ADVERTISEMENT

കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ താമസവും ഭക്ഷണവും ഉൾപ്പടെ ചെലവു കുറച്ച് യാത്രപോകാൻ വിയറ്റനാം  ബെസ്റ്റ് ചോയ്സാണ്. വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാവുന്ന രാജ്യമാണ് വിയറ്റ്നാം. ബീച്ചുകളും നദികളും ബുദ്ധ പഗോഡകളും തിരക്കുള്ള നഗരക്കാഴ്ചകളുമൊക്കെ വിറ്റ്നാമിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്. പ്രകൃതിഭംഗി നിറഞ്ഞതാണ് ഇവിടം. അതുതന്നെയാണ് സഞ്ചാരികളെ ആകർഷിക്കുന്നതും. തലസ്ഥാനമായ ഹാനോയി കച്ചവടകേന്ദ്രമെന്നതിനൊപ്പം  കലാസാംസ്കാരിക കേന്ദ്രം കൂടിയാണ്.

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള തലസ്ഥാനമാണ് ‘ഹാനോയ്’. പുരാതന വാസ്തുവിദ്യകൾക്ക് പേരുകേട്ട ഈ നാട്ടിൽ ചൈനീസ്, ഫ്രഞ്ച് സംസ്കാരങ്ങളും നിഴലിക്കുന്നു. വിറ്റ്നാമീസാണ് ദേശീയ ഭാഷയെങ്കിലും അത്യാവശ്യം ഇംഗ്ലിഷും ഇവർക്കു മനസ്സിലാകും. ഇന്നാട്ടുകാർ വളരെ എളുപ്പത്തിൽ വിദേശീയരുമായി സൗഹൃദം സ്ഥാപിക്കും. പതിറ്റാണ്ടുകൾ നീണ്ടുനിന്ന യുദ്ധം വരുത്തിവച്ച ദാരിദ്ര്യത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ ഈ രാജ്യം വളർച്ചയുടെ പാതയിലാണ്. 

പച്ചയ്ക്കു കഴിക്കാന്‍ പാമ്പിന്‍റെ ഹൃദയം, രുചിയൂറും പാമ്പു വിഭവങ്ങളുമായി ഒരു ഹോട്ടല്‍!

Image from The Hung Ha Noi Snake Restaurant Facebook Page

പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണമെന്നാണല്ലോ ചൊല്ല്! നടുക്കഷ്ണം മാത്രമല്ല തൊലി വരെ ഉപയോഗിച്ച് കിടുക്കന്‍ ഭക്ഷണമുണ്ടാക്കിത്തരും, വിയറ്റ്‌നാമിലെ ഈ ഹോട്ടല്‍. ഹാനോയ്ക്കടുത്തുള്ള ങ്ങുയെന്‍ വാന്‍ ദുക് ആണ് പാമ്പ് വിഭവങ്ങള്‍ ആസ്വദിക്കാനായി ഇവിടെയെത്തുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഹോട്ടല്‍. 

ഇരുപതു വര്‍ഷമായി ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നു. വിയറ്റ്നാമിന്‍റെ തനതു പാചക ശൈലി തന്നെയാണ് പാമ്പു വിഭവങ്ങള്‍ക്കും ഇവര്‍ ഉപയോഗിക്കുന്നത്. പാമ്പുവിഭവങ്ങള്‍ രുചിക്കാന്‍ പോകുമ്പോള്‍ മൂക്കിലേക്ക് ആദ്യം വരുന്നത് ഫ്രഷ്‌ തുളസിയിലയുടെയും വെളുത്തുള്ളിയുടെയും ഫിഷ്‌ സോസിന്‍റെയും ഗന്ധമാണ്. സാഹസികരായ ഭക്ഷണപ്രിയര്‍ക്ക് ഒറ്റയടിക്കു വിഴുങ്ങാനായി പാമ്പിന്‍റെ ഹൃദയവും ഇവിടെ കിട്ടും! 

ഇവിടെ മെനു ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. കടന്നു ചെല്ലുമ്പോള്‍ത്തന്നെ ഏതുതരം പാമ്പിനെ വേണമെന്നു സ്വയം തീരുമാനിക്കാം. ഉടന്‍ അവര്‍ അതിനെ കശാപ്പു ചെയ്യും. പിന്നെ അടുക്കളയിലേക്കു കൊണ്ടു പോയി വെട്ടി തുണ്ടംതുണ്ടമാക്കി മുറിക്കുന്നു. തൊലി ചീളുകളാക്കി എണ്ണയിലിട്ടു വറുക്കുന്നത് ഇവിടെ സ്ഥിരമാണ്. ഒരു മൂര്‍ഖനെ കൊന്നാല്‍ ആറു മുതല്‍ എട്ടു വരെ പേര്‍ക്കു സുഖമായി കഴിക്കാനുള്ളത്ര ഇറച്ചി കിട്ടും. ഏകദേശം 4300 രൂപ വരും ഇതിന്‍റെ വില. 

പണ്ടു തലവേദനയ്ക്കു മരുന്നായി വിയറ്റ്‌നാമിലെ ആളുകള്‍ പാമ്പിന്‍റെ രക്തം ഉപയോഗിച്ചിരുന്നത്രേ. പാമ്പിന്‍റെ പിത്തരസം തൊണ്ടയ്ക്കും അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. പാമ്പിറച്ചി കഴിക്കുന്നത് ചിലരില്‍ അലര്‍ജി പോലെയുള്ള അവസ്ഥകള്‍ ഉണ്ടാക്കാം. എന്നാല്‍ തങ്ങള്‍ ഈ റസ്റ്ററന്‍റ് ആരംഭിച്ച കാലം മുതല്‍ ഇവിടെനിന്നു പാമ്പ്ു വിഭവങ്ങള്‍ കഴിച്ച ആര്‍ക്കും കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെന്ന് ങ്ങുയെന്‍ വാന്‍ ദുക്കിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com