ADVERTISEMENT

പീറ്റര്‍ ജാക്സണ്‍ സംവിധാനം ചെയ്ത 'ദ ലോര്‍ഡ്‌ ഓഫ് ദ റിംഗ്സ്' എന്ന സിനിമ കണ്ടവര്‍ ആരും തന്നെ അതിലെ ദൃശ്യാനുഭവത്തിന്‍റെ മിഴിവും ചാരുതയും മറക്കാനിടയില്ല. ജെ. ആർ. ആർ. ടോക്കിയൻ എഴുതിയ 'ലോർഡ് ഓഫ് ദ റിങ്സ്' എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച മൂന്നു ചിത്രങ്ങളുടെ പരമ്പരയായിരുന്നു അത്. ദ ഫെലോഷിപ്പ് ഓഫ് ദ റിങ് (2001), ദ ടൂ ടവേർസ് (2002), ദ റിട്ടേൺ ഓഫ് ദി കിംഗ് (2003) എന്നിങ്ങനെ പേരിട്ട ആ ചിത്രങ്ങള്‍ 281 ദശലക്ഷം ഡോളർ ചെലവിലാണ് നിര്‍മിക്കപ്പെട്ടത്. എട്ടു വര്‍ഷം കൊണ്ടു നിര്‍മിക്കപ്പെട്ട മൂന്ന് ചിത്രങ്ങളും ബോക്സോഫീസ് തകര്‍ത്ത് വന്‍ വിജയമായി മുന്നേറി.  ജാക്സണിന്റെ സ്വദേശമായ ന്യൂസിലാൻഡിൽ ഒരേ സമയമായിരുന്നു മൂന്ന് ചിത്രങ്ങളുടെയും ചിത്രീകരണം നടന്നത്.

ബെൻഹർ, ടൈറ്റാനിക് തുടങ്ങിയ ചിത്രങ്ങൾക്ക് ഒപ്പമെത്തിയ ദ ലോര്‍ഡ്‌ ഓഫ് ദ റിംഗ്സ് ചിത്രീകരിച്ച സ്ഥലവും ഒപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നായകന്‍ മോഹന്‍ലാല്‍, ഭാര്യ സുചിത്രക്കൊപ്പം നടത്തിയ യാത്രയും ആ സ്ഥലത്തേക്കായിരുന്നു. അവിടെ നിന്നുള്ള സെല്‍ഫിയും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഹോബിറ്റണ്‍: ന്യൂസിലാന്‍ഡിലെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കുന്നിന്‍ചെരിവ്

View this post on Instagram

#newzealand #vacation

A post shared by Mohanlal (@mohanlal) on

ശാന്തി വഴിഞ്ഞൊഴുകുന്ന, പച്ചപ്പും മനോഹാരിതയും കണ്ണില്‍ക്കണ്ണില്‍ നോക്കി ആണ്ടുകളോളം ചലിക്കാന്‍ മറന്നു നിന്നു പോയ മനോഹരമായ കുന്നിന്‍ ചെരിവ്. അങ്ങിങ്ങായി മേഞ്ഞു നടക്കുന്ന ചെമ്മരിയാടിന്‍ കൂട്ടങ്ങള്‍. ആയിരത്തി ഇരുന്നൂറോളം ഏക്കര്‍ വിസ്തൃതിയില്‍ സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകളുമായി വിശാലമായങ്ങനെ കിടക്കുകയാണ് ഹോബിറ്റണ്‍. ദ ലോര്‍ഡ്‌ ഓഫ് ദ റിംഗ്സില്‍ നമ്മള്‍ കണ്ട അതേ മനോഹാരിത. അതേ... ആ ചിത്രത്തിന്‍റെ മൂന്നു ഭാഗങ്ങളും ചിത്രീകരിക്കപ്പെട്ടത് ഇവിടെയായിരുന്നു. ഇത് കൂടാതെ പീറ്റർ ജാക്സന്‍റെ തന്നെ 'ദി ഹോബിറ്റ്' എന്ന സിനിമയും ഇവിടെത്തന്നെയായിരുന്നു ചിത്രീകരിച്ചത്.

ചിത്രത്തിനായി ചില ഭാഗങ്ങള്‍ നവീകരിക്കപ്പെട്ടെങ്കിലും ഇതിന്‍റെ സ്വാഭാവിക സൗന്ദര്യം ഒട്ടും ചോര്‍ന്നു പോയിട്ടില്ല. പൂന്തോട്ടങ്ങളും ഹോബിറ്റ് ഹോളുകളും പ്രകൃതിയോടിണങ്ങി ഒട്ടും കൃത്രിമത്വമില്ലാതെ തന്നെ ഇന്നും അവിടെയുണ്ട്. സിനിമയില്‍ കണ്ട അത്ഭുത പ്രദേശം സന്ദര്‍ശിക്കാനായി പതിനായിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്.  

ന്യൂസിലാന്‍ഡിലെ ഹൈന്യുറയില്‍ നിന്നും എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ഫാമിലെത്താം. 1978 ലാണ് ഈ 500 ഹെക്ടർ (1,200 ഏക്കർ) പുൽമേടുകളിലേക്ക് അലക്സാണ്ടർ കുടുംബം താമസം മാറ്റുന്നത്. കാലക്രമേണ ഏകദേശം 13,000 ആടുകളും 300 ഓളം കൃഷിയിടമാക്കി അവര്‍ ഈ പ്രദേശത്തെ മാറ്റി. മട്ടൺ, കമ്പിളി, ഗോമാംസം എന്നിവയാണ് ഇവിടത്തെ കൃഷിയിൽ നിന്നുള്ള പ്രധാന വരുമാന മാർഗ്ഗങ്ങൾ.

'ലോർഡ് ഓഫ് ദി റിംഗ്സ്' ഫിലിം സീരീസിനായി അനുയോജ്യമായ സ്ഥലങ്ങൾ തേടി നടന്ന പീറ്റർ ജാക്സൺ ഇവിടെയെത്തിയത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. 1998 ല്‍ ഈ പ്രദേശത്ത് എത്തിപ്പെട്ടപ്പോള്‍ പുരാതന ഇംഗ്ലണ്ടിന്‍റെ ഒരു കഷ്ണമായാണ് അദ്ദേഹത്തിന് അത് അനുഭവപ്പെട്ടത്. ഉടമസ്ഥരുമായുള്ള നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം സിനിമക്ക് വേണ്ട രീതിയില്‍ അദ്ദേഹം ഈ പ്രദേശത്തെ മാറ്റിയെടുക്കുകയായിരുന്നു.  

ഇന്ന് ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി 14 ഏക്കർ മൂവി സെറ്റ് സൈറ്റില്‍ പ്രതിദിന ഗൈഡഡ് ടൂറുകൾ ഉണ്ട്. 2002 ലാണ് ഇത് ആരംഭിച്ചത്. രണ്ട് മണിക്കൂർ ഉല്ലാസയാത്രക്ക് അഡ്വാൻസ് ബുക്കിംഗ് ചെയ്യേണ്ടതുണ്ട്.

ബാഗ്ഷോട്ട് റോ, പാർട്ടി ട്രീ, ബിൽബോസ് ബാഗ് എൻഡ് ഹോം എന്നിവയാണ് ഈ ടൂറിന്റെ പ്രധാന സവിശേഷതകള്‍. 44 ഹോബിറ്റ് ഹോളുകള്‍ ഇവിടെ കാണാം. ചിലതിലൊക്കെ ഉള്ളില്‍ കയറുകയുമാവാം.

ഇടക്ക് ക്ഷീണം തോന്നിയാല്‍ 'ദി ഷയേഴ്സ് റെസ്റ്റ് കഫേ'യിൽ കയറി ഒരു കാപ്പിയൊക്കെ കുടിച്ച് ഉന്മേഷം വീണ്ടെടുക്കാം. 2014 ൽ ആരംഭിച്ച, സുവനീറുകളും മറ്റും വിൽക്കുന്ന ഒരു സ്റ്റോറും ഈ കഫേക്കരികിലായി കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com