ADVERTISEMENT

അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ യുവതാരമാണ് ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന് ആരാധകരുമേറെയുണ്ട്. സിനിമ പോലെ തന്നെ യാത്രകളെയും പ്രണയിക്കുന്ന നടനാണ് ടോവിനോ.‌ സാഹസിക യാത്രകളും  ടോവിനോയ്ക്കു ഏറെ പ്രിയപ്പെട്ടതാണെന്നു അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന പല ചിത്രങ്ങളും സാക്ഷ്യപ്പെടുത്താറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടയിലും കുടുംബവുമൊത്ത് യാത്ര പോകാറുണ്ട് ടോവിനോ. അടുത്തിടെ ഭാര്യ ലിഡിയയേയും മകൾ ഇസയേയും കൂട്ടിയുള്ള യാത്രയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

View this post on Instagram

😎 #edgeoftheworld #riyadh #saudiarabia

A post shared by Tovino Thomas (@tovinothomas) on

ലോകത്തിന്റെ അറ്റത്തേക്ക് യാത്രക്കെത്തിയിരിക്കുകയാണ് ടോവിനോ.‘എഡ്ജ് ഓഫ് ദി വേൾഡ് ‘എന്നറിയപ്പെടുന്ന റിയാദിലെ വിസ്മയിപ്പിക്കുന്ന താഴ്‌വരയിലെത്തിയ ടോവിനോയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിയിരിക്കുകയാണ്.  കാഴ്ചകൾ ആസ്വദിച്ചിരിക്കുന്ന ടോവിനോയുടെ ചിത്രങ്ങളും വിഡിയോയും വൈറലായിരിക്കുകയാണ്.

സൗദി അറേബ്യയിലെ റിയാദ് നഗരത്തില്‍ നിന്നും ഏകദേശം 100കിലോമീറ്റര്‍ അകലെയായാണ് എഡ്ജ് ഓഫ് ദി വേള്‍ഡ് എന്ന അറിയപ്പെടുന്ന ജബല്‍ ഫിഹ്രയന്‍ നിലകൊള്ളുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ മാത്രമാണ് ഈ പ്രദേശം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത്. റിയാദിൽ നിന്നും ‘സദൂസ് ഡാം’ വരെയാണ് റോഡ് മാർഗ്ഗം നിലവിലുള്ളത്. അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്ററോളം ഓഫ് റോഡിൽ സഞ്ചരിച്ചു വേണം ലോകത്തിന്റെ അറ്റത്തേക്ക് എത്തിച്ചേരാൻ. പിരമിഡ് രൂപത്തിലുള്ള ചെങ്കൽ നിറത്തിലെ ഇൗ മലനിരയിൽ നിൽക്കുന്ന വിഡിയോയും താരം  ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന ഇടമാണ് ‘എഡ്ജ് ഓഫ് ദി വേൾഡ് ‘. 300 മീറ്ററോളം ഉയരമുള്ള പാറകൂട്ടങ്ങൾക്ക് മുകളിലുള്ള അതിശയകരമായ കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും. ട്രക്കിങ്ങിന്​ ഏറ്റവും അനുയോജ്യമുള്ള സ്ഥലമാണിത്. ചെങ്കുത്തായ മലകയറ്റവും വിസ്മയകരമായ കാഴ്ചകളും ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ഇവിടുത്തെ സൂര്യോദയകാഴ്ച ആസ്വദിക്കുവാനും നിരവധിപ്പേർ എത്താറുണ്ട്. വിവിധ ടൂർ ഓപ്പറേറ്റർമാരുടെ നേതൃത്വത്തിൽ എത്തുന്ന വിദേശികളായ  വിനോദ സഞ്ചാരികളുംഇവിടെ കുറവല്ല. കൂടാതെ രാത്രിയിൽ തമ്പടിച്ച്​ തങ്ങുന്ന സഞ്ചാരികളുമുണ്ട്.

എഡ്ജ് ഒാഫ്​ ദ വേൾഡ്​ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായത് നവംബർ, ഡിസംബർ മാസങ്ങളാണ്. സീസണിൽ മാത്രം കാണാൻ കഴിയുന്ന സുന്ദരകാഴ്ചകളും ഇവിടെയുണ്ട്. പ്രൃകതി വിസ്​മയമാണ്​ ‘എഡ്ജ് ഓഫ് ദി വേൾഡ്‘.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com