ADVERTISEMENT

യാത്രകൾ മിക്കവർക്കും പ്രിയമാണ്. ഇന്ത്യക്കകത്തുള്ള സ്ഥലങ്ങൾ കണ്ടുകഴിഞ്ഞാൽ വിദേശയാത്രയാണ് അടുത്ത സ്വപനം. വീസയും പാസ്പോർട്ടുമില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളും ഇന്നുണ്ട്. വിദേശ രാജ്യങ്ങളിലെ നിയമങ്ങളും സഞ്ചാരികൾ അറിഞ്ഞിരിക്കണം. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ന് 58 രാജ്യങ്ങൾ സന്ദർശിക്കാം. എന്നാൽ എത്ര രാജ്യങ്ങളിൽ നമ്മുടെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് അറിയാമോ?

അമേരിക്ക മുതൽ യുകെ, ഓസി ലാൻഡ് എന്നിവ ഉൾപ്പെടെ 11 രാജ്യങ്ങളിൽ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യാം.  

യുഎസ്എ

അമേരിക്കയിൽ എത്തിയാൽ ആദ്യം, നിങ്ങൾ സന്ദർശിക്കുന്ന സ്ഥലത്തെ മോട്ടർ വാഹന വകുപ്പിൽനിന്ന് ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ തേടുക. ചില സ്റ്റേറ്റുകളിൽ ഇന്റർനാഷനൽ ഡ്രൈവിംഗ് പെർമിറ്റ് ആവശ്യമാണ്.  ഇതിന് നിങ്ങളുടെ ആർടിഒയുമായി ബന്ധപ്പെടണം. 

ജർമനി

ജര്‍മനിയില്‍ വലത് വശത്ത് കൂടിയാണ് ഡ്രൈവിങ്. നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് അവിടെ സ്വീകരിക്കും. ലൈസന്‍സ് പ്രാദേശിക ഭാഷയില്‍ ആണെങ്കില്‍ ജര്‍മന്‍ നയതന്ത്ര കാര്യാലയങ്ങളില്‍നിന്നു പരിഭാഷപ്പെടുത്തിയ ലൈസന്‍സ് ലഭിക്കും. ആറു മാസം വരെ ഇങ്ങനെ യാത്ര ചെയ്യാം.

ഓസ്ട്രേലിയ

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഓസ്ട്രേലിയയിൽ സ്വതന്ത്രമായി സഞ്ചരിക്കാമെങ്കിലും, വടക്കൻ പ്രദേശം ഇന്ത്യൻ വിനോദ സഞ്ചാരികളെ അതിൽനിന്ന് തടയുന്നു. സാധുവായ ഒരു ലൈസൻസിൽ വാഹനമോടിക്കാൻ നിങ്ങൾക്ക് അനുമതി ലഭിക്കുന്നുണ്ടെങ്കിലും, ലൈസൻസിൽ പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ ക്ലാസ്സിൽ മാത്രമേ നിങ്ങൾക്ക് ഓസ്ട്രേലിയയിൽ സഞ്ചരിക്കാനാകൂ. ഇടതു വശത്താണ് ഓസീസ് ഡ്രൈവിങ്.

australia

ബ്രിട്ടൻ

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഇന്ത്യൻ സഞ്ചാരികളെ ഒരു വർഷത്തേക്ക് റോഡുകളിൽ വാഹനം ഓടിക്കാൻ അനുവദിക്കുന്നു. നിങ്ങളുടെ ലൈസൻസിൽ പരാമർശിക്കുന്ന വാഹനത്തിന്റെ ക്ലാസ് മാത്രമേ നിങ്ങൾക്ക് ഓടിക്കാൻ കഴിയൂ എന്നതാണ് ഏക പോരായ്മ.

ന്യൂസീലന്‍ഡ്

ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോക്താക്കൾക്ക് കിവി നാട്ടിൽ വാഹനമോടിക്കാം. എന്നാൽ നിങ്ങളുടെ ലൈസൻസ് ഇംഗ്ലിഷിലല്ലെങ്കിൽ ഒരു  അംഗീകൃത വിവർത്തകന്റെ അടുത്തേക്ക് പോകേണ്ടി വരും. അതിനു ശേഷം ന്യൂസീലന്‍ഡ് ട്രാൻസ്പോർട്ട് ഏജൻസി അത് സ്റ്റാംപ് ചെയ്ത് നൽകും. 

New-Zealand

സ്വിറ്റ്സർലൻഡ്

സ്വിറ്റ്സർലൻഡിൽ എത്തി കറങ്ങിയടിക്കാൻ ടാക്സിയൊന്നും വേണ്ട. ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ആ രാജ്യത്ത് എവിടെയും നിങ്ങൾക്ക് വാഹനമോടിക്കാം. ഒരു വർഷം വരെ സ്റ്റിയറിങ് നിങ്ങളുടെ കൈയിലാണ്

ദക്ഷിണാഫ്രിക്ക

നിങ്ങളുടെ ലൈസൻസ് ഉപയോഗിച്ച് സ്വയം വാഹനമോടിച്ച് ദക്ഷിണാഫ്രിക്കയുടെ മനോഹരമായ പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും കണ്ടറിയാം. ലൈസൻസ് സാധുതയുള്ളതാണെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാനം. ഇംഗ്ലിഷിൽ അച്ചടിച്ചിരിക്കുന്നുവെന്നതും നിങ്ങളുടെ ഫോട്ടോയും ഒപ്പും അതിലുണ്ടെന്നതും ഉറപ്പാക്കണം. കാർ വാടകയ്‌ക്കെടുക്കുന്ന കമ്പനികൾ പോലും വാഹനം വാടകയ്‌ക്ക് എടുക്കുന്നതിന് മുമ്പ് ഒരു ഐഡിപി ആവശ്യപ്പെടുന്നുണ്ട്. അതിനാൽ, നിങ്ങൾ ദക്ഷിണാഫ്രിക്കയിലേയ്ക്കു പുറപ്പെടും മുമ്പ് ഒരു ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് എടുത്തു വയ്ക്കുന്നത് നല്ലതാണ്. 

സ്വീഡൻ

നിങ്ങൾ സ്വീഡനിലേക്ക് യാത്ര ചെയ്യുമ്പോൾ ഡ്രൈവിങ് ലൈസൻസ് ഇംഗ്ലിഷ്, ജർമൻ, ഫ്രഞ്ച്, സ്വീഡിഷ്, ഡാനിഷ്, നോർവീജിയൻ എന്നീ ഭാഷകളിലൊന്നിൽ അച്ചടിച്ചിട്ടില്ല എങ്കിൽ ഡ്രൈവിങ് സാധ്യമാകില്ല. മുകളിൽ പറഞ്ഞ ഏതെങ്കിലും ഭാഷകളിൽ  വിവർത്തനം ചെയ്ത പതിപ്പ് ഒരു ഫോട്ടോയോടൊപ്പം ഒരു അംഗീകൃത ഐഡി സഹിതം എത്തിക്കുക എന്നതാണ് ഇതിന് ലളിതമായ പരിഹാരം.

സിംഗപ്പുർ

നിങ്ങൾ ഹ്രസ്വകാലത്തേക്കാണ് സന്ദർശിക്കുന്നതെങ്കിൽ, സിംഗപ്പുരിൽ സഞ്ചരിക്കാൻ നിങ്ങൾക്ക് പ്രത്യേക ലൈസൻസ് ആവശ്യമില്ല. ഇന്ത്യയിൽ ഒരു അംഗീകൃത ബോഡി നൽകിയ ഐഡിപി നിങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പാക്കുക. ഇതിനായി ആർ‌ടി‌ഒയുമായി ബന്ധപ്പെടുക. കൂടാതെ, നിങ്ങളുടെ ലൈസൻസ് ഇംഗ്ലിഷിലല്ലെങ്കിൽ, സാധുവായ ഡ്രൈവിങ് ലൈസൻസിനൊപ്പം ഒരു വിവർത്തന പതിപ്പും ചേർക്കണം. ഇടതു വശ ഡ്രൈവിങ് ആണ് സിംഗപ്പുരിൽ.

ഹോങ്കോങ്

ഹോങ്കോങ് 12 മാസത്തേക്ക് വിദേശ സഞ്ചാരികളെ റോഡുകളിൽ വാഹനമോടിക്കാൻ അനുവദിക്കുന്നു. ഇതിനായി നിങ്ങളുടെ ഡ്രൈവിങ് ലൈസൻസോ ഐ ഡി പി യോ ഒപ്പം കരുതാം. 

മലേഷ്യ

നിങ്ങളുടെ ഡ്രൈവിങ്ഗ് ലൈസൻസ് ഇംഗ്ലിഷിൽ അച്ചടിച്ചിട്ടില്ലെങ്കിൽ വിനോദ സഞ്ചാരികൾ ഒറിജിനലിന്റെ വിവർത്തനം ഇംഗ്ലിഷിലോ മലായ് ഭാഷയിലോ കൊണ്ടുപോകേണ്ടതുണ്ട്, ഇത് മലേഷ്യ ആസ്ഥാനമായുള്ള ഇന്ത്യൻ എംബസിയോ ലൈസൻസ്  ഇഷ്യു ചെയ്യുന്ന അതോറിറ്റിയോ സ്ഥിരീകരിക്കണം. ഇതിന് പകരമായി, ഒരു ഐഡിപി ഉപയോഗിക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com