sections
MORE

ഈ ദ്വീപ് നിർമിച്ചത് കപ്പലിനു മുകളിൽ!

ഔർ ലേഡി ഓഫ് ദ റോക്സ് ദ്വീപ്-പെരസ്‌റ്റിൽ നിന്നുള്ള കാഴ്ച
SHARE

ബാൾക്കൻ ഡയറി 

അദ്ധ്യായം 24 

പെരസ്റ്റിന്റെ ഓൾഡ് ടൗണിൽ നിന്ന് 'ലേഡി ഓഫ് ദ റോക്ക്‌സ്' ദ്വീപിലേക്കുള്ള ബോട്ടിന്റെ റിട്ടേൺ ടിക്കറ്റിന്റെ റേറ്റ് 5 യൂറോയാണ്. ടിക്കറ്റ് എന്നൊന്നും പറയാനില്ല. ഒരു യുവതി വന്ന് എല്ലാവരുടെയും കൈയിൽ നിന്ന് പണം വാങ്ങും, അത്ര തന്നെ. ബോട്ട് പത്തുമിനിറ്റുകൊണ്ട് ദ്വീപിലെത്തും. 15 മിനുട്ടു കഴിഞ്ഞ് തിരികെ പെരസ്റ്റിലേക്ക് പുറപ്പെടും. ആ ബോട്ടിൽ വേണമെങ്കിൽ തിരിച്ചുപോരാം. അല്ലെങ്കിൽ അടുത്ത ഏതെങ്കിലും ട്രിപ്പിലാകാം മടക്കയാത്ര.

ഔർ ലേഡി ഓഫ് ദ റോക്സ് ദ്വീപിലേക്കുള്ള ബോട്ട്


എന്റെ ബോട്ടിൽ അധികവും ടീനേജ് പിന്നിടാത്ത പെൺകുട്ടികളാണ്. പിന്നെ, ഒരു റഷ്യൻ കുടുംബവുമുണ്ട്. അവരുടെ കൂടെയുള്ള വീട്ടമ്മയുടെ ജന്മദിനമാണ്. ബോട്ട് പുറപ്പെട്ടപ്പോൾ ഹാപ്പി ബർത്ത്‌ഡേ ഗാനം മുഴങ്ങി. 'ബർത്ത്‌ഡേ ഗേളി'ന് ഭർത്താവടക്കം എല്ലാവരും ഉമ്മ കൊടുത്തു. റഷ്യൻ ഭാഷയിൽ ഏതോ ഗാനവും പാടി, കുടെയുള്ളവർ. മറ്റു യാത്രക്കാർ തന്നെ ശ്രദ്ധിക്കുന്നതു കണ്ട് സ്വതവേ ചുവന്ന് ആപ്പിൾ പോലിരിക്കുന്ന ബർത്ത്‌ഡേ ഗേളിന്റെ കവിൾ വീണ്ടും ചുവന്നു.പെരസ്റ്റ് ഓൾഡ് ടൗൺ മെല്ലെ ഞങ്ങളിൽ നിന്നകന്നു.ഇപ്പോൾ ബോട്ടിന്റെ ഇടതുവശത്ത് കാണുന്ന ദ്വീപാണ് സെന്റ്‌ജോർജ്ജ് ഐലൻഡ്.

മതിൽക്കെട്ടിനുള്ളിൽ,സെന്റ് ജോർജ് ദ്വീപിലെ മൊണാസ്ട്രി

ഇവിടെ സന്ദർശകർക്ക് പ്രവേശനമില്ല. ക്രിസ്ത്യൻ മതപാഠശാലയാണിത്. വിദ്യാർത്ഥികൾക്ക് ശല്യമാകാതിരിക്കാനാണ് സന്ദർശക നിയന്ത്രണം. വലിയ മതിൽക്കെട്ടിനുള്ളിൽ കുറേ മരങ്ങളും നാലഞ്ച് കെട്ടിടങ്ങളുമാണ് ബോട്ടിലിരുന്നാൽ കാണാനാവുന്നത്. 12-ാം നൂറ്റാണ്ടു മുതൽ കടലിന്റെ ഉള്ളിൽ കഴിഞ്ഞു കൂടുന്ന മൊണാസ്ട്രി എത്രയെത്ര യുദ്ധങ്ങൾക്കും പ്രകൃതി ക്ഷോഭങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടാവണം! സെന്റ്‌ജോർജ്ജ് ദ്വീപിന്റെ വിളിപ്പാടകലെയാണ് 'ഔർ ലേഡി ഓഫ് ദ റോക്ക്‌സ്' പള്ളി സ്ഥിതി ചെയ്യുന്ന ദ്വീപ്. സെന്റ്‌ജോർജ്ജ് ദ്വീപ് പ്രകൃതിദത്തവും ഔർ ലേഡി ദ്വീപ് മനുഷ്യനിർമ്മിതവുമാണ്.

ഒറ്റ ദിവസം കൊണ്ടല്ല, നൂറ്റാണ്ടുകൾ കൊണ്ടാണ് ഔർ ലേഡി ഓഫ്  ദ റോക്ക്‌സ് രൂപപ്പെട്ടത്. 1452 നുമുമ്പ് ഒരു ചെറിയ പാറ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. 1452 ജൂലായ് 22ന് രണ്ട് മുക്കുവന്മാർ മത്സബന്ധനം കഴിഞ്ഞ് വരുന്ന വഴി കന്യാമറിയത്തിന്റെ രൂപം ആ പാറപ്പുറത്ത് കണ്ടത്രേ. അത്ഭുത പരതന്ത്രരായ അവർ അവിടെ കന്യാമറിയത്തിന്റെ രൂപക്കൂട് സ്ഥാപിച്ചു. പിന്നീട് അതൊരു ചെറിയ പള്ളിയായി. ഇതിനിടെ യുദ്ധം ജയിച്ചു വരുന്ന നാവികരും മത്സ്യബന്ധം കഴിഞ്ഞു വരുന്ന മുക്കുവരും ഇവിടേക്ക് കല്ല് നിക്ഷേപിക്കുന്നത് പതിവായി.

സെന്റ് ജോർജ് ദ്വീപ്-ഒരു വിദൂര ദൃശ്യം

1600ൽ പെരസ്റ്റ്, വെനീസുകാർ പിടിച്ചെടുത്തു. ഈ ദ്വീപ് വിപുലപ്പെടുത്തി, ഒരു വലിയ പള്ളി സ്ഥാപിക്കാൻ അവർ തീരുമാനിച്ചു.. അതിനായി ഉപേക്ഷിക്കപ്പെട്ട കപ്പലുകളിൽ കല്ലുകൾ നിറച്ച് വെള്ളത്തിൽ മുക്കിയിട്ട്, അതിന്മേൽ പാറകൾ നിരത്തി, ദ്വീപ് വലുതാക്കി. എന്നിട്ട് അതിൽ ഇന്നീ കാണുന്ന പള്ളി പണിതെടുത്തു. ഇപ്പോഴും ദ്വീപിനു ചുറ്റും കല്ല് എറിയുന്ന പഴയ രീതി നിലനിൽക്കുന്നുണ്ട്. എല്ലാ വർഷവും ജൂലായ് 2ന് സന്ധ്യയ്ക്ക് പെരസ്റ്റിലെ ജനത ബോട്ടുകളിലേറി ദ്വീപിനു ചുറ്റുമെത്തി കടലിലേക്ക് കല്ലുകളെറിയും. അങ്ങനെ ദ്വീപിന്റെ വിസ്തീർണ്ണം കൂടി വരികയാണ്. ഫഷിനാദ എന്നാണ് കല്ലെറിയുന്ന ചടങ്ങിന്റെ പേര്.

ഔർ ലേഡി ഓഫ് ദ റോക്സ് ദ്വീപിൽ നിന്നുള്ള സെന്റ് ജോർജ് ദ്വീപിന്റെ ദൃശ്യം

ബോട്ട് ദ്വീപിലെത്തി.ചുറ്റുമതിലുകളൊന്നുമില്ലാത്ത, അതി സുന്ദരമായ ദ്വീപ്. പഴമയുടെ പ്രൗഡി പേറുന്ന, പച്ചമേൽക്കൂരയുള്ള പള്ളിയും ഒരു മണിമേടയുമാണ് ഇവിടെയുള്ളത്. കൂടാതെ, ചെറിയൊരു പള്ളിമേടയുമുണ്ട്. ദ്വീപിന്റെ രൂപം കപ്പലിന്റേതാണ്. മുൻ-പിൻ ഭാഗങ്ങൾ വീതി കുറഞ്ഞ്, കൂർത്തു വരുന്നു. ഒരറ്റത്ത്  ഉയരം കുറഞ്ഞ ഒരു ദീപസ്തംഭമുണ്ട്. അത്  സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്.കഴിഞ്ഞ ബോട്ടിൽ വന്നിട്ട് മടങ്ങിപ്പോകാതെ കാഴ്ചകണ്ടു നിൽക്കുന്ന നാലഞ്ചു പേരൊഴിച്ചാൽ, മറ്റാരും ദ്വിപിലില്ല. 

ഔർ ലേഡി ഓഫ് ദി റോക്ക്സ് ദ്വീപിലെ പള്ളിയും മറ്റു ദൃശ്യങ്ങളും

ഞാൻ പള്ളിയിലേക്ക് നടന്നു. പള്ളിയുടെ ഉൾവശം നിറസമൃദ്ധമാണ്. നിറയെ ചുവർചിത്രങ്ങളാണ്. ചുവരിലും മേൽക്കൂരയിലുമെല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ള പെയിന്റിങ്ങുകൾ. ആകെ 68 പെയിന്റിങ്ങുകളാണുള്ളത്. 17-ാം നൂറ്റാണ്ടിൽ പെരസ്റ്റിൽ ജീവിച്ചിരുന്ന ട്രിപ്പോ കോക്കോൽജ എന്ന ചിത്രകാരൻ ബരോക്ക് ശൈലിയിൽ വരച്ച ചിത്രങ്ങളാണ് ഇവയെല്ലാം. 'ഡെത്ത് ഓഫ് ദ വെർജിൻ' എന്ന, 10 മീറ്റർ നീളമുള്ള പെയിന്റിങും ഇതിൽ ഉൾപ്പെടുന്നു. ഒരു ഇറ്റാലിയൻ പെയിന്ററുടെ ചിത്രവും കോത്തോറിലെ ശില്പി നിർമ്മിച്ച ശില്പങ്ങളും പള്ളിയിലുണ്ട്.

പെരസ്റ്റിൽ ജീവിച്ചിരുന്ന ജെസിന്ത മിജോവിച്ച് എന്ന യുവതി തുണിയിൽ സ്വർണ്ണ-വെള്ളി നാരുകളിൽ നെയ്‌തെടുത്ത കന്യാമറിയത്തിന്റെ രൂപമാണ് പള്ളിയ്ക്കുള്ളിലെ മറ്റൊരു കാലാതിവർത്തിയായ കലാരൂപം. കന്യാമറിയവും മാലാഖമാരുമെല്ലാം ഈ നെയ്ത്തു വിസ്മയത്തിലുണ്ട്. 25 വർഷം കൊണ്ടാണ് ജസിന്ത ഇത് നെയ്‌തെടുത്തത്.

ഔർ ലേഡി ഓഫ് ദി റോക്ക്സ് ദ്വീപിലെ പള്ളിയും മറ്റു ദൃശ്യങ്ങളും

ദീർഘയാത്ര പോയിരുന്ന തന്റെ കാമുകനെ കാത്തിരിക്കുന്നതിനിടയിലാണ് ജസീന്ത ഈ കലാരൂപത്തിനായി സ്വയം സമർപ്പിച്ചത്. എന്നാൽ നെയ്തു തീരുന്നതിനു മുമ്പേ അവർ അന്ധയായി. തന്റെ തലമുടി നാരുകൾ കൂടി സ്വർണ്ണവെള്ള നാരുകൾക്കൊപ്പം ഉപയോഗിച്ചാണ് ജസീന്ത കന്യാമറിയത്തിന്റെ രൂപം നെയ്‌തെടുത്തത് എന്നതാണ് മറ്റൊരു സവിശേഷത.

ഔർ ലേഡി ഓഫ് ദി റോക്ക്സ് ദ്വീപിൽ നിന്നുള്ള പെരസ്‌റ്റ് ഓൾഡ് ടൗണിന്റെ ദൃശ്യം

പള്ളിയുടെ നിർമ്മാണം തനത് വെനീഷ്യൻ ശൈലിയിലാണ്. ദ്വീപുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ വെനീസുകാരോളം വൈദഗ്‌ധ്യമുള്ളവർ വേറെയില്ലല്ലോ...പള്ളിയിൽ നിന്നു മാറി പഴയ ശൈലിയിൽ ഒരു കെട്ടിടം കൂടിയുണ്ട്. അത് ടോയ്‌ലറ്റുകളാണ്. വീണ്ടും മുന്നിലേക്കു നടക്കുമ്പോൾ ദീപസ്തംഭം. കടലിൽ ഉയർന്നു നിൽക്കുന്ന ദ്വീപിൽ കപ്പലുകൾ വന്ന് ഇടിക്കാതിരിക്കാനുള്ള സൂചന  കൂടിയാണ്, ദീപസ്തംഭത്തിൽ നിന്നുതിരുന്ന വെളിച്ചം.ലോകത്തിലേറ്റവുമധികം ക്രൂയിസ് ഷിപ്പുകൾ വന്നടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് മോണ്ടിനീഗ്രോയുടെ തീരം.

ഔർ ലേഡി ഓഫ് ദി റോക്ക്സ് ദ്വീപിലെ ദൃശ്യങ്ങൾ

ഔർ ലോഡി ഓഫ് ദ റോക്ക്‌സിൽ നിന്നു നോക്കുമ്പോൾ 360 ഡിഗ്രിയിൽ മലകളുടെയും കടലിന്റെയും  സംഗമം കാണാം. ഒരു വശത്ത് മലയുടെ ചെരുവിൽ പെരസ്‌റ്റ് ഓൾഡ് ടൗണിന്റെ മനോഹര ദൃശ്യം. മറ്റിടങ്ങളിലെല്ലാം മോണ്ടിനീഗ്രോയെ കാത്തു സൂക്ഷിക്കുന്ന കറുകറുത്ത മലനിരകൾ. ലോകത്തൊരിടത്തും ഇങ്ങനെയൊരു കാഴ്ചയുണ്ടാവില്ല എന്നുറപ്പ്.

ഔർ ലേഡി ഓഫ് ദി റോക്ക്സ് ദ്വീപിലെ പള്ളിയുടെ ഉൾഭാഗം

ദ്വീപിൽ എപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ഇളം തണുപ്പുള്ള കാറ്റേറ്റ് എത്രനേരം വേണമെങ്കിലും ഇവിടെ ഇരിക്കാം.ഞാൻ ദ്വീപിന്റെ മുക്കും മൂലയും ക്യാമറയിൽ പകർത്തി. ഇതിനിടെ ബോട്ട് ഒരു പ്രാവശ്യം പെരസ്റ്റിൽപോയി മടങ്ങി വന്നിരുന്നു. അടുത്ത ട്രിപ്പിന് ആളെ വിളിച്ചു തുടങ്ങി. എന്റെ ബോട്ടിൽ വന്ന റഷ്യൻ സംഘം ഇതേ ബോട്ടിലാണ് മടങ്ങുന്നത്. അവർ  റഷ്യൻപാട്ടുകൾ പാടി ബോട്ടിൽ പ്രവേശിച്ചു.പിന്നാലെ ഞാനും. ബെർത്ത്‌ഡേ ഗേൾ  ഇനിയും ചുംബനങ്ങൾ ഏറ്റുവാങ്ങിക്കഴിഞ്ഞിട്ടില്ല. ചുവന്നു തുടുത്ത 'ഗേൾ' നാണത്തിന്റെ പാരവശ്യവുമായി മറ്റു യാത്രക്കാരെ ചൂളി നോക്കുന്നു.

ഔർ ലേഡി ഓഫ് ദി റോക്ക്സ് ദ്വീപിലെ ദൃശ്യങ്ങൾ

ബോട്ട് ഔർ ലേഡി ഓഫ് ദ റോക്ക്‌സിൽ നിന്നകന്നു. എത്രകലാപരമായാണ് ഇവിടത്തുകാർ ദ്വീപു നിർമ്മിച്ചതും, അതിൽ പള്ളി പണിതതെന്നും ചിന്തിച്ചുപോയി. എത്ര മനോഹരമായാണ് പുതുതലമുറ അത് പരിപാലിക്കുന്നത്! എല്ലാം നമ്മൾ കണ്ടുപഠിക്കേണ്ട കാര്യങ്ങളാണ്. നമ്മുടെ പള്ളികളും അമ്പലങ്ങളുമെല്ലാം കച്ചവടകേന്ദ്രങ്ങളാണ്. മാഫിയകളുടെ കൈയിലാണ് അവയിൽ പലതും. ദൈവത്തെ വിറ്റ് എങ്ങനെ പണം സമ്പാദിക്കാമെന്നല്ലാതെ,ആരാധനാലയങ്ങൾ എങ്ങനെ ഭംഗിയായി പരിപാലിക്കാം എന്നൊന്നും ആരും ചിന്തിക്കുന്നില്ല. കച്ചവടക്കാരെ മുട്ടിയിട്ട് നടക്കാൻ വയ്യ. ഗുരുവായൂരായാലും, വേളാങ്കണ്ണി ആയാലും,അജ്‌മീറായാലും...

ഔർ ലേഡി ഓഫ് ദി റോക്ക്സ് ദ്വീപിലെ ദൃശ്യങ്ങൾ

പെരസ്റ്റ് ഓൾഡ് ടൗണിൽ ബോട്ടിറങ്ങി. വിശന്നിട്ടു വയ്യ. ആദ്യം കണ്ട കഫേയിൽ കയറി. സാൻഡ്‌വിച്ചും കോഫിയും ഓർഡർ ചെയ്തു. സമയം ഉച്ചയ്ക്ക് 2.45 ആയി, ചൂടില്ലെങ്കിലും വെയിലുണ്ട്.സാൻഡ്‌വിച്ച് കഴിച്ച്, അല്പനേരം വിശ്രമിച്ചിട്ട് തിരികെ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. വൈകുന്നതിനു മുമ്പ് ഞാൻ താമസിക്കുന്ന കോത്തോർ ഓൾഡ് ടൗണിലെത്തി കുറേ ചിത്രങ്ങളെടുക്കണം. നാളെ രാവിലെ ബുദ്വ എന്ന സ്ഥലത്തേക്ക് പോകാനാണ് പരിപാടി.

ഔർ ലേഡി ഓഫ് ദ റോക്സിലേക്കുള്ള ബോട്ട് സർവീസ്

ഏറെ നേരം കാത്തുനിന്നിട്ടാണ് ബസ് വന്നത്. സത്യത്തിൽ തിരികെ പോകാനുള്ള ബസ് സ്റ്റോപ്പ് അതായിരുന്നില്ലെന്ന് ബസ് ഡ്രൈവർ പറഞ്ഞപ്പോഴാണ് മനസ്സിലായത്.കോത്തോർ ഓൾഡ് ടൗണിനു മുന്നിൽ ബസ് നിർത്തില്ല. അതുകൊണ്ട് ബസ് സ്റ്റേഷനിൽ ഇറങ്ങി. പിറ്റേന്ന് ബുദ്‌വയ്ക്കുള്ള ബസ് എപ്പോഴാണെന്ന് അന്വേഷിച്ചു.

രാവിലെ 7 മുതൽ ബസ്സുണ്ട്. ടിക്കറ്റ് ബസ്സിൽ കയറുന്നതിനു മുമ്പ് എടുത്താൽ മതി എന്ന് ഇൻഫർമേഷൻ സെന്ററിലെ യുവാവ് പറഞ്ഞു. പിറ്റേന്ന് 9 മണിക്കുള്ള ബസ്സിൽ ബുദ്‌വയ്ക്കു പോകാൻ തീരുമാനിച്ചു. കോത്തോറിൽ നിന്ന് കഷ്ടിച്ച് ഒരു മണിക്കൂറാണ് ബുദ്‌വയിലേക്കുള്ള ദൂരം. ഞാൻ പിന്നിട്ട വഴികളിലൂടെ തിരികെ നടന്ന് കോത്തോർ ഓൾഡ് സിറ്റിയിലെത്തി.
(തുടരും) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA