മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോകാം, അതും ട്രെയിനിൽ; യാത്രാ വഴി ഇങ്ങനെ

ISTANBUL-to-london
SHARE

സംഭവം ശരിയാണ്. മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിൻ മാർഗം യാത്ര ചെയ്യാം. ആ അവിശ്വസനീയമായ യാത്ര എങ്ങനെ നടത്താമെന്ന് നോക്കാം. 

തുടക്കം മുംബൈയിൽ നിന്ന്

മുംബൈ നിന്ന് ഡൽഹിയിലേക്ക് ആണ് ആദ്യം പോകേണ്ടത്. മുബൈയിൽ നിന്ന് ഡൽഹിയിലേക്ക് എപ്പോഴും ട്രെയിൻ സർവീസ് നിലവിലുണ്ട്. 14 – 28 മണിക്കൂറാണ് യാത്രാസമയം. ഡൽഹിയിലെത്തിയാൽ ലാഹോറിലേയ്ക്കുള്ള ട്രെയിൻ കയറാം. ഡൽഹി അല്ലെങ്കിൽ അത്താരി എന്നീ സ്ഥലങ്ങളെയും പാകിസ്ഥാനിലെ ലാഹോറിനെയും ബന്ധിപ്പിച്ച് ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഓടുന്ന ട്രെയിനാണ് സംഝോത എക്സ്പ്രസ്. ഡൽഹിയിൽ നിന്ന് ഏകദേശം 16 മണിക്കൂർ കൊണ്ട് ലാഹോർ എത്തിച്ചേരും.

ISTANBUL-to-london1

പാകിസ്ഥാൻ ടു ഇറാൻ

ലാഹോറിൽ എത്തിയാൽ ക്വൊറ്റയാണ് അടുത്ത ലക്ഷ്യസ്ഥാനം. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വൊറ്റ. ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് അക്ബർ എക്സ്പ്രസ്. എല്ലാ ദിവസവും സർവീസുണ്ട്. 24 മണിക്കൂറാണ് യാത്രാസമയം. ക്വൊറ്റയിൽ നിന്ന് ഇറാനിയൻ സിറ്റിയായ സഹേദാനിലേക്ക് ട്രെയിൻ കയറാം.

ബലൂചിസ്ഥാനിന് തൊട്ടടുത്തുള്ള ഇറാനിന്റെ ഭാഗമായ പ്രവിശ്യയാണ് സഹേദാൻ. ക്വൊറ്റയിൽ നിന്ന് സഹേദാനിലേക്കെത്താൻ സഹേദാൻ മിക്സഡ് പാസഞ്ചർ ട്രെയിൻ ആശ്രയിക്കേണ്ടി വരും. രണ്ടു രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ മാസത്തിൽ രണ്ടു തവണ മാത്രമേ ഓടുന്നുള്ളൂ. ഒന്നാം തീയതിയും 15 –ാം തീയതിയും. 33 മണിക്കൂറാണ് യാത്രാസമയം. അതു കൊണ്ട് യാത്ര കാലയളവ് മുൻകൂട്ടി പ്ലാൻ ചെയ്ത് വേണം ഇറങ്ങാൻ. സഹേദാനിൽ നിന്ന് ഇറാൻ തലസ്ഥാനമായ തെഹ്റാനിലേക്ക് ആണ് പോകേണ്ടത്. ഈ രണ്ട് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാസഞ്ചർ‌ ട്രെയിൻ ഉണ്ട്.

റെയിൽ പാളങ്ങൾ രാജ്യാതിർത്തികൾ കടക്കുമ്പോൾ

ട്രാൻസ് ഏഷ്യ എക്സ്പ്രസ് ട്രെയിൻ വഴി തെഹ്റാനില്‍ നിന്ന് തുർക്കിയിലെ ആങ്കറയിലേക്ക് സഞ്ചരിക്കാം. മൂന്ന് ഭാഗമായി തിരിച്ചാണ് ഈ യാത്ര. ആദ്യം തെഹ്റാനിൽ നിന്ന് തുർക്കിയിലെ വാൻപയെർ സ്റ്റേഷനിലേക്ക് എത്തുക. അവിടെ നിന്ന് വാൻ തടാകം കടക്കാൻ കപ്പൽ/ ബോട്ട് സംവിധാനം ഉപയോഗിച്ചേ മതിയാകൂ. തടാകം കടന്നാൽ ആങ്കറയിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഉണ്ട്. ആങ്കറ നിന്ന് ഇസ്താംബൂളിലേക്ക് പിന്നെ പോകേണ്ടത്.  ഏറ്റവും സ്പീഡ് കൂടിയ ട്രെയിൻ സർവീസാണ് ഈ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. 533 കിലോമീറ്റർ ദൂരം താണ്ടാൻ അഞ്ച് മണിക്കൂർ മതി. 

train-1

ലക്ഷ്യത്തിലേക്കെത്തുന്നു

ഇസ്താംബൂൾ നിന്ന് ലണ്ടനിലേക്ക്  5 ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തി വേണം യാത്ര നടത്താൻ. 

. ഇസ്താംബൂൾ – ബുച്ചെറസ്റ്റ് (റൊമാനിയ)

. ബുച്ചെറസ്റ്റ് – ബുഡാപെസ്റ്റ് (ഹംഗറി)

. ബുഡാപെസ്റ്റ് – മ്യൂണിച്ച് (ജർമനി)

. മ്യൂണിച്ച് – പാരിസ് (ഫ്രാൻസ്)

. പാരിസ് – ലണ്ടൻ. 

ആകാശക്കാഴ്ച്ചകളേക്കാൾ മനോഹരമായ ദൃശ്യാനുഭവവും  എന്നെന്നും ഓർത്തിരിക്കാൻ ഒരുപാടു ഓർമ്മകളും നൽകാൻ ട്രെയിൻ യാത്രകൾക്ക് സാധിക്കും. പല രാജ്യങ്ങളിലൂടെ പല ഭൂപ്രകൃതിയിലൂടെ കടന്നുപോകുമ്പോൾ വ്യത്യസ്തമാർന്ന അനുഭവസമ്പത്ത് നേടാൻ നമുക്കാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA