sections
MORE

വിയന്നയിലെ മുന്തിരിത്തോപ്പിലെ വൈൻ നുകർന്ന് ലക്ഷ്മി നായരുടെ യാത്ര

lekshmi-nair-trip
SHARE

യാത്ര ചെയ്ത് പുതിയ സ്ഥലങ്ങളിലെ രുചിഭേദങ്ങള്‍ കണ്ടെത്തി മലയാളികള്‍ക്കു പരിചയപ്പെടുത്തുന്ന ലക്ഷ്മി നായരെ അറിയാത്തവരില്ല. പാചകത്തെ പോലെ തന്നെ യാത്രയെയും പ്രണയിക്കുന്നയാളാണ് ലക്ഷ്മി നായർ. തന്റെ യൂടൂബ് ചാനലിലൂടെ വിയന്ന സന്ദർശനത്തിന്റെ വിശേഷങ്ങൾ ഡോ. ലക്ഷ്മി നായർ പങ്കുവച്ചിരിക്കുന്നു. വിയന്നയിലെ വിശേഷങ്ങളാണ് ഇത്തവണത്തെ വിഡിയോയിൽ. വിദേശ രാജ്യങ്ങളിൽ ലക്ഷ്മി നായർ ഒറ്റയ്ക്കാണ് യാത്ര ചെയ്യാറ്. സോളോ ട്രാവലിന് അതിന്റേതായൊരു രസവും ആനന്ദവുമൊക്കെ ഉണ്ടെന്നാണ് ലക്ഷ്മി നായരുടെ അഭിപ്രായം.

lekshmi-nair

വിയന്നയിലേക്കും ഒറ്റയ്ക്കുള്ള യാത്രയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഇവിടെയുള്ള കേന്ദ്രം സന്ദർശിക്കലായിരുന്നു ലക്ഷ്യം. കേന്ദ്രത്തിന്റ പൂർണഭാഗം കാണാൻ സാധിക്കില്ല. സന്ദർശകർക്കായി അനുവദിച്ചിരിക്കുന്നത് വിയന്ന ഇന്റർനാഷണൽ സെന്റർ ആണ്. 1979 ഓഗസ്റ്റ് 23 മുതൽ വിയന്ന ഇന്റർനാഷണൽ സെന്റർ അഥവ വിഐസി ഇവിടെ പ്രവർത്തിക്കുന്നു. ദൈനംദിന ഗൈഡഡ് ടൂറുകളിൽ സന്ദർശകർക്ക് ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും വിയന്ന ഇന്റർനാഷണൽ സെന്ററിന്റെ ശ്രദ്ധേയമായ വാസ്തുവിദ്യയും അകത്തള കാഴ്ചകൾ അനുഭവിക്കാനും കഴിയും.

മെമ്മോറിയൽ പ്ലാസയിലെ 190-ലധികം അംഗരാജ്യങ്ങളുടെ പതാകകൾ കാണാനും ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവിധതരം താൽക്കാലിക എക്സിബിഷനുകൾ ആസ്വദിക്കാനും ഇവിടെയെത്തുന്ന സന്ദർശകർക്ക് അവസരം ലഭിക്കുന്നുണ്ട്. കോൺഫറൻസ് റൂമുകളിലടക്കം നടത്തുന്ന ടൂറിനു ശേഷം യുഎൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനും വിവിധ ഐക്യരാഷ്ട്ര സുവനീറുകൾ സ്വന്തമാക്കാനും സാധിക്കുന്നതാണ്.

ആണവോർജ്ജത്തിന്റെ ഗവേഷണം, പ്രയോഗം എന്നിവയെ നിയന്ത്രിക്കുക, ആണവോർജജം സമധാനപരമായ ആവശ്യങ്ങളിലേക്കു വഴിതിരിച്ചുവിടുക, ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സംഘടനയായ രാജ്യാന്തര ആണവോർജ സമിതി IAEAയാണ് ഓസ്ട്രിയയിലെ വിയന്നയിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടുള്ളതാണ് വിയന്ന ഇന്റർനാഷണൽ സെൻററും.

ഇവിടെ ജോലി ചെയ്യുന്ന മലയാളികളായ തന്റെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ലക്ഷ്മി നായർ കേന്ദ്രം സന്ദർശിച്ചത്. അതിനു ശേഷം അവർ പോയത് ഒരു വൈൻ യാർഡിലേയ്ക്കായിരുന്നു. വിയന്ന നഗരത്തിൽ നിന്നും മാറി എന്നാൽ അധികം അകലെയല്ലാതെയാണ് ഈ മുന്തിരിത്തോപ്പ്. ഒരു കുന്നിൻ ചെരുവിലായി പടർന്നു പന്തലിച്ച് കിടക്കുന്ന മുന്തിരിത്തോപ്പിൽ നിന്നാൽ അങ്ങകലെയായി വിയന്ന പട്ടണം കാണാം. 2 കിലോമീറ്ററോളം ട്രക്ക് ചെയ്ത് വേണം ഈ വൈൻ യാർഡിൽ എത്താൻ. സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ രാവിലെ നടക്കാൻ വരുന്നയിടമാണിതെന്നും അതിരാവിലെയുള്ള ഇവിടുത്തെ നടത്തം വളരെ സുഖകരമാണെന്നും ലക്ഷ്മി നായരുടെ സുഹൃത്ത് പറയുന്നു.

ഒരു പുരാതന പള്ളിയങ്കണത്തിൽ നിന്നുമാണ് വൈൻ യാർഡിലേക്ക് പോകേണ്ടത്. മുന്തിരിത്തോപ്പിന് സമീപം കൃഷിക്കാർ തന്നെ നടത്തുന്ന ചെറിയ കഫേയുമുണ്ട്. ഇവിടെയിരുന്ന് അവർ തന്നെ നിർമിച്ച വൈനും മുന്തിരി ജ്യൂസുമെല്ലാം നുകരാം. ആ പ്രദേശത്തെ മറ്റൊരു ആകർഷണം പ്രീയോർ മരങ്ങളാണ്. നിറയെ കായ്ച്ചു നിൽക്കുന്നുണ്ടെങ്കിലും പഴം ആരും പറക്കുന്നില്ല. അതിന്റെ കാരണം കേട്ടപ്പോൾ താൻ അത്ഭുതപ്പെട്ടുപോയെന്ന് ലക്ഷ്മി നായർ. ആ ഫലങ്ങൾ ഒന്നും മനുഷ്യർക്ക് ഉള്ളതല്ല മറിച്ച് പക്ഷികൾക്ക് വേണ്ടി നട്ടുവളർത്തുന്നവയാണത്രേ.

വിയന്ന സന്ദർശനത്തിന്റെ മുഴുവൻ കാര്യങ്ങളും ലക്ഷ്മി നായർ തന്റെ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA