ADVERTISEMENT

6 ലക്ഷം ജനസംഖ്യയുള്ള ലക്സംബർഗ് യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ്. എന്നിട്ടും വലിയ ട്രാഫിക് ജാം അനുഭവിക്കുന്നു. ഇനി അതു മാറാൻ പോകുകയാണ്. ട്രെയിനുകൾ, ട്രാമുകൾ, ബസുകൾ അടക്കമുള്ള പൊതുഗതാഗതം 2020 മാർച്ച് മുതൽ സൗജന്യമാക്കാനുള്ള ഒരുക്കത്തിലാണ് ലക്സംബർഗ്. പരിസ്ഥിതിക്ക് മുൻഗണന നൽകാനും ലോകത്തിലെ ഏറ്റവും കടുത്ത ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനുമാണ് മാതൃകാപരമായ ഈ ചുവടുവയ്പ്. യൂറോപ്യൻ യൂണിയനിൽ നിലവിൽ ഏറ്റവും കൂടുതൽ കാറുകൾ ഉള്ളത് ലക്സംബർഗിലാണ്‌.

യൂറോപ്പിലെ ചെറിയ രാജ്യങ്ങളിലൊന്നാണ് ലക്സംബർഗ്. യൂറോപ്യൻ യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ പലരും അവഗണിക്കാറുണ്ടെങ്കിലും, യൂറോപ്പിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ലക്സംബർഗ്.

luxembourg-traffic-jam1

വൈവിധ്യങ്ങളുടെ നഗരം 

ലക്സംബർഗ് സിറ്റി അതിന്റെ അനേകം ആനന്ദങ്ങളാൽ നിങ്ങളെ അദ്ഭുതപ്പെടുത്തും. സംസ്കാരവും ചരിത്രവും ഭാഷകളും തികഞ്ഞ ഐക്യത്തോടെ പ്രവർത്തിക്കുന്ന ഒരു രാജ്യം. നാടകം, മ്യൂസിയങ്ങൾ, യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകൾ, വാസ്തുവിദ്യാ വൈവിധ്യങ്ങൾ എന്നിവയുടെ സമന്വയത്താൽ തലസ്ഥാന നഗരമായ ലക്സംബർഗ് സവിശേഷകുന്നു.

ലക്സംബർഗ് നഗരം  അവിശ്വസനീയമാംവിധം ഭാഷവൈവിധ്യപൂർണമാണ്. പ്രധാന യൂറോപ്യൻ ഭാഷകളായ ഇംഗ്ലിഷ്,ഫ്രഞ്ച്, ജർമൻ എന്നിവയിലേതും ഉപയോഗിച്ച് ആശയവിനിമയം നടത്താം.

യൂറോപ്പിലെ ഏറ്റവും മനോഹരമായ ബാൽക്കണി ലക്സംബർഗ് സിറ്റിയിലാണ്. ഇതിനെ കോർണിഷ് എന്ന് വിളിക്കുന്നു. ഈ ബാൽക്കണിയിൽ നിന്ന് നഗരത്തിന്റെ പഴയ ഭാഗങ്ങളിലൂടെ  അതിശയകരമായി കണ്ണ് പായിക്കാം.  

ശ്രദ്ധേയമായ ധാരാളം കോട്ടകൾ ഈ നഗരത്തിലുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന വിയാൻഡെൻ കാസിൽ ആണ്. നഗരവും ഇവിടുത്തെ പഴയ കോട്ടകളും യുനെസ്കോ  ലോക പൈതൃക പട്ടികപ്പെടുത്തിയിട്ടുള്ളതാണ്. 

luxembourg-traffic-jam

ലക്സംബർഗിന് മാത്രമുള്ള പ്രത്യേകതയാണ്  ലോകത്തിലെ അവശേഷിക്കുന്ന ഒരേയൊരു ഗ്രാൻഡ് ഡച്ചി എന്ന പദവി. ലക്സംബർഗിലെ രാജാക്കന്മാർ മറ്റുള്ള ഇടങ്ങളിലേത് പോലെ അല്ല, പകരം അവർ ഡ്യൂക്, ഡച്ചസ് എന്നിങ്ങനെയാണ് വിശേഷിപ്പിക്കപ്പെടുന്നത്.  അതിനാലാണ് ലക്സംബർഗിനെ ഗ്രാൻഡ് ഡച്ചി എന്നു വിളിക്കുന്നത്. 

മനോഹരമായ ഗ്രാമപ്രദേശങ്ങൾ സന്ദർശിക്കാതെ ലക്സംബർഗിലേക്കുള്ള യാത്ര  അപൂർണമാണ്. മിക്കവരും നഗരം മാത്രം  സന്ദർശിക്കുന്നു. ലക്സംബർഗിന്റെ മനോഹാരിത ശരിക്കും അതിന്റെ തലസ്ഥാനത്തിന് പുറത്താണ്, അതിനാൽ നിങ്ങൾ നഗര സന്ദർശനം കഴിഞ്ഞാൽ ഈ കാഴ്ചവട്ടങ്ങളിലേക്കു കൂടി ഒന്നു പോയി വരണം. പെട്രൂസ് വാലിയിലെ വിശാലമായ ഹരിത ഇടങ്ങൾ, പൊതു പാർക്കുകൾ, അൽസെറ്റിലെ മനോഹരമായ തീരങ്ങൾ, ബോട്ടിക്കുകളും ഹൈ സ്ട്രീറ്റ് ഷോപ്പുകളും ഉൾപ്പെടുന്ന ഷോപ്പിങ് എന്നിവ മനോഹരമായ അനുഭവമാണ്. 

ലക്സംബർഗ് നഗരത്തിലെ ഏറ്റവും മനോഹരമായ ഭാഗങ്ങൾ ആസ്വദിക്കാൻ ഏറ്റവും മികച്ചത് ബസോ ട്രാമോ തന്നെയാണ്. ബസുകളും ട്രെയിനുകളും കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തുന്നതിനാൽ സമയനഷ്ടമുണ്ടാകില്ല. പൊതുഗതാഗതം സൗജന്യമാകുന്നതോടെ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാകുമെന്നാണ് ലക്സംബർഗിന്റെ പ്രതീക്ഷ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com