ADVERTISEMENT

ദിലീപിന്റെ വധുവായി കാവ്യ മാധവൻ അണിഞ്ഞൊരുങ്ങി വന്നു നിന്നപ്പോൾ ആരും മനസ്സിൽ ഒന്നു ചോദിച്ചിട്ട് ഉണ്ടാവും: ആരാണ് കാവ്യയെ ഇത്ര സുന്ദരിയാക്കിയത്? ഉത്തരം ഉണ്ണി എന്നാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ന് മലയാള താരങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഒരാൾ ആണ് ഉണ്ണി. മലയാളത്തിന്റെ താരസുന്ദരിമാരിൽ ഭൂരിഭാഗം പേരെയും അണിയിച്ചൊരുക്കുന്നത് ഉണ്ണിയാണ്. തന്റെ പ്രഫഷൻ കഴിഞ്ഞാൽ ഉണ്ണിക്ക് ഏറെ ഇഷ്ടം യാത്രകൾ തന്നെ. കൂടുതലും ജോലിസംബന്ധമായിട്ടാണ് ഉണ്ണിയുടെ യാത്രകൾ. എങ്കിലും സമയം കിട്ടുമ്പോൾ സ്വകാര്യ സഞ്ചാരങ്ങളും നടത്താറുണ്ട്.

makeup-artist-unni-Travel5

ഒരു പ്രമുഖ വാർത്താ ചാനലിലെ മേക്കപ്പ്മാൻ ആയിട്ടായിരുന്നു ഉണ്ണിയുടെ തുടക്കം. പക്ഷേ അന്നും സിനിമ തന്നെയായിരുന്നു ഉണ്ണിയുടെ സ്വപ്നം. ഇന്ന് മഞ്ജു വാര്യർ, ഭാവന, റിമി ടോമി, നവ്യാ നായർ, മീരാനന്ദൻ, ഐശ്വര്യലക്ഷ്മി, ശ്രിന്ദ  തുടങ്ങി നിരവധി സുന്ദരിമാരെ ഉണ്ണി അതിസുന്ദരികളായി മാറ്റുന്നു. മലയാളത്തിന്റെ സൂപ്പർ ലേഡി മഞ്ജു വാര്യരുടെ പ്രിയ മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി. മെഹന്തി ആഘോഷത്തിനായി ഭാവനയെ ഒരുക്കിയതും മറ്റാരുമല്ല.

ഏറ്റവുമൊടുവിലായി ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയേയും വിവാഹത്തിന് ഒരുക്കിയത് ഉണ്ണി തന്നെയായിരുന്നു. വിവാഹദിനം അതിസുന്ദരിയായി നിന്ന ശ്രീലക്ഷ്മി ഉണ്ണിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

makeup-artist-unni-Travel4

ഒരു ലണ്ടൻ അപാരത

ഉണ്ണിയുടെ യാത്രകൾ മിക്കതും ജോലിസംബന്ധമായിട്ടാണ്. എങ്കിലും അത്തരം യാത്രകൾക്കിടയിൽ ചെറിയൊരു ഒളിച്ചോട്ടം പുള്ളി നടത്തും; കിട്ടുന്ന കുറച്ചു സമയത്തിനുള്ളിൽ ആ സ്ഥലങ്ങളൊക്കെ കണ്ടു തീർക്കാൻ. അങ്ങനെയാണ് മാഞ്ചസ്റ്ററിൽ ജോലിസംബന്ധമായി പോയ ഉണ്ണി അവിടെ നിന്നു മുങ്ങി ലണ്ടനിൽ പൊങ്ങിയത്. ലണ്ടൻ നഗരത്തിന്റെ അവർണനീയമായ സൗന്ദര്യമാണ് തന്നെ അവിടേക്ക് എത്തിച്ചത് എന്നാണ് ഉണ്ണി പറയുന്നത്. ഉണ്ണിയുടെ സഹോദരിയും കുടുംബവും അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവർക്കൊപ്പം അവധി ദിനങ്ങൾ ചിലവഴിക്കാൻ  തീരുമാനിച്ചു. കിട്ടിയ സമയം കൊണ്ട് ലണ്ടൻ നഗരം മുഴുവൻ കറങ്ങി എന്ന് ഉണ്ണി. മാഡം തുസാദ് വാക്സ് മ്യൂസിയം, ലണ്ടൻ ഐ, ലണ്ടൻ ബ്രിജ്, ബിഗ് ബെൻ തുടങ്ങി നഗരം മുഴുവനും കണ്ടു തീർത്തു. 

makeup-artist-unni-Travel33

ലണ്ടൻ ശരിക്കുമൊരു കാഴ്ചച്ചെപ്പാണ്

മെഴുകുപ്രതിമ മ്യൂസിയമാണ് മാഡം തുസാദ് വാക്സ് മ്യൂസിയം. പ്രശസ്ത വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ. 1835-ൽ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥപിച്ചത്. ഈ മ്യൂസിയത്തിന്റെ ശാഖകൾ ലോകത്തെ പല പ്രമുഖ നഗരങ്ങളിലുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമാണ്‌ ലണ്ടൻ ഐ. ലണ്ടനിൽ തേംസ് നദിയുടെ തീരത്താണ് ഇത്. വെസ്റ്റ്മിൻസ്റ്റർ പാലസിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഘടികാരത്തിന്റെയും ഘടികാര ടവറിന്റെയും വിളിപ്പേരാണ്‌ ബിഗ് ബെൻ. അടുത്തിടെ, എലിസബത്ത് രാജ്ഞി ബ്രിട്ടിഷ് ഭരണാധികാരിയായി അറുപതുവർഷം പൂർത്തിയാക്കിയ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എലിസബത്ത് ടവർ എന്ന് ഇത് പുനർനാമകരണം ചെയ്യപ്പെട്ടു. വേറെയും അനേകമനേകം കാഴ്ചകളാൽ സമ്പന്നമാണീ നഗരം. 

മീരാ നന്ദനെ ഞെട്ടിച്ച സർപ്രൈസ്

makeup-artist-unni-Travel6

അടുത്തിടെ മീരാനന്ദന്റെ ബർത്ത് ഡേ ആഘോഷത്തിൽ സർപ്രൈസ് ആയി എത്തുന്ന അതിഥിയെ കണ്ട് ഞെട്ടുന്ന മീരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മീരയെ ഞെട്ടിക്കാൻ പിറന്നാൾ ദിനത്തിൽ ദുബായിൽ പറന്നെത്തിയത് ഉണ്ണി ആയിരുന്നു. പിറന്നാൾ ആഘോഷവും കഴിഞ്ഞ് ദുബായ് മുഴുവൻ കറങ്ങിയാണ് താൻ തിരിച്ചെത്തിയതെന്നും ഉണ്ണി.

makeup-artist-unni-Travel1

സൗഹൃദങ്ങൾ പൊന്നു പോലെ സൂക്ഷിക്കുന്ന ആളാണ് ഉണ്ണി. സുഹൃത്തുക്കൾക്കൊപ്പം യാത്ര നടത്താനാണ് ഉണ്ണിക്ക് ഏറെ ഇഷ്ടം. ഒറ്റയ്ക്കുള്ള യാത്രയോട് തീരെ താല്പര്യമില്ല.  കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു മഞ്ഞു കാണണമെന്നത്.  മഞ്ഞുപെയ്യുന്നതും മഞ്ഞു മൂടി കിടക്കുന്ന മലനിരകളും ഒക്കെ ഉണ്ണിയുടെ സ്വപ്നങ്ങളിൽ എന്നും തിളങ്ങി നിന്നു. ആ സ്വപ്നം പൂർത്തീകരിച്ചത് ധരംശാല കണ്ടാണ്.  ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ആ യാത്ര തനിക്ക് സമ്മാനിച്ചതെന്നും ഉണ്ണി പറഞ്ഞു. 

പിറന്നാൾ ആഘോഷിക്കാൻ തായ്‌ലൻഡിലേക്ക്

തന്റെ പിറന്നാൾ ആഘോഷിക്കാൻ ഉണ്ണി പോയത് തായ്‌ലൻഡിൽ ആയിരുന്നു.  തകർപ്പൻ യാത്രയായിരുന്നു അതെന്നാണ്  ഉണ്ണി പറഞ്ഞത്.  വ്യത്യസ്ത സംസ്കാരങ്ങളും ജീവിതരീതികളും എല്ലാം പഠിക്കാൻ ഓരോ യാത്രകളും തന്നെ സഹായിക്കാറുണ്ടെന്ന് ഉണ്ണി.

makeup-artist-unni-Travel

പൈതൃക കെട്ടിടങ്ങൾ, ഊർജസ്വലമായ മാർക്കറ്റുകൾ, മികച്ച ഷോപ്പിങ്, രാത്രി ജീവിതം, മനോഹരമായ പട്ടണങ്ങൾ എല്ലാം കൊണ്ടും വ്യത്യസ്തമായൊരു ഭൂമികയാണ് തായ്‌ലൻഡ്.  ഇവിടുത്തെ ഏറ്റവും വലിയ ഹൈലൈറ്റ് ഭക്ഷണം തന്നെ. തായ് പാചകരീതി ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണ്. തായ്‌ലൻഡിൽ ബീച്ചുകൾക്ക് മാത്രമായി ഒരു ലോകമുണ്ടെന്ന് പറയേണ്ടി വരും.

അമേരിക്കയിലേക്കു പോകാൻ വീസ കിട്ടിയതും രണ്ട് മാസത്തോളം അവിടെ തങ്ങിയതുമെല്ലാം മറക്കാനാവാത്ത ഓർമകളാണെന്ന് ഉണ്ണി. ‘അമേരിക്കൻ വീസ എളുപ്പം കിട്ടുന്ന ഒന്നല്ല. എനിക്കൊപ്പം ഉണ്ടായിരുന്ന പലരുടേയും വീസ ആപ്ലിക്കേഷൻ റിജക്ട് ആയിപ്പോവുകയും ചെയ്തു. ഭാഗ്യത്തിനാണ് എനിക്ക് കിട്ടിയത്. രണ്ടു മാസത്തോളം ഉണ്ടായിരുന്നു അവിടെ. ആ യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ന്യൂയോർക്ക് സിറ്റി സന്ദർശിച്ചതാണ്. ഫാഷന്റെ തലസ്ഥാനമായ അവിടം കാണാൻ സാധിച്ചത് എന്റെ ഭാഗ്യമായി കാണുന്നു’–. ഉണ്ണി പറയുന്നു. നയാഗ്ര വെള്ളച്ചാട്ടം അടക്കം ഭൂരിഭാഗം അമേരിക്കയും താൻ ചുറ്റിക്കറങ്ങികണ്ടുവെന്നും ഉണ്ണി. 

സ്വപ്നമാണ് പാരിസ് 

ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ് പാരിസ്; ഉണ്ണിയുടെയും. പ്രണയത്തിന്റേയും കലാസാഹിത്യങ്ങളുടേയും കേന്ദ്രസ്ഥാനമായി അറിയപ്പെടുന്ന പാരിസിലേക്കുള്ള യാത്രയാണ് ഉണ്ണിയുടെ സ്വപ്നങ്ങളിൽ മുഴുവൻ. ഇന്ന് ലോകത്തിലെ ഒരു പ്രധാന വ്യാപാര, സാംസ്കാരിക കേന്ദ്രമാണ് പാരിസ്. രാഷ്ട്രീയം, വിദ്യാഭ്യാസം, വിനോദം, ഫാഷൻ, ശാസ്ത്രം എന്നീ രംഗങ്ങളിൽ പാരിസ് ചെലുത്തുന്ന സ്വാധീനം അതിനെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട  നഗരങ്ങളിലൊന്നാക്കിയിരിക്കുന്നു.

ആ നഗരവീഥികളിലൂടെ അലസം നടക്കാനാണ് തനിക്കിഷ്ടമെന്നും വൈകാതെ താൻ തന്റെ സ്വപ്നഭൂമിയിലേക്കു പോകുമെന്നും ഉണ്ണി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com