പതിനയ്യായിരം അടി മുകളില്‍ പോയി ഹോട്ട് കോഫി അടിച്ചു വന്നാലോ?

Lobuche-Base-Camp
SHARE

മഞ്ഞണിഞ്ഞ ഹിമാലയത്തലപ്പുകള്‍ അതിരിടുന്ന നേപ്പാള്‍ ശാന്തിയുടെ കേന്ദ്രമായാണ് സഞ്ചാരികള്‍ കാണുന്നത്. ബുദ്ധന്‍ ജനിച്ച ലുംബിനിയും ആകാശത്തേക്ക് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന അന്നപൂര്‍ണ്ണ, എവറസ്റ്റ്, മാനസു, കാഞ്ചന്‍ജംഗ പര്‍വ്വതനിരകളുടെ പ്രൗഢഗംഭീരതയുമെല്ലാം ചേര്‍ന്ന നേപ്പാള്‍, സമാധാനപ്രിയരുടെയും സാഹസികരുടെയും ഒരുപോലെ പ്രിയപ്പെട്ട സഞ്ചാരകേന്ദ്രമാണ്.  മനോഹര കാഴ്ചകളുടെ ഒരു പറുദീസ തന്നെയാണ് നേപ്പാൾ. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിയ്ക്കും നേപ്പാളിലെ മലനിരകൾ. ലോകത്തിലെ ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം സ്ഥിതി ചെയ്യുന്നത് ആ രാജ്യത്താണ്. മഞ്ഞുമൂടിയ ഹിമാലയവും മനോഹരമായ അതിന്റെ താഴ്വരകളും  സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്.

പതിനയ്യായിരം അടി മുകളില്‍ പോയി ഒരു ഹോട്ട് കോഫി അടിച്ചു വന്നാലോ?

നല്ല തണുപ്പത്ത് 15400 അടി മുകളില്‍ പോയി നല്ല ചൂടുള്ള ഒരു കപ്പ് കാപ്പി കുടിച്ചിട്ട് വന്നാലോ? കേള്‍ക്കുമ്പോള്‍ എത്ര ആവേശകരം... അല്ലേ? അല്‍പ്പം കഷ്ടപ്പെട്ടങ്ങ് നേപ്പാളിലെത്തിയാല്‍ സംഗതി നടക്കും! ഇവിടുത്തെ ലോബുച്ചെയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ബേക്കറി കഫേ ഉള്ളത്. അല്‍പ്പം കൂടി വ്യക്തമായി പറഞ്ഞാല്‍, എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് പോകുന്ന വഴിയില്‍!

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറാന്‍ പോകുന്നവരുടെ ഒരു ആശ്വാസകേന്ദ്രം കൂടിയാണിവിടം. ഉള്ളിലെ മ്യൂസിക് സിസ്റ്റത്തില്‍ നിന്നൊഴുകി വരുന്ന നേര്‍ത്ത സംഗീതമൊക്കെ കേട്ട് കുറച്ചു നേരം ചെലവഴിക്കാനുള്ള ഒരു ഇടത്താവളം. കോഫി മാത്രമല്ല, ബിയറും ആപ്പിള്‍ പൈയും ഉണ്ട് കുടിക്കാന്‍. രാത്രികളില്‍ ഡോക്യുമെന്‍ററി സിനിമകളുടെ പ്രദര്‍ശനവുമുണ്ട്. 

ഉയരമുള്ള സ്ഥലങ്ങളില്‍ പലയിടത്തും ഇത്തരം കഫേകള്‍ ഉള്ളതായി കേട്ടിട്ടുണ്ടല്ലോ, പിന്നെ എന്താണ് ഈ കഫേയ്ക്ക് ഇത്ര പ്രത്യേകത എന്ന് പലരുമിപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ കേട്ടോളൂ, ചുമ്മാ വെള്ളമൊന്നു ചൂടാവാന്‍ 15 മിനിറ്റ് എടുക്കുന്ന സ്ഥലത്താണ് ഈ കഫേ ഉള്ളത്! ലോബുച്ചെ പാസ് കടന്നു വേണം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ കഫേയിലെത്താന്‍. ഇതാവട്ടെ, 16210 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ് പര്യടനം കഴിഞ്ഞ് തിരിച്ചു വരും വഴി 1996ല്‍ അന്തരിച്ച സ്കോട്ട് ഫിഷറുടേതടക്കമുള്ള സ്മാരകങ്ങള്‍ ഇവിടെയുണ്ട്.  

ഇന്ത്യക്കാർക്കു വലിയ പണം മുടക്കില്ലാതെ കണ്ടുമടങ്ങാൻ കഴിയുന്ന രാജ്യമെന്ന പ്രത്യേകത നേപ്പാളിനുണ്ട്. ഇന്ത്യൻ രൂപയ്ക്കു മൂല്യമധികമുള്ളതു കൊണ്ടുതന്നെ ചെറിയൊരു ഷോപ്പിംഗ് കൂടി നടത്തി മടങ്ങിയാലും ഇവിടെ നിന്നും മടങ്ങുമ്പോൾ കീശ കാലിയാകുമെന്ന പേടിവേണ്ട. ഒരു ഇന്ത്യൻ രൂപയുടെ നേപ്പാളി റുപ്യയായുമായുള്ള  വിനിമയ മൂല്യം 1.60 ആണ്. ഇന്ത്യൻ പൗരന്മാർക്കു വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന അയൽരാജ്യമാണിത്. വനങ്ങളും മലനിരകളും കൗതുകമുണർത്തുന്ന നിർമാണശൈലിയിലുള്ള ക്ഷേത്രങ്ങളുമൊക്കെ  നേപ്പാളിലെത്തുന്ന സഞ്ചാരികളുടെ മനസ്സുനിറയ്ക്കുന്ന കാഴ്ചകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA