ADVERTISEMENT

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിദേശരാജ്യമാണ് ഭൂട്ടാന്‍. ഇന്ത്യ, ബംഗ്ലദേശ്, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ വീസ വേണ്ട. കൈയില്‍ ഐഡി കാര്‍ഡുമായി നേരെയങ്ങു ചെന്നു കയറാം. അതിനു ശേഷം എന്‍ട്രി പെര്‍മിറ്റ്‌ എടുത്താല്‍ മതി.

ഹിമാലയത്തിന്‍റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാന്‍ പ്രകൃതിസൗന്ദര്യത്താല്‍ സമ്പന്നമാണ്. ഭൂട്ടാന്‍ എന്ന രാജ്യത്തിന്‍റെ എല്ലാ അംശങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് ഫ്യുവെന്‍ഷോലിങ്ങ്. വൃത്തിയുള്ള സ്ഥലങ്ങൾ, മികച്ച ട്രാഫിക് സംവിധാനം, ചിട്ടയായ വീടുകളും കടകളും, എപ്പോഴും പുഞ്ചിരി തൂകുന്ന ആളുകള്‍ എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. 

Bhutan_wonders1

ഒരു ദിവസം കൊണ്ട് ഈ പ്രദേശം മുഴുവനായും കാണാം. കാർബണ്ടി മൊണാസ്ട്രിയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രം. ബംഗാൾ സമതലങ്ങളുടെയും ഫ്യുവെന്‍ഷോലിങ്ങ് പട്ടണത്തിന്‍റെയും മനോഹരമായ കാഴ്ച ഇവിടെനിന്നാൽ ലഭിക്കും. കുഞ്ഞുണ്ടാവാനായി ആളുകള്‍ ഇവിടെ പ്രാര്‍ഥിക്കാന്‍ എത്തുന്നു. ‘റിംപോച്ചെ’ എന്ന ബുദ്ധിസ്റ്റ് ഗുരുവിന്‍റെ ആരാധനാലയമായ ബുദ്ധക്ഷേത്രം സ്ഥിതി ചെയ്യുന്ന സാങ്‌തോ പെൽരി ലഖാംഗ് ഇവിടത്തെ മറ്റൊരു ആകര്‍ഷണമാണ്. 

ഫ്യുവെന്‍ഷോലിങ്ങില്‍നിന്ന് 5-6 മണിക്കൂര്‍ റോഡ്‌ മാര്‍ഗം സഞ്ചരിച്ചാല്‍ ഭൂട്ടാന്‍റെ തലസ്ഥാന നഗരമായ തിമ്പുവിലെത്താം. പരമ്പരാഗത ഭൂട്ടാന്‍ ശൈലിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്കൊപ്പം ആധുനികതയും ഇവിടെ നിറഞ്ഞു നില്‍ക്കുന്നു. ഭൂട്ടാന്‍റെ രാത്രിജീവിതം ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഇടമാണിത്. പരമ്പരാഗത വിഭവങ്ങളുടെ തനതായ രുചിയും ആസ്വദിക്കാം. സ്ഥലങ്ങള്‍ കാണാന്‍ ഒരു ദിവസത്തേക്ക് കാറുകള്‍ വാടകയ്ക്കു ലഭിക്കും.

തിമ്പുവില്‍നിന്ന് 85 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ താഴ്‌വരയാണ് പുനാഖ. ഭൂട്ടാനിലെ മോ, ഫോ എന്നീ രണ്ടു പ്രധാന നദികള്‍ ഇവിടെ സംഗമിക്കുന്നു. മുന്‍പു ഭൂട്ടാന്‍റെ തലസ്ഥാനം പുനാഖയായിരുന്നു. സഞ്ചാരികള്‍ക്കു റിവര്‍ റാഫ്റ്റിങ് സൗകര്യം ഇവിടെയുണ്ട്. തിമ്പുവില്‍നിന്ന് ഇങ്ങോട്ടേക്കു ബസ് ലഭിക്കും. രണ്ടര മണിക്കൂര്‍ കൊണ്ട് ബസില്‍ ഇവിടെയെത്താം. ഭൂട്ടാനിലെ ഏറ്റവും വിശാലമായ താഴ്‌വരകളിലൊന്നാണ് പാറോ. ആദ്യ കാഴ്ചയില്‍ തന്നെ ആര്‍ക്കും പ്രണയം തോന്നുന്നത്ര മനോഹരമായ പ്രകൃതിയാണ് ഇവിടത്തേത്. അതുകൊണ്ടുതന്നെ ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്ന യുവമിഥുനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവുമാണ് ഇവിടം. ട്രെക്കിങ്, മൗണ്ടന്‍ ബൈക്കിങ്, റാഫ്റ്റിങ്, കയാക്കിങ് മുതലായവയ്ക്കുള്ള സൗകര്യം ഇവിടെയുണ്ട്.

ഇന്ത്യയില്‍നിന്ന് ഭൂട്ടാനിലെത്താന്‍ 

വിമാനമാര്‍ഗം: ഡല്‍ഹി, ഗയ, ബാഗ്‌ദോഗ്ര, കൊല്‍ക്കത്ത, മുംബൈ, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍നിന്നു പാറോയിലേക്ക് ഡ്രൂക് എയറിന്‍റെയും ഭൂട്ടാന്‍ എയര്‍ലൈന്‍സിന്‍റെയും വിമാനങ്ങളുണ്ട്‌. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഡ്രൂക് എയറിന്‍റെ പ്രത്യേക കിഴിവുകളും ഇടയ്ക്ക് ഉണ്ടാകാറുണ്ട്. 

ട്രെയിന്‍: ഇന്ത്യയുടെയും ഭൂട്ടാന്‍റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജയ്ഗാവിലെത്താന്‍ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഹാഷിമാര ആണ്. ഇവിടെനിന്നു 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ജയ്‌ഗാവിലെത്താം. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിനുകള്‍ ഉണ്ട്. 

റോഡ്‌: ബംഗാളിലുള്ള ജയ്‌ഗാവ് ടൗണ്‍ വഴിയാണ് ഭൂട്ടാനില്‍ എത്താനാവുക. ഇവിടെനിന്നു വെറും 4.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഫ്യുവെന്‍ഷോലിങ്ങിലെത്താം. ഇവിടേക്ക് ടാക്സി ലഭിക്കും. ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കാതെ ഡ്രൈവര്‍മാരുമായി നേരിട്ട് വിലപേശിയാല്‍ പണം ലാഭിക്കാം.

ടൂറിസ്റ്റ് പെര്‍മിറ്റ്‌ കിട്ടാന്‍

ഫ്യുവെന്‍ഷോലിങ്ങിലുള്ള ഇമിഗ്രേഷന്‍ ഓഫിസില്‍ നിന്നാണ് ടൂറിസ്റ്റ് പെര്‍മിറ്റ്‌ ലഭിക്കുന്നത്. പാറോ എയര്‍പോര്‍ട്ട്‌ വഴി വരുന്നവര്‍ക്ക് അവിടെനിന്നു പെര്‍മിറ്റ്‌ ലഭിക്കും. ഇതിനായി പ്രത്യേക ഫോമുണ്ട്. ഐഡി കാര്‍ഡിന്‍റെയോ പാസ്പോര്‍ട്ടിന്‍റെയോ കോപ്പി, യാത്രയുടെ പൂർണവിവരങ്ങൾ അടങ്ങിയ കുറിപ്പ്, ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും കരുതണം. ടൂറിസ്റ്റ് പെര്‍മിറ്റ്‌ പൂര്‍ണ്ണമായും സൗജന്യമാണ്.

രാവിലെ 8 – 8.30 ഓടെ എത്തിയാല്‍ തിരക്കും ക്യൂവും ഒഴിവാക്കാം. വൈകുന്നേരത്തിനു മുമ്പ് തിമ്പു, പാറോ തുടങ്ങിയ ഇടങ്ങളില്‍ എത്തുകയും ചെയ്യാം. ഫ്യുവെന്‍ഷോലിങ്ങില്‍നിന്ന് 5-6 മണിക്കൂര്‍ ഡ്രൈവ് ഉണ്ട് ഇവിടേക്ക്. 

താമസത്തിനെത്ര ചെലവു വരും?

ഹോംസ്റ്റേകള്‍ അടക്കം നിരവധി താമസസൗകര്യങ്ങള്‍ ഇവിടെ ലഭിക്കും. തലസ്ഥാന നഗരമായ തിമ്പുവില്‍ പോലും അധികം ചെലവില്ലാതെ ഹോട്ടലുകള്‍ ലഭ്യമാണ്. സീസൺ സമയത്ത് ഒരു മുറിക്ക് 2500 രൂപ വരെയാണ് ശരാശരി വാടക. ഓഫ് സീസണില്‍ ഇത്  1300 -1500 ആയി കുറയും. അധികം സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത മുറി 400-500 രൂപയ്ക്കും കിട്ടും. കൊതുകുകടി കൊള്ളാതിരിക്കാനുള്ള 'ആയുധങ്ങള്‍' കയ്യില്‍ കരുതണം എന്നു മാത്രം! 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com