sections
MORE

ഭയപ്പെടുത്തുന്ന ഗ്ലാസ് പാലങ്ങൾ അടച്ചിടാൻ ഒരുങ്ങി ചൈന

Zhangjiajie-bridge
SHARE

ചൈനീസ് പ്രവിശ്യയിൽ ഭയപ്പെടുത്തുന്ന ഗ്ലാസ് പാലങ്ങൾ അടയ്ക്കാൻ തീരുമാനമായി. സുരക്ഷാ പരിശോധനകൾ നടക്കുന്നതിനാൽ ചൈനീസ് പ്രവിശ്യയിലെ 32 ഗ്ലാസ് ആകർഷണങ്ങൾ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്. ഇതിൽ പ്രശസ്ത പാലങ്ങൾ, നടപ്പാതകൾ, വ്യൂ ഡെക്കുകൾ എന്നിവ ഉൾപ്പെടും. ഹെബി പ്രവിശ്യയിലെ 24 സൈറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്ലാസ് പാലങ്ങൾ കഴിഞ്ഞ വർഷം അവസാനം മുതൽ പ്രവർത്തനം അവസാനിപ്പിച്ച് തുടങ്ങിയിരുന്നു. എന്നാൽ ഇത്രയും വ്യാപകമായി അടച്ചുപൂട്ടൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

രാജ്യത്തുടനീളം ഗ്ലാസ് ആകർഷണങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. എന്നാൽ ഇവ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണിപ്പോൾ ഇവയൊക്കെ അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ചൈനയിൽ ഏകദേശം 2,300 ഗ്ലാസ് പാലങ്ങളുണ്ടെന്നാണ് കണക്ക്. എന്നാൽ ചൈനീസ് മാധ്യമമായ ഇസി‌എൻ‌എസിന്റെ റിപ്പോർട്ട് അനുസരിച്ച് നിർണയിക്കാനാവാത്ത എണ്ണം ഗ്ലാസ് നടപ്പാതകളോ സ്ലൈഡുകളോ ചൈനയിൽ ഉണ്ടത്രേ. ആവേശഭരിതരായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ചൈനയുടെ വളരുന്ന ആഭ്യന്തര ടൂറിസത്തെ മുതലാക്കുന്നതിനുമുള്ള ശ്രമമാണ് ശരിക്കും ഈ ഗ്ലാസ് ആകർഷണങ്ങൾ എന്നതിൽ ആർക്കും തർക്കമില്ല.

ചൈനയുടെ ഗ്ലാസ് പാലങ്ങൾ കടക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?

ഹുനാൻ പ്രവിശ്യയിലെ സെങ് ജിയാജി പാലം 2016 ൽ തുറന്നപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമേറിയതുമായ ഗ്ലാസ് അടിത്തറയുള്ള പാലമായിരുന്നു. ഈ വർഷം ആദ്യം, ഗ്വാങ്‌സി പ്രവിശ്യയിലെ ഒരു ഗ്ലാസ് സ്ലൈഡിൽ നിന്ന് വീണു ഒരു ടൂറിസ്റ്റ് മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഴ പെയ്ത് നനഞ്ഞ ഗ്ലാസിൽ തെന്നി താഴേക്ക് വീണാണ് ഇദ്ദേഹം മരിച്ചത്.

ടൂറിസ്റ്റുകൾക്ക് ഹരം പകരാൻ പാലത്തിൽ വിള്ളൽ വീഴുന്ന രീതിയിലുള്ള ഗ്രാഫിക്സ് ഇഫക്റ്റുകളൊക്കെ ഇവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ അടച്ചു പൂട്ടിയ സെങ് ജിയാജി പാലത്തിന് സുരക്ഷാ എത്രമാത്രം ഉണ്ട് എന്ന് തെളിയിക്കാൻ നേരത്തെ ഇതിന്റെ നിർമ്മാതാക്കൾ മീഡിയകളെ വിളിച്ചു അവരുടെ മുൻപിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചും ഡ്രില്ലർ പ്രയോഗിച്ചും, പാലത്തിൽ കൂടി വലിയ കാറുകൾ കയറ്റിയും ഒക്കെ കാണിച്ചു കൊടുത്തിരുന്നു. ഭൂകമ്പത്തെ ചെറുക്കാനും, കൊടുങ്കാറ്റിനെ പ്രതിരോധിക്കാനും പാലത്തിന് കഴിയും എന്നായിരുന്നു അന്ന് നിർമാതാക്കൾ അവകാശപ്പെട്ടിരുന്നത്.

ഓരോ വർഷവും ഇത്തരം ചില്ലുപാലങ്ങൾ കാണാൻ ലക്ഷക്കണക്കിന് പേരാണ് ചൈനയിലേക്ക് ഒഴുകുന്നത്. ചൈനയുടെ നല്ലൊരു പങ്ക് വരുമാനവും ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുള്ളതാണ്. ഈ വർഷം മെയ് വരെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്ലാസ് പാലം എന്ന പദവി വഹിച്ചിരുന്ന ഹോങ്‌യാഗു ഗ്ലാസ് പാലവും ഹെബി പ്രവിശ്യയിൽ അടച്ചിട്ടവയിൽ പെടുന്നു. ഹെബി പ്രവിശ്യയിൽ മാത്രമല്ല രാജ്യത്തുടനീളം നിരവധി ഗ്ലാസ് പാലങ്ങളും നടപ്പാതകളും അടച്ചുപൂട്ടൽ ഭീഷണിയിൽ തന്നെയാണ്‌. ഗ്ലാസ് ബ്രിഡ്ജ് പദ്ധതികളുടെ സമഗ്ര സുരക്ഷാ വിലയിരുത്തലുകൾ നടത്താൻ ഈ വർഷം ആദ്യം പ്രാദേശിക ടൂറിസം അധികൃതരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA