ADVERTISEMENT

ടൂറിസ്റ്റുകള്‍ക്ക് അത്ര സുരക്ഷാപ്രശ്നങ്ങള്‍ ഉള്ള രാജ്യമല്ല തായ്‌ലൻഡ്. എന്നിരുന്നാലും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

താമസം തെരഞ്ഞെടുക്കുമ്പോള്‍ 

മറ്റെല്ലാ സ്ഥലത്തുമുള്ള പോലെത്തന്നെ തായ്‌ലൻഡിലും താമസസൗകര്യം തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിച്ചു വേണം ചെയ്യാന്‍. കാശ് ലാഭിക്കാമെന്നു വച്ച് വളരെ ചീപ്പായ സ്ഥലങ്ങള്‍ തേടിപ്പോയാല്‍ ചിലപ്പോള്‍ പണി കിട്ടിയെന്നു വരും. മുറിക്കു പൂട്ടും വിളിച്ചാല്‍ ഓടി വരാന്‍ ആളുകളും വൃത്തിയായി പരിപാലിച്ചതുമായ മുറികള്‍ വേണം താമസത്തിനായി തെരഞ്ഞെടുക്കാന്‍. കാശു കുറഞ്ഞ ഇടങ്ങളില്‍ സാധനങ്ങള്‍ കളവു പോകാന്‍ സാധ്യതയുണ്ട്. രാത്രി മുഴുവന്‍ മൂട്ട കടിയും കൊണ്ട് ഉറങ്ങുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ! സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള താമസ സൗകര്യങ്ങള്‍ ഈ രാജ്യത്ത് ധാരാളമുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ വലിയ വിഷമവുമില്ല.

മോഷണം സൂക്ഷിക്കുക

കൊലപാതകം പോലെയുള്ള സീരിയസ്സായ കുറ്റകൃത്യങ്ങള്‍ കുറവാണെങ്കിലും തട്ടിപ്പറി, മോഷണം മുതലായ പെറ്റിക്കേസുകള്‍ ഇവിടെ ധാരാളമുണ്ട്. ചുമ്മാ റോഡിലൂടെ നടന്നു പോകുമ്പോള്‍ ബാഗും വിലയേറിയ മാലയും മറ്റുമൊക്കെ തട്ടിപ്പറിച്ചു കൊണ്ട് കള്ളന്മാര്‍ പോകാന്‍ സാധ്യത ഉണ്ട്. മോട്ടോര്‍ബൈക്കില്‍ വരുന്ന മോഷ്ടാക്കള്‍ ആണ് അധികവും ഉള്ളത്. ബാഗ് തട്ടിപ്പറിക്കുമ്പോള്‍ ദേഹത്തു മുറിവു പറ്റി അപകടം ഉണ്ടാവാനും സാധ്യതയുണ്ട്. അതിനാല്‍ വിലയേറിയ സാധനങ്ങള്‍ കയ്യിലെടുത്ത് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. 

രാത്രി സഞ്ചാരം 

നമ്മുടെ നാട്ടിലൂടെ നടക്കുന്നതു പോലെ രാത്രി ഇരുണ്ട വഴികളിലൂടെയുള്ള യാത്ര അത്ര നന്നല്ല തായ്‌ലൻഡില്‍. എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ബീച്ചുകളും ഇതില്‍ നിന്നും വിഭിന്നമല്ല. പല നാടുകളില്‍ നിന്നും പല സ്വഭാവക്കാരായ ആളുകള്‍ എത്തുന്നതിനാലും മിക്കവാറും പേര്‍ ലഹരി ഉപയോഗിക്കുന്നതിനാലും എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പറ്റില്ല. അഥവാ രാത്രി യാത്ര ചെയ്യേണ്ടി വന്നാല്‍ കുരുമുളകു സ്പ്രേ പോലെയുള്ള സാധനങ്ങള്‍ കൂടെ കരുതുന്നത് ചിലപ്പോള്‍ ഉപകാരപ്പെടും.

എന്തു വസ്ത്രമാണ് ധരിക്കേണ്ടത്?

ഇവിടെ എല്ലായിടത്തും കാണുന്ന ബാര്‍ ഗേള്‍സിനെ കണ്ട് അതുപോലെ വസ്ത്രം ധരിക്കാന്‍ നോക്കേണ്ട. അത്ര വിശാല മനസ്ഥിതിയൊന്നും ഉള്ള ആളുകള്‍ അല്ല തായ്‌ലൻഡില്‍ ഇപ്പോഴും ഉള്ളത്. ബീച്ചില്‍ പോയി ബിക്കിനി ധരിച്ച് നില്‍ക്കുകയാണെങ്കില്‍ ജനക്കൂട്ടം ഇല്ലാത്ത സ്ഥലങ്ങളിലേക്ക് പോകരുത്. മുകളില്‍ ധരിക്കാന്‍ എപ്പോഴും ഒരു മേല്‍വസ്ത്രം കയ്യില്‍ കരുതുക. 

പുണ്യസ്ഥലങ്ങളില്‍ പോകുമ്പോള്‍ അതിനനുസരിച്ച വസ്ത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെയൊന്നും പാദരക്ഷകള്‍ പാടില്ല എന്ന് നിഷ്കര്‍ഷയുണ്ട്.

സ്ത്രീകള്‍ക്കെതിരെ ഹരാസ്മെന്‍റ് ഉണ്ടോ?

മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന സ്ത്രീകളെ എല്ലാവരും നല്ല കണ്ണോടെ തന്നെ കാണണം എന്ന് നിര്‍ബന്ധമില്ല. തായ്‌ലൻഡിലെ സ്ഥിതിയും വ്യത്യസ്തമല്ല. കൂടുതലും ബുദ്ധമത വിശ്വാസികള്‍ ആയതിനാല്‍ സ്ത്രീകളെ കാണുമ്പോള്‍ പൊതുവേ കമന്‍റുകളും ചൂളം വിളികളും ഇവിടെയില്ല. വല്ലയിടത്തു നിന്നും അത്തരം 'പ്രകടനങ്ങള്‍' കണ്ടാല്‍ മൈന്‍ഡ് ചെയ്യാതെ നടന്നു നീങ്ങുന്നതാണ് നല്ലത്!

സന്യാസികളെ തൊടാന്‍ പാടില്ല!

സ്ത്രീകള്‍ സന്യാസികളെ തൊടാന്‍ പാടില്ല എന്നൊരു നിയമം ഇവിടെയുണ്ട്. അവര്‍ക്ക് നേരിട്ട് ഒന്നും കൊടുക്കാനും പാടില്ല. എന്തെങ്കിലും കൊടുക്കണം എന്നുണ്ടെങ്കില്‍ അത് അവരുടെ മുന്നില്‍ വെക്കുകയോ വേറെ പുരുഷന്മാര്‍ വഴി നല്‍കുകയോ ചെയ്യാം. യാത്ര ചെയ്യുമ്പോള്‍ ഇവരുടെ കൂടെ ഇരിക്കരുത്. ചില ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട് ഇവിടെ. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു സന്യാസി എതിരെ വരുന്നത് കണ്ടാല്‍, അയാളെ ആദ്യം പോകാന്‍ അനുവദിക്കുക എന്നതാണ് ഇവിടുത്തെ ആചാരം.

English Summery : Tips For Solo Travel In Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com