ADVERTISEMENT

അവതാരകയായും അഭിനേത്രിയായും തിളങ്ങുന്ന രഞ്ജിനി ഹരിദാസ്. വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവുമാണ് രഞ്ജിനിയെ പ്രേക്ഷകർക്കു പ്രിയങ്കരിയാക്കിയത്. രഞ്ജിനിക്ക് യാത്ര പ്രാണനാണ്.  ജോലി സംബന്ധമായും അല്ലാതെയും ധാരാളം യാത്ര ചെയ്യുന്ന രഞ്ജിനിയുടെ യാത്രാവിശേഷങ്ങളിലേക്ക്:

‘മനസ്സ് ആഗ്രഹിക്കുന്നിടത്തേക്കെല്ലാം യാത്രപോകണം’– രഞ്ജിനി പറയുന്നു. മറ്റുളളവരിൽനിന്നു തികച്ചും വ്യത്യസ്തമായി ചിന്തിക്കുന്നയാളാണ് രഞ്ജിനി. സാഹസിക യാത്രകളോടാണ് പ്രണയം. പോകേണ്ട സ്ഥലത്തെക്കുറിച്ച് നന്നായി പഠിക്കും. അവിടുത്തെ കൾച്ചർ, ആളുകൾ, ഭക്ഷണം, അടുത്തുള്ള സ്ഥലങ്ങൾ, ചരിത്രം എന്നുവേണ്ട സകലതും ഇന്റർനെറ്റിലൂടെ അരച്ചുകലക്കി പഠിച്ചാണ് താരത്തിന്റെ യാത്ര. പുതിയ സ്ഥലത്ത് എത്തിയാൽ ആരും പറ്റിക്കരുതെന്നു

renjini-travel3

മാത്രമല്ല എല്ലാം അറിഞ്ഞു പഠിച്ചുള്ള എൻട്രിയാണ് താരത്തിന് പ്രിയം. യാത്രകൾ ക‍ൃത്യമായ പ്ലാൻ ചെയ്യുന്നയാളാണ് ഞാനെന്നും രഞ്ജിനി പറയുന്നു. 

‘യാത്രകൾ കൂടുതൽ ആസ്വാദ്യമാകുന്നത് വ്യത്യസ്തമായി എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിനാലാണ്.  സ്കൂബഡൈവിങ്, സ്നോർക്കിലിങ്, പാരാസെയ്‍ലിങ് തുടങ്ങി,സ്വിമ്മിങ് ആയാൽ പോലും വെള്ളത്തിലേറിയ സാഹസികവിനോദങ്ങളാണ് എനിക്കിഷ്ടം.  കൂടാതെ കയാക്കിങ്,ജംഗിൾ സഫാരി, ട്രെക്കിങ്, ഹൈക്കിങ് തുടങ്ങിയ വിനോദങ്ങളും ഇഷ്ടമാണ്

renjini-travel4

കാഴ്ചകൾ മാത്രം കണ്ടുനടക്കുന്നയാളല്ല ഞാൻ. ഏതു നാട്ടിലെ ഭക്ഷണവും ഞാൻ കഴിക്കും.

renjini-travel7

ഇന്ത്യൻ ഭക്ഷണം വേണമെന്ന് നിർബന്ധവുമില്ല. ഒരു യാത്രയെന്നാൽ പോകുന്ന സ്ഥലത്തോട് ഇഴുകിച്ചേരുകയെന്നതാണ്. ആളുകളായാലും ഭക്ഷണമായാലും. കുറച്ചുദിവസത്തേക്കുള്ള സന്ദർശനമാണെങ്കിലും അത്രയും നാൾ ഞാൻ അവിടുത്തെയാളായി മാറും.’ ‌

മഞ്ഞു വേണ്ട, ബീച്ച് മതി

ഏതു തിരക്കിലും ബീച്ചിലേക്കു പോകാമെന്നു സുഹൃത്തുക്കൾ പറഞ്ഞാൽ ആദ്യം തന്നെ ഞാൻ ഒാകെ പറയും. അത്രയ്ക്ക് ഇഷ്ടമാണ് ബീച്ച്.  ബീച്ചിനെ മാത്രം പ്രണയിക്കുന്നു എന്നല്ല, ബീച്ചിനോടാണ് ഇത്തിരി ഇഷ്ടം കൂടുതല്‍. എന്റെ മിക്ക യാത്രകളിലും സ്ഥലം തിരഞ്ഞെടുക്കുന്നത് അന്നേരത്തെ താൽപര്യം അനുസരിച്ചാണ്. കേരളത്തിലെ ബീച്ചുകളെക്കാൾ, മറ്റു സംസ്ഥാനങ്ങളിലെ ബീച്ചുകളാണ്  സ്വതന്ത്രമായി ആസ്വദിക്കുവാൻ പറ്റിയത്. ഗോവ എന്റെ പ്രിയ ഡെസ്റ്റിനേഷനുകളിലൊന്നാണ്. എത്രയെത്ര പറഞ്ഞാലും കണ്ടാലും കൊതി തീരാത്ത മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ് ഗോവ. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നുകൂടിയാണിവിടം. 

renjini-travel8

കർവാർ അതിർത്തി മുതൽ മഡ്ഗാവ് വഴി നോർത്ത് ഗോവ വരെ നീണ്ടുകിടക്കുന്ന നൂറിൽ താഴെ കിലോമീറ്ററോളം വരുന്ന തീരത്ത് മിരാമർ, കൻഡോലിം, ബാഗാ, അൻജുന തുടങ്ങി ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ നിരവധി ബീച്ചുകളുണ്ട്.  ഉറക്കമില്ലാത്ത തെരുവുകളും ജനങ്ങളും. സംഗീത സമൃദ്ധമായ സന്ധ്യകളും നിയന്ത്രണങ്ങൾ ഇല്ലാതെ ഒഴുകുന്ന ലഹരിയുമൊക്കെയാണ് ഇവിടുത്തെ ആകർഷണം.

renjini-travel5

ബാഗാ ബീച്ചിനോട് ചേർന്ന് നിരവധി നൈറ്റ് ലൈഫ് ക്ലബുകൾ കാണാം. എങ്ങോട്ട് തിരിഞ്ഞാലും ബാറുകളുള്ള തെരുവുകളിൽ സന്ധ്യ മയങ്ങിയാൽ സംഗീതത്തിനൊപ്പം നൃത്തമാടി രസിച്ച് ഡിന്നർ ആസ്വദിക്കുന്നവരും കുറവല്ല. സന്തോഷമുള്ളവരുടെ മാത്രം ലോകം പോലെയാണ് ഗോവ.

renjini-travel6

ആൻഡമാന്‍ യാത്രയും എനിക്ക് ഇഷ്ടമാണ്. ഇന്ത്യയിലെ മനോഹരമായ ബീച്ചുകൾ ഏതൊക്കെയെന്നു നോക്കിയാൽ അതിൽ പ്രമുഖസ്ഥാനമുണ്ട് ആൻഡമാനിലെ ബീച്ചുകൾക്കും. ഹാവ്ലോക്, രാധാനഗർ പോലുള്ള ദ്വീപുകളിലെ ബീച്ചുകളിലേക്കും ഞാൻ പോയിട്ടുണ്ട്. മൂന്നു ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്. ലോങ് ഗ്രാമം, മിഡിൽ ഗ്രാമം, ലാൽജി ബേ എന്നിവയാണവ.  ലാൽജി ബേ ഈ ദ്വീപിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്.

ഹൈക്കിങ് താല്പര്യമുള്ളവർക്കു അത് പരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ലാൽജി ബേയിലുണ്ട്. അവിടുത്തെ കാഴ്ചകളും എനിക്ക് ഇഷ്ടമായി. മാർഗ് ബേ ബീച്ചും ദ്വീപിലെത്തുന്ന സഞ്ചാരികളെ വശീകരിക്കുന്ന പ്രധാനയിടമാണ്. ബീച്ചിന്റെ സമീപത്തു ക്യാംപ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. കടൽത്തീരത്തിനോട് ചേർന്നുള്ള രാത്രിതാമസം ഏറെ സുന്ദരമെന്നു പറയേണ്ടതില്ലല്ലോ. ഡൈവിങ്, സ്‌നോർക്കലിങ് പോലുള്ള വിനോദങ്ങളൊക്കെ ഞാൻ നടത്തി. ആദ്യമായി സ്കൂബ ഡൈവിങ് ചെയ്തത് ആൻഡമാനിലായിരുന്നു. അതൊരിക്കലും മറക്കാനാവില്ല.

renjini-travel10

വിദേശരാജ്യങ്ങൾ ചുറ്റിയടിച്ച്...

പ്രോഗ്രാമിന്റെ ഭാഗമായും അല്ലാതെയും വിദേശയാത്ര പോയിട്ടുണ്ട്. പ്രോഗ്രാം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ അവിടെ തങ്ങാറുണ്ട്.  അവിടം വരെ എത്തിയിട്ട് ആ നാടിന്റെ കാഴ്ചകൾ ആസ്വദിക്കാതെ പോകുന്നത് എന്നെ സംബന്ധിച്ച് വലിയ നഷ്ടമാണ്. അതുകൊണ്ട് ഷോയ്ക്ക് മുമ്പോ ഷോ കഴിഞ്ഞോ കുറച്ച് ദിവസങ്ങൾ അവിടുത്തെ കാഴ്ചകൾക്കായി മാറ്റിവയ്ക്കാറുണ്ട്.

renjini-travel12

വിദേശരാജ്യങ്ങളിൽ അത്രവലിയ ഇഷ്ടം തോന്നാത്തത് അമേരിക്കയാണ്. ഓസ്ട്രിയ, ന്യൂയോർക്ക്, ഇറ്റലി,   തായ്‌ലൻ‌ഡ്, ഇന്തൊനീഷ്യ തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയിൽ ഹോസ്റ്റലാണ് താമസത്തിനായി ഞാൻ തിരഞ്ഞെടുക്കുന്നത്. കൂടുതൽ സുരക്ഷിതവും അതാണ്.

renjini-travel11

കണ്ട രാജ്യങ്ങളിൽ എനിക്കേറ്റവും ഇഷ്ടം ആഫ്രിക്കയാണ്. കെനിയയിലും െഎവറി കോസ്റ്റിലും പോയിട്ടുണ്ട്. അന്നാട്ടിൽ സാധാരണ നിഷ്കളങ്കത നിറഞ്ഞ ആളുകളാണുള്ളത്. അവരുടെ സംസ്കാരവും ആതിഥേയത്വവുമൊക്കെ ഒരുപാട് ഇഷ്ടമായി. ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നുന്ന കാലത്ത് ഇവിടേക്ക് പോകണമെന്നാണ് എന്റെ ആഗ്രഹം.

renjini-travel13

റിട്ടയർമെന്റ് ജീവിതം ആഫ്രിക്കയിലാവണം. നല്ല സന്തോഷം കിട്ടും, അവിടെ  മറയില്ലാത്ത ആളുകളാണ്. തുറന്ന മനസ്സുള്ളവർ. അത്രയ്ക്കും നല്ല മനുഷ്യരാണ് അവിടെയുള്ളത്. വല്ലാതെ എന്റെ മനസ്സിനെ കീഴടക്കിയ ഇടമാണ് ആഫ്രിക്ക. മസായ്മാറ സന്ദർശിച്ചിട്ടുണ്ട്.‌‌

renjini-travel14

ഇൗ അടുത്തിടെയാണ് ഞാനും എന്റെ സുഹൃത്തുംകൂടി ഇന്തൊനീഷ്യ യാത്ര പോയത്. ബാലിയിലെ കാഴ്ചകളും വാട്ടർ സ്പോർട്സുമൊക്കെ ഒരുപാട് ഇഷ്ടമായി.

ഇന്തൊനീഷ്യയിലെ 17,000 ദ്വീപുകളെ വച്ച് നോക്കുമ്പോള്‍ മനോഹരമായ പ്രകൃതിയും ശാന്തമായ കടലോരങ്ങളുമൊക്കെയാണ് ബാലിയിലെ ആകർഷണങ്ങൾ. ബാലിയിലേക്ക് എന്റ‌െ ആദ്യ യാത്രയായിരുന്നു. അവിടെ ഒരുപാടിടത്ത് ചുറ്റിയടിച്ചു. 9 ദിവസം ബാലിയിൽ അടിച്ചുപൊളിച്ചു. ചെലവു കുറച്ചു യാത്ര പോകാൻ പറ്റിയ ഇടമാണ് ബാലി.

renjini-travel15

മറക്കാനാവാത്ത അനുഭവങ്ങൾ

യാത്രകളിൽ ഒരുപാട് കാര്യങ്ങൾ മറക്കാനാവാത്തതായി ഉണ്ട്. അടുത്തിടെ ബാലിയാത്രയിൽ രസകരമായ ഒരു സംഭവമുണ്ടായി. ഉലുവാട്ടു ടെംപിള്‍ കാണാനായി ഞങ്ങൾ പോയിരുന്നു. ബീച്ചിന് അടുത്തുള്ള ഒരു ക്ലിഫിലാണ് ഉലുവാട്ടു ടെംപിള്‍. അവിടുത്തെ സൂര്യോദയ കാഴ്ച രസകരമാണ്.

renjini-travel19

ടിക്കറ്റെടുത്ത് മുന്നോട്ടു നടന്നു. അവിടെ കുറെ കുരങ്ങുകളുണ്ട്. എന്റെ സുഹൃത്ത് അർച്ചനയുടെ വിലപിടിപ്പുള്ള ഫോൺ കുരങ്ങ് തട്ടിപ്പറിച്ചു. ആദ്യം ഞാൻ അർച്ചനയെ കളിയാക്കിയെങ്കിലും കുരങ്ങൻ എന്റെ ഫോണും തട്ടിയെടുത്തു. ഞാൻ കുരങ്ങനുമായി മല്ലിട്ട് എങ്ങനെയൊക്കെയോ ഫോൺ കൈക്കലാക്കി. സത്യത്തിൽ അവിടുത്തെ കുരങ്ങുകളെല്ലാം ട്രെയിൻഡാണ്. 

അവരുടെ ട്രെയിനറെ കാണുമ്പോൾ തട്ടിയെടുത്ത സാധനങ്ങളൊക്കെ അവ ഉപേക്ഷിച്ചിട്ടു പോകും. രസകരമായ അനുഭവമായിരുന്നു. 

മറ്റൊന്ന് കുറച്ചുനളുകൾക്കു മുമ്പ് നടന്ന സംഭവമാണ്, എന്റെ സുഹൃത്തിന്റെ വിവാഹച്ചടങ്ങളിൽ പങ്കെടുക്കാൻ ബ്രാറ്റിസാവയിലേക്ക് യാത്രയുണ്ടായിരുന്നു. എന്തായാലും യാത്ര പോവുകയാണ്, എന്നാൽ അതൊരു ട്രിപ്പാക്കാൻ ഞാൻ തീരുമാനിച്ചു. അഞ്ചു രാജ്യങ്ങൾകൂടി കറങ്ങാൻ തീരുമാനിച്ചു. ഇറ്റലി, ചെക്ക്, ഓസ്ട്രിയ, റോം, ഹംഗറി ഒക്കെയായിരുന്നു സ്ഥലങ്ങൾ. ബുഡപെസ്റ്റിലായിരുന്നു ഫ്ളൈറ്റ് ലാൻഡ് ചെയ്തത്. അവിടെനിന്നു റോമിലേക്ക് തിരിച്ചു.

renjini-travel20

കറൻസിയൊക്കെ മാറി കൈയിൽ സൂക്ഷിച്ചിരുന്നു. റോമിൽ എന്നെയും കാത്ത് കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഞാൻ അവിടെയെത്തിയപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. കൈയിൽനിന്ന് 1000 യൂറോ നഷ്ടപ്പെട്ടിരിക്കുന്നു.

അതായത് ഇന്ത്യൻ പണം എഴുപതിനായിരത്തോളം വരും. ഞാനാകെ വിഷമിച്ചു. ഇനിയും സ്ഥലങ്ങൾ കാണാൻ ബാക്കിയാണ്. യാത്ര തുടങ്ങിയതേയുള്ളൂ. അമ്മയെ വിളിച്ച് ഒരുപാട് വിഷമിച്ചു. മൂന്നു ലക്ഷം രൂപയുമായാണ് യാത്രയ്ക്കിറങ്ങിയത്. എന്തായാലും ആഗ്രഹിച്ചു വന്നിട്ട് നിരാശയായി മടങ്ങാൻ ഞാൻ ഉദേശിച്ചില്ല. കൈയിലെ ഉള്ള പണം പിശുക്കി കുറച്ച് ചെലവാക്കി പ്ലാൻ ചെയ്ത സ്ഥങ്ങളിലേക്കൊക്കെ പോയി. പണം പേയ സങ്കടം ഒഴിവാക്കിയാൽ  ശരിക്കും യാത്ര ആസ്വദിച്ചു.

renjini-travel21

ടെൻഷനടിച്ച യാത്ര

തായ്‌ലൻഡ് യാത്രയിലെ സംഭവമായിരുന്നു. ഫുൾ മൂൺ പാർട്ടി ആഘോഷിക്കുവാനായി ഞാനും സുഹൃത്തും തായ്‍ലൻഡിലേക്ക് പറന്നു. ട്രാവൽ ഏജൻസി മുഖേന ഞാനായിരുന്നു ടിക്കറ്റുകൾ ബുക്ക് ചെയ്തത്. ബാങ്കോക്കിൽ പോയി അവിടെനിന്നു ഫെറി വഴിയായിരുന്നു യാത്ര.

ബാങ്കോക്കിലെത്തി യാത്രയ്ക്കായി ഞങ്ങളുടെ കൈയിലുള്ള പേപ്പറുകൾ കാണിച്ചപ്പോൾ അവിടെയുള്ളവർ പറഞ്ഞു, അങ്ങനെയൊരു ഫെറി ഇല്ലെന്ന്. ഞങ്ങളാകെ കുഴഞ്ഞു. അടുത്തുള്ള മറ്റൊരു ഫെറിയിൽ തിരക്കിയപ്പോൾ ഉടനെ അങ്ങോട്ടേക്ക് ബോട്ടില്ലെന്നും വൈകുന്നേരമാകുമെന്നും പറഞ്ഞു.

കുറേ നേരം നടുറോഡിൽ കിടന്ന് വിശ്രമിക്കേണ്ടിയും ഉറങ്ങേണ്ടിയും വന്നു. ഭാഷപോലും വശമില്ലായിരുന്നു. പിന്നെ ഏറെ വൈകിയെങ്കിലും വൈകുന്നേരം അവിടേക്കുള്ള ബോട്ട് കിട്ടി. ടെൻഷനടിച്ച യാത്രയായിരുന്നു.

സ്വപ്നയാത്ര

renjini-travel22

എനിക്കങ്ങനെ സ്വപ്നയാത്രയൊന്നുമില്ല. കാരണം ഞാൻ നടത്തുന്ന ഏതൊരു യാത്രയും സ്വപ്നത്തിലേക്കുള്ളതാണ്. പിന്നെ ഒരാഗ്രഹമുണ്ട്. ഒരിക്കൽ ഞാൻ ലേ ലഡാക്ക് പോയിരുന്നു. കശ്മീർ, ശ്രീനഗർ, കാർഗിൽ, ഗുൽമാർഗ് വഴിയായിരുന്നു യാത്ര. പ്രകൃതിക്ക് ഇത്രയും വശ്യത ഉണ്ടോ എന്നു തോന്നിയ സ്ഥലങ്ങളായിരുന്നു. പറയാൻ വാക്കുകളില്ല അത്ര ഗംഭീരമായിരുന്നു കാഴ്ച.

രണ്ടു റൂട്ടിലൂടെ ലഡാക്ക് പോകാമെന്നറിയാം. അടുത്ത യാത്ര മണാലി വഴി ലേ ലഡാക്ക് പോകണമെന്നുണ്ട്. പിന്നെ  പുഷ്കറും നാഗാലാൻഡും സന്ദർശിക്കണമെന്നുണ്ട്.  ഡിസംബര്‍ മാസത്തിൽ നാഗാലാൻഡിൽ നടക്കുന്ന ഹോൺബിൽ ഫെസ്റ്റിവല്‍ കാണണമെന്നുണ്ട്. ജോലിതിരക്കുകൾ കാരണം പോകുവാൻ സാധിക്കുമോ എന്നറിയില്ല. യാത്രകളെ പ്രണയിക്കുന്ന രഞ്ജിനി പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com