ADVERTISEMENT

പഞ്ചാരമണല്‍ത്തട്ടുകളും അതിശയകരമായ സമുദ്ര മനോഹാരിതകളും നിറഞ്ഞ മാലദ്വീപ് വിനോദസഞ്ചാരികളുടെ പറുദീസയാണ്. അറബിക്കടല്‍പ്പരപ്പില്‍ മുത്തു മണികള്‍ ചിതറിക്കിടക്കുന്നതു പോലെ രണ്ടായിരം കൊച്ചു ദ്വീപുകളുണ്ട് ഇവിടെ... ഇതില്‍ മനുഷ്യവാസമുള്ളതാകട്ടെ 230 എണ്ണത്തില്‍ മാത്രം! കുന്നുകളും നദികളുമില്ലാതിരുന്നിട്ടു പോലും പ്രകൃതിസൗന്ദര്യം തേടി ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് കുറവേതുമില്ല.

maldives-trip1

കടലിനു മേല്‍ മണ്ണിട്ട്‌ നികത്തി കൃത്രിമമായി നിർമിച്ച ഹുളുമാലി എന്ന കൊച്ചു ദ്വീപിലാണ് മാലയിലെ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. വിമാനയാത്ര ചെയ്യുമ്പോള്‍ താഴേക്ക്‌ നോക്കിയാല്‍ കാണുന്ന മാലദ്വീപ് കാഴ്ച തന്നെ അതിമനോഹരമാണ്. കടലിന് മീതെ മുത്തുമാല പോലെ പരന്നു കിടക്കുന്ന പവിഴദ്വീപ്‌ സമൂഹങ്ങളുടെ കാഴ്ച അവീസ്മരണീയമാണ്. ഇന്ത്യക്കാർക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം പാസ്പോർട്ട് കാണിച്ചാൽ മാലദ്വീപ്‌ സന്ദർശിക്കാൻ വീസ ലഭിക്കും.

sunset-maldives-gif

കടലില്‍ അങ്ങിങ്ങായി കാണുന്ന ചെറിയ സ്വകാര്യ ദ്വീപുകളില്‍ വന്‍കിട റിസോര്‍ട്ടുകള്‍ നിരവധിയുണ്ട് ഇവിടെ. ഇത്തരം ഓരോ ദ്വീപുകളും ഒരു കിലോമീറ്ററിൽ താഴേ മാത്രമേ വീസ്തൃതിയുള്ളൂ. ചില ദ്വീപുകളില്‍ കൃഷിയും നടക്കുന്നുണ്ട്. നൂറോളം ചെറിയ ദ്വീപുകളില്‍ വൻകിട റിസോർട്ടുകൾ മാത്രമാണ് ഉള്ളത്. ഒരു ദിവസത്തേക്ക് തന്നെ പതിനായിരക്കണക്കിനു രൂപ ചെലവു വരുന്ന ലക്ഷ്വറി റിസോർട്ടുകളാണിവ. ഇവയിലേക്ക് എത്തിച്ചേരാന്‍ എയർ പോർട്ടിൽ നിന്നും സീ പ്ലെയ്ന്‍ സൗകര്യമുണ്ട്. ഇതിനു വേറെയും ചെലവാകും. പണമെത്ര വാരിയെറിഞ്ഞിട്ടാണെങ്കിലും കടലില്‍ ഹണിമൂൺ ആഘോഷിക്കാനെത്തുന്ന യുവമിഥുനങ്ങളാണ് ഇവിടെ ഏറെയും.

എയർപോർട്ടിൽ നിന്നും പത്തു മിനിറ്റ് നേരം ഫെറിയില്‍ യാത്ര ചെയ്‌താല്‍ രാജ്യ തലസ്ഥാനമായ മാല സിറ്റിയിലെത്താം. ഇവിടുത്തെ കൊട്ടാരം, പാർലമെന്റ്, അയ്യായിരം പേർക്ക് ഒന്നിച്ച് നമസ്ക്കരിക്കാൻ സൗകര്യമുള്ള ഫ്രൈഡേ മോസ്ക്ക്, സുനാമി സ്മാരകം, റിപബ്ലിക് സ്ക്വയർ തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ വന്നെത്തുന്ന ഇടങ്ങളാണ്. കൂടാതെ സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്ന വെയ്ല്‍ സബ് മറൈന്‍ ടൂറും ഇവിടെയുണ്ട്. നാവിക സേനകൾ ഉപയോഗിക്കുന്ന വലിയ അന്തർ വാഹിനിയിലേറി കടലിന്‍റെ അടിത്തട്ടിലെ കാഴ്ചകള്‍ കാണാന്‍ പോകാം. പവിഴപ്പുറ്റുകളും കടല്‍ജീവികളും പേരറിയാത്ത അനേകം സസ്യങ്ങളും കണ്ട് വെള്ളത്തിനുള്ളിലൂടെ യാത്ര ചെയ്യാം. മുങ്ങിക്കപ്പലിന്‍റെ ജാലകത്തിനിടയിലൂടെ ഇടക്ക് മിന്നി മറഞ്ഞു പോകുന്ന തിമിംഗലങ്ങളെയും സ്രാവുകളെയും കാണാം.

ഇവിടേക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വീസ വേണ്ടാത്ത സ്ഥലങ്ങളിലൊന്നാണ് മാലദ്വീപ്‌. എയര്‍പോര്‍ട്ടില്‍ നിന്നും സൗജന്യമായി വീസ ലഭിക്കും. മിനിമം 15000 രൂപ കയ്യില്‍ വച്ചോളൂ.

താമസിക്കാൻ പോകുന്ന ഹോട്ടലിൽ റൂം ബുക്ക് ചെയ്ത വിവരങ്ങളോ അല്ലെങ്കിൽ ഇവിടെ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവരുടെ വർക്ക് പെര്‍മിറ്റ്‌ കോപ്പിയോ കയ്യില്‍ ഉണ്ടാകണം.

കേരളത്തില്‍ നിന്നും എളുപ്പത്തില്‍ പോയി വരാന്‍ പറ്റുന്ന സ്ഥലമാണ് മാലദ്വീപ്. കൊച്ചി എയർപോർട്ടിൽ നിന്നും സ്പൈസ് ജെറ്റ് ദിവസവും മാലദ്വീപിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നാകട്ടെ, എയർ ഇന്ത്യയും, മാൽദീവിയൻ എയർലൈൻസും സർവീസ് നടത്തുന്നുണ്ട് 

വര്‍ഷം മുഴുവന്‍ നല്ല കാലാവസ്ഥയാണ് പൊതുവേ ഇവിടെ. എന്നിരുന്നാലും, ഏപ്രിൽ മുതല്‍ ഒക്ടോബർ വരെയുള്ള കാലഘട്ടത്തില്‍ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്‍റെ സ്വാധീനം മൂലം മഴ നന്നായി പെയ്യാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com