വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലദ്വീപ്. നമ്മുടെ കേരള തീരത്ത് നിന്ന് അടുത്തായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപ് സമൂഹമാണിത് ടൂറിസത്തിൽ ഊന്നിയാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത്. ഓരോ ദിവസവും പതിനായിരകണക്കിന് വിനോദസഞ്ചാരികൾ മാലദ്വീപിൽ എത്തുന്നുണ്ട്. മാലദ്വീപിലെ അതിശയിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.നീല ജലാശയങ്ങളും മികച്ച കാലാവസ്ഥയും രുചികരമായ ഭക്ഷണവും എല്ലാം കൊണ്ട്, മാലദ്വീപ് എല്ലായ്പ്പോഴും ബീച്ച് പ്രേമികൾക്കും യാത്രാപ്രേമികൾക്കും ഏറ്റവും അനുയോജ്യമായ അവധിക്കാല കേന്ദ്രം തന്നെയാണ്.

മാലദ്വീപിലെ നിങ്ങളുടെ അവധിക്കാലം എങ്ങനെ ആഘോഷിക്കാം എന്ന് നോക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാലദ്വിപിനെ കയ്പിടിയിൽ ഒതുക്കി നിങ്ങൾക്ക് ശരിക്കും ആസ്വദിച്ച് യാത്രചെയ്യാം.
ബോട്ട് യാത്ര

ആയിരകണക്കിന് പവിഴ ദ്വീപുകൾ ചേർന്നതാണ് മാലദ്വീപ്. മാലദ്വീപിൽ ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്ക് ബോട്ടിൽ ആണ് യാത്ര. നീല നിറത്തിലെ കടലിലൂടെയുള്ള യാത്ര അതി സുന്ദരമാണ്. ഈ ദ്വീപ് കാഴ്ചകൾ തന്നെയാണ് മാലദ്വീപ് യാത്രയിലെ മുഖ്യആകര്‍ഷണം. നീല ജലോപരിതലത്തിലൂടെ പരല്‍മീനുകള്‍ പോലുള്ള വെളുത്ത കുഞ്ഞുമത്സ്യങ്ങള്‍ കൂട്ടമായി സഞ്ചരിക്കുന്നത് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. കടലിനോട് ചേര്‍ന്ന് തന്നെയാണ് ഹോട്ടലുകളും റിസോര്‍ട്ടുകളുമെന്നതിനാല്‍ ഉറങ്ങുമ്പോഴും ഉണരുമ്പോഴും കടലിന്റെ സാന്നിധ്യം ആവോളം അനുഭവിച്ചറിയാം.

സാഹസീകരെ ഇതിലെ ഇതിലെ
സാഹസിക ചിന്താഗതിക്കാരായ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം, മാലദ്വീപ് അണ്ടർവാട്ടർ ലോകം സന്തോഷം നൽകും. സാധാരണ ജെറ്റ് സ്കീയിംഗ്, കൈറ്റ് സർഫിംഗ്, കയാക്കിംഗ്, ഗ്ലാസ്-ബോട്ടം ബോട്ട് പ്രവർത്തനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ നിങ്ങൾ ഇവിടെ സ്നോർക്കെല്ലിംഗ് പോകാതെ ഇരിക്കരുത്. ലോകത്തിലെ ഏറ്റവും മികച്ച സ്നോർക്കെല്ലിംഗ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മാലദ്വീപ്. നിങ്ങൾ ഒരു മുങ്ങൽ വിദഗ്ധനാണെങ്കിൽ, വാട്ടർ വേൾഡ് നിങ്ങള്‍ക്ക് പറ്റിയ ഇടമാണ്. പാഡി സർട്ടിഫൈഡ് ഡൈവ് സെന്ററുകൾ മാലദ്വീപിൽ ധാരാളം ഉണ്ട്.

റിസോർട്ടുകൾ കേന്ദ്രികരിച്ചുള്ള ടൂറിസമാണ് മാലദ്വീപിലേത്. താമസിക്കാൻ തെരഞ്ഞെടുക്കുന്ന റിസോർട്ടിൽ പോലും ഒരു ഡൈവ് സെൻറർ ഉണ്ടായിരിക്കും. നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ പേടിക്കേണ്ട, സഹായത്തിനായി നിരവധി ഗൈഡുമാർ ഇവിടെയുണ്ട്. മാലദ്വീപിലേക്ക് ഇന്ത്യാക്കാർക്ക് വളരെ എളുപ്പത്തിൽ പോകാൻ സാധിക്കും. കൊച്ചിയിൽ നിന്ന് മാലദ്വീപിലെ തലസ്ഥാനമായ മെയിലിലേക്ക് ഒരു പാസഞ്ചർ കം കാർഗോ ഫെറി സർവീസ് ആരംഭിക്കാൻ അടുത്തിടെ ഇന്ത്യയിലെയും മാലദ്വീപിലെയും സർക്കാരുകൾ തീരുമാനിച്ചിരുന്നു.

തനി നാടനാകാം
മാലയിലെ ഭക്ഷണം ലോക പ്രസിദ്ധമാണ്. മത്സ്യവിഭവങ്ങളുടെ നീണ്ട നിര തന്നെയുണ്ട് . മാത്രമല്ല മാലദ്വീപിൽ എത്തിയാൽ പ്രാദേശിക ഭക്ഷണശാലകളും ചായക്കടകളും പരീക്ഷിക്കാൻ മറക്കരുത്. ദ്വീപിന്റെ തനത് രുചികൾ ആസ്വദിക്കണമെങ്കിൽ ഇത്തരം നാടൻ ഭക്ഷണശാലകളിൽ തന്നെ കയറണം. താമസവും ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ ശ്രമിക്കാം. മനോഹരമായ ബീച്ചുകളിൽ നിരവധി റിസോർട്ടുകൾ ലഭ്യമാണ്. പല ബജറ്റിലും നിലവാരത്തിലുമുള്ളവ തെരഞ്ഞെടുക്കാം. ചുരുങ്ങിയ ചെലവിൽ തന്നെ മാലദ്വീപിലേക്ക് പോയിവരാം.
ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാനം കാണാം
സാഹസിക വിനോദങ്ങളും ബിച്ചിലെ കറക്കവും കഴിഞ്ഞാൽ നേരെ മാലദ്വിപിന്റെ തലസ്ഥാനത്തേക്ക് പോകാം. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ കാഴ്ച്ചകൾ. പള്ളികൾ, മാർക്കറ്റുകൾ, മ്യൂസിയങ്ങൾ, വർണ്ണാഭമായ ആളുകൾ എന്നിവയാൽ സജീവമാണ് ഇവിടം.നാഷണൽ മ്യൂസിയവും നാഷണൽ ആർട്ട് ഗ്യാലറിയും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്, അതുപോലെ തന്നെ ഗ്രാൻഡ് മോസ്കും പതിനേഴാം നൂറ്റാണ്ടിലെ ചരിത്രപ്രാധാന്യമുള്ള പഴയ വെള്ളിയാഴ്ച പള്ളിയും കാണാം.
ചുരുക്കത്തിൽ മാലദ്വീപ് കാഴ്ച്ചകളുടെ കലവറയാണെന്നതിൽ സംശയം വേണ്ട. ചെലവ് കുറഞ്ഞ യാത്ര നടത്താനും വിസ ബുദ്ധിമുട്ടുകൾ ഇല്ലാതെ എത്തിച്ചേരാനും സാധിക്കുന്ന ഈ പഞ്ചാര മണൽത്തിരത്തേയ്ക്കാവട്ടെ അടുത്ത യാത്ര. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നല്ല സമയം. കൊച്ചിയില്‍ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് കിട്ടും. ഒന്നര മണിക്കൂര്‍ യാത്ര. 55,000 രൂപ മുതല്‍ പാക്കേജുകള്‍ ലഭ്യമാണ്.
English Summery : Holiday in the Maldives