ADVERTISEMENT

രേഖകൾ പ്രകാരം ഏകദേശം 4,700 ഇന്ത്യക്കാര്‍ ജീവിക്കുന്ന രാജ്യമാണ് ബ്രസീല്‍. സാവോ പോളോ, റിയോ ഡി ജെനീറോ, മനാസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യന്‍ സമൂഹം കൂടുതലുള്ളത്. ടൂറിസം വികസനത്തിന്‍റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ കടന്നു ചെല്ലാനാവുന്ന രാജ്യമായി മാറുകയാണ് ബ്രസീല്‍. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്, ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രസീലിന്റെ പുതിയ നീക്കം. ചൈന സന്ദര്‍ശന സമയത്ത് ബ്രസീലിയന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതായിരുന്നു ഇക്കാര്യം. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ കൂടാതെ ജപ്പാന്‍, ആസ്ട്രേലിയ, യുഎസ്, കാനഡ മുതലായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിസ എടുക്കേണ്ടതില്ല.

90 ദിവസത്തേക്കാണ് വീസയില്ലാതെ ബ്രസീലില്‍ തങ്ങാനാവുക. വേണമെന്നുണ്ടെങ്കില്‍ ഇത് വീണ്ടും മൂന്നു മാസം കൂടി ദീര്‍ഘിപ്പിക്കാം. ജിഡിപിയുടെ 25% ടൂറിസം മേഖലയില്‍ നിന്നും നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ, ചൈന പോലെയുള്ള വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്കും വീസ ഫ്രീ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് ടൂറിസം, ബിസിനസ് മുതലായ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മൂന്നു മാസം ഇവിടെ അടിച്ചു പൊളിക്കാം.

ഒരു ഭൂഖണ്ഡത്തിലാണ് ജീവിക്കുന്നതെന്ന് പറയാനാഗ്രഹിക്കുന്ന ആളുകളാണ് ബ്രസീലുകാര്‍. യുഎസിനേക്കാന്‍ വലുപ്പമേറിയ ഈ രാജ്യത്ത് പര്‍വ്വത പ്രദേശങ്ങളില്ല. എന്നാല്‍ പ്രകൃതി സൗന്ദര്യവും പാരമ്പര്യവും ഒത്തിണങ്ങിയ പ്രദേശങ്ങളാണ് ഇവിടെയുള്ളത്. മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും വസിക്കുന്നത് തീരദേശ മേഖലകളിലാണ്.

പ്രാദേശിക യാത്രകള്‍ നടത്താന്‍ ഇവിടെ വളരെ എളുപ്പമാണ്. കുറച്ച് പാസഞ്ചർ ട്രെയിനുകളുണ്ടെങ്കിലും ആമസോണിന് പുറത്തുള്ള പൊതു ഗതാഗതം സാധാരണയായി ബസ് അല്ലെങ്കിൽ വിമാനം വഴിയാണ് നടക്കുന്നത്. അധികച്ചെലവില്ലാതെ തെരഞ്ഞെടുക്കാന്‍ യാത്രാ സൗകര്യങ്ങള്‍ അനവധി ലഭ്യമാണ്. റിയോ ഡി ജെനീറോ, ഫ്ലോറിയാനോപൊളിസ്, ആമസോണ്‍, ഇഗ്വാകു വെള്ളച്ചാട്ടം, ഫെര്‍നാന്‍ഡോ ഡി നൊരോന്‍ഹ തുടങ്ങി ഇവിടെ കാണാനും അറിയാനും ഏറെയുണ്ട്.

ബാക്ക്പാക്കര്‍ ആയിട്ടാണ് ബ്രസീലിലെത്തുന്നതെങ്കില്‍ പ്രതിദിനം ഏകദേശം 3,200 രൂപ ചെലവില്‍ കഴിയാം. ഹോസ്റ്റല്‍ ഡോര്‍മിറ്ററിയില്‍ താമസിക്കുകയും സ്ട്രീറ്റ് ഫുഡിനെ പരമാവധി ആശ്രയിക്കുകയും ഇടയ്ക്കിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ഒക്കെ ചെയ്താല്‍ ചെലവ് നിയന്ത്രിക്കാം. എയര്‍ ബിഎന്‍ബി പോലെയുള്ളവയില്‍ റൂം ബുക്ക് ചെയ്യുകയോ അത്യാവശ്യം മികച്ച ഒരു ബജറ്റ് റൂം ബുക്ക് ചെയ്യുകയോ ചെയ്ത് ചെറിയ ബജറ്റിലുള്ള ഭക്ഷണമൊക്കെ കഴിച്ച് അങ്ങനെ പോയാല്‍ ദിവസം 7000 രൂപയ്ക്ക് കുറച്ചു കൂടി സ്റ്റാന്‍ഡേര്‍ഡ് ആയി കഴിയാം.

സാവോ പോളോ, റിയോഡി ജെനീറോ തുടങ്ങിയ നഗരങ്ങള്‍ ബ്രസീലിലെ ഉള്‍പ്രദേശങ്ങളെ അപേക്ഷിച്ച് ഏറെ ചെലവേറിയതാണ്. ബജറ്റ് കുറവാണ് എന്നുണ്ടെങ്കില്‍ ചെലവ് കുറയ്ക്കാനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കൌച്ച്സര്‍ഫിംഗ് പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താമസച്ചെലവ്‌ ഇല്ലാതാക്കാം. വാടകയ്ക്ക് താമസിക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ഹോസ്റ്റലുകള്‍ കുറഞ്ഞ ചെലവില്‍ ഒരുപാടുള്ള സ്ഥലമായതിനാല്‍ ഹോട്ടലുകള്‍ തെരഞ്ഞെടുത്ത് വീണ്ടും ചെലവ് കൂട്ടേണ്ടതില്ല. ടാക്സികളില്‍ സഞ്ചരിക്കുന്നതിന് മുന്‍പേ നിരക്കുകള്‍ പറഞ്ഞ് ഉറപ്പിക്കുക. ഓഫ് സീസണില്‍ യാത്ര ചെയ്യുക. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം സീസണ്‍ ആയതിനാല്‍ പൊതുവേ ചെലവ് കൂടുതലായിരിക്കും. മുറി വാടകയ്ക്കെടുക്കുകയാണെങ്കില്‍ ഏതെങ്കിലും സുഹൃത്തിനെ ഒപ്പം കൂട്ടിയാല്‍ അധികച്ചെലവ്‌ ഉണ്ടാകുന്നത് കുറയ്ക്കാം.

ഇന്ത്യയില്‍ നിന്ന് ബ്രസീലിലെ പ്രധാന നഗരങ്ങളിലേക്ക് ഫ്ലൈറ്റുകള്‍ ലഭ്യമാണ്.

Content Summary: Indians Can Soon Travel To Brazil Without Visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com