ADVERTISEMENT

ബാൾക്കൻ ഡയറി 

അദ്ധ്യായം 25 

കോത്തോർ ഓൾഡ് ടൗണിന്റെ കാഴ്ചകളിലേക്കാണ് ഇനി പ്രവേശിക്കുന്നത്. രണ്ടു ദിവസമായി ഓൾഡ് ടൗണിന്റെ ഹൃദയഭാഗത്താണ് താമസിക്കുന്നതെങ്കിലും ഇതുവരെ വിശദമായ കാഴ്ചകളിലേക്ക് ഇറങ്ങിയിരുന്നില്ല. ഓരോ തവണയും ഓൾഡ് ടൗണിൽ പ്രവേശിച്ച്, ഹോട്ടലിലേക്ക് നടക്കുമ്പോൾ വഴി തെറ്റുന്നത് ശീലമായിട്ടുണ്ട്. നൂറുകണക്കിന് ചെറു വഴികളാണ് ഓൾഡ് ടൗണിലുള്ളത്. എല്ലാം കല്ലുവിരിച്ച വഴികൾ. ചുറ്റും കാണുന്ന കെട്ടിടങ്ങളും ചെത്തിയെടുത്ത കല്ലിൽ നിർമ്മിച്ചവ.

വഴിയും കെട്ടിടങ്ങളുമെല്ലാം കാഴ്ചയിൽ ഒരുപോലെയാണ്. മിക്ക പഴയ കെട്ടിടങ്ങളും ഹോട്ടലുകളോ കരകൗശല വസ്തുക്കൾ വിൽക്കുന്ന ഷോപ്പുകളോ ബാറുകളോ ആണ്. വഴി തെറ്റി നടക്കുമ്പോൾ ഹോട്ടലിന്റെ പേര് ചോദിച്ചാലും ആർക്കും പറഞ്ഞുതരാനാവില്ല. ഹോട്ടലുകളുടെ ബാഹുല്യം അത്രത്തോളമുണ്ട്. ഓൾഡ് ടൗണിലെ പല ചെറുവഴികളും അടച്ച് അറ്റകുറ്റപ്പണി നടത്തുന്നതും പതിവാണ്. അതുകൊണ്ട് ഗൂഗിൾ മാപ്പ് നോക്കി നടന്നാൽ അടച്ച വഴിയിലെത്തി വഴിമുട്ടി നിന്നുപോകും!

കോത്തോർ ഓൾഡ് ടൗൺ


ഓൾഡ് ടൗണിന്റെ പ്രധാന കവാടങ്ങളിലൂടെ പ്രവേശിക്കുമ്പോൾ എത്തുന്നത് ഒരു വലിയ ചത്വരത്തിലേക്കാണ്.
ഇവിടെ ഒരു ക്ലോക്ക് ടവറുണ്ട്. കോത്തോറിന്റെ പ്രതീകമായി ട്രാവൽ സൈറ്റുകളിലും ചിത്രങ്ങളിലും കാണുന്നത് ഈ ക്ലോക്ക് ടവറാണ്. 1602ലാണ് നിർമ്മാണം. 1667ൽ ഒരു ഭൂകമ്പത്തിൽ ടവർ ഒന്നു ചെരിഞ്ഞു. ഇപ്പോൾ ചെരിഞ്ഞ അവസ്ഥയിലാണ് ടവർ ഉള്ളതെങ്കിലും പിസയിലെ ചെരിഞ്ഞ ഗോപുരത്തിന്റെ ചെരിവൊന്നും ക്ലോക്ക് ടവറിനില്ല. മോഹൻലാലിന്റേതു പോലെ,ഒരു ചെറു ചെരിവ്. അത്രമാത്രം.

സെന്റ് ട്രൈഫോൺ പള്ളിയിലെ മ്യൂസിയം

ക്ലോക്ക് ടവറിനു താഴെ കൂർത്ത അഗ്രത്തോടുകൂടി ഒരു കല്ല് നാട്ടിയിട്ടുണ്ട്. 'പില്ലർ ഓഫ് ഷെയിം' അഥവാ നാണക്കേടിന്റെ കല്ല് എന്നാണിത് അറിയപ്പെടുന്നത്. പണ്ടുകാലത്ത് കുറ്റം ചെയ്യുന്നവരെ കെട്ടിയിട്ടിരുന്ന കല്ലാണിത്. എല്ലാവർക്കും കാണത്തക്ക വിധത്തിൽ നഗരചത്വരത്തിൽ കെട്ടിയിട്ട് നാണം കെടുത്തുന്ന ഈ പരിപാടിയെത്തുടർന്നാണ് കല്ലിന് നാണക്കേടിന്റെ കല്ലെന്ന പേര് വീണത്.

സെന്റ് ട്രൈഫോൺ പള്ളിയുടെ ഉൾഭാഗം

ഇളം ചാരനിറമാണ് ക്ലോക്ക് ടവർ നിർമ്മിച്ചിരിക്കുന്ന കല്ലുകൾക്ക്. ക്ലോക്കിനു താഴെ തോക്കുകൾ ചെരിച്ചുവെച്ച ചിത്രമുണ്ട്. ടവർ പണിത കാലത്തെ രാജകുടുംബത്തിന്റെ ചിഹ്നമാണത്.

പലാറ്റ പിമ കൊട്ടാരം

ക്ലോക്ക് ടവറിനു താഴെ കാണുന്നത് ഒരു വാച്ച് കടയാണ്. ഈ കടയ്ക്കും മൂന്നു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്, തലമുറ കൈമാറി വരികയാണ് ഈ കടയുടെ ഉടമസ്ഥർ.

പലാറ്റ പിമ കൊട്ടാരം

ക്ലോക്ക് ടവറിനു പിന്നിലേക്ക് നടക്കുമ്പോൾ കാണുന്നത് സുന്ദരമായ ഒരു പഴയ പള്ളിയാണ്. സെന്റ് ട്രൈഫോൺ ചർച്ചാണിത്. മോണ്ടിനീഗ്രോയിലെ രണ്ട് റോമൻ കാത്തലിക് പള്ളികളിലൊന്ന്. ഇരുവശത്തും മണിമേടകൾ തലയുയർത്തി നിലകൊള്ളുന്നു. പഴമയുടെ തലയെടുപ്പുണ്ട്. മലയുടെയും മലയിലൂടെ ഉയരങ്ങളിലേക്കു നീളുന്ന കോട്ടകൊത്തളങ്ങളുടെയും പശ്ചാത്തലത്തിൽ പള്ളിയുടെ ഗോപുരങ്ങൾ ഉയർന്നു നിൽക്കുന്നു.

ക്ലോക്ക് ടവർ

1166ലാണ് 'ഒറിജനൽ' ട്രൈഫോൺ ചർച്ച് നിർമ്മിക്കപ്പെട്ടത്. പ്രകൃതിക്ഷോഭത്തിലെപ്പോഴോ പള്ളി തകർന്നു. 1667 ലാണ് ഇന്നീ കാണുന്ന രൂപത്തിൽ പള്ളി പുനർനിർമ്മിക്കപ്പെട്ടത്. ബരോക് ശൈലിയിലുള്ള മണിമേടകൾ ഈ പുതുക്കിപ്പണിത പള്ളിയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഉൾഭാഗം ഇപ്പോൾ റോമൻ ശൈലിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

സെന്റ് ലൂക്ക് പള്ളി

പള്ളിയുടെ ഉൾഭാഗം അതിഗംഭീരമാണ്. 14-ാം നൂറ്റാണ്ടിലെ പെയിന്റിങ്ങുകൾ, പഴയപള്ളിയുടെ അവശിഷ്ടംപോലെ, ഇപ്പോഴും കാണാം. അതുപോലെ 1288ൽ തടിയിൽ നിർമ്മിച്ച കർത്താവിന്റെ ക്രൂശിതരൂപവും പള്ളിയിലുണ്ട്.

സെന്റ്‌ നിക്കോളാസ് ചർച്ച്

അൾത്താരയിൽ നിരവധി വിശുദ്ധന്മാരുടെ രൂപങ്ങൾ കൊത്തിയ ഫലകമുണ്ട്. മോണ്ടിനീഗ്രോയിലെ ഏറ്റവും വിലപിടിപ്പുള്ള ചരിത്രാവിഷ്ടമായി കരുതപ്പെടുന്നത് ഇതാണ്.

സെന്റ്‌ നിക്കോളാസ് ചർച്ചിന്റെ ഉള്ളിൽ

പള്ളിയുടെ മേലെ ഒരു ചെറിയ മ്യൂസിയമുണ്ട്. ഇവിടെ അധികവും വിവിധ പള്ളികളിൽ നിന്നും കണ്ടെടുത്ത, ക്രിസ്ത്യൻ മതചിഹ്നങ്ങളും കുരിശുകളും മറ്റുമാണുള്ളത്. മ്യൂസിയത്തിൽ നിന്നിറങ്ങുന്നത് വലിയ ബാൽക്കണിയിലേക്കാണ്. പള്ളിയുടെ മുൻഭാഗത്താണ് ബാൽക്കണി. ഇവിടെ നിന്നാൽ മുന്നിലെ വിശാലമായ ചത്വരം കാണാം. നിറയെ റെസ്റ്റോറന്റുകളാണ് ഇവിടെയുള്ളത്. ചത്വരത്തിൽ നിറഞ്ഞിരിക്കുന്ന ടേബിളുകളിലിരുന്ന് വിനോദ സഞ്ചാരികൾ പള്ളിയുടെ ഭംഗി നുകർന്ന് ബിയർ മോന്തുന്നു. ആരാധനാലയത്തിൽ നിന്ന് ടേപ്പ് പിടിച്ച് ദൂരം അളന്നുമാത്രം ബാറുകൾ അനുവദിക്കുന്ന നാട്ടിൽ നിന്ന് എത്തിയ ഞാൻ ഈ കാഴ്ചകൾ കണ്ട് വാ പൊളിക്കുന്നതിൽ തെറ്റുണ്ടോ!

കോത്തോർ ഓൾഡ് ടൗണിനു ചുറ്റുമുള്ള കോട്ട

പള്ളിയുടെ മുന്നിലൂടെ ആദ്യം കണ്ട വഴിയിലൂടെ  നടന്നു. ഇവിടെയുള്ള ചെറിയ സ്‌ക്വയറിൽ പഴയൊരു കൊട്ടാരമുണ്ട് -17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച 'പലാറ്റപിമ' കൊട്ടാരം. കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശനമില്ല. ഇപ്പോഴും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് കൊട്ടാരമുള്ളത്.

balcon-diary2527
സ്‌റ്റെഫാനോടൊപ്പം

കൊട്ടാരമുറ്റത്തും കാണുന്നത് റെസ്റ്റോറന്റിന്റെ ടേബിളുകളാണ്.അടുത്ത വളവു തിരിഞ്ഞപ്പോൾ 'ക്യൂട്ട്' എന്നു വിളിക്കാവുന്ന കുഞ്ഞനൊരു പള്ളി. ഇതാണ് സെന്റ് ലൂക്ക് ഓർത്തഡോക്‌സ് പള്ളി. 1195ൽ നിർമ്മിക്കപ്പെട്ട പള്ളിയിൽ 1657 മുതൽ 1812 വരെ ഓർത്തഡോക്‌സ്, കാത്തലിക് വിഭാഗക്കാർക്കായി വ്യത്യസ്ത അൾത്താരകളുണ്ടായിരുന്നു. ക്രൊയേഷ്യക്കാരും സെർബിയക്കാരും ചേർന്ന് നിർമ്മിച്ച പള്ളിയാണിത്. കാലപ്രവാഹത്തിൽ ഇത് ഓർത്തഡോക്‌സ് വിഭാഗക്കാരുടേതു മാത്രമായി മാറി. റോമൻ-ബൈസന്റൈൻ വാസ്തുശില്പ രീതികൾ പള്ളിയുടെ നിർമ്മാണത്തിൽ കാണാം.

1979ലെ കനത്ത ഭൂകമ്പത്തിൽ ഒരു പരിക്കും പറ്റാതെ രക്ഷപ്പെട്ട, ഓൾഡ് ടൗണിലെ ഒരേയൊരു കെട്ടിടം സെന്റ് ലൂക്ക് ചർച്ചാണ്സെന്റ് ലൂക്ക് പള്ളിയുടെ ഇടതുവശത്തായി അല്പം കൂടി വലിയ മറ്റൊരു പള്ളിയുണ്ട് - സെന്റ് നിക്കോളാസ് ചർച്ച്. ഈ പള്ളിക്കുമുണ്ട്, ഇരട്ട മണിമേടകൾ. പത്താം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന പള്ളി പ്രകൃതിക്ഷോഭത്തിൽ നശിച്ച സ്ഥാനത്ത്, 1902ലാണ് ഇപ്പോൾ കാണുന്ന പള്ളിനിർമ്മിച്ചത്. മോണ്ടിനീഗ്രോയിലെ ഏറ്റവും പ്രധാനപ്പെട്ട ഓർത്തഡോക്‌സ് പള്ളിയാണിന്ന് സെന്റ് നിക്കോളാസ്. റോമൻ-ബൈൻന്റൈൻ മാതൃകയാണ് പള്ളി നിർമ്മാണത്തിന് സ്വീകരിച്ചത്. വലിയ ഷാന്റ്ലിയറുകൾ അലങ്കരിക്കുന്ന ഉൾവശത്ത് നൂറുകണക്കിന് വ്യത്യസ്ത രൂപത്തിലുള്ള മെഴുകുതിരി സ്റ്റാന്റുകളും ഉണ്ട്. 

വീണ്ടും കോത്തോർ ഓൾഡ് ടൗണിന്റെ ഇടവഴികളിലൂടെ നടന്നു. ഇവിടുത്തെ പഴയ കെട്ടിടങ്ങൾക്കുള്ളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ പ്രവർത്തിക്കുന്നുണ്ട്. അതു പോലെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള റെഡിമെയ്ഡ് വസ്ത്ര ബ്രാന്റുകളുമുണ്ട്. ഹാന്റിക്രാഫ്റ്റ്‌സ് ഷോപ്പുകളിലെ കൊതിപ്പിക്കുന്ന കരകൗശല ഉൽപന്നങ്ങൾക്കും തീവിലയാണ്. അതുകൊണ്ട്, ഒരു ഷോപ്പിൽ നിന്ന് രണ്ടുമൂന്ന് സുവനീറുകൾ മാത്രം വാങ്ങി.

ക്ലോക്ക് ടവറിനു മുമ്പുള്ള ഒരു റെസ്റ്റോറന്റിൽ കയറി ഫിഷ് ആന്റ് ചിപ്‌സും കോഫിയും ഓർഡർ ചെയ്ത് ഇരിക്കുമ്പോൾ തൊട്ടടുത്ത ടേബിളിൽ ഇരുന്ന സായിപ്പ് പരിചയപ്പെടാനെത്തി. ഞാൻ ഇന്ത്യക്കാരനാണെന്നു മനസ്സിലാക്കിയാണ് വരവ്. ഇന്ത്യയിലെ 'കേരളം' എന്ന സ്ഥലത്തെപ്പറ്റി ചോദിച്ചു മനസ്സിലാക്കാനാണ് സ്റ്റെഫാൻ എന്ന സ്വീഡൻകാരന്റെ വരവ്. രണ്ടുമാസം കഴിഞ്ഞ് മൂപ്പര് കേരളം സന്ദർശിക്കാൻ വരികയാണ്.ഞാൻ നൂറു ശതമാനവും കേരളീയനാണെന്നു പറഞ്ഞപ്പോൾ സ്റ്റെഫാന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു.

എന്നിട്ട് കേരളത്തെപ്പറ്റി തനിക്ക് അറിയാവുന്നതെല്ലാം പറയാൻ തുടങ്ങി. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു:'സ്റ്റെഫാന് കേരളത്തിൽ ഒരു ഗൈഡിന്റെ ആവശ്യമില്ല. പരശുരാമന് പോലും കേരളത്തെക്കുറിച്ച് ഇത്രയധികം അറിവുണ്ടാകില്ല'.

'പരശുരാമനോ, അതാര്?' -സ്റ്റെഫാൻ ചോദിച്ചു. കേരളം സൃഷ്ടിച്ചത് മൂപ്പരാണെന്ന് ഞാൻ പറഞ്ഞു. സ്റ്റെഫാന് അതൊരു പുതിയ അറിവായിരുന്നു!


സ്വീഡൻകാരനാണെങ്കിലും ക്രൊയേഷ്യയിലാണ് സ്റ്റെഫാൻ താമസിക്കുന്നത്. സ്വീഡൻ സന്ദർശിക്കാനെത്തിയ ഒരു ക്രൊയേഷ്യക്കാരിയെ പ്രേമിച്ച് കല്യാണം കഴിച്ചു.  ഭാര്യയോടൊപ്പം ക്രൊയേഷ്യ കറങ്ങി നടന്നു കണ്ടപ്പോൾ ആ നാടിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായി. ഒരു ചെറിയ വീടൊഴിച്ച്, സ്വീഡനിലുണ്ടായിരുന്ന വസ്തുവകകളെല്ലാം വിറ്റ്, ക്രൊയേഷ്യയിൽ സ്ഥിരതാമസമാക്കി. കേരളത്തിൽ വിമാനമിറങ്ങുന്നത് ഹർത്താൽ ദിവസമായിരിക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ സ്റ്റെഫാനെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്തു.

സന്ധ്യമയങ്ങി, തണുപ്പ് കൂടി വരുന്നു. വിനോദസഞ്ചാരികൾ റെസ്റ്റോറന്റുകളുടെ ചൂടിലേക്ക് ഒതുങ്ങുന്ന സമയമാണ്. മിക്ക റെസ്റ്റോറന്റുകളും 'സെൻട്രലി ഹീറ്റഡാ'ണ്'.എന്നാൽ കേരളത്തിൽ നിന്നു തണുപ്പുകൊള്ളാനായി എത്തിയ ഞാൻ മാത്രം ചത്വരത്തിന്റെ ഓരത്തു കിടക്കുന്ന റെസ്റ്റോറന്റിന്റെ ടേബിളിലിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി. എന്റെ മുന്നിൽ മായിക പ്രകാശം പൊഴിച്ചുകൊണ്ട് നൂറ്റാണ്ടുകളുടെ ഓർമ്മകളും പേറി ക്ലോക്ക് ടവർ നിന്നു.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com