ADVERTISEMENT

തായ് ഡയറി - അദ്ധ്യായം -1

തായ്‌ലൻഡ് എന്നു പറഞ്ഞാൽ മിക്ക യാത്രികർക്കും രണ്ട് സ്ഥലങ്ങളാണ് - ബാങ്കോക്കും പട്ടായയും. തായ്‌ലൻഡ് പാക്കേജിനായി ട്രാവൽ ഏജന്റിനെ സമീപിച്ചാൽ അവർ തരുന്നതും ബാങ്കോക്ക് - പട്ടായ പാക്കേജായിരിക്കും. എന്നാൽ ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യങ്ങളിലൊന്നായ തായ്‌ലൻഡിൽ അതിമനോഹരങ്ങളായ നിരവധി സ്ഥലങ്ങൾ വേറെയുമുണ്ട്. അവിടേയ്‌ക്കൊന്നും മിക്കവരും പോകാറില്ലെന്നു മാത്രം. രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള ചിയാങ്മായ്, മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചിയാങ്‌റായ്, പടിഞ്ഞാറു ഭാഗത്തെ  വനമേഖലയായ കാഞ്ചനബുരി, അതിമനോഹരമായ ബീച്ചുകളാൽ സമ്പന്നമായ കോ-ചാങ് എന്നിവയൊക്കെ ഉദാഹരണം. ആതിഥേയ മര്യാദയും വൃത്തിയും ഗ്രാമഭംഗിയും ചരിത്രവും ആധുനികതയുമെല്ലാം ഈ പ്രദേശങ്ങളിൽ സഞ്ചാരികൾക്ക് കണ്ടെത്താം.

ഇക്കുറി എന്റെ തായ്‌ലന്റ് യാത്രയിൽ ചിയാങ്മായ് ആയിരുന്നു ആദ്യ ഡെസ്റ്റിനേഷൻ. രണ്ടാം തവണയാണ് ചിയാങ്മായിൽ  പോകുന്നത്. മഴക്കാലമായിരുന്നതിനാൽ ആദ്യത്തെ തവണ വിശദമായ പര്യടനം സാധ്യമായില്ല. അതുകൊണ്ടാണ് ഒരു തവണ കൂടി അവിടെ പോകാൻ തീരുമാനിച്ചത്.

കഴിഞ്ഞ തവണ ബാങ്കോക്കിൽ നിന്ന് ബസ്സിലാണ് ചിയാങ്മായിലേക്ക് പോയത് രാവിലെ 6ന് പുറപ്പെട്ട ബസ് ചിയാങ്മായ് എത്തിയപ്പോൾ രാത്രി 7 മണി. 700 കിമീ. ആണ് ബാങ്കോക്ക്-ചിയാങ്മയ് ദൂരം. ഞാൻ ദീർഘയാത്രകളിൽ ബസ് തെരഞ്ഞെടുക്കുന്നതിന് ഒരു കാരണമുണ്ട്ആ- രാജ്യം പൂർണ്ണമായും കണ്ടുകൊണ്ട് യാത്ര ചെയ്യാം. ഗ്രാമങ്ങൾ, ഹൈവേകൾ, കൃഷിയിടങ്ങൾ, മാർക്കറ്റുകൾ- ഇങ്ങനെ ജീവിതത്തിന്റെ പരിഛേദം തന്നെ കാണാം, ബസ് യാത്രയ്ക്കിടയിൽ. തായ്‌ലന്റിലും മറ്റും ദീർഘയാത്ര ബസ്സുകളിൽ ടോയ്‌ലറ്റ്, കോഫി മേക്കർ തുടങ്ങിയവയുണ്ട്. അതുകൊണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതു പോലെ തന്നെ സുഖപ്രദമാണ് ബസ് യാത്രയും.

ഇക്കുറി വിമാനയാത്ര തന്നെ മതിയെന്നു വെച്ചു. കാരണം, ഇതിനോടകം പല തവണ തായ്‌ലന്റിലേക്ക് യാത്ര ചെയ്തു കഴിഞ്ഞു. അതുകൊണ്ട് ഗ്രാമക്കാഴ്ചകൾക്കൊന്നും പുതുമയില്ല.

thai-diary

തായ്‌ലന്റിലെ ആഭ്യന്തര വിമാന സർവീസായ നോക്ക് എയറിൽ ടിക്കറ്റെടുത്തു. ഒരു മണിക്കൂറാണ് യാത്രാ സമയം. ബാങ്കോക്ക് പിന്നിട്ട്, മലമ്പ്രദേശങ്ങൾക്കു മേലെ കൂടി ചെറിയ ചാറ്റൽ മഴയുടെ അകമ്പടിയോടെ നോക്ക് എയർ വിമാനം ചിയാങ്മായ് എയർപോർട്ടിന്റെ റൺവേയെ ഉമ്മവെച്ചു. 

തായ്‌ലൻഡിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നഗരമാണ് ചിയാങ്മായ്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പർവതനിരകൾ കാവൽനിൽക്കുന്ന ചിയാങ്മായ്, കാനാലുകളുടെ നഗരം കൂടിയാണ്. അത്യന്തം വൃത്തിയോടെ സൂക്ഷിക്കപ്പെടുന്ന കനാലുകൾ നഗരത്തിൽ തലങ്ങും വിലങ്ങും കാണാം. അവയുടെ ഓരങ്ങൾ പുല്ല് വെച്ചുപിടിപ്പിച്ച് ഭംഗിയാക്കിയിരിക്കുന്നു. കനാലുകൾക്കു കുറുകെ ചൈനീസ് വാസ്തുശില്പ ശൈലിയിലുള്ള പാലങ്ങൾ.

ലാൻനാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ചിയാങ്മായ് സ്ഥാപിക്കപ്പെട്ടത് 1291ലാണ്. ബാങ്കോക്ക് നഗര മദ്ധ്യത്തിലൂടെ ഒഴുകുന്ന ചാവോ ഫ്രയ നദിയുടെ പോഷകനദിയായ പിങ്‌നദിയുടെ സാമീപ്യവും മലനിരകളുടെ കാവലും അരുവികളും വെള്ളച്ചാട്ടങ്ങളും ചൂടുനിരുറവകളുമൊക്കെയാണ് പഴയകാലത്ത് രാജാക്കന്മാരെ ഇവിടേക്ക് ആകർഷിച്ച ഘടകങ്ങൾ.മ്യാൻമറിനോടും ലാവോസിനോടും ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ തന്ത്രപരമായ പ്രാധാന്യവുമുണ്ട്, ചിയാങ്മായ്ക്ക്.

ചിയാങ്മായ് തലസ്ഥാനമാക്കിയ ഫായു എന്ന രാജാവ് നഗരത്തിനു ചുറ്റും കോട്ട കെട്ടി സുരക്ഷിതമാക്കി. സ്ഥിരമായി മ്യാൻമറിൽ നിന്ന് ആക്രമണം ഉണ്ടാകുന്നതു കൊണ്ടാണ് രാജാവ് വൻതുക മുടക്കി കോട്ട കെട്ടിയത്. കാലപ്രവാഹത്തിൽ ഇടിഞ്ഞു പൊളിഞ്ഞു വീണ കോട്ടയുടെ ഏതാനും ഭാഗങ്ങൾ അവശേഷിക്കുന്നുണ്ട്. ഫേ ഗേറ്റ് എന്നറിയപ്പെടുന്ന കോട്ടയുടെ കിഴക്കേ കവാടം വലിയ കേടുപാടില്ലാതെ നിലനിൽക്കുന്നുണ്ട്. വലിയ തടി ഗേറ്റും നിരീക്ഷണ ഗോപുരവുമൊക്കെ ഫേ ഗേറ്റിൽ കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നു. രാത്രിയിൽ കോട്ടയുടെ അവശേഷിക്കുന്ന ഭാഗങ്ങൾ ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോയ്‌ക്കെന്ന പോലെ ലൈറ്റപ്പ് ചെയ്യുന്ന പതിവുണ്ട്. ഇത് അതിമനോഹരമായ കാഴ്ചയാണ്.

ലാൻനാ സാമ്രാജ്യത്തിന്റെ പതനത്തോടെ ചിയാങ്മായ് തോൻബുരി സാമ്രാജ്യത്തിന്റെ ഭാഗമായി. അപ്പോഴേക്കും തായ്‌ലൻഡിന്റെ സാംസ്‌കാരിക തലസ്ഥാനമായി ചിയാങ്മായ് മാറിക്കഴിഞ്ഞിരുന്നു. കരകൗശല വസ്തുക്കളുടെ നിർമ്മാണം, നൃത്തം, ആദിവാസി ഗോത്ര കലകൾ എന്നിവയുടെയെല്ലാം തലസ്ഥാനം കൂടിയാണ് ചിയാങ്മായ്. നീണ്ട കഴുത്തുള്ള ആദിവാസി ഗോത്രങ്ങളും ഇവിടെയുണ്ട് .ലോങ് നെക്ക് കാരെൻ എന്നാണ് ഇവരെ വിളിക്കുന്നത്.

thai-diary4

ചിയാങ്മായ്‌യിലെ നൈറ്റ് മാർക്കറ്റ് പ്രസിദ്ധമാണ്. പലതരം ഭക്ഷ്യവിഭവങ്ങൾ കിട്ടുന്ന തട്ടുകടകൾ മുതൽ വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ജുവല്ലറി തുടങ്ങി എന്തും ലഭിക്കും നൈറ്റ് മാർക്കറ്റിൽ. പേര് സൂചിപ്പിക്കുന്നതു പോലെ, രാത്രി മാത്രമേ മാർക്കറ്റ് പ്രവർത്തിക്കുകയുള്ളൂ എന്നു മാത്രം.

തായ്‌ലൻഡിലെ നാലാമത്തെ ഏറ്റവും വലിയ എയർപോർട്ടാണ് ചിയാങ്മയിലേത്. പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച എയർപോർട്ടാണിത്. നാലുകെട്ടുള്ള തറവാട്ടിൽ വന്ന പ്രതീതിയാണ് ഉൾഭാഗത്ത്. വനസമൃദ്ധമായ മേഖലയായതിനാൽ ഇവിടെ എന്തിനും ഏതിനും തടി കൂടുതലായി ഉപയോഗിക്കുന്നുണ്ട്.

നഗരമദ്ധ്യത്തിലെ നൈറ്റ്മാർക്കറ്റിനു സമീപമാണ് ഞാൻ ഇതിനു മുമ്പു വന്നപ്പോൾ താമസിച്ച ഹോട്ടൽ. ആ ഹോട്ടലിന്റെ പേര് ഓർക്കാൻ സാധിച്ചില്ല. അതുകൊണ്ട് നൈറ്റ് മാർക്കറ്റിനു സമീപമുള്ള മറ്റൊരു ഹോട്ടൽ ഗൂഗിളിൽ പരതി കണ്ടുപിടിച്ച് ബുക്ക് ചെയ്തിരുന്നു. പീപ്പിൾസ് പാലസ് എന്ന ഈ ഹോട്ടൽ ശ്രദോൻചായ് റോഡിലാണുള്ളത്.

thai-diary5

200 തായ് ബാട്ട് അഥവാ 400 രൂപയാണ് ഹോട്ടലിലേക്ക് കൊണ്ടുപോകാനായി ടാക്‌സിക്കാരൻ ചോദിച്ചത്. ലൊക്കേഷൻ മാപ്പിൽ 5 കി.മീ. കാണിക്കുന്നുണ്ട്. അതുകൊണ്ട് റേറ്റ് കൂടുതലായി തോന്നിയില്ല.നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഏറെ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടു. മുമ്പ് ഞാൻ വരുമ്പോൾ ഒരു ഉറക്കം തൂങ്ങി നഗരമായിരുന്നു ചിയാങ്മായ്. എന്നാൽ ഇപ്പോൾ ആധുനിക ശൈലിയിലുള്ള കെട്ടിടങ്ങളും കോഫിഷോപ്പുകളുമൊക്കെ ധാരാളം. നിരവധി ഫ്‌ളൈഓവറുകൾ നഗരത്തിന്റെ ശിരസ്സിലൂടെ വളഞ്ഞു പുളഞ്ഞു നീങ്ങുന്നു.

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ചിയാങ്മായ്, ചിയാങ്‌റായ് പ്രദേശങ്ങൾക്ക് വിനോദ സഞ്ചാരമേഖലയിൽ പ്രാധാന്യം കൈവന്നു. 2016ൽ ഒരു കോടി വിനോദസഞ്ചാരികൾ ഇവിടെയെത്തി. പ്രതിവർഷം ടൂറിസം മേഖലയിൽ 15 ശതമാനം വളർച്ച ഉണ്ടാകുന്നുണ്ടത്രേ. അതുകൊണ്ട് പുതിയ ഹോട്ടലുകളും റോഡുകളും ഹൈവേകളും ഫ്‌ളൈഓവറുകളുമൊക്കെ പണിത് ചിയാങ്മായ്‌യെ കൂടുതൽ വിനോദസഞ്ചാരസൗഹൃദ പ്രദേശമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ഗവർമെന്റ്.

പീപ്പിൾ പാലസ് ഹോട്ടലിലെത്തി. നൈറ്റ് മാർക്കറ്റിന്റെ പിന്നിലാണ് ഹോട്ടൽ. നഗരഹൃദയത്തിൽ തന്നെയാണ് ഹോട്ടലിന് പറയാം. മികച്ച മുറി. വെറും 2000 രൂപ മാത്രമാണ് വാടക. തായ്‌ലന്റിൽ എന്നെ ഏറ്റവുമധികം ആകർഷിക്കുന്ന കാര്യങ്ങളിലൊന്ന് ഹോട്ടലുകളാണ്. നമ്മുടെ നാട്ടിലെ ത്രീസ്റ്റാർ ഹോട്ടലിന്റെ പകിട്ടുള്ള ഹോട്ടലുകൾക്കു പോലും വാടക 2000-2500 രൂപ മാത്രം. തീരെ വൃത്തിഹീനമായ മുറികളൊന്നും ഇന്നുവരെ തായ്‌ലന്റിലെ ഒരു ഹോട്ടലിലും കണ്ടിട്ടില്ല. ആഹാരം, താമസം, ആഭ്യന്തര വിമാനയാത്ര എന്നിവയ്‌ക്കെല്ലാം തായ്‌ലഡിൽ ചെലവ് കുറവാണ്. ഈ സുന്ദരമായ രാജ്യം വിനോദസഞ്ചാരികളുടെ ഇഷ്ടരാജ്യമായി മാറാനുള്ള കാരണങ്ങളിൽ പ്രധാനം ഇവയൊക്കെയാണ്.

കുളി കഴിഞ്ഞ് പുറത്തിറങ്ങി. സന്ധ്യയായിത്തുടങ്ങി. അടുത്ത രണ്ടുമൂന്നു ദിവസത്തേക്കുള്ള ടൂർ പാക്കേജ് ബുക്ക് ചെയ്യണം. സന്ദർശിക്കുന്ന രാജ്യത്ത് എത്തിയ ശേഷം ടൂർ ബുക്ക് ചെയ്യുന്നതാണ് ലാഭകരം. കേരളത്തിലെ ഏജന്റിന്റെ കമ്മീഷൻ ഒഴിവായി കിട്ടും. 

നടന്നെത്തിയത് നൈറ്റ് മാർക്കറ്റിലാണ്. ഞാൻ പണ്ടു കാണുമ്പോൾ നൈറ്റ് മാർക്കറ്റിന് മതിലുണ്ടായിരുന്നില്ല. ഒരു തുറന്ന മൈതാനമായിരുന്നു. എന്നാൽ ഇപ്പോൾ മതിലിനുള്ളിൽ സ്ഥിരം സംവിധാനങ്ങളാണ് നൈറ്റ് മാർക്കറ്റിനുള്ളത്. മേൽക്കൂരയുള്ള വലിയ ഒരു മൈതാനമാണിത് എന്നു പറയാം. കയറുന്നിടത്ത് ഗേറ്റും നൈറ്റ് മാർക്കറ്റിന്റെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.നൈറ്റ് മാർക്കറ്റിന്റെ കവാടത്തിൽ തന്നെ ഒരു ടൂർബുക്കിങ് ഓഫീസ് കണ്ടു. ഒരു യുവതി ഉള്ളിലിരുന്ന് നെയ്ൽ പോളിഷിട്ട് രസിക്കുന്നുണ്ട്. എന്നെ കണ്ട് ജാള്യത മറച്ച് ചാടി എഴുന്നേറ്റു.'വെൽക്കം, യു ആർ ഫ്രം ഇന്ത്യ?' -അവൾ ചോദിച്ചു. എന്നിട്ട് ചിയാങ്മായ്, ചിയാങ്‌റായ് പ്രദേശത്ത് കാണേണ്ട സ്ഥലങ്ങളെപ്പറ്റി വിവരണം തുടങ്ങി. ഞാനീ പ്രദേശങ്ങളിലൊക്കെ ഒരിക്കൽ പോയിട്ടുണ്ടെന്നും ഒന്നുകൂടി കാണാൻ വന്നതാണെന്നും ഞാൻ ഉത്തരം പറഞ്ഞു. എന്നിട്ട് എനിക്ക് കാണേണ്ട സ്ഥലങ്ങൾ പറഞ്ഞു കൊടുത്തു. രണ്ടു മിനിട്ടു നേരത്തെ ആലോചനയ്ക്കും കുത്തിക്കുറിക്കലുകൾക്കും ശേഷം അവൾ ഒരു പാക്കേജ് തയ്യാറാക്കി. മൂന്നു ദിവസത്തെ പാക്കേജ്. ചിയാങ്മയ് 2ദിവസം, ചിയാങ്‌റായ് ഒരു ദിവസം. ഉച്ചഭക്ഷണം ഉൾപ്പെടെ 3500 ബാട്ട് അഥവാ 7000രൂപ.

ചിയാങ്മായ്ൽ നിന്ന് ചിയാങ്‌റായ്‌ലേക്ക് 200 കിലോമീറ്ററിലധികം ദൂരമുണ്ട്. അതുകൊണ്ട് ഈ തുക കൂടുതലല്ല. തന്നെയുമല്ല, ഞാൻ ചിയാങ്‌റായിൽ നിന്ന് 62 കി.മീ ദൂരെയുള്ള മ്യാൻമാർ ബോർഡർ ഗേറ്റ് സ്ഥിതി ചെയ്യുന്ന മേസായ് എന്ന സ്ഥലത്തും കൊണ്ടുപോകണമെന്ന് പറഞ്ഞിട്ടുണ്ട്.അവൾ അതും സമ്മതിച്ചു. എല്ലാംകൂടി നോക്കുമ്പോൾ ലാഭമെന്നേ പറയേണ്ടതുള്ളു.ഞാൻ 1700 ബാട്ട് അഡ്വാൻസ് കൊടുത്ത് യാത്ര ഉറപ്പിച്ചു. രാവിലെ 6.30ന് ഹോട്ടലിൽ മിനി വാൻ വന്ന് എന്നെ കയറ്റിക്കൊണ്ടു പോകുമെന്ന് യുവതി പറഞ്ഞു. എന്നിട്ട് തൊട്ടടുത്ത തട്ടുകട ചൂണ്ടിക്കാണിച്ചിട്ട് അവിടെ വളരെ മികച്ച ചീങ്കണ്ണി ഫ്രൈ കിട്ടുമെന്ന് അറിയിച്ചു. 'എൻജോയ് യുവർ മീൽ' എന്നു പറഞ്ഞ് എന്നെ ചീങ്കണ്ണിക്കടയിലേക്ക് തള്ളി വിട്ടു.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com