sections
MORE

കോസ്റ്റ്യൂം ഡിസൈനർ ആനിന് ഭാമയുമൊത്തുള്ള ആ യാത്ര മറക്കാനാവില്ല

Ann-travel-world
SHARE

ഓരോ മാസവും ഓരോ രാജ്യങ്ങൾ കാണുക. ഇനിയുമിനിയും യാത്രകൾ ചെയ്യണം. ലോകമറിയുന്നൊരു യാത്രികയായി മാറണം. ആൻ എന്ന യുവതിയുടെ സ്വപ്നങ്ങളാണിതൊക്കെ. സ്വപ്നങ്ങൾ എന്നു കുറച്ച് ആലങ്കാരികമായി പറഞ്ഞുവെന്നേയുള്ളു. ആനിനെ സംബന്ധിച്ച് ഇതൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. യാത്രകളോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ ജോലിത്തിരക്കില്ലാത്തപ്പോൾ ഒക്കെ ആൻ പറക്കും ഏതെങ്കിലും വിദേശ നാട്ടിലേക്ക്. 

ആൻ ആൻസി ഒരു സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറാണ്. മലയാള സിനിമ ലോകത്ത് അറിയപ്പെടുന്നൊരാൾ. കാര്യം തൊഴിൽ മേഖല ഇതാണെങ്കിലും ആനിന് പ്രിയം യാത്രകളോടാണ്. ഇനി ഈ യാത്രകൾ എന്നു പറയുന്നത് നേരത്തെ പ്ലാൻ ചെയ്ത് ഏതെങ്കിലും ഏജൻസി വഴിയൊക്കെ നടത്തുന്ന ടൂർ പാക്കേജ് ഒന്നുമല്ല. ആനിന് തോന്നുമ്പോൾ ബാഗുമെടുത്തിറങ്ങും ഒറ്റയ്ക്ക്. അങ്ങനെ ഒറ്റയ്ക്ക് പോയിക്കണ്ട കാഴ്ചകളാണ് ആനിന് പങ്കുവയ്ക്കാനുള്ളതും.

ann-travel8

2012 ലാണ് ആനിന്റെ പ്രയാണം ആരംഭിക്കുന്നത്. സുരക്ഷിതമായൊരു ജോലിയായപ്പോൾ പിന്നെ പുറകോട്ട് നോക്കേണ്ടി വന്നിട്ടില്ലെന്ന് ആൻ. യൂറോപ് ഏതാണ്ട് പൂർണമായും കണ്ടുവെന്ന് തന്നെ പറയാം. ഷെൻഗൻ പരിധിയിൽ വരുന്ന 26 യൂറോപ്യൻ രാജ്യങ്ങളിൽ 21 ഉം ആൻ സന്ദർശിച്ചു കഴിഞ്ഞു. ഈ പോയതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടയിടം ഏതാണെന്ന് ചോദിച്ചാൽ ഒറ്റയുത്തരമേയുള്ളു ആനിന്, സ്വിറ്റ്സർലൻഡ്. ഭൂമിയിലെ സ്വർഗമായ ആ നാടിനോടുള്ള ഇഷ്ടത്താൽ പലവട്ടം ആൻ അങ്ങോട്ട് യാത്ര നടത്തിയിട്ടുണ്ട്.

aan-travel1

സാധാരണ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ എളുപ്പവും സമയലാഭവും നേരിട്ടുള്ള ഫ്ലൈറ്റ് കയറുന്നതാണ്. എന്നാൽ ആനിന്റേത് ഒരൽപ്പം വ്യത്യസ്തമാണ്. ഏത് രാജ്യത്തേക്കാണെങ്കിലും ആദ്യം സ്വിറ്റ്സർലൻഡിൽ ചെന്നതിനുശേഷമായിരിക്കും പോവുക. മടക്ക യാത്രയും അതുപോലെ തന്നെ. 

ഭാമയോടൊപ്പം മണാലിയിലേക്ക്

ann-trave7

മറക്കാനാവാത്ത യാത്ര ആയിരുന്നു അത്. ലോകം എന്തെന്ന് അറിയണമെങ്കിൽ ആദ്യം ഇന്ത്യ എന്തെന്ന് അറിയണം എന്ന് പറയുന്നത് എത്ര സത്യമാണ് എന്ന് തോന്നുന്നതായിരുന്നു എന്റെ ഈ വർഷത്തെ ആദ്യ യാത്ര. മണാലിയിലേക്ക് പ്രിയ കൂട്ടുകാരി ഭാമയോടൊപ്പമായിരുന്നു 10 ദിവസത്തോളം നീണ്ടു നിന്ന മനോഹരമായ ആ യാത്ര.

aan-travel5

ജനുവരിയിലായിരുന്നു ഞങ്ങൾ പോയത്.നല്ല മഞ്ഞു വീഴ്ചയും മൈനസിലേക്ക് പോയ തണുപ്പും  വളരെ സന്തോഷത്തോടെ ആണ് ഞങ്ങളെ വരവേറ്റത്.  പ്രതികൂല സാഹചര്യങ്ങൾ ഒരുപാട് ഉണ്ടായിട്ടും നമ്മൾ അതിനെ എത്രത്തോളം പോസിറ്റീവ് ആയി കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ യാത്രകൾ ആസ്വാദനപ്രദം ആകുന്നെതെന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ ആ പത്ത് ദിവസങ്ങൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി തന്നെ ആയിരുന്നു. ഇടയ്ക്ക് പ്രതികൂലമായി നിന്ന കാലാവസ്ഥ ഒരൽപ്പം ബുദ്ധിമുട്ടിച്ചെങ്കിലും ശരിക്കും ആസ്വദിച്ച് തന്നെ നടത്തിയ യാത്രയായിരുന്നുവത്. മണാലിയോട് യാത്ര പറഞ്ഞു മടങ്ങുമ്പോഴേക്കും ഗതാഗത യോഗ്യമല്ലാത്ത റോഡുകളിലൂടെ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ മനസ്സിൽ കുറിച്ചിട്ടു, ഇനിയും വരും ഈ മനോഹാരിതയെ കണ്ണിനുള്ളിലാക്കുവാൻ.

പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം മലേഷ്യയിലേക്കായിരുന്നു എന്റെയും ഭാമയുടേയും പത്ത് ദിവസത്തെ യാത്ര. ലോകത്തെ ഏറ്റവും തിരക്ക് പിടിച്ച നഗരമാണ് എന്ന് തോന്നിപോകും മലേഷ്യയുടെ ഭൂമി ഘടന കണ്ടാൽ. കൊച്ചിയിൽ നിന്നും 4 മണിക്കൂർ പറന്നാൽ മലേഷ്യയിൽ എത്താം, പ്രശസ്തവും പുരാതനവുമായ ഒരുപാട് കാര്യങ്ങൾ മലേഷ്യയുടെ പ്രത്യേകതയാണ്. ട്വിൻ ടവറും, ബീച്ചുകളും എല്ലാം മുഖ്യ ആകർഷണം തന്നെ. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ പറ്റുന്നവർ കറൻസി എക്സ്ചേഞ്ച് ചെയ്തു വെക്കുന്നത് നല്ലതായിരിക്കുമെന്ന് ആൻ പറയുന്നു.

ann-travel

ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ഇറ്റലി, നെതർലാൻഡ്, ഫിൻലാൻഡ്‌, ജർമനി, റോം, ഗ്രീസ് തുടങ്ങി പരമാവധി രാജ്യങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ ഒരേ യൂണിയനിൽ നിൽക്കുന്ന വ്യത്യസ്ത മനുഷ്യരെ അടുത്തറിയാനും അവരുടെ സംസ്കാരങ്ങൾ അനുഭവിക്കാനും തനിക്ക് സാധിച്ചു. ഒറ്റയ്ക്കുള്ള യാത്ര ശരിക്കും ആസ്വദിക്കാനായതായും ആൻ പറയുന്നു. സോളോ ട്രിപ്പിന്റെ സുരക്ഷിതത്വം അറിയണമെങ്കിൽ വിദേശത്ത് തന്നെ പോകണമെന്നാണ് ഇവരുടെ അഭിപ്രായം. അവിടങ്ങളിലെ റയിൽവേ സ്റ്റേഷനുകളിൽപ്പോലും സ്വന്തം വീടിനുള്ളിലെപ്പോലെ സുരക്ഷിതത്വം ലഭിക്കുമെന്നാണ് ആനിന്റെ അനുഭവം.

aan-travel3

കാര്യം ലോകം കാണണമെന്ന അതിയായ ആഗ്രഹമൊക്കെയുണ്ടെങ്കിലും നമ്മുടെ സ്വന്തം കേരളത്തെ വിട്ടൊരു കളിയില്ല. എവിടെപ്പോയാലും ഒരു പത്ത് ദിവസം കഴിഞ്ഞാൽ നാടിന്റെ ഓർമകളും ഭക്ഷണവുമൊക്കെ മനസിലേക്ക് ഓടി എത്തും.

വീണ്ടും ഒരു യൂറോപ്യൻ ട്രിപ്പിന് കൂടി തയാറെടുക്കുകയാണ് ആൻ ഇപ്പോൾ. നമുക്ക് ലഭിക്കുന്ന അറിവുകളും, കാഴ്ചപ്പാടുകളും വരെ വലിയ മാറ്റം വരുത്തുവാൻ യാത്രകളെ കൊണ്ട് സാധിക്കും എന്നത് തന്റെ അനുഭവത്തിലൂടെ ഈ യുവതി തെളിയിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA