ADVERTISEMENT

കിടുക്കന്‍ ഫുഡ്, ബീച്ച്, സാഹസിക വിനോദങ്ങള്‍, കാണാനോ മനോഹരം! പട്ടായയെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല. തായ്‍‌‌ലൻഡിലെ ‘ലാസ് വേഗാസ്’ എന്നറിയപ്പെടുന്ന പട്ടായ സഞ്ചാരികള്‍ക്കു നല്‍കുന്നത് മായികമായ അനുഭവങ്ങളാണ്. രാത്രിജീവിതം കൂടുതല്‍ മനോഹരമാണ് പട്ടായയില്‍. കുറച്ചു രാത്രികള്‍ ഇവിടെ കറങ്ങിത്തിരിഞ്ഞാല്‍ മാത്രമേ പട്ടായയുടെ ഒരു വൈബ് മനസ്സിലാക്കാന്‍ പറ്റൂ. ഇതിനായി പോകേണ്ട സ്ഥലങ്ങളും ചെയ്യേണ്ട ചില കാര്യങ്ങളുമൊക്കെയാണ് ഇനി പറയുന്നത്.

ക്ലബ് ഇന്‍സോംനിയ (Club Insomnia)

പട്ടായയിലെ ഏറ്റവും അടിപൊളി ക്ലബ്ബാണ്‌ ക്ലബ് ഇന്‍സോംനിയ. എല്ലാ രാത്രികളിലും ലേസര്‍ ലൈറ്റ് ഷോയും ബാസ് മ്യൂസികും ഡിജെകളുമൊക്കെയുള്ള തകര്‍പ്പന്‍ സ്ഥലമാണിത്. ഉള്ളില്‍ കടക്കുമ്പോള്‍ യൂറോപ്പിലെ ഏതോ ക്ലബ്ബില്‍ കയറിയ പോലെ.  രണ്ടു പ്രധാന ഫ്ലോറുകളും ഒരു വിഐപി സെക്‌ഷനുമാണ് ഇവിടെയുള്ളത്. ഒന്നാമത്തെ ഫ്ലോറില്‍ ഡ്രിങ്ക്സ് കഴിക്കാനുള്ള ഐബാര്‍, രണ്ടാമത്തെ നിലയിലാണ് ക്ലബ്. പാര്‍ട്ടി നടക്കുന്നത് ഈ ക്ലബ്ബിലാണ്. പാട്ടും ആട്ടവുമായി പാതിരാത്രി വരെ ഊര്‍ജ്ജസ്വലമാണ് ഇവിടം.

pattaya-music

ഗോ ഗോ ബാറുകള്‍ (Go-Go Bars)

സ്ട്രിപ് ക്ലബ് പോലെയുള്ള ഒരു സംവിധാനമാണിത്. നിറയെ സ്റ്റേജുകളും കണ്ണാടികളുമൊക്കെയുള്ള ഈ സ്ഥലത്ത് കുറച്ചു കസേരകളും മേശകളും ഇട്ടിരിക്കും. ഡാന്‍സ് ഫ്ലോറില്‍ അതിഥികള്‍ക്കൊപ്പം ആടിപ്പാടുന്ന പെണ്‍കുട്ടികള്‍. ഈ പെണ്‍കുട്ടികളുടെ ഡ്രിങ്ക്സിന്‍റെ ബില്‍ കൊടുക്കുന്നത് കൂടെ ആടുന്നവര്‍ ആയിരിക്കും. പട്ടായയില്‍ ഇത്തരം ധാരാളം ക്ലബ്ബുകള്‍ ഉണ്ട്. ഇത്തരം ബാറുകളില്‍ സമയം ചെലവഴിക്കണമെങ്കില്‍ ചെലവുണ്ട് എന്നതാണ് ചെറിയൊരു പ്രശ്നം. ഒരു ഡ്രിങ്കിന് 500 രൂപ മുതല്‍ മുകളിലോട്ടാണ് ചാര്‍ജ്.

സെന്‍സേഷന്‍സ് ബാര്‍ (Sensations Bar)

pattaya

പുരുഷന്മാരായി ജനിച്ച് അതിസുന്ദരികളായ സ്ത്രീകളായി ജീവിക്കുന്നവരാണ് ഇവിടെ അതിഥികളെ വരവേല്‍ക്കുന്നത്. ‘ലേഡിബോയ്സ്’ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ബീയറും മറ്റും അത്ര വിലക്കൂടുതല്‍ ഇല്ലാതെ കിട്ടും എന്നതാണ് മറ്റൊരു പ്രത്യേകത. പാര്‍ട്ടികളും നടക്കാറുണ്ട് ഇവിടെ

അല്‍കട്രാസ് ബാര്‍ (Alcatraz)

ജയില്‍ തീമാക്കി ഉണ്ടാക്കിയ ഒരു ഗോ ഗോ ബാര്‍ ആണ് അല്‍കട്രാസ്. ലേസര്‍ ലൈറ്റ് ഷോയും സ്റ്റേജില്‍ നൃത്തമാടുന്ന മനോഹരികളായ സ്ത്രീകളും ഇവിടത്തെ രാത്രിക്ക് മാറ്റു കൂട്ടും. ഇതിനുള്ളില്‍ നിറയെ ‘ജയിലറകള്‍’ കാണാം, ഓരോന്നിന്‍റെയും ഉള്ളില്‍ നൃത്തമാടുന്ന പെണ്‍കുട്ടികളെയും. ഏകദേശം 50 പെണ്‍കുട്ടികള്‍ ഇവിടെ ജീവനക്കാരായുണ്ട്. സ്വകാര്യ പാര്‍ട്ടികള്‍ക്കും മറ്റുമായി മുകളില്‍ മറ്റൊരു നില കൂടിയുണ്ട്.

ഷുഗര്‍ ഷാക്ക് ബാര്‍ (Sugar Shack Bar)

സ്പോര്‍ട്സ് പ്രേമികൾക്ക് ബഹളങ്ങളില്‍നിന്നു മാറി സമാധാനമായി ഇരിക്കാനുള്ള സ്ഥലം- അതാണ്‌ ഷുഗര്‍ ഷാക്ക് ബാര്‍. ഇവിടെയുള്ള  ടെലിവിഷനുകളിൽ സ്പോര്‍ട്സ് ചാനലുകള്‍ എപ്പോഴും ഓണ്‍ ആയിരിക്കും. ഇഷ്ടമുള്ള ചാനല്‍ കണ്ടില്ലെങ്കില്‍ ജീവനക്കാരോട് പറഞ്ഞാല്‍ അവര്‍ മാറ്റിത്തരും. ഇംഗ്ലിഷ് സംസാരിക്കുന്ന ആളുകള്‍ ആണ് ഇവിടെ കൂടുതലും. ഒരു ബീയര്‍ വാങ്ങി സമാധാനമായി ടിവി കണ്ടിരിക്കുകയോ മറ്റു രാജ്യങ്ങളില്‍ നിന്നു വന്ന ആളുകളുമായി സംസാരിക്കുകയോ ചെയ്യാം.

അയണ്‍ ക്ലബ് (Iron Club)

പകുതി ക്ലബ്ബും പകുതി ഗോഗോ ബാറും ആയ സ്ഥലമാണിത്. ഉള്ളില്‍ മനോഹരമായ സജ്ജീകരണങ്ങളും അതിലും സുന്ദരികളായ സ്ത്രീകളും. ഇവിടെയെത്തുന്ന ഓരോ ആള്‍ക്കും ഒരു വിഐപി ഫീല്‍ നല്‍കുന്ന അന്തരീക്ഷമാണിത്. ഒന്നിലധികം സ്റ്റേജുകള്‍ ഇവിടെയുണ്ട്. പ്രഫഷനല്‍ നൃത്തത്തിനായി രണ്ടു സ്റ്റേജുകളും അല്ലാത്തവര്‍ക്ക് വേണ്ടി ചെറിയ സ്റ്റേജുകളും സജ്ജീകരിച്ചിരിക്കുന്നു. പാര്‍ട്ടി പ്രിയന്മാര്‍ക്ക് അടിച്ചു പൊളിക്കാന്‍ പറ്റുന്ന സ്ഥലമാണിത്.

തഹീഷന്‍ ക്വീന്‍ (Tahitian Queen)

പട്ടായയിലെ ഏറ്റവും പഴയ ഗോ ഗോ ബാര്‍ ആണ് തഹീഷന്‍ ക്വീന്‍. ബീച്ച് റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ബാര്‍ 'TQ' എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. പകല്‍സമയത്ത് തുറന്നിരിക്കുന്ന ഗോ ഗോ ബാര്‍ എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. ഉച്ചക്ക് രണ്ടു മണി മുതലാണ്‌ ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ക്രിസ്മസ് സമയത്ത് ഇവിടെ നടക്കുന്ന പാര്‍ട്ടി ഏറെ പ്രശസ്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com