ADVERTISEMENT

നമ്മുടെ നാട്ടില്‍ ശരാശരി ഒരാളുടെ മുടി നരയ്ക്കാനുള്ള പ്രായം മുപ്പതുകളാണിപ്പോൾ.  പ്രായം എത്തുന്നതിനുമുമ്പു തന്നെ അവിടെയും ഇവിടെയുമൊക്കെ ചിലര്‍ക്ക് വെള്ളിവരകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാല്‍ 80 വയസ്സു വരെ ഒരിഴ പോലും നരക്കാതെ ഇടതൂര്‍ന്ന മുടിയുമായി ജീവിക്കുന്ന സുന്ദരികളുടെ ഒരു ഗ്രാമമുണ്ട് ചൈനയില്‍. അതും യാതൊരുവിധ കൃത്രിമ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാതെ തികച്ചും പ്രകൃതിദത്തമായി! 

LONGJI--CHINA5

ചുവന്ന വര്‍ഗ്ഗക്കാരായ യാവോ ഗോത്രം വസിക്കുന്ന ഗ്രാമമാണ് ചൈനയിലെ ഹുവാന്‍ഗ്ലുവോ. നീളന്‍ മുടി വളരെ പവിത്രമായാണ് ഇവര്‍ പരിചരിക്കുന്നത്. ആയുസ്സിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും അടയാളമാണ് അവര്‍ക്ക് കേശഭാരം. 'ലോകത്തിലെ ആദ്യ നീളന്‍ മുടിക്കാരുടെ ഗ്രാമം' എന്നാണ് ഇവിടം അറിയപ്പെടുന്നത്. 

ഓരോ മുടിക്കെട്ടിനുമുണ്ട് ഓരോ അര്‍ത്ഥം!

ആയിരം വര്‍ഷത്തെ പഴക്കമുള്ള ജനതയാണ് യാവോ ഗോത്രം. ഇവിടത്തെ ഓരോ സ്ത്രീക്കും ശരാശരി 1.7 മീറ്റര്‍ നീളമുള്ള മുടിയുണ്ടെന്നാണ് കണക്ക്. മുടിയെന്നത് സമൂഹത്തില്‍ ഓരോ സ്ത്രീകളുടെയും സ്ഥാനം നിര്‍ണ്ണയിക്കുന്ന ഘടകം കൂടിയാണ് ഇവര്‍ക്ക്. മുടിയുടെ സ്റ്റൈല്‍ നോക്കിയാല്‍ ഓരോ സ്ത്രീയുടെയും വൈവാഹിക ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ സാധിക്കും.

LONGJI--CHINA3

യാവോ ഗോത്രത്തിലെ സ്ത്രീകള്‍ പ്രായപൂര്‍ത്തിയായ ശേഷം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ മുടി മുറിക്കൂ. ഒരു പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ അവളുടെ മുടി ചെറുതായി മുറിക്കുന്നു. ഈ മുടി പെണ്‍കുട്ടിയുടെ മുത്തശ്ശി സൂക്ഷിച്ചു വയ്ക്കും. തലയില്‍ സ്കാര്‍ഫ് കെട്ടി അധികം നീളമില്ലാത്ത മുടിയുമായി നടക്കുന്ന പെണ്‍കുട്ടികള്‍ വരനെ തേടുന്നവരാണ്. വിവാഹം നടക്കുന്ന സമയത്ത് ഈ മുടി വരന് സമ്മാനമായി നല്‍കും.

കുട്ടികളുള്ള സ്ത്രീകള്‍ നെറ്റിക്ക് മുകളിലായി മുടി പ്രത്യേകം ബണ്‍ പോലെയാണ് കെട്ടി വയ്ക്കുന്നത്. മുടി വെറുതേ രണ്ടായി പിന്നിയിട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളില്ല എന്നാണ് അര്‍ത്ഥം. 

LONGJI--CHINA4

സ്വന്തം തലയില്‍ നിന്നും കൊഴിയുന്ന ഒറ്റ മുടി പോലും ഇവര്‍ സാധാരണയായി കളയാറില്ല. അത് സൂക്ഷിച്ചു വച്ച് ജീവിതാവസാനം വരെ കേശാലങ്കാരത്തിനായി ഉപയോഗിക്കുകയാണ് ഇവരുടെ പതിവ്.

എന്താണ് ഈ മുടിയുടെ രഹസ്യം?

രാസവസ്തുക്കള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ വളരുന്ന ഇടതൂര്‍ന്ന മുടിയുടെ രഹസ്യം മറ്റൊന്നുമല്ല, കഞ്ഞിവെള്ളമാണ് ഇവരുടെ പ്രധാന'മരുന്ന്! ചോറുണ്ടാക്കിയ ശേഷം ഊറ്റിക്കളയുന്ന വെള്ളം ഇവര്‍ കളയാറില്ല. ഒന്നോ രണ്ടോ ദിവസം സൂക്ഷിച്ചു വച്ച ശേഷം ആവശ്യമായ ഓയിലുകളും മറ്റും ചേര്‍ത്ത് മുടിയില്‍ പ്രയോഗിച്ചാല്‍ മാജിക് പോലെ മുടി വളരും! 

LONGJI--CHINA1

മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനുമായി വേണ്ട കെരാറ്റിന്‍, പ്രോട്ടീനുകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനു സഹായിക്കുന്ന 8 തരം അമിനോ ആസിഡുകള്‍ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മുടിയിഴകള്‍ ബലപ്പെടുത്തുന്ന വിറ്റാമിന്‍ ബി, മുടിക്ക് മിനുസം നല്‍കുന്ന വിറ്റാമിന്‍ സി, തിളക്കം നല്‍കുന്ന വിറ്റാമിന്‍ ഇ, മുടി കൊഴിച്ചില്‍ തടയുന്ന വിറ്റാമിന്‍ സി എന്നിവയും കഞ്ഞിവെള്ളത്തിലുണ്ട്. മുടിയില്‍ താരന്‍ മുതലായവ വളരാതെ തടയാനും കഞ്ഞി വെള്ളത്തിനു കഴിവുണ്ട്. 

മുടിയഴകിന്‍റെ ആഘോഷങ്ങള്‍ 

1987 വരെ പ്രതിശ്രുത വരനോ ഭര്‍ത്താവിനോ മാത്രമേ ഒരു യാവോ യുവതിയുടെ മുടി കാണാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. അഥവാ ആ മുടിയഴക് കണ്ടു പോയാലോ, മൂന്നു വര്‍ഷം ആ സ്ത്രീയുടെ ഭര്‍ത്താവായി വാഴണം എന്നതായിരുന്നു ശിക്ഷ. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം വന്നതോടെ മുടി എന്നത് ഇവര്‍ക്ക് വരുമാന മാര്‍ഗ്ഗമായി മാറി. ഇത്രയും നീളമുള്ള മുടി കാണാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെയെത്തുന്നു. 

എല്ലാ വര്‍ഷവും മാര്‍ച്ച് മൂന്നിന് ഇവിടെ മുടിയുത്സവം നടക്കുന്നു. നദീതീരങ്ങളില്‍ നീളന്‍ മുടി വിടര്‍ത്തിയിട്ട് കോതി നടക്കുന്ന സുന്ദരികളെ ഈ സമയത്ത് ഇവിടെയെങ്ങും കാണാം. എല്ലാ സ്ത്രീകളുടെ കാതിലും വട്ടത്തിലുള്ള വലിയ വെള്ളിക്കമ്മലുകള്‍ കാണാം. 

ജൂണ്‍ മാസത്തില്‍ ഇവരുടെ വാര്‍ഷിക ഓര്‍ത്തഡോക്സ് റെഡ് ക്ലോത്തെ ഫെസ്റ്റിവല്‍ സമയമാണ്. ഇവിടത്തെ വാലന്‍ന്റൈന്‍സ് ഡേ എന്നൊക്കെ പറയാവുന്ന ഈ സമയത്ത് പെണ്‍കുട്ടികള്‍ തങ്ങള്‍ ഉണ്ടാക്കിയ മികച്ച വസ്തുക്കള്‍ വിപണിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങി ഓരോ പെണ്‍കുട്ടിയും തങ്ങളുടെ ഭാവി ഭര്‍ത്താവിനെ തേടുന്ന സമയമാണിത്. 

മെയ്‌ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയം. ആളുകളോടൊപ്പം തന്നെ മനോഹരമായി പ്രകൃതിയും അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സമയമാണ് അത്.

ചൈനയിലെ ലോങ്ങ്‌ജി പ്രദേശത്താണ് യാവോകളുടെ ഹുവാന്‍ഗ്ലുവോ ഗ്രാമം സ്ഥിതിചെയ്യുന്നത്. നൂറില്‍ത്താഴെ കുടുംബങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. ചൈനയിലെ ഗ്വിലിന്‍(Guilin) വിമാനത്താവളത്തില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയായാണ് ഈ ഗ്രാമം.

ഇതല്ലെങ്കില്‍ ഗ്വിലിനിലെ ബസ് സ്റ്റേഷനില്‍ നിന്ന് ലോങ്ങ്‌ഷെങ്ങ് കണ്‍ട്രിയിലേക്ക് ഷട്ടില്‍ ബസ് സര്‍വീസുണ്ട്. ലോങ്ങ്‌ഷെങ്ങില്‍ നിന്നും ലോങ്ങ്ജിയിലേക്ക് ബസുകള്‍ ലഭ്യമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com