sections
MORE

നൂറിലേറെ രാജ്യങ്ങൾ സന്ദർശിച്ച നടിയുടെ മാലദ്വീപ് യാത്ര

shenaztreasuryvala-trip1
SHARE

ഷെനാസ് ട്രഷറിവാല എന്ന പേര് ട്രാവൽ വിഡിയോകൾ കാണുന്ന മിക്കവർക്കും അറിയാം. നൂറിലേറെ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞ ഷെനാസിന്റ ട്രാവൽ വ്ലോഗുകൾ എല്ലാം സൂപ്പർ ഹിറ്റുകളുമാണ്.

mali

ബോളിവുഡ് നടിയും മോഡലും അവതാരകയുമൊക്കെയാണെങ്കിലും  ഷെനാസിനെ പ്രശസ്തയാക്കുന്നത് യാത്രകൾ തന്നെയാണ്. വല്ലപ്പോഴും വീണു കിട്ടുന്ന ഒഴിവു സമയത്തു പോലും യാത്രപോകാനാണ് താരത്തിന് ഇഷ്ടം. shehnaz treasurywala എന്നു യു ട്യൂബിൽ സെർച് ചെയ്താൽ ആ യാത്രകളുടെ വിഡിയോ കാണാം. വിഡിയോ ലോഗർ അഥവാ വ്ലോഗർ എന്നാണ് സഞ്ചാരികൾക്കിടയിൽ ഷെനാസ് അറിയപ്പെടുന്നത്.

ഷെനാസിന്റെ ഭൂരിഭാഗം യാത്രകളും ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് ലോകം ചുറ്റി നടക്കുന്ന സ്ത്രീയെന്ന നിലയിൽ താൻ ഏറെ സന്തോഷവതിയാണെന്നും വിദേശ രാജ്യങ്ങളിലൊക്കെ ചെല്ലുമ്പോൾ വളരെ ആദരവോടെയും ബഹുമാനത്തോടെയുമാണ് തന്നെ കാണുന്നതെന്നും ഷെനാസ്. താരത്തിന്റെ മാലദ്വീപ് സന്ദർശന വിഡിയോകളും വൈറലാണ്. 

യാത്രാപ്രേമികളെല്ലാം ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന രാജ്യമാണ് മാലദ്വീപ്. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ കൂട്ടമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്.

malidives-trip

സങ്കീർണമായ വീസ നടപടികളൊന്നുമില്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന രാജ്യമാണിത്. ഷെനാസിന്റെ മാലദ്വീപ് സന്ദർശനം തികച്ചും വ്യത്യസ്തമായിരുന്നു. അവിടുത്തെ കാഴ്ചകളെക്കാൾ അന്നാട്ടുകാരുടെ ജീവിതരീതി അറിഞ്ഞുള്ള യാത്രയായിരുന്നു പ്ലാൻ. 

ഷെനാസും സുഹൃത്തുമാണ് മാലദ്വീപിലേയ്ക്ക് പോയത്. പതിവു യാത്രകളിൽനിന്നു വ്യത്യസ്തമായി ദ്വീപ് നിവാസികളുടെ ജീവിതവും അവരുടെ വീടുകളുമൊക്കെ പരിചയപ്പെടുത്തുന്ന ഇൗ സഞ്ചാരം ശരിക്കും അദ്ഭുതപ്പെടുത്തി എന്നു തന്നെ പറയാം. മാലിക്കാരുടെ വീടുകൾ മുഴുവൻ സമയവും തുറന്നു കിടക്കുമത്രേ. കള്ളൻമാരില്ലാത്ത ഏറ്റവും സുരക്ഷിതമായ നാടാണ് മാലദ്വീപെന്നാണ് ഷെനാസ് പറയുന്നത്. അവരുടെ ജീവിതരീതികളും വീടിന്റെ ഉള്ളറകളുമെല്ലാം വിഡിയോയിൽ കാണാം. 

താൻ താമസിച്ച ആഡംബര റിസോർട്ടിനെക്കുറിച്ചും ഷെനാസ് വിവരിക്കുന്നുണ്ട്. തന്റെ മാലി യാത്ര ഗേൾഫ്രണ്ടിനൊപ്പമുള്ള യാത്രയെന്നാണ് അവർ വിശേഷിപ്പിച്ചത്. ആരുടെ കൂടെയാണ് യാത്ര ചെയ്യേണ്ടത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്തു പറയും? ഷെനാസിന് പറയാന്‍ ഒരൊറ്റ ഉത്തരമേയുള്ളൂ- പെണ്‍സുഹൃത്തുക്കള്‍! കാശിനെപ്പറ്റി വേവലാതിപ്പെടാതിരിക്കാന്‍ കയ്യില്‍ മാസ്റ്റര്‍ കാര്‍ഡും വേണം! ഷോപ്പിങ്ങാവട്ടെ, സാഹസിക കായിക വിനോദങ്ങളാവട്ടെ, ഇന്‍സ്റ്റഗ്രാമിലിടാന്‍ ചുമ്മാ സെല്‍ഫിയെടുത്തു കൂട്ടലാവട്ടെ... ഗേള്‍ഫ്രണ്ട്സ് കൂടെയുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കണ്ട! പെണ്‍സുഹൃത്തുക്കളുമായി പോകാന്‍ ഏറ്റവും നല്ല സ്ഥലം തായ്‌ലന്‍ഡ്‌ ആണെന്ന് നിര്‍ദ്ദേശിക്കുന്നുമുണ്ട് ഷെനാസ്. 

‘സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണു ഞാൻ. യാത്രകൾ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. അതിനായി ചെലവാക്കുന്ന പണത്തിന്റെ കണക്കു നോക്കാറില്ല. ലോക സഞ്ചാരമാണ് ഇപ്പോൾ ജീവിത ലക്ഷ്യമെന്നു പോലും പറയാൻ മടിയില്ല. ഉത്തരവാദിത്തമുള്ള യാത്രിക എന്ന പേരിൽ അറിയപ്പെടാനാണ് എന്റെ ആഗ്രഹം. ഇതിനകം നൂറിലേറെ രാജ്യങ്ങൾ സന്ദർശിച്ചു. ഓരോ രാജ്യവും സമ്മാനിക്കുന്ന പുതുമയും കൗതുകവും ഞാൻ ആസ്വദിക്കുന്നു’ – ഷെനാസ് പറയുന്നു.

കേരളത്തിൽ 10 ൽ അധികം തവണ സന്ദർശനം നടത്തിയിട്ടുള്ള ഷെനാസിന് ഏറ്റവും ഇഷ്ടമുള്ള ഇടങ്ങളിലൊന്ന് കൂടിയാണ് നമ്മുടെ നാട്. കായലും നെൽപാടങ്ങളും തെങ്ങിൻതോട്ടവും വാഴയുമൊക്കെ കേരളത്തിന്റെ സ്വന്തം കാഴ്ചകളാണ്. സ്നേഹമുള്ള ജനങ്ങളും സ്വാദുള്ള ഭക്ഷണവും വീണ്ടും വീണ്ടും ഇവിടേക്കു വരാൻ തന്നിൽ മോഹമുണ്ടാക്കുന്നുണ്ടെന്നാണ് ഷെനാസിന്റെ പക്ഷം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA