ADVERTISEMENT

മലയാള ചലച്ചിത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും എല്ലാവർക്കും സുപരിചിതയാണ് ശ്രുതിലക്ഷ്മി. സിനിമ, ടെലിവിഷൻ പരിപാടികൾ എന്നിവയിൽ കൂടാതെ സ്റ്റേജ് ഷോകളിലെയും സ്ഥിരം സാന്നിധ്യം കൂടിയാണ് മലയാളത്തനിമയുള്ള ഈ ശാലീനസുന്ദരി. യാത്രകളോട് ഏറെ ഇഷ്ടമുണ്ട് താരത്തിന്. കൂടുതൽ യാത്രകളും പ്രോഗ്രാമുകളുടെ ഭാഗമായാണ് നടക്കുന്നതെന്ന് മാത്രം. എങ്കിലും ആ യാത്രകളിലൊക്കെയും തന്റേതായ ഇഷ്ടങ്ങൾ കൂടി കണ്ടെത്താൻ ശ്രുതി ശ്രമിക്കാറുണ്ട്. യാത്രാവിശേഷങ്ങൾ ശ്രുതി മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

srv

കണ്ണൂരാണ് ശ്രുതിയുടെ ജന്മസ്ഥലം. പ്ലസ്‌ടു വരെയുള്ള പഠനവും കണ്ണൂരിൽ തന്നെയായിരുന്നു. അതിനുശേഷം അഞ്ച് വർഷം തിരുവനന്തപുരത്ത്. പിന്നീട് എറണാകുളത്തേക്ക് താമസം മാറി. വിവാഹിതയായി പോയത് തൃശ്ശൂരിലേക്ക്. ഇങ്ങനെ നോക്കിയാൽ താൻ കേരളം മുഴുവൻ കണ്ടിട്ടുണ്ടെന്ന് പറയേണ്ടി വരും എന്ന് ശ്രുതി. ഇതുകൂടാതെ പല സ്റ്റേജ് പരിപാടികൾക്കായും അല്ലാതെയും ഒക്കെ താൻ കേരളത്തിലങ്ങോളമിങ്ങോളം യാത്രകൾ നടത്തിയിട്ടുണ്ടെന്നും ഭൂരിഭാഗം കേരളവും കണ്ടു കഴിഞ്ഞതായും ശ്രുതി പറയുന്നു.

sruthi-travel

കേരളം എനിക്കിഷ്ടമാണ്. അമ്മയുടെ വീട് വയനാട് ആയതിനാൽ അതെനിക്ക് കൂടുതൽ പരിചിതമായ ഇടമാണ്. ഒപ്പം വയനാടിനോട് ഒരു പ്രത്യേക ഇഷ്ടം. ആ നാടിനെ സ്നേഹിക്കാത്ത ആരുമുണ്ടാകില്ല നമ്മുടെ കേരളത്തിൽ.

അഡ്വഞ്ചർ അല്ല അടിച്ചു പൊളിയാണിഷ്ടം

വളരെ ശാന്തമായും സ്വസ്ഥവുമായ യാത്രകളോട് എനിക്ക് തീരെ ഇഷ്ടമില്ല. അഡ്വഞ്ചർ ട്രിപ്പുകളും അത്ര ഇഷ്ടമല്ല. അടിച്ചുപൊളിച്ച് യാത്ര ചെയ്യാനാണ് ഇഷ്ടം. ഒപ്പം നല്ല ബഹളവും തിരക്കുള്ള സ്ഥലങ്ങളൊക്കെ കാണാനും. എന്നെപ്പോലെ തന്നെയാണ് എന്റെ ഭർത്താവ് അതുകൊണ്ട് ഞങ്ങളുടെ മിക്ക യാത്രകളും അത്തരം സ്ഥലങ്ങളിലേക്ക് ആയിരിക്കും. അങ്ങനെ നോക്കുമ്പോൾ ബാങ്കോക്ക് ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. ബാങ്കോക്ക് നൈറ്റ് ലൈഫ് ആസ്വദിക്കുക എന്നത് തന്നെ ഒരു പ്രത്യേകതയാണ്. പാർട്ടികളോ തിരക്കുള്ള സ്ഥലങ്ങളോ എന്തുമാകട്ടെ അതിന്റെ നടുക്ക് നിൽക്കാനാണ് ഞങ്ങൾക്ക് രണ്ട് പേർക്കും ഇഷ്ടം. അമേരിക്കയിലേക്കുള്ള യാത്രയിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ന്യൂയോർക്ക് സിറ്റി ആയിരുന്നു. അത്രയും എനർജറ്റിക്കായ ഒരു നഗരം വേറെ ഈ ഭൂമിയിൽ കാണില്ല എന്നാണ് തോന്നുന്നത്.

ssssseee

ഓരോ യാത്രകളും സമ്മാനിക്കുന്നത് ഓരോ പുതിയ അനുഭവങ്ങൾ ആണ്. പ്രോഗ്രാമിനായി എവിടേക്ക് പോയാലും ആ നാടു ചുറ്റി കറങ്ങുക എന്നത് ഞങ്ങളെ സംബന്ധിച്ച് രസകരമായ ഒരു ആക്ടിവിറ്റിയാണ്. ഇങ്ങനെയൊക്കെ തന്നെയാണ് ഞാൻ കൂടുതലിടങ്ങളും കണ്ടിട്ടുള്ളതും. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, മലേഷ്യ ,സിംഗപ്പൂർ, മിക്ക അറേബ്യൻ രാജ്യങ്ങളും ഇത്തരത്തിൽ ചുറ്റിയടിച്ചിട്ടുണ്ട്.

sruthi-travel1

യാതൊരു പ്ലാനിങ്ങും യാത്രകൾക്കായ് നടത്താറില്ല. കാരണം ഒരു വർഷത്തിൽ എങ്ങനെയും ഒരു വിദേശയാത്ര ഉണ്ടാകും. അതുകൊണ്ട് മറ്റ് യാത്ര പ്ലാനുകൾ ഒന്നും തന്നെ നടത്താൻ സമയം കിട്ടാറില്ല. ഭർത്താവുമൊത്തുള്ള യാത്രകളും അങ്ങനെയൊക്കെ തന്നെയാണ്. പ്ലാൻ ചെയ്താൽ ചിലപ്പോൾ ആ സമയത്ത് ഏതെങ്കിലും പ്രോഗ്രാം ഡേറ്റ് വരും അപ്പോ ആ ട്രിപ്പ് പൊളിയും. എങ്കിലും ഞങ്ങളൊരുമിച്ച് ചെറിയ യാത്രകളൊക്കെ നമ്മുടെ നാട്ടിൽ തന്നെ നടത്താറുണ്ട്.

24 മണിക്കൂർ 'ഇൻ' സിംഗപ്പൂർ എയർപോർട്ട് 

അതെ 24 മണിക്കൂർ നടന്നും ഇരുന്നും ഒക്കെ സിംഗപ്പൂർ എയർപോർട്ട് കണ്ട അനുഭവം പറയാനുണ്ട് ശ്രുതിയ്ക്ക്. അത് ശരിക്കും മറക്കാനാവാത്ത അനുഭവം തന്നെയായിരുന്നു എന്നാണ് താരം പറയുന്നത്. ബാങ്കോക്കിൽ ഒരു സ്റ്റേജ് പ്രോഗ്രാം ആയി പോയതായിരുന്നു ഞാൻ. 30 അംഗ സംഘത്തിനൊപ്പം ആയിരുന്നു എന്റെ യാത്ര. ബാങ്കോക്കിൽ നിന്നു തിരിച്ച് സിംഗപ്പൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും കണക്‌ഷൻ ഫ്ലൈറ്റ് ആയിരുന്നു ഞങ്ങൾക്ക് ഏർപ്പാടാക്കിയിരുന്നത്.

sruthi-travel6

ബാങ്കോക്കിൽ നിന്നു സിംഗപ്പൂരിൽ എത്തിയപ്പോൾ തന്നെ സമയം വൈകിയിരുന്നു. അടുത്ത ഫ്ലൈറ്റിന് സമയം ഉള്ളതിനാൽ ഞാനും പപ്പയും കൂടി ചെറിയ ഷോപ്പിങ്ങിനായി ഇറങ്ങി. ഞങ്ങൾക്കൊപ്പം ഒരു ക്യാമറാമാനും കൂടി. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഞാനും പപ്പയും കറങ്ങി നടക്കുമ്പോൾ വിമാനത്തിൽ കയറാനുള്ള അനൗൺസ്മെന്റ് അവിടെ നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പക്ഷേ ഇതൊന്നും അറിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവർ ആകെ വിഷമിച്ചു. പിന്നെ വിമാനം വൈകിക്കാൻ പറ്റില്ലല്ലോ. അങ്ങനെ അവർ ഞങ്ങളില്ലാതെ പറന്നുയർന്നു. ആകെ പേടിച്ചു പോയ നിമിഷങ്ങളായിരുന്നുവത്.

sruthi-travel3

പിന്നീട് പ്രോഗ്രാം അറേഞ്ച് ചെയ്ത സ്വകാര്യ ചാനലിൽ വിളിച്ച് അബദ്ധം പറ്റിയ കാര്യം അറിയിച്ചു. അവർ അടുത്ത ഫ്ലൈറ്റിൽ കയറി വന്നാൽ മതി പരിഭ്രമിക്കണ്ട എന്നു പറഞ്ഞു. ഈ അടുത്ത ഫ്ലൈറ്റ് എന്ന് പറയുന്നത് ഈ പോയ വിമാനം തന്നെയാണ് അതായത് ഇനി 24 മണിക്കൂറിന് ശേഷം ഈ വിമാനം തിരിച്ചെത്തിയാൽ മാത്രമേ ഞങ്ങൾക്ക് നാട്ടിൽ പോകാൻ പറ്റൂ. ആകെ പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ, അങ്ങനെ ഒരു ദിവസം മുഴുവനും സിംഗപ്പൂർ എയർപോർട്ടിൽ ഞങ്ങൾ കുത്തിയിരുന്നും കിടന്നും നടന്നും ഒക്കെ കണ്ടു തീർത്തു. അതിനുശേഷം എവിടെ പോയാലും എനിക്ക് പേടിയാണ് വിമാനം മിസ്സ് ആയാലോ എന്ന്.

sruthi-travel2

അമേരിക്കയിലേക്ക് പ്രോഗ്രാമുകൾക്ക് പോകുമ്പോഴും രസകരമായ കുറെ അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ശ്രുതി. നിരവധി വ്യത്യസ്ത ഇടങ്ങളിലായിരിക്കും പ്രോഗ്രാമുകൾ ഒരുക്കിയിട്ടുണ്ടാവുക. ഒരു സ്റ്റേജിൽ നിന്നും മറ്റൊരിടത്തേക്ക് ചിലപ്പോൾ വിമാനത്തിലും ചിലപ്പോൾ റോഡു മാർഗവും ഒക്കെ സഞ്ചരിക്കേണ്ടിവരും. ആറു മണിക്ക് പ്രോഗ്രാം പറഞ്ഞാൽ ഞങ്ങൾ എത്തുമ്പോൾ ചിലപ്പോൾ 7 മണിയാകും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ വണ്ടിയിൽ ഇരുന്നു തന്നെ മേക്കപ്പിട്ട അനുഭവം വരെ ഉണ്ടായിട്ടുണ്ട്. രമേശ് പിഷാരടി ഒപ്പമുള്ള യാത്രകൾ ഒക്കെ തകർപ്പൻ ആണെന്നാണ് ശ്രുതിയുടെ അഭിപ്രായം. അർദ്ധരാത്രിയിൽ പോലും തങ്ങളെ എല്ലാം ചിരിപ്പിക്കുന്ന ആളാണ് രമേശ് പിഷാരടി എന്നും ശ്രുതി പറയുന്നു. 

ഇന്ത്യ കാണണം

നിരവധി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള ശ്രുതിക്ക് പക്ഷേ ഇന്ത്യയ്ക്കകത്ത് അധികം യാത്ര നടത്താൻ സാധിച്ചിട്ടില്ല. മുംബൈ പോലുള്ള ചില നഗരങ്ങളിൽ ഔദ്യോഗികമായി പോയിട്ടുള്ളതല്ലാതെ മറ്റിടങ്ങൾ ഒന്നുംതന്നെ ശ്രുതി കണ്ടിട്ടില്ല. ഭർത്താവുമൊത്ത് ഇന്ത്യ ഒന്ന് കറങ്ങണം എന്നാതാണ് ശ്രുതിയുടെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com