ADVERTISEMENT

ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച നീന്തല്‍ എന്നാണ് അന്‍റാര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള നീന്തല്‍ അറിയപ്പെടുന്നത്. ജലത്തിന്‍റെ താപനില മിക്കവാറും വെറും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും. എന്നാല്‍ ഇതിലൂടെയുള്ള നീന്തല്‍ ഒരിക്കലും അസാധ്യമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ല്യൂയിസ് പുഗ് എന്ന 48കാരനായ മുന്‍ വക്കീല്‍.

നട്ടുച്ചക്ക് പോലും തണുത്തുറഞ്ഞു കിടക്കുന്ന ജലത്തിലൂടെ ഉച്ചക്ക് രണ്ടു മണി നേരത്ത് നീന്തിയ ല്യൂയിസ് ഒരു കിലോമീറ്റര്‍ ദൂരം 19 മിനിറ്റ് കൊണ്ട് നീന്തിയെത്തി. കിംഗ് എഡ്വേര്‍ഡ് കവര്‍ തീരത്ത് നിന്നും തുടങ്ങി സൗത്ത് ജോര്‍ജിയയിലെ ഗ്രിറ്റ്വൈക്കനില്‍ എത്തിയാണ് നാഷണല്‍ ജ്യോഗ്രഫികിന്‍റെ 2014 വര്‍ഷത്തെ മികച്ച സാഹസികനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഈ പുലിക്കുട്ടി നീന്തല്‍ അവസാനിപ്പിച്ചത്.

വെറുതേ പ്രശസ്തി നേടാന്‍ വേണ്ടിയല്ല ല്യൂയിസ് ഇത്തരം സാഹസകൃത്യങ്ങള്‍ക്ക് ഇറങ്ങുന്നത്. സമുദ്രങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന ഈ മനുഷ്യനെ, യുനൈറ്റഡ് നേഷന്‍ പാട്രന്‍ ഓഫ് ദി ഓഷ്യനായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്താകമാനമുള്ള സമുദ്രങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും അവയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയും ആളുകളെ ബോധവല്‍ക്കരിക്കുകയാണ് ല്യൂയിസിന്‍റെ ലക്‌ഷ്യം.

അതിമനോഹരം ഈ യാത്ര

ജീവന്‍ വരെ നഷ്ടപ്പെടാവുന്നത്രയും അപായകരമായിരുന്നു അന്‍റാര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള നീന്തല്‍. 'ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരം' എന്നാണ് നീന്തിക്കയറിയ ശേഷം ഈ അനുഭവത്തെ ല്യൂയിസ് വിശേഷിപ്പിച്ചത്! സോഷ്യല്‍ മീഡിയയിലൂടെ ലോകം മുഴുവന്‍ ലൈവായി ഈ സാഹസികയാത്ര കണ്ടു. എണ്ണായിരം പൗണ്ടോളം ഭാരം വരുന്ന രണ്ടു എലിഫന്റ് സീലുകള്‍ യാത്രക്കിടെ ല്യൂയിസിന്‍റെ കൂടെ കൂടി.

ഇത് നീന്തലിന്‍റെ വേഗത അല്‍പ്പം കുറച്ചു എന്നല്ലാതെ ഭാഗ്യം കൊണ്ട് അപകടം ഒന്നും ഉണ്ടായില്ല. തണുത്തുറഞ്ഞ ജലത്തില്‍ ശരീരതാപനില താഴ്ന്നു പോകാതെ നിലനിര്‍ത്തുക എന്നത് മറ്റൊരു വലിയ വെല്ലുവിളിയായിരുന്നു. അസാമാന്യമായ മനോധൈര്യവും കായികബലവും ല്യൂയിസിന് അവിടെയും തുണയായി.

Image courtesy: Lewispugh Facebook Page

സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകളുടെ സംരക്ഷണത്തിനായി

സൗത്ത് ജോര്‍ജിയയും മറ്റു ചില കുഞ്ഞു ദ്വീപുകളും ഉള്‍പ്പെടുന്ന ദ്വീപ്‌ സമൂഹമാണ് 'സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകൾ' എന്നറിയപ്പെടുന്നത്. ഈ ദ്വീപുകളെ സംരക്ഷിക്കാനുള്ള യുകെ ഗവണ്മെന്റിന്‍റെ പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു ഈ പരിപാടി നടത്തിയത്. കടലിനെയും സമുദ്രജീവികളെയും സംരക്ഷിക്കുന്നതിനായി ഈ പ്രദേശത്ത് മത്സ്യബന്ധനം പൂർണ്ണമായും നിരോധിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും സവിശേഷവും പ്രാകൃതവുമായ പ്രദേശങ്ങളില്‍ ഒന്നാണിത്. ഭൂമിയിലെ മൊത്തം പെൻ‌ഗ്വിനുകളുടെ എണ്ണത്തിന്‍റെ പത്തു ശതമാനത്തോളം കാണപ്പെടുന്നത് ഇവിടെയാണ്‌.  കൂടാതെ വംശനാശഭീഷണി നേരിടുന്ന നിരവധി സമുദ്ര സസ്തനികളുമുണ്ട്.

1976 മുതൽ 1982 വരെ തുലെ ദ്വീപിൽ സ്ഥിരമായി മനുഷ്യരുള്ള അർജന്റീന ഗവേഷണ കേന്ദ്രം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകളിൽ ഒന്നിലും ജനവാസമില്ല. തുലെ ദ്വീപിലും മറ്റൊരു ദ്വീപായ സാവോഡോവ്സ്കിയിലും ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ പ്രവര്‍ത്തിക്കുന്നുണ്ട്.

സൗത്ത് ജോര്‍ജിയന്‍ ടൂറിസം

സൗത്ത് ജോർജിയ സന്ദർശിക്കാനുള്ള ഏക മാർഗം കടല്‍ വഴിയാണ്. ദ്വീപുകളിൽ എയർസ്ട്രിപ്പുകൾ ഇല്ല. സമീപകാലത്ത് സൗത്ത് ജോര്‍ജിയന്‍ പ്രദേശത്ത് ടൂറിസം ഒരു വലിയ വരുമാന മാർഗ്ഗമായി മാറിക്കൊണ്ടിരിക്കുന്നു. ക്രൂയിസ് കപ്പലുകളും മറ്റു കപ്പൽയാത്രകളും ഈ പ്രദേശത്തിപ്പോള്‍ സുലഭം. ലാൻഡിംഗ് ചാർജുകളിൽ നിന്നും സുവനീർ വിൽപ്പനയിലൂടെയുമാണ് ഈ പ്രദേശത്ത് പ്രധാന വരുമാനം ലഭിക്കുന്നത്.  ഫോക്ക്ലാൻഡ് ദ്വീപുകളിൽ നിന്നാണ് ബുക്കിംഗ് ചെയ്യുന്ന കപ്പല്‍ യാത്രകള്‍ ആരംഭിക്കുന്നത്. നാല് മുതൽ ആറ് ആഴ്ച വരെ നീണ്ടുനിൽക്കുന്ന യാത്രയായിരിക്കുമിത്. കൂടാതെ സൗത്ത് ജോർജിയയിലെയും മറ്റു സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകളിലെയും വിദൂര തുറമുഖങ്ങൾ സന്ദർശിക്കാനുള്ള അവസരവും സഞ്ചാരികള്‍ക്ക് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com