ADVERTISEMENT

ഹെന്‍ലി ഇന്‍ഡക്സ്‌ എന്ന് കേട്ടിട്ടുണ്ടോ? വീസയില്ലാതെ പാസ്പോര്‍ട്ട് മാത്രമോ വീസ ഓണ്‍ അറൈവല്‍ സൗകര്യമോ ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം നോക്കി റാങ്കിങ് നല്‍കുന്ന സൂചികയാണിത്‌. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (IATA) സഹകരിച്ച്, അവരുടെ ആഗോള ഡാറ്റാബേസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കി, 2006 മുതൽ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വീസ നിയന്ത്രണങ്ങൾ വിശകലനം ചെയ്താണ് ഇത് പുറത്തിറക്കുന്നത്.

ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കരുത്തുറ്റതും മൂല്യമേറിയതുമായ പാസ്പോര്‍ട്ട്‌ എന്ന സ്ഥാനം ജപ്പാൻ നിലനിര്‍ത്തി. ഒപ്പം സിംഗപ്പൂരുമുണ്ട്. ഇരു രാജ്യങ്ങളുടെയും പാസ്പോര്‍ട്ട്‌ മാത്രം ഉപയോഗിച്ച്, വീസയില്ലാതെ 190 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും. ലോകത്തെ ഏറ്റവും ട്രാവല്‍-ഫ്രണ്ട്‌ലി പാസ്പോര്‍ട്ടുകളായാണ് ഇവ അറിയപ്പെടുന്നത്.

pasport1

ദക്ഷിണ കൊറിയ, ഫിന്‍ലന്‍ഡ്‌ ജർമനി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 188 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാവും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരുന്ന പാക്ക് വീസ പോളിസിയിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ ഫിൻ‌ലൻഡിന് ഗുണം ചെയ്തു. ഫിൻ‌ലൻ‌ഡ്, ജപ്പാൻ, സ്പെയിൻ, മാൾട്ട, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ 50 രാജ്യങ്ങളിലെ പൗരന്മാർക്ക് പാക്കിസ്ഥാൻ ഇപ്പോൾ ഇടിഎ (ഇലക്ട്രോണിക് ട്രാവൽ അതോറിറ്റി) നല്‍കുന്നുണ്ട്. 

187 രാജ്യങ്ങളിലേക്ക് വീസ ഫ്രീ യാത്ര അനുവദിക്കുന്ന ഡെൻമാര്‍ക്ക്, ഇറ്റലി, ലക്സംബര്‍ഗ്‌ മുതലായ രാജ്യങ്ങള്‍ മൂന്നാം സ്ഥാനം ഇക്കുറിയും നിലനിര്‍ത്തി. ഫ്രാന്‍സ്, സ്പെയിന്‍, സ്വീഡന്‍ എന്നിവ 186 രാജ്യങ്ങളുമായി തൊട്ടു പിറകെ നാലാം സ്ഥാനത്തുണ്ട്. 

അഞ്ചു കൊല്ലം മുമ്പുവരെ യുണൈറ്റഡ് സ്റ്റേറ്റ്സും യുകെയുമായിരുന്നു ഏറ്റവും മുന്നില്‍. എന്നാല്‍ 2014ന് ശേഷം ആ സ്ഥിതിക്ക് മാറ്റമുണ്ടായി. 2010ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സൂചികയിലാണ് ഇരു രാജ്യങ്ങളുടെയും പാസ്പോര്‍ട്ട് ഇപ്പോഴുള്ളത്. ഹെന്‍ലി ഇന്‍ഡക്സ്‌ പ്രകാരം ആറാം സ്ഥാനത്താണ്‌ ഇവ. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യുകെയുടെ പിന്‍വാങ്ങലാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അഞ്ചു സ്ഥാനങ്ങള്‍ മുന്നിലെത്തിക്കൊണ്ട് യുഎഇ ആണ് ഇക്കുറി ഏറ്റവും മികച്ച മുന്നേറ്റം കൈവരിച്ച രാജ്യമായി വിലയിരുത്തപ്പെടുന്നത്.

റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ളത് ഇത്തവണയും അഫ്ഗാനിസ്ഥാന്‍ തന്നെയാണ്. ലോകമെമ്പാടുമുള്ള 25 രാജ്യങ്ങള്‍ ഒഴികെ മറ്റെല്ലാത്തിനും മുൻകൂർ വീസ ആവശ്യമാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ നിർണായകഘടകമായി വീസ ഓപ്പണ്‍നെസിനെ കാണുന്നു എന്നതാണ് ഹെൻ‌ലി പാസ്‌പോർട്ട് ഇൻ‌ഡെക്‌സിന്‍റെ ഏറ്റവും പുതിയ റാങ്കിങ് സൂചിപ്പിക്കുന്നത്. 

passport

59 രാജ്യങ്ങളില്‍ വീസ ഫ്രീ സന്ദര്‍ശനവുമായി ഇന്ത്യ 82 ാമതാണ് ലിസ്റ്റിലുള്ളത്. 

2019 ലെ മികച്ച പാസ്‌പോർട്ടുകൾ ഇവയാണ്:

1. ജപ്പാൻ, സിംഗപ്പൂർ (190 രാജ്യങ്ങൾ)

2. ഫിൻ‌ലാൻ‌ഡ്, ജർമനി, ദക്ഷിണ കൊറിയ (188)

3. ഡെൻമാർക്ക്, ഇറ്റലി, ലക്സംബർഗ് (187)

4. ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ (186)

5. ഓസ്ട്രിയ, നെതർലൻഡ്സ്, പോർച്ചുഗൽ (185)

6. ബെൽജിയം, കാനഡ, ഗ്രീസ്, അയർലൻഡ്, നോർവേ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, സ്വിറ്റ്സർലൻഡ് (184)

7. മാൾട്ട, ചെക്ക് റിപ്പബ്ലിക് (183)

8. ന്യൂസീലൻഡ് (182)

9. ഓസ്‌ട്രേലിയ, ലിത്വേനിയ, സ്ലൊവാക്യ (181)

10. ഹംഗറി, ഐസ്‌ലൻഡ്, ലാത്വിയ, സ്ലൊവേനിയ (180)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com