sections
MORE

ലോകത്തിലെ കുഞ്ഞൻ രാജ്യങ്ങളെ അറിയാം

Saint-Kitts-and-Nevis
SHARE

ഭൂമിയിൽ ആകെ വലുതും ചെറുതുമായ 195 രാജ്യങ്ങളുണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും ചെറിയ 10 രാജ്യങ്ങൾ ഒന്നിച്ചുചേർന്നാൽ, ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയെക്കാൾ ചെറുതായിരിക്കുമെന്നു കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടോ? അത്തരം ചില കുഞ്ഞൻ രാജ്യങ്ങളെക്കുറിച്ചു പറയാം.

മാള്‍ട്ട

മെഡിറ്ററേനിയൻ കടലിൽ സിസിലിയുടെയും നോര്‍ത്ത് ആഫ്രിക്കയുടെയും മധ്യത്തിലുള്ള, യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ് മാള്‍ട്ട. 7000 വര്‍ഷത്തെ പഴക്കമുള്ള ഈ രാജ്യത്ത് കൂറ്റന്‍ ക്ഷേത്രങ്ങള്‍, റോമന്‍ കെട്ടിടങ്ങള്‍, നോര്‍മന്‍ പള്ളികള്‍ എന്നിവയൊക്കെ കാണാം. തലസ്ഥാനമായ വലേറ്റ 2018-ല്‍ യൂറോപ്പിലെ സാംസ്‌കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക് ഓഫ് മാൾട്ടയിൽ  കോമിനോ, ഗോസോ, മാൾട്ട എന്നിമൂന്ന് ദ്വീപുകളുണ്ട്. സൂര്യപ്രകാശമേറിയ കാലാവസ്ഥ, ആകർഷകമായ ബീച്ചുകൾ എന്നിങ്ങനെ നീളുന്നു മാൾട്ടയിലെ ആകർഷണങ്ങൾ. 

സെൻറ് കിറ്റ്സും നെവിസും

ഫെഡറേഷൻ ഓഫ് സെയ്ന്റ് ക്രിസ്റ്റഫർ ആൻഡ് നെവിസ് എന്നാണ് ഔദോഗികമായി ഈ രാജ്യം അറിയപ്പെടുന്നത്. വെസ്റ്റ് ഇൻഡീസ് ദ്വീപ് സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമാണിത്. യൂറോപ്യന്മാർ കൈവശപ്പെടുത്തിയ ആദ്യത്തെ ദ്വീപുകളിലൊന്നായ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ടൂറിസത്തെയും ചെറുകിട ഉൽ‌പാദന വ്യവസായത്തെയും കൃഷിയെയും ആശ്രയിച്ചിരിക്കുന്നു. അതിമനോഹരമായ സമുദ്രജീവിതം കാരണം, സെന്റ് കിറ്റ്സും നെവിസും മുങ്ങൽ വിദഗ്ധരുടെ പ്രിയസ്ഥലമാണ്. ഈ ദ്വീപിന്റെ ഉൾനാടൻ യാത്രയിലൂടെ, നിർജീവമായ അഗ്നിപർവതം മൗണ്ട് ലിയാമുഗയും ഗർത്തതടാകവുമെല്ലാം കാണാം.

marshall-Islands

മാർഷൽ ഐലന്‍ഡ്

മധ്യ പസഫിക് സമുദ്രത്തിലെ അഗ്നിപർവത ദ്വീപുകളുടെയും പവിഴപ്പുറ്റുകളുടേയും ഒരു ശൃംഖലയായി, ഫിലിപ്പീൻസിനും ഹവായിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കുഞ്ഞു രാജ്യമാണ് മാർഷൽ ഐലന്‍ഡ്.  അവിശ്വസനീയമാംവിധം ജൈവവൈവിധ്യമുള്ള പ്രദേശമാണ് റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകൾ, 800 ലധികം മത്സ്യങ്ങളും 160 പവിഴങ്ങളും ഇവിടുത്തെ അപൂർവതകളാണ്. 2019 ലെ ഏറ്റവും പുതിയ കണക്കg പ്രകാരം 60,000 ൽ താഴെയാണ് ഇവിടുത്തെ ജനസംഖ്യ.

ലിക്റ്റന്‍സ്റ്റൈന്‍

പൂര്‍ണമായും കരയാല്‍ ചുറ്റപ്പെട്ട ഈ ആല്‍പൈന്‍ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സര്‍ലന്‍ഡുമായും കിഴക്ക് ഓസ്ട്രിയയുമായും അതിര്‍ത്തി പങ്കിടുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ നാലാമത്തെ ചെറിയ രാജ്യമാണ് ലിക്റ്റന്‍സ്റ്റൈന്‍. യൂറോപ്പിലെ ഒരു പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണിത്. ശ്രദ്ധേയമായ മധ്യകാല കോട്ടകൾ, ആകർഷകമായ ഗ്രാമങ്ങൾ, ആൽപൈൻ ലാൻഡ്സ്കേപ്പുകൾ എന്നിവയിലൂടെയാണ് ലിക്റ്റൻ‌സ്റ്റൈൻ പ്രധാനമായും അറിയപ്പെടുന്നത്. മാൾട്ടയിൽനിന്നg തികച്ചും വിഭിന്നമായി, ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളിലൊന്നാണിത്. വളരെ ഉയർന്ന ജിഡിപിയാണ് രാജ്യത്തിന്റേത്. 

Liechtenstein

നൗറു

ഏറ്റവും ചെറിയരാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനമുള്ള രാജ്യമാണ് നൗറു. പസിഫിക്കിന്റെ മധ്യഭാഗത്താണ് നൗറു. ഔദ്യോഗികമായി ഒരു തലസ്‌ഥാനമോ പൊതുഗതാഗത സൗകര്യങ്ങളോ ഈ നാട്ടിലില്ല. ആകെ 25 കിലോമീറ്ററിനുള്ളിൽ ഒതുങ്ങുന്ന റോഡുകളാണ്  രാജ്യത്ത് ഉള്ളത്.  സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിൽ കാണൂ. പതിമൂവായിരം ജനങ്ങൾ താമസിക്കുന്ന ഈ ചെറുരാജ്യത്തിന്റെ വിസ്തീർണ്ണം 21 ചതുരശ്ര കിലോമീറ്റർ മാത്രമാണ്.

Nauru

കഴിഞ്ഞ കാലങ്ങളിൽ, ഫോസ്ഫേറ്റ് ഖനനം വലിയ തോതിൽ ഇവിടെ നടന്നിരുന്നു. എന്നാൽ ഇന്ന് ഫോസ്ഫേറ്റ് നിക്ഷേപം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ നൗറുവിലെ തൊഴിലില്ലായ്മ 90% ആയി വർധിച്ചിരിക്കുകയാണ്. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ശാന്തമായ ഒരിടമാണെങ്കിലും ഈ ചെറിയ ദ്വീപിനെക്കുറിച്ചുള്ള മറ്റൊരു അദ്ഭുതകരമായ വസ്തുത അമിതവണ്ണനിരക്കാണ്, 97% പുരുഷന്മാരും 93% സ്ത്രീകളും അമിതവണ്ണമുള്ളവരാണ്. ഇതു കാരണം, ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയുള്ള ആളുകളുള്ള രാജ്യമായി നൗറു മുദ്രകുത്തപ്പെട്ടിരിക്കുന്നു.

മൊണാക്കോ

ബെല്ലെ-എപോക്ക് കാസിനോ, ആഡംബര ബുട്ടിക്കുകള്‍, യാച്ച്-ലൈന്‍ഡ് ഹാര്‍ബര്‍ എന്നിവയൊക്കെയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ മൊണാക്കോയിലെ ആകര്‍ഷണങ്ങള്‍. ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള രാജ്യമാണ് മൊണാക്കോ. ജനസംഖ്യയുടെ സിംഹഭാഗവും കോടീശ്വരന്മാരാണ്. പൂര്‍വ ദിക്കില്‍ മെഡിറ്ററേനിയന്‍ കടല്‍ മൊണാക്കോയുടെ തീരങ്ങളോട് ചേരുന്നു. 2 കിലോമീറ്റർ വിസ്തൃതിയും 40,000 ത്തോളം ജനസംഖ്യയും കണക്കിലെടുത്ത് മൊണാക്കോ ഏറ്റവും തിരക്കേറിയ രാജ്യങ്ങളിലൊന്നായി മാൾട്ടയുമായി കൈകോർക്കുന്നു. 

വത്തിക്കാൻ സിറ്റി

റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലുപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്റ്റീന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. 

110 ഏക്കർ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ 1000 ൽ താഴെ മാത്രമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും ഏറ്റവും ചെറിയ രാജ്യമെന്നറിയപ്പെടുന്നത് വത്തിക്കാൻ സിറ്റിയാണ്. 300 മീറ്റർ മാത്രം നീളമുള്ള ഏറ്റവും ചെറിയ റെയിൽവേ ശൃംഖല ഈ രാജ്യത്തിന് സ്വന്തമായുണ്ട്. പണമിടപാട് ലാറ്റിനില്‍ ചെയ്യാന്‍ സൗകര്യമുള്ള ലോകത്തെ ഏക എടിഎമ്മും ഇവിടെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA