sections
MORE

മഞ്ഞിനെ പ്രണയിച്ച സഞ്ചാരി; അടുത്ത ലക്ഷ്യം പോളാർ പര്യടനം

polar-expedition-travel6
SHARE

മഞ്ഞിനോട്‌ മലയാളിമനസ്സിന് എന്നും പ്രണയമായിരുന്നു. അറുപത്തി ആറിൽ എസ്. കെ. പൊറ്റെക്കാട്ട് കേദാർനാഥിലും ബദരീനാഥിലും നടത്തിയ യാത്രകൾ വരച്ചിടുന്ന ‘ഹിമാലയൻ സാമ്രാജ്യത്തിൽ’, എംടി യുടെ ‘മഞ്ഞ്’, ഫാസിലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’, ഐ വി ശശിയുടെ ‘തുഷാരം’ എന്നു വേണ്ട, മലയാള സാഹിത്യ-സിനിമാ ചരിത്രത്തിൽ മഞ്ഞുമൂടിയ കൊടുമുടികൾ ഏറെയുണ്ട്.

പുത്തൻ യുവത്വങ്ങളുടെ സഞ്ചാരസ്വപ്നങ്ങളിൽ ഹിമാലയത്തെ മുന്നിലാക്കുന്നതും മഞ്ഞിന്റെ ആകർഷണം തന്നെ. ഖീർഗംഗയും പാർവതി വാലിയും കുഫ്രിയിലെ കയറ്റങ്ങളും മക‌‌്ലിയോഡ് ഗഞ്ചിലെ ടിബറ്റൻ മോമോസും ഒക്കെ മലയാളി യുവത്വങ്ങളുടെ സഞ്ചാരത്തിലും സംഭാഷണങ്ങളിലും നിറയുമ്പോൾ സൈബീരിയയുടെ മഞ്ഞിന്റെ കോട്ടകളും കടന്ന് ഉത്തരധ്രുവത്തിൽ, അക്ഷരാർഥത്തിൽ ഭൂമിയുടെ നിറുകിലെ ആർട്ടിക് മഞ്ഞിനെ സ്വപ്നം കാണുന്ന, ആർട്ടിക് താപനത്തിന്റെ ഭാഗമായി അലിഞ്ഞു കൊണ്ടിരിക്കുന്ന ഭൂമിയെക്കുറിച്ച് ഒാർത്ത്  ഉരുകുന്ന ഒരു യുവമനസ്സുണ്ട് കൊച്ചിയിൽ; അനിരുദ്ധ് മോഹൻ.

polar-expedition-travel8

ആർട്ടിക്കിലേക്കുള്ള ഫിയാൽറേവൻ 2020 പോളാർ പര്യടനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള ഉദ്യമത്തിലാണ് അനിരുദ്ധ് ഇപ്പോൾ. അമ്മയും അച്ഛനും കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം മഞ്ഞിനോടുതന്നെ എന്ന്  തുറന്നു പറയാൻ ഈ ഇരുപത്തിയാറുകാരനു മടിയില്ല. മഞ്ഞിന്റെ കോട്ടകൾ തേടി അനിരുദ്ധ് ഇന്ത്യയിൽ യാത്ര തുടങ്ങുന്നത് ആറേഴു വർഷങ്ങൾക്കു മുൻപ് വിദ്യാർഥിയായിരിക്കുമ്പോഴാണ്. ഫോഗ്, മിസ്റ്റ്, ഡ്യു, സ്നോ, ഹെയ്ൽ,  ഐസ് എന്നിങ്ങനെ ഇംഗ്ലിഷിൽ മഞ്ഞിന്റെ ബിരുദങ്ങൾ ഏറുമ്പോൾ, മലയാളത്തിൽ മഞ്ഞിന്റെ പ്രതാപങ്ങൾക്കു വാക്കുകൾ ഇല്ലാതെ പോയത് കേരളത്തിൽ കാര്യമായി മഞ്ഞില്ലാത്തതു കൊണ്ടാണെന്ന് അനിരുദ്ധ്.

polar-expedition-travel1

മലയാളത്തിലെ മഞ്ഞണിഞ്ഞ ഹിൽസ്റ്റേഷനുകൾ തേടി ഊട്ടിയിലും കൊടൈക്കനാലിലും അതിനു ശേഷം കുളുവിലും മണാലിയിലും ഷിംലയിലും ഹിമാചലിലെ മറ്റു പലയിടങ്ങളിലും അലഞ്ഞു. പിന്നെയാണ് ഹിമത്തിന്റെ ആഗോള തലസ്ഥാനമായ റഷ്യയിൽ മഞ്ഞിന്റെ മുഖങ്ങൾ തിരയാൻ തുടങ്ങിയത്. സഞ്ചാരികൾ സാധാരണയായി ചെന്നു പറ്റുന്ന മോസ്കോ, സെന്റ് പീറ്റേഴ്സ്സ്ബർഗ് എന്നീ നഗരങ്ങൾക്കപ്പുറം ആർട്ടിക് വൃത്തത്തിനുള്ളിൽ ഈ കൊച്ചു പ്രായത്തിനുള്ളിൽ പ്രധാനമായ രണ്ടു യാത്രകൾ നടത്തി അനിരുദ്ധ് – മൂർമെൻസ്‌ക്, പിന്നെ സൈബീരിയ.

polar-expedition-travel5

ഏറ്റവും ക്രൂരമായ വിന്ററുകൾക്കു പേരുകേട്ട സൈബീരിയയോളം തണുക്കുന്ന മറ്റൊരു സ്ഥലപ്പേരുമില്ല എന്നതു കൊണ്ടാണ് സൈബീരിയയിൽ വിന്ററിൽത്തന്നെ പോയതെന്ന് അനിരുദ്ധ്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള, മനുഷ്യവാസമുള്ള സ്ഥലമെന്ന ഖ്യാതി സൈബീരിയയ്ക്കു തന്നെ. ജനസാന്ദ്രത കിലോമീറ്ററിന് മൂന്നോ നാലോ ആളുകൾ മാത്രമാകുമ്പോൾ, മിക്കവാറും കൂട്ടിനുള്ളത് തണുപ്പു മാത്രം. സൈബീരിയൻ ടാട വർഗ്ഗക്കാരുടെ ഭാഷയിൽ ‘ഉറങ്ങുന്ന നാട്’ എന്നാണത്രേ സ്ഥലനാമത്തിന്റെ പൊരുൾ. റഷ്യയിലെ സാർ ചക്രവർത്തിമാരും വിപ്ലവാനന്തര സോവിയറ്റ് യൂണിയനിൽ ഭരണകൂടവും കുറ്റവാളികളെയും രാഷ്‌ട്രീയ തടവുകാരെയും നാടുകടത്തി ലേബർ ക്യാംപുകളിൽ പണിയെടുപ്പിക്കാൻ അയയ്ക്കുന്ന സ്ഥലമായിരുന്ന സൈബീരിയ ഇപ്പോഴും തണുപ്പിന്റെ തടവറ തന്നെ.

സൈബീരിയൻ യാത്ര

polar-expedition-travel3

ഒരു വിമാന യാത്രയും പിന്നെ പതിനെട്ടു മണിക്കൂർ പ്രസിദ്ധമായ ട്രാൻസ്-സൈബീരിയൻ റെയിൽവേയിലെ ട്രെയിൻ യാത്രയും അതിനുശേഷം കാർ യാത്രയും കഴിഞ്ഞാണ് തെക്കുകിഴക്കൻ സൈബീരിയയിലെ  ബൈക്കൽ തടാകത്തിലെ (Lake Baikal ) ഓൾഖോൻ (Olkhnon) ദ്വീപിൽ എത്തിച്ചേർന്നത്. ഇരുപതോ മുപ്പതോ ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ബൈക്കൽ തടാകം ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും ആഴമുള്ളതുമായ ശുദ്ധജല തടാകമാണ്. വിന്റർ മാസങ്ങളിൽ സന്ദർശിക്കുമ്പോൾ പക്ഷേ തടാകം തണുത്തുറയുന്നതു കൊണ്ട് കാണാവുന്നത് തടാകമല്ല, അതി വിശാലമായ ഒരു മഞ്ഞുമൈതാനമോ മഞ്ഞിന്റെ മരുഭൂമിയോ ആണ്. 'ഫ്രീസ് ഓവർ' ആയ ബൈക്കൽ തടാകത്തിനു മുകളിലൂടെ എത്ര വലിയ വാഹനം വേണമെങ്കിലും ഓടിക്കാം. മുകളിലെ മഞ്ഞുപാളികൾക്കു കീഴെ ലോകത്തിലെ ഏറ്റവും ആഴമുള്ള തടാകമാണെന്നോർക്കണം.

polar-expedition-travel7

ബൈക്കൽ തടാകത്തിനു മുകളിൽ, മൈനസ് 20 ഡിഗ്രി തണുപ്പിൽ ഫുട്ബോൾ കളിച്ചതും സ്‌കേറ്റ് ചെയ്‌തതും മറ്റും അനിരുദ്ധ് ആവേശത്തോടെ ഓർക്കുന്നു. പക്ഷേ എത്ര തളർന്നാലും, തീപുകയുന്ന അടുപ്പില്ലെങ്കിൽ വെള്ളം കുടിക്കുക അസാധ്യം! കൈയിൽ വെള്ളം കരുതിയാലും, അത് തടാകത്തിലെ വെള്ളം പോലെ ഐസ് ആയിട്ടുണ്ടാവും. പിന്നെ ചൂടാക്കിയാലേ ജലപാനം നടക്കൂ. വെറും 1500 ആളുകൾ മാത്രമുള്ളതെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ തടാക ദ്വീപ് (lake island ) ആയ ഓൾഖോൻ  ദ്വീപിലെ താമസസ്ഥലത്തു മുന്നിലുള്ള ബൈക്കൽ തടാകത്തിൽനിന്ന് രാത്രിയിൽ എല്ലു തുളയ്‌ക്കുന്ന തണുപ്പു കാറ്റടിക്കും. വെജിറ്റേറിയൻ ആയ അനിരുദ്ധിന് മുന്നിൽ പക്ഷേ ആദ്യത്തെ അത്താഴത്തിനു വിളമ്പിയത് പച്ച മത്സ്യവും ബീഫ് സ്റ്റ്യൂവും! തണുപ്പിനോട് മല്ലടിക്കാൻ ആകെ കൂട്ട് വീട്ടിലുണ്ടാക്കിയ വോഡ്‌കയായിരുന്നു. മംഗോളിയൻ വംശജരായ ബുർയാത് വർഗക്കാരാണ് ദ്വീപിലെ താമസക്കാർ ഏറെ. ആത്മാക്കളെ ആരാധിക്കുന്ന ഷാമനിസ്റ്റുകൾ (shamanist) ആയ ഇവരുടെ തലവനെ കാണുകയും ആരാധനാലയം സന്ദർശിക്കുകയും ചെയ്തു.

മൈനസ് 39 ഡിഗ്രി വരെ വിന്ററിൽ തണുപ്പ് വരുന്ന സ്ഥലമാണ് റഷ്യയുടെ വടക്കു പടിഞ്ഞാറൻ മൂലയിൽ കിടക്കുന്ന, നോർവെയുടെയും ഫിൻലൻഡിന്റെയും അതിർത്തികളിൽനിന്ന് അകലെയല്ലാത്ത മൂർമെൻസ്‌ക് പട്ടണം. ആർട്ടിക് സർക്കിളിലെ ഏറ്റവും വലിയ നഗരമാണിത്. ഏതാണ്ട് രണ്ടു ലക്ഷമാണ് ജനസംഖ്യ. എവിടെ നോക്കിയാലും പൈൻ മരങ്ങൾ നിറഞ്ഞുനിൽക്കുന്ന മൂർമെൻസ്‌കിലെ ലാൻഡ്‌സ്‌കേപ്പ്, മറ്റു റഷ്യൻ പ്രവിശ്യകളിൽനിന്നു വ്യത്യസ്തമാണ്. മാസങ്ങളായി ഫ്രീസറിനുള്ളിൽ വച്ചു മറന്നുപോയൊരു വസ്തുവിനെപ്പോലെ തണുത്തു വിറങ്ങലിച്ചു കിടക്കുകയായിരുന്നു പട്ടണം. മൈനസ് 25 ഡിഗ്രി ആയിരുന്നുവെങ്കിലും  ആളുകൾ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ അനുദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. പന്തു കളിക്കുന്ന കൊച്ചു കുട്ടികളാണ് എവിടെയും. പന്ത് പക്ഷേ മഞ്ഞ് ഉരുട്ടിയുണ്ടാക്കുന്ന ഉണ്ടയാണെന്നുള്ള വ്യത്യാസം മാത്രം.

polar-expedition-travel4

ആർട്ടിക്, സബ്-ആർട്ടിക് പ്രദേശങ്ങളിലും സൈബീരിയയിലെയും വടക്കൻ യൂറോപ്പിലെയും അമേരിക്കയിലെയും മഞ്ഞു മൂടിയ മലമ്പ്രദേശങ്ങളിലും മാത്രം കാണപ്പെടുന്ന റെയ്ൻഡിയറുകൾ വലിക്കുന്ന പലതരം സ്ലെഡ്‌ജുകൾ കടന്നു പോകുന്നതും കാണാം. 2005 ൽ മ്യൂസിയമാക്കി മാറ്റിയ ‘ലെനിൻ’ എന്നു പേരുള്ള പ്രസിദ്ധമായ ‘മഞ്ഞുമാന്തി’ കപ്പൽ നങ്കൂരമിട്ടു കിടക്കുന്നത് ഇവിടെയാണ്. മൂർമെൻസ്‌കിലെ ഹൃദ്യമായ മറ്റൊരു അനുഭവം സാമി (Sámi) വർഗ്ഗക്കാരുമായുള്ള കൂടിക്കാഴ്ചയാണ്. സ്വീഡന്റെയും നോർവെയുടെയും ഫിൻലൻഡിന്റെയും വടക്കൻ അതിരുകളിലും പിന്നെ റഷ്യയിൽ മൂർമെൻസ്‌കിലും മാത്രമുള്ള ഒരു ട്രൈബ് ആണ് മീൻ പിടുത്തത്തിനു പുറമെ റെയ്ൻഡീയറുകളെ വളർത്തുന്നതിലും ഏർപ്പെട്ടിരിക്കുന്ന നാടോടികളായ സാമി വർഗ്ഗക്കാർ. പച്ചില മരുന്നുകൾ ഇട്ടു തിളപ്പിക്കുന്ന അവരുടെ ചായ കുടിച്ചാൽ ഉള്ളിൽ ഏറെ നേരം ചൂടു നിൽക്കുമെന്ന് അനിരുദ്ധ് സാക്ഷ്യപ്പെടുത്തുന്നു. റഷ്യയിൽ മോസ്കോയും മറ്റു പട്ടണങ്ങളും സന്ദർശിക്കുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും എത്തിപ്പെടാത്ത സ്ഥലമാണ് ആർട്ടിക് സർക്കിളിന് ഉള്ളിലെ മൂർമെൻസ്‌ക്. ഇന്ത്യക്കാരെ കാണുമ്പോൾ സ്ഥലവാസികൾക്ക് അദ്ഭുതമാണ്.

‘നോർത്തേൺ ലൈറ്റ്‌സ്’ എന്നും ‘പോളാർ ലൈറ്റ്‌സ്’ എന്നും അറിയപ്പെടുന്ന പ്രതിഭാസം കാണാൻ കഴിഞ്ഞത് അനിരുദ്ധിന് മറക്കാനാവാത്ത അനുഭവമാണ്. ധ്രുവങ്ങളിൽ, ‘സോളാർ വിൻഡി’ലെയും അന്തരീക്ഷത്തിലെയും കണികകൾ, പ്രധാനമായും ഇലക്ട്രോണുകളും പ്രോട്ടോണുകളും, പല വർണ്ണങ്ങളിൽ വികിരണം ചെയ്യുമ്പോൾ ദൃശ്യമാവുന്ന മാസ്മരികമായ ആകാശകാഴ്ചയാണ് പോളാർ ലൈറ്റ്‌സ്. ഉത്തര ധ്രുവത്തിൽ ഇതിനെ നോർത്തേൺ ലൈറ്റ്‌സ് എന്നു വിളിക്കുന്നു. ഇന്നു വരെയുള്ള ജീവിതത്തിൽ കണ്ണുകൾകൊണ്ടു കണ്ടതിൽ ഏറ്റവും മനോഹരം എന്നാണ് അനിരുദ്ധ് ഇതിനെക്കുറിച്ചു പറയുന്നത്. ഈ പ്രതിഭാസം കാണാവുന്ന രീതിയിൽ ഭൂമിയുടെ ഉച്ചിയിൽ എത്തിപ്പെടുക പക്ഷേ എളുപ്പമല്ല. മൂർമെൻസ്‌കിൽനിന്ന് പിന്നെയും വടക്കോട്ട് ഒരു നീണ്ട യാത്രയുണ്ട്  മൈനസ് 25 ഡിഗ്രിയിൽ. ക്ഷീണം മാറ്റാൻ കയ്യിൽ കരുതിയ ചായ കുടിക്കാനായി ഗ്ലാസ്സിലേക്കു പകരുമ്പോഴാണ് മനസ്സിലാവുക അത് എപ്പോഴേ ഐസുകട്ടയായി മാറിക്കഴിഞ്ഞ കാര്യം! വിചിത്രമായി തോന്നാവുന്ന മറ്റൊരു കാര്യം അനിരുദ്ധ് പറയുന്നതിങ്ങനെ: മഞ്ഞുമൂടിയ കൈലാസത്തിൽ പാർക്കുന്നതു കൊണ്ടാണോ എന്നറിയില്ല, റഷ്യക്കാർക്കു ശിവനോട് പ്രിയമാണ്! നോർത്തേൺ ലൈറ്റ്‌സ് ഒരുവട്ടം കൂടി സൗജന്യമായി കാണാൻ ശിവനാമം തുണയായി: കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ പേരിൽ ‘ശിവ’നുണ്ടായിരുന്നു!  

റഷ്യയുടെ ആർട്ടിക് മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ ‘തണുപ്പ് കുറഞ്ഞ’ നഗരങ്ങളാണ് ശീതകാല താപനില മൈനസ് ഒമ്പതോ പത്തോ ഡിഗ്രിയിൽ നിൽക്കുന്ന മോസ്‌കോയും  സെന്റ് പീറ്റേഴ്സ്ബർഗും. അതിശയിപ്പിക്കുന്ന വാസ്തുശിൽപ ചാതുര്യത്താൽ സമ്പന്നമാണ് ചരിത്രമുറങ്ങുന്ന ഈ നഗരങ്ങൾ. ലോക പൈതൃക സൈറ്റുകൾ ആയ മോസ്കോയിലെ ക്രെംലിനും റെഡ് സ്‌ക്വയറും അടങ്ങുന്ന നഗരമധ്യവും  സെന്റ് പീറ്റേഴ്സ്ബർഗും  മ്യൂസിയങ്ങൾ കൊണ്ടും പള്ളികൾ കൊണ്ടും സാംസ്കാരിക, രാഷ്ട്രീയ, ചരിത്ര പ്രാധാന്യമുള്ള മറ്റ് ആകർഷണങ്ങൾ കൊണ്ടും നിറഞ്ഞതാണ്. പക്ഷേ ഇതു കൊണ്ടൊന്നും മഞ്ഞ് മടിച്ചു നിൽക്കുന്നില്ല. വിന്ററിൽ നഗരമാകെ വെള്ളപുതച്ചു കിടക്കും.

മഞ്ഞു പെയ്യുന്നൊരു രാത്രിയിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ വഴി തെറ്റി അലഞ്ഞ അനുഭവം അനിരുദ്ധ് പങ്കുവച്ചു. വഴിയിലെങ്ങും ഇംഗ്ലിഷ് അറിയുന്ന ആരുമില്ലെന്നു മാത്രമല്ല മൊബൈൽ ഫോൺ ഓഫ് ആയിപ്പോയതിനാൽ വിവർത്തനത്തിനായുള്ള ആപ്പ് ഉപയോഗിക്കാനോ അറിയുന്ന ആരെയെങ്കിലും ഫോൺ ചെയ്യാനോ ഒരു ഊബർ ടാക്സി ബുക്ക് ചെയ്യാൻ പോലുമോ  നിവൃത്തിയില്ല. ഒടുവിൽ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരൻ ടാക്സി ബുക്ക് ചെയ്‌തു കൊടുത്തിട്ടാണ് താമസ സ്ഥലത്തു തിരികെയെത്തിയത്.

വെളുപ്പിന്റെ പശ്ചാത്തലത്തിൽ ചുവപ്പിന്റെ ഉദയം കാണണമെങ്കിൽ മഞ്ഞുകാലത്ത് റെഡ് സ്‌ക്വയറിൽ പോകണമെന്നാണ് അനിരുദ്ധിന്റെ പക്ഷം. മോസ്‌കോയിൽ ലാൻഡ് ചെയ്തപ്പോൾ വിമാനത്തിൽ കരഘോഷമുയർന്നതു കൗതുകകരമായ ഒരനുഭവമായിരുന്നു. ‘ടച് ഡൗൺ’ കഴിഞ്ഞയുടൻ ഉയർന്ന  യാത്രക്കാരുടെ നിർത്താതെയുള്ള കയ്യടിക്കു കാരണം തേടി പുറത്തേക്കു നോക്കുമ്പോഴാണ് അറിയുന്നത്: റൺവേ മഞ്ഞു മൂടി കിടക്കുകയാണെന്ന്! സാംസ്കാരിക പൈതൃകത്താൽ ഇത്രയും സമ്പന്നമായ നഗരത്തിലും കയ്യടി നേടുന്നത് മഞ്ഞു തന്നെ. 

അടുത്ത ലക്ഷ്യം ഫിയാൽറേവൻ പോളാർ പര്യടനം

തീവ്ര കാലാവസ്ഥകൾക്കുതകുന്ന വസ്ത്രങ്ങളും സാഹസിക യാത്രയ്ക്കുള്ള ടെന്റുകൾ അടക്കമുള്ള ഉപകരണങ്ങളും നിർമിക്കുന്ന  ലോകോത്തര സ്വീഡിഷ് കമ്പനിയാണ് ഫിയാൽറേവൻ (Fjällräven), തൊണ്ണൂറ്റിയേഴിൽ തുടങ്ങിവച്ച ഉത്തര ധ്രുവത്തിലേക്കുള്ള സാഹസിക യാത്രയാണ്  ഫിയാൽറേവൻ പോളാർ. ലോകമെമ്പാടുമുള്ള മത്സരാർഥികളിൽനിന്ന് ഓൺലൈൻ വോട്ടിങ് വഴി തിരഞ്ഞെടുക്കപ്പെടുന്നവരാണ് പര്യടനത്തിൽ പങ്കെടുക്കുക.

ആഗോളതാപനത്തിന്റെ ഫലമായി ആർട്ടിക് പ്രദേശത്തും ആർട്ടിക് സമുദ്രത്തിലുമുണ്ടാകുന്ന മഞ്ഞുരുക്കത്തെ കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കുകയും അതുമൂലം ആഗോള താപനം കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിക്കാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ധ്രുവങ്ങളിലെ മഞ്ഞുരുക്കത്തെ കുറിച്ചു പറയുമ്പോള്‍ അനിരുദ്ധ് വാചാലനാവും. ‘ഇത് ചെറിയ കാര്യമല്ല; എങ്ങോ ഉള്ള കുറച്ച് ഐസ് ഉരുകിയാലെന്ത് എന്നു കരുതാവുന്നപോലെ ലളിതമല്ല ഈ ദുരന്തത്തിന്റെ പരിണിത ഫലങ്ങൾ. കാരണം ധ്രുവങ്ങളിൽ മഞ്ഞുരുകുമ്പോൾ നശിക്കാൻ പോകുന്നത് മഞ്ഞു മാത്രമല്ല കേരളമടക്കമുള്ള ഭൂമിയിലെ കടൽതീരപ്രദേശങ്ങൾ മുഴുവനുമാണ്. ഉദാഹരണമായി ‘ഗ്രീൻലാൻഡ് ഐസ് ഷീറ്റ്’ എന്നറിയപ്പെടുന്ന ആർട്ടിക്കിലെ ഭീമൻ മഞ്ഞുപാളിയുടെ കാര്യം മാത്രമെടുക്കുക. കേരളത്തിന്റെ അൻപതു മടങ്ങു വിസ്തീർണവും നാല് കിലോമീറ്റർ കനവുമുള്ള, ഒരു ലക്ഷം വർഷങ്ങൾ കൊണ്ട് പെയ്‌ത മഞ്ഞ് അടിഞ്ഞുകൂടി രൂപപ്പെട്ട ഒരൊറ്റ ഹിമപാളിയാണത്. ആഗോള താപനം മൂലം എഴുപതുകളുടെ അവസാനം മുതൽ രണ്ടായിരങ്ങളുടെ തുടക്കം വരെ ഈ ഹിമപാളിയുടെ ഉരുക്കം പതിനാറു ശതമാനം കൂടിയെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്. ഫലമെന്താണന്നല്ലേ? ഗ്രീൻലാൻഡ് ഐസ് ഷീറ്റ്  മുഴുവൻ ഉരുകിയാൽ ലോകമെമ്പാടുമുള്ള കടൽ നിരപ്പ് 24 അടി വരെ ഉയരും! ആർട്ടിക് പ്രദേശത്തെ ഊഷ്മാവ് ഈ നൂറ്റാണ്ടിൽത്തന്നെ മൂന്ന് മുതൽ ഒൻപതു വരെ ഡിഗ്രി ഉയരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ, ആഗോള താപനം ഈ നിരക്കിൽ തുടർന്നാൽ, ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ കേരളത്തിന്റെ മുക്കാലും കടലിനടിയിലാവുമെന്ന് ഉറപ്പ്!’ അതുകൊണ്ടാണ് ധ്രുവങ്ങളിൽ മഞ്ഞുരുകുന്നതിനെ കുറിച്ച് നമുക്ക് ഉള്ളുരുകേണ്ടതെന്ന് അനിരുദ്ധ്.

ആഗോള താപനത്തിന്റെ ഫലമായി ആർട്ടിക് പ്രദേശത്തുണ്ടാവുന്ന ഈ ആഗോള ദുരന്തത്തെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താൻ ഭൂമിയുടെ ഉച്ചിയിലേക്ക് തിരിക്കുന്ന സംഘത്തിൽ കൊച്ചിയിൽ നിന്നൊരു മലയാളി ഉണ്ടാകുമോ? മലയാളികൾ വിചാരിച്ചാൽ നടക്കും.
ഫിയാൽറേവൻ പോളാറിലേക്ക് അനിരുദ്ധിനായി വോട്ടു ചെയ്യേണ്ട ഓൺലൈൻ വിലാസം: https://polar.fjallraven.com/contestant/?id=7106&backpage=1&order=popular 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA