ADVERTISEMENT

മഞ്ഞു മൂടിയ മലനിരകള്‍ക്കിടയിലൂടെ തേയിലത്തോട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചു ട്രെയിനില്‍ യാത്ര ചെയ്യുന്നത് ഒന്നാലോചിച്ചു നോക്കൂ. ചുറ്റും മിന്നി മറയുന്ന പച്ചപ്പിന്‍റെ വര്‍ണ്ണഭേദങ്ങള്‍. തേയില നുള്ളുന്ന സ്ത്രീകളുടെ താളാത്മകമായ ചലനം... ശ്രീലങ്കയിലെ കാൻഡിയിൽനിന്ന് എല്ലയിലേക്കുള്ള തീവണ്ടി യാത്രയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഭൂമിയില്‍ ഇത്രയും സുന്ദരമായ ഒരു അനുഭവം ഉണ്ടാകുമോ എന്ന് ചിന്തിപ്പിക്കുന്നത്രയും അവിശ്വസനീയമായ ഒരു യാത്രയാണിത്‌.

ലോകത്തിലെ മറ്റു പല മനോഹര റെയില്‍പാതകളെയും പോലെ ശ്രീലങ്കന്‍ റെയില്‍ശൃംഖലയും ആരംഭിച്ചത് ബ്രിട്ടിഷ് കൊളോണിയൽ സർക്കാരായിരുന്നു; 1864 ൽ. മലമ്പ്രദേശത്തുനിന്നു കൊളംബോയിലേക്ക് തേയിലയും കാപ്പിയും കടത്താന്‍ വേണ്ടിയായിരുന്നു ഇൗ മാർഗം ഉണ്ടാക്കിയതെങ്കിലും ഫംഗസ് മൂലം കനത്ത വിളനാശം ഉണ്ടായതോടെ ഈ പദ്ധതി പരാജയപ്പെട്ടു. മുറുക്കിക്കെട്ടിയ തേയിലച്ചാക്കുകളായിരുന്നു ഈ തീവണ്ടിയിലെ ആദ്യയാത്രക്കാര്‍. 1960 കളോടെ മനുഷ്യര്‍ക്കായുള്ള യാത്രാസൗകര്യമായി ഇത് മാറി. ഇന്ന് ശ്രീലങ്കയിലെത്തുന്ന സഞ്ചാരികള്‍ക്ക് നാടു ചുറ്റുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമാണ് ഇത്. പ്രദേശവാസികള്‍ക്കാവട്ടെ, പ്രതിദിന ഗതാഗതത്തിനുള്ള വഴിയും.

Ella-To-Kandy2

കൊളംബോ-കാൻഡി-ബാദുല്ല റൂട്ടിലുള്ള മെയിന്‍ ലൈനിന്‍റെ ഭാഗമായാണ് കാൻഡി-എല്ല ട്രെയിന്‍ സവാരി. മനോഹരമായ മലയോരപ്രദേശങ്ങളിലൂടെയും തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെയും കടന്നു പോകുന്ന റെയില്‍പാതയാണിത്. വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഏഴു മണിക്കൂര്‍ സമയമെടുക്കും ഈ വഴിയിലൂടെ സഞ്ചരിക്കാന്‍. തേയിലത്തോട്ടങ്ങള്‍ കൂടാതെ പര്‍വതങ്ങളും പഴയ മനോഹരമായ പാലങ്ങളും വെള്ളച്ചാട്ടങ്ങളും ഇടയ്ക്കിടെ മിന്നി മറയുന്ന ഗ്രാമങ്ങളുമെല്ലാം യാത്രയുടെ അനുഭവം പതിന്മടങ്ങു സുന്ദരമാക്കും. വഴിയില്‍ ട്രെയിനിലെ യാത്രക്കാരെ നോക്കി കൈവീശി കാണിക്കുന്ന കുട്ടികളെയും കാണാം.

 

ട്രെയിനില്‍ യാത്ര ചെയ്യുവാനായി പോകുമ്പോള്‍ ടിക്കറ്റിന്റെ നിരക്കുകളും  മറ്റും അല്‍പം ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. എന്നാല്‍ കുറഞ്ഞ ക്ലാസുകളില്‍ യാത്ര ചെയ്യുന്നതാണ് താരതമ്യേന മികച്ച അനുഭവം. ഫസ്റ്റ് ക്ലാസിലാണ് യാത്ര എങ്കില്‍ ജാലകങ്ങളും വാതിലുകളും അടഞ്ഞു കിടക്കും. വിദേശികള്‍ ആയിരിക്കും അതിലെ സഹയാത്രികര്‍. എന്നാല്‍ സെക്കന്‍ഡ്, തേഡ് ക്ലാസുകളില്‍ യാത്ര ചെയ്‌താല്‍ ശ്രീലങ്കന്‍ റെയില്‍വേ സംവിധാനവും പ്രാദേശികരായ ജനങ്ങളുടെ ജീവിതവും കൂടുതല്‍ മനസ്സിലാക്കാനാവും. തേഡ് ക്ലാസില്‍ മരം കൊണ്ടുണ്ടാക്കിയ ബഞ്ചുകളാണ്. ഇതു തന്നെ റിസര്‍വ് ചെയ്യാനും പറ്റും.

Ella-To-Kandy1

ശ്രീലങ്കന്‍ ജീവിതവും ആളുകളെയും ശരിക്കും മനസ്സിലാക്കാൻ കഴിയും. ഇടയ്ക്കിടെ സ്നാക്സ് കൊണ്ടു വരുന്ന കച്ചവടക്കാരും ഉറക്കെ പാടുന്ന നാടോടികളും മരബഞ്ചില്‍ ഇടുങ്ങി ഇരിക്കുന്ന കുടുംബങ്ങളും എല്ലാം ഇവിടുത്തെ പതിവു കാഴ്ചയാണ്. സന്തോഷവും ഉത്സാഹവും കളിയാടുന്ന ഒരു അന്തരീക്ഷമാണ് ഇവിടെ പൊതുവേ കാണാനാവുക. തേഡ് ക്ലാസിനെക്കാള്‍ അല്‍പം കൂടി സോഫ്റ്റ്‌ ആയ ഇരിപ്പിടങ്ങള്‍ ആണ് സെക്കന്‍ഡ് ക്ലാസില്‍ ഉണ്ടാവുക. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ആവശ്യമുള്ള ടിക്കറ്റ് ഇതായതിനാല്‍ ടിക്കറ്റ് മിക്കപ്പോഴും ലഭ്യമായിക്കൊള്ളണം എന്നില്ല. അതിനാല്‍ യാത്ര തീരുമാനിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. റിസര്‍വ് ചെയ്യേണ്ട ടിക്കറ്റുകള്‍ യാത്ര ചെയ്യേണ്ട ദിവസത്തിന് 32 ദിവസം മുമ്പു മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനില്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. 12Go എന്ന സൈറ്റില്‍ കയറിയാല്‍ ടിക്കറ്റ് കിട്ടും. റിസര്‍വ് ചെയ്യാതെയാണ് യാത്ര എങ്കില്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങിക്കാന്‍ സാധിക്കും. 

English Summery : The World Most Beautiful Train Trip Ella To Kandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com