വീസയും പാസ്പോര്‍ട്ടും ഇല്ലാതെ ഇന്ത്യക്കാര്‍ 2020 ൽ സന്ദർശിച്ചിരിക്കേണ്ട ഏറ്റവും മികച്ച രാജ്യം ഇതാണ്

bhutan-travel
SHARE

ഹാപ്പിനസ് ഈസ് എ പ്ലേസ് - ഇത് വെറുമൊരു പരസ്യവാചകമോ വാഗ്ദാനമോ അല്ലെന്ന് ഭൂട്ടാൻ അനുദിനം തെളിയിക്കുകയാണ്. ഭൂട്ടാൻ ഒരിക്കലും ഒരു സാധാരണ സ്ഥലമല്ല. പരമ്പരാഗത ബുദ്ധമത സംസ്കാരം ആഗോള സംഭവവികാസങ്ങളെ ശ്രദ്ധാപൂർവം ഉൾക്കൊള്ളുന്ന മഹത്തായ ഹിമാലയൻ രാജ്യമാണ് ഇത്. നമ്മൾ ഇന്ത്യാക്കാർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് ഭൂട്ടാൻ.

ഭൂട്ടാനെലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നത് ലോൺലി പ്ലാനറ്റ് ആണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഭൂട്ടാന്‍ ഒന്നാമതെത്തിയത്. സഞ്ചാരികള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ലോണലി പ്ലാനറ്റ് റാങ്കിങ് നിശ്ചയിക്കുന്നത്. ബെസ്റ്റ് ഇന്‍ ട്രാവല്‍ 2020 പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടിക അടിസ്ഥാനമാക്കുന്നത്, ‘രാജ്യത്തെ സവിശേഷതകള്‍, അതുല്യമായ അനുഭവങ്ങള്‍, മികച്ച ഘടകങ്ങൾ’ എന്നിവയാണ്. 

ആധുനിക നൂറ്റാണ്ടിലും സമ്പൂർണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതിയും ഭൂട്ടാന് സ്വന്തം.  ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ ഹിമാലയന്‍ താഴ്‌വരയിൽ ശയിക്കുന്ന ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പര്‍വത പ്രദേശങ്ങളാണ്.

ഹിമാലയൻ താഴ‍്‍‍വരയിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാൻ അത്യധികം നിഗൂഢതകള്‍ പേറുന്ന രാജ്യം കൂടിയാണ്. പർവത താഴ‍്‍‍വാരമായതിനാൽ മലകളും മരങ്ങളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് ഭൂട്ടാൻ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഭൂട്ടാനിലെ സാംസ്കാരിക സംരക്ഷണവുമായി പരിസ്ഥിതി സംരക്ഷണം കൈകോർക്കുന്നു. നിയമപ്രകാരം, രാജ്യത്തിന്റെ 60% എങ്കിലും വനമായി തുടരണം എന്നാണ്. ഇത് നിലവിൽ 70% ന് മുകളിലാണ്. ഭൂട്ടാൻ കാർബൺ നിഷ്പക്ഷ രാജ്യം മാത്രമല്ല, അത് പുറത്തുവിടുന്നതിനേക്കാൾ കൂടുതൽ കാർബൺ ആഗിരണം ചെയ്യുന്നുമുണ്ട്! സന്ദർശകരെ സംബന്ധിച്ചിടത്തോളം ഇവിടെ മനോഹരമായ വനയാത്രകളും ട്രെക്കിങ്ങും ദേശീയ പാർക്കുകളും മികച്ച പക്ഷിസങ്കേതങ്ങളും ആസ്വദിക്കാനാകും. ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി കാണാതെ ഭൂട്ടാൻ യാത്രയില്ല.  നീല പൈനുകളും റോഡോഡെൻഡ്രോണുകളും നിറഞ്ഞ ഒരു വനത്തിനു മുകളിൽ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന മൊണാസ്ട്രിയുടെ കാഴ്ച വാക്കുകൾക്ക് അതീതമാണ്. മനോഹരവും അസാധാരണവുമായ ഈ മഠത്തിലേക്കുള്ള മലകയറ്റം 900 മീറ്റർ ഉയരത്തിലേയ്ക്ക് ആയതിനാൽ, ട്രക്കിങ് പ്രിയരുടെ ഇഷ്ട ഇടമാണിവിടം. 

സൂരി സോങ് ഹൈക്ക്

പറോ താഴ്‌വര മുഴുവൻ കാണാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണ് സൂരി സോങ് ട്രെക്ക്. ഭൂട്ടാനിലെ ഏറ്റവും പഴക്കം ചെന്ന സോങ്‌ ആയ സൂറി സോങ്‌, എട്ടാം നൂറ്റാണ്ടിൽ ബുദ്ധൻ ധ്യാനിക്കാൻ വന്ന ഗുഹയാണെന്നു വിശ്വസിക്കപ്പെടുന്നു. ഭൂരിഭാഗം ഭൂട്ടാൻ ജനങ്ങളും ബുദ്ധമത വിശ്വാസികളാണ്. രാജ്യത്തുടനീളം അനേകായിരം ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും കാണാം.

പുനാഖ സോങ്

ഭൂട്ടാനിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ കൊട്ടാരമാണിത്. പുങ്‌താങ്‌ ദേവാചെൻ ഫോഡ്രാങ്‌ അഥവാ കാസിൽ ഓഫ് ഗ്രേറ്റ് ഹാപ്പിനസ് എന്നും ഇതിനെ വിളിക്കുന്നു. ഇത് രാജ്യത്തെ ഏറ്റവും ഭംഗിയുള്ളതും ഗാംഭീര്യമുള്ളതുമായ കൊട്ടാരം കൂടിയാണ്. തലസ്ഥാനമായ തിംഫുവിൽ നിന്ന് 3 മണിക്കൂർ യാത്രയുണ്ട് ഇവിടേയ്ക്ക്. ഫോ ചു, മോ ചു  എന്നീ രണ്ട് നദികൾക്കിടയിലാണ് ഇത്.

പരമ്പരാഗത സംസ്‌കാരങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ് ഭൂട്ടാനിലെ ജനങ്ങൾ. അവർ ഇന്നും ധരിക്കുന്നത് പരമ്പരാഗത വസ്ത്രങ്ങളാണ്. രാജാവ് പ്രജകളെയും  അവർ തിരിച്ചും  സ്നേഹിക്കുന്നു. പല കാലത്തും ഭരണം ജനത്തിനു വിട്ട് നൽകിയെങ്കിലും രാജഭരണത്തിലെ വിശ്വാസത്തെ മുറുകെ പിടിച്ച് ജീവിക്കാൻ ഭൂട്ടാൻകാർ തീരുമാനിക്കുകയായിരുന്നു.

വീസയും പാസ്പോര്‍ട്ടും ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ടു രാജ്യങ്ങളില്‍ ഒന്നാണ് ഭൂട്ടാന്‍, മറ്റൊന്ന് നേപ്പാളും, വെറുമൊരു പെര്‍മിറ്റ്‌ മാത്രം എടുത്ത്, ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നമുക്ക് ഭൂട്ടാന്‍ സന്ദര്‍ശിക്കാം. ഭൂട്ടാന്‍ ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി പെര്‍മിറ്റ്‌ എടുക്കാം, പെര്‍മിറ്റ്‌ എടുക്കുന്നതിനും ചെലവാകുന്ന തുക അറിയുന്നതിനും www.tourism.gov.bt എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA