ഓഫ് സെന്റ് നിക്കോളാസ്. 55 മീറ്റർ ഉയരമുള്ള മണിമേടയും പള്ളിയോട് അനുബന്ധിച്ച് കാണാം. അറ്റകുറ്റപ്പണികൾ നടക്കുന്നതുമൂലം പള്ളി അടച്ചിട്ടിരിക്കുകയാണ് ഞാൻ പള്ളിമുറ്റത്തെ ബെഞ്ചിൽ അല്പനേരം ഇരുന്ന് ഇളം ചൂടേറ്റു.എന്നിട്ട് സെന്റ്‌ജോർജ്ജ്, ഔർ ലേഡി ഓഫ് റോക്ക്‌സ് എന്നീ ദ്വീപുകളിലേക്കുള്ള ബോട്ട് എവിടെ നിന്നാണ് പുറപ്പെടുന്നത് എന്നന്വേഷിക്കാൻ നടന്നു. 

പള്ളിയുടെ തൊട്ടുമുന്നിൽ കാണുന്ന ജെട്ടിയിൽ നിന്നാണ് ബോട്ട് പുറപ്പെടുന്നത് എന്നറിഞ്ഞു. ഒരു ബോട്ടേയുള്ളു. അത് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ സെന്റ് ജോർജ്ജ് ദ്വീപിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല.

12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ക്രിസ്ത്യൻ മതപാഠശാലയാണ് അവിടെ പ്രവർത്തിക്കുന്നത്. അവിടെ ഇപ്പോഴും വേദപാഠ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അവർക്ക് ശല്യമാകാതിരിക്കാൻ സന്ദർശകരെ വിലക്കിയിരിക്കുകയാണ്. ഔർ ലേഡി ഓഫ് റോക്ക്‌സിലേക്ക് ബോട്ടിൽ പോകും വഴി സെന്റ്‌ജോർജ്ജ് ദ്വീപ് അടുത്തു കാണാൻ കഴിയുമെന്ന് മാത്രം.

അടുത്ത ബോട്ട് പുറപ്പെടുന്നതുവരെ വീണ്ടും പെരസ്റ്റിന്റെ പഴയ വഴികളിലൂടെ അലഞ്ഞു നടന്നു. നഗരത്തിന്റെ പഴക്കത്തിനു ചേരുംവിധം ചില വിന്റേജ് കാറുകൾ പഴയ കെട്ടിടങ്ങൾക്കു മുന്നിൽ നിർത്തിയിട്ടുണ്ട്. പഴമയും പഴമയും ചേരുന്ന ഒരു ഫോട്ടോഗ്രാഫി മൊമന്റ്!ഏറെത്താമസിയാതെ ബോട്ട് കരയ്ക്കണഞ്ഞു. 50 പേരോളം കയറുന്ന ബോട്ടാണ്. അടുത്ത യാത്രയ്ക്കായി അത്ര തന്നെ പേർ കാത്തു നിൽപ്പുണ്ട്. ഞാനും അവരോടൊപ്പം കൂടി.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com