sections
MORE

താജ് മഹൽ പോലൊരു ക്ഷേത്രം

SHARE

തായ് ഡയറി അധ്യായം 2

രാവിലെ 6.30ന് പീപ്പിൾസ് പാലസ് ഹോട്ടലിനു മുന്നിൽ ട്രാവൽ ഏജൻസിയുടെ മിനി വാൻ എത്തി. പത്തുപേർക്ക് കയറാവുന്ന വാനിനുള്ളിൽ രണ്ടുപേർ ഇരിപ്പുണ്ട്. മെക്‌സിക്കോയിൽ നിന്നുള്ള ദമ്പതിമാരാണ്. അവരോട് ഗുഡ്‌മോർണിംഗ് പറഞ്ഞ്, ഞാൻ ഡ്രൈവറുടെ  സമീപമുള്ള മുൻസീറ്റ് പിടിച്ചു. എന്റെ ചാടിക്കയറിയുള്ള ഇരിപ്പ് കണ്ടപ്പോൾ ഡ്രൈവർ ചിരിച്ചുകൊണ്ട് എന്തോ തായ്ഭാഷയിൽ പറഞ്ഞു.

'എന്താ  പറഞ്ഞത്' എന്ന് ഇംഗ്ലീഷിൽ ചോദിച്ചപ്പോഴും ഡ്രൈവർക്ക് ചിരി മാത്രമേ ഉത്തരമായി തരാനുള്ളു. തായ്‌ലൻഡിലെ ജനങ്ങൾക്ക് പൊതുവേ ഇംഗ്ലീഷ് വശമില്ല. അതുകൊണ്ട് ഇനി ഡ്രൈവറോട് കൂടുതലൊന്നും ചോദിച്ചിട്ട് കാര്യമില്ല. വാൻ അടുത്ത ഹോട്ടലിലെത്തി. അവിടെ നിന്ന് രണ്ടു സായ്പന്മാരെ കൂടി കയറ്റി. അങ്ങനെ രണ്ടു ഹോട്ടൽ കൂടി കഴിഞ്ഞപ്പോൾ വാൻ ഏതാണ്ട് നിറഞ്ഞു.

തുടർന്നുള്ള യാത്രയ്ക്കിടെ നഗരത്തിന്റെ ഏതോ ഭാഗത്തെ കനാലിനരികിൽ വാൻ നിർത്തി. എന്നിട്ട് ഡ്രൈവർ എല്ലാവരും കാത്തിരിക്കാൻ ആംഗ്യം കാണിച്ചിട്ട് ഇറങ്ങിപ്പോയി.
അഞ്ചുമിനുട്ടു കഴിഞ്ഞപ്പോൾ കുറേക്കൂടി വലിയൊരു വാൻ ഞങ്ങളുടെ വാനിന്റെ അടുത്തു നിർത്തി. അതിൽ നിന്ന് ഒരു മദ്ധ്യവയസ്‌ക ഇറങ്ങി വന്ന് പ്രഖ്യാപിച്ചു:'ഞാൻ ലോം. നിങ്ങളുടെ ഗൈഡാണ്. എല്ലാവരും ഇറങ്ങി ആ വലിയ വാനിൽ കയറുക.

നമ്മൾ ആ വാനിലാണ് യാത്ര ചെയ്യാൻ പോകുന്നത്'.
ഇപ്പോഴാണ് മുന്നിലെ സീറ്റിൽ ഞാൻ കയറി ഇരുന്നപ്പോൾ ഡ്രൈവർ ചിരിച്ചതിന്റെ അർത്ഥം മനസ്സിലായത്. 'ഈ വാനിന്റെ മുന്നിൽ ഇരുന്നിട്ട് ഒരു കാര്യവുമില്ല. ഈ വാനിലല്ല നമ്മൾ പോകുന്നത്' എന്നായിരിക്കും അയാൾ തായ്ഭാഷയിൽ പറഞ്ഞ്, ചിരിച്ചത്.


എന്തായാലും പുതിയ, വലിയ വാനിന്റെ മുന്നിലെ സീറ്റിൽ ഡ്രൈവറും ഗൈഡും കയറിയപ്പോൾ എന്റെ മുൻസീറ്റ് സ്വപ്നം പൊലിഞ്ഞു!ഇന്ന് കാണാൻ പോകുന്ന സ്ഥലങ്ങൾ ഗൈഡ് വിശദീകരിച്ചു. വൈറ്റ് ടെമ്പിൾ, ഹോട്ട് സ്പ്രിങ്‌സ്, ഗോൾഡൻ ട്രയാംഗ്ൾ, ലോങ് നെക്ക് കാരൻ വില്ലേജ്, ലാവോസ് എന്ന അയൽരാജ്യത്തെ ഡോൺസാവോ ദ്വീപ്, തായ്‌ലൻഡ് - മ്യാൻമർ അതിർത്തി, ഡോയ് ഇന്റനോൺ നാഷണൽ പാർക്ക്- എല്ലാം കണ്ടു തീർത്ത് രാത്രി 9 മണിക്കേ തിരിച്ചെത്തുകയുള്ളു എന്ന് ഗൈഡ് പറഞ്ഞു.


ആദ്യ കാഴ്ച വൈറ്റ് ടെമ്പിളാണ്. ചിയാങ് മായ്ൽ നിന്ന് 176 കി.മീറ്റർ ദൂരെയാണ് വാറ്റ്‌ രോങ്ഖുൻ എന്നറിയപ്പെടുന്ന വൈറ്റ്‌ടെമ്പിൾ. അവിടെ എത്താൻ മൂന്നു മണിക്കൂർ സമയം വേണം. അതുവരെ എല്ലാവരും ഉറങ്ങിക്കൊള്ളാൻ ഗൈഡ് പറഞ്ഞു.
തായ്‌ലൻഡിലെ നൈറ്റ് ലൈഫ് അതീവ രസകരമാണ്. അതുകൊണ്ട് തായ്‌ലൻഡ് സന്ദർശിക്കുന്നവരാരും രാത്രിയിൽ നേരത്തെ കിടക്കയിലെത്തുന്ന പതിവില്ല. ബാലേ ഷോ, നൈറ്റ് ക്ലബുകൾ, ഡിസ്‌കോതെക്കുകൾ, മസാജ് പാർലറുകൾ എന്നിങ്ങനെ എവിടെയെങ്കിലും സമയം ചെലവഴിച്ച ശേഷം ഹോട്ടൽ മുറിയിലെത്തുമ്പോൾ 'തായ് കോഴി' കൂവുന്ന നേരമാകും.

എന്റെ ഗ്രൂപ്പിലെ എല്ലാവരുടെയും മുഖത്ത് ഉറക്കക്ഷീണമുണ്ട്. അതുകൊണ്ടു തന്നെ, 'ഉറങ്ങിക്കോ' എന്ന് ഗൈഡ് പറയുകയും സ്വിച്ചിട്ടതുപോലെ മിക്കവരും ഉറക്കം തുടങ്ങി. ഞാൻ ഉറങ്ങിയില്ല. തായ്‌ലൻഡിന്റെ ഗ്രാമപ്രദേശങ്ങൾ കാണാൻ നല്ല ഭംഗിയാണ്. അതുകൊണ്ട് കണ്ണാടി ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
ഏതു ഗ്രാമപ്രദേശത്തും വളരെ മികച്ച ഹൈവേകളുണ്ടാവും എന്നത് തായ്‌ലൻഡിന്റെ പ്രത്യേകതയാണ്.

ഉൾറോഡുകൾപോലും ഗട്ടറൊന്നുമില്ലാതെ സുന്ദരമായിരിക്കും. വൃത്തിയുടെ കാര്യത്തിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ല. ഒരു കടലാസുപോലും ആരും ചുരുട്ടി എറിയില്ല. എല്ലായിടത്തും ഡസ്റ്റ്ബിന്നുകളുണ്ട്. ഏതു തട്ടുകടയ്ക്കും മിനിമം വൃത്തിയുണ്ടാകും. വൃത്തിഹീനരായി നടക്കുന്നവരെ കണ്ടുമുട്ടാനും തായ്‌ലൻഡിൽ വിഷമമാണ്. അതുപോലെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച രാജ്യം കൂടിയാണിത്. എവിടെയും പച്ചപ്പാണ്. നമ്മുടെ നാട്ടിൽ കാണുന്ന എല്ലാ മരങ്ങളും ചെടികളും തായ്‌ലൻഡിലുമുണ്ട്.

കൂടാതെ തായ്‌ലൻഡിലല്ലാതെ മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ചില പഴങ്ങളും സുലഭമാണ്. മുമ്പൊരിക്കൽ ബാങ്കോക്കിലെ ചാവോഫ്രയ നദിയിലെ ബോട്ട് ക്രൂയിസിനു പോയി. എഞ്ചിൻ ഘടിപ്പിച്ച ഒരു നീണ്ട വള്ളത്തിൽ. നദിയിലൂടെ കുറേ ദൂരം സഞ്ചരിച്ച ശേഷം 'റൈസ്‌ബോട്ട്' എന്നറിയപ്പെടുന്ന ഒരു വലിയ ബോട്ടിലേക്ക് ഞങ്ങളെ കയറ്റി. നമ്മുടെ ഹൗസ്‌ബോട്ടിന്റെ ഏകദേശരൂപവും സൗകര്യങ്ങളുമാണ് റൈസ്‌ബോട്ടിന്. അതിനുള്ളിൽ കയറിയപ്പോൾ അമ്പരന്നുപോയി.

പലതരത്തിലുള്ള നൂറോളം പഴവർഗ്ഗങ്ങൾ നിരത്തി വെച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുത്തു കഴിക്കാം. ബോട്ട് ക്രൂയിസിന്റെ ടിക്കറ്റ് നിരക്കിൽ 'പഴംതീറ്റി'യും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്നാണ് തായ്‌ലൻഡ് എത്ര ഫല -മൂലസമൃദ്ധമാണെന്നു മനസ്സിലായത്. നിരത്തിവച്ചിരുന്ന പഴങ്ങളിൽ പലതും എന്റെ ട്രാവൽ ഗ്രൂപ്പിലെ പലരും ആദ്യമായി കാണുകയായിരുന്നു.

തായ്‌ലൻഡിലെ നഗരങ്ങളിലൂടെ നടക്കുമ്പോൾ റോഡരികിൽ ഉന്തിക്കൊണ്ടു നടക്കുന്ന പഴക്കടകൾ കാണാം. ഐസിലിട്ടു വെച്ചിരിക്കുന്ന ഫ്രഷ് പഴങ്ങൾ. നമ്മൾ ചൂണ്ടിക്കാണിച്ചാൽ എല്ലാം മുറിച്ച്, ഓരോ മുറിയിലും, ഈർക്കിൽ കുത്തി പ്ലാസ്റ്റിക് കവറിലാക്കി തരും. പഴക്കഷണങ്ങൾ കഴിച്ചുകൊണ്ട് നടന്നു നീങ്ങാം. കൈയുറകൾ ധരിച്ച്, അങ്ങേയറ്റം  വൃത്തിയോടെയാണ് ഉന്തുവണ്ടിക്കാരൻ നിൽക്കുന്നത്.

ഇതേപോലെ പുഴു, ചീവീട് തുടങ്ങിയ 'ഐറ്റംസ്' പൊരിച്ച് വിൽക്കുന്ന ഉന്തുവണ്ടികളുമുണ്ട്. ഒച്ച്, പാറ്റ, ഈയാമ്പാറ്റ, വണ്ട് തുടങ്ങി, ലോകത്തിലെ സർവത്ര കൃമികീടങ്ങളും ഇവിടെ 'കറുമുറാ' കടിച്ചു തിന്നാവുന്ന അവസ്ഥയിൽ കിടപ്പുണ്ടാകും. ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഈ 'ഭൂമിയുടെ അവകാശി'കളെയും തൂക്കി, പ്ലാസ്റ്റിക് കവറിലാക്കി, ഈർക്കിലും കുത്തി തരും.

എന്റെയൊരു സുഹൃത്തുണ്ട് തായ്ലാൻഡിൽ.അവിടെ ജനിച്ചുവളർന്ന മലയാളിയാണ് - വിജോ വർഗീസ്. ഒരിക്കൽ വിജോയോടൊപ്പം നടക്കുമ്പോൾ ഉന്തുവണ്ടിയിലെ 'കൃമികീടഫ്രൈ' കണ്ട് വിജോ വെള്ളമിറക്കുന്നതു കണ്ടു. 'ആശാനേ,പാറ്റ ഫ്രൈ വേണോ'- വിജോ ചോദിച്ചു. വേണ്ടെന്നു ഞാൻ. 'എന്നാൽ ഞാൻ കുറച്ച് കഴിക്കട്ടെ' എന്നും പറഞ്ഞ് വിജോ ഓരോ കണ്ണാടിക്കൂട്ടിൽ നിന്നും കൃമികീടങ്ങളെ സെലക്ട് ചെയ്ത് പ്ലാസ്റ്റിക് കവറിൽ വാങ്ങി. പിന്നെ വഴി നീളെ കഴിച്ചുകൊണ്ടു നടന്നു.
തായ്‌ലൻഡിൽ ജനിച്ചു വളർന്നയാളായതു കൊണ്ട് വിജോയ്ക്ക് ഇതൊരു പതിവു ഭക്ഷണം മാത്രം. പക്ഷേ, നമ്മളെ സംബന്ധിച്ച് കൃമികീട ഫ്രൈ കഴിക്കുക എന്നത് ഇത്തിരി കടന്ന കൈയാണ്.
'വൈറ്റ് ടെമ്പിൾ എത്തി.. ഉണരുണരൂ'' -ഗൈഡിന്റെ ശബ്ദം കേട്ട് ഉറക്കക്കാരെല്ലാം ഉണർന്നു. വാൻ പാർക്കിങ്ങിൽ നിർത്തി. ഉറക്കച്ചടവോടെ കണ്ണു തുറന്നവർക്കു മുന്നിൽ വെള്ള മാർബിളിൽ തീർത്ത ആ വിസ്മയശില്പം വിടർന്നു നിന്നു. എന്തൊരു ശില്പഭംഗി!


വാറ്റ്‌ രോങ്ഖുൻ എന്ന ഈ വൈറ്റ് ടെമ്പിളിൽ ഞാൻ രണ്ടാമത്തെ പ്രാവശ്യമാണ് വരുന്നത്. എത്ര തവണ കണ്ടാലും മതിവരില്ല എന്ന് ആനപ്രേമികൾ ആനയെക്കുറിച്ച് പറയുന്നത് വൈറ്റ് ടെമ്പിളിനെ സംബന്ധിച്ചും വളരെ ശരിയാണ്. ആധുനിക കലാ,വാസ്തുവിദ്യാ വിസ്മയമാണ് ഈ ബുദ്ധക്ഷേത്രം.
ഒരു ബുദ്ധക്ഷേത്രം എന്നതിലുപരി അതിസുന്ദര കലാശില്പമാണ് വൈറ്റ് ടെമ്പിൾ. ചലംചായ് കൊസിറ്റ്പപ്പറ്റ് എന്ന ശില്പിയുടെ മനസ്സിൽ ജനിച്ച ആശയം, അദ്ദേഹം തന്നെ വർഷങ്ങൾ കൊണ്ട് സഫലീകരിച്ചതാണ് വൈറ്റ് ടെമ്പിളായത്.
ആ കഥ ഇങ്ങനെ: വൈറ്റ് ടെമ്പിൾ സ്ഥിതി ചെയ്യുന്നിടത്ത് മുമ്പൊരു ചെറിയ ബുദ്ധക്ഷേത്രമുണ്ടായിരുന്നു.

നാശോന്മുഖമായ ആ ക്ഷേത്രം പുതുക്കിപ്പണിയാൻ ഫണ്ട് കിട്ടാതെയിരിക്കുന്ന കാലത്താണ് ചലംചായ് എന്ന പ്രദേശവാസിയായ ശില്പി, സ്വന്തം പണം മുടക്കി നന്നാക്കിയെടുക്കാൻ തീരുമാനിച്ചത്.
എന്നാൽ, ആ ക്ഷേത്രം പുതുക്കിപ്പണിയുന്നതിനു  പകരം, താജ്മഹൽ പോലെ, തലമുറകൾ ഓർത്തുവയ്ക്കുന്ന ഒരു സുന്ദരശില്പമാക്കി ക്ഷേത്രത്തെ മാറ്റുകയാണ് ചലംചായ് ചെയ്തത്. അതിനായി ഇതുവരെ അദ്ദേഹം 1080 ദശലക്ഷം തായ്ബാട്ട് (ഏകദേശം 2160 ദശലക്ഷം ഇന്ത്യൻ രൂപ) ചെലവഴിച്ചു. അങ്ങനെ 1997ൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു. തായ്ജനതയ്ക്ക് ക്ഷേത്രത്തിൽ പ്രവേശനം സൗജന്യമാണ്. വിദേശികൾക്ക് 50 ബാട്ട് ആണ് പ്രവേശന ഫീസ് (100 രൂപ)
വൈറ്റ് ടെമ്പിൾ നിർമിക്കുമ്പോൾ ഇതൊരു ക്ഷേത്രം മാത്രമായി ഒതുങ്ങിപ്പോകരുതെന്ന് ചലംചായ് ആഗ്രഹിച്ചു. ഒരു ആത്മീയകേന്ദ്രം എന്ന നിലയിലാണ് അദ്ദേഹം ക്ഷേത്രം രൂപകല്പന ചെയ്ത്. പ്രാർത്ഥിക്കാനും പഠിക്കാനും യോഗ പരിശീലിക്കാനും സൗകര്യമുണ്ട്.

ക്ഷേത്രവളപ്പിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ചെറിയൊരു തടാകത്തിനു നടുവിൽ, സൂര്യപ്രകാശമേറ്റ് തിളങ്ങി നിൽക്കുന്ന അതിസുന്ദരമായ വെള്ളക്കൽ ശില്പം പോലുള്ള ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടമാണ്. ഉബോസോത്ത് അഥവാ പുനർജന്മചക്രം എന്നാണ് ഈ ക്ഷേത്രത്തിനു നൽകിയിരിക്കുന്ന പേര്. ഒരു പാലത്തിലൂടെ ഒരു ചെറുതടാകം കടന്നുവേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. പാലത്തിനു ചുറ്റും, വെള്ളത്തിൽ നിന്നുയർന്നു നിൽക്കുന്ന നൂറു കണക്കിന് കൈകൾ കാണാം. ഒരിക്കലും തീരാത്ത ആഗ്രഹങ്ങളുടെ പ്രതീകമാണ് ആകാശത്തിലേക്ക് ഉയരുന്ന കൈകൾ. കാമക്രോധമോഹങ്ങൾ മറികടന്ന് ആത്യന്തിക ശാന്തിയിലേക്കുള്ള പാതയായാണ് പാലത്തെ കാണേണ്ടത്.

ഞാൻ ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള ക്യൂവിൽ സ്ഥാനം പിടിച്ചു. പാലം വരേയേ ക്യാമറ പ്രവർത്തിപ്പിക്കാൻ അനുവാദമുള്ളൂ. എന്നാൽ ഏതാനും വർഷങ്ങൾക്കു മുമ്പ് ഞാൻ ഈ ക്ഷേത്രത്തിൽ വരുമ്പോൾ അങ്ങനെയുള്ള നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല.
ക്യൂവിൽ നിൽക്കുമ്പോൾ, ക്ഷേത്രത്തിന്റെ പ്രധാന വാതിലിനു മുമ്പ് ഒരു വലിയ കമാനമുണ്ട്. ചില രൂപങ്ങൾ അതിനുമേലെ നിർമ്മിച്ചു വച്ചിട്ടുണ്ട്. അത് കേതുവും മരണദേവനുമാണത്രേ. സാധാരണ മനുഷ്യന്റ മോഹങ്ങൾ ഉപേക്ഷിക്കപ്പെടുന്നത് മരിക്കുമ്പോൾ മാത്രമാണല്ലോ. ലൗകിക ജീവിതത്തിന്റെ രണം ഈ ഗേറ്റ് കടക്കുമ്പോൾ സംഭവിക്കുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ ആത്മാവ് നിത്യശാന്തി നേടുകയും ചെയ്യുന്നു-ഇതാണ് ചലംചായ് അർത്ഥമാക്കുന്നത്.
ചെറിയ കണ്ണാടികഷണങ്ങളും വെള്ളമാർബിളും പ്ലാസ്റ്റർ ഓഫ് പാരീസുമൊക്കെയാണ് ക്ഷേത്രനിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്.

ഓരോ അണുവിലും കലാവൈഭവത്തിന്റെ ഉദാത്ത മാതൃകകൾ കാണാം.ഞാൻ ക്യാമറ ഓഫ് ചെയ്ത് ക്ഷേത്രത്തിനുള്ളിൽ കടന്നു. മുമ്പ് ഇവിടെ വന്നപ്പോൾ വളരെ വിചിത്രമായ കാഴ്ചകളാണ് ശ്രീകോവിലിൽ കണ്ടത്. ബുദ്ധവിഗ്രഹത്തിനു ചുറ്റും സൂപ്പർമാൻ , സ്‌പൈഡർമാൻ തുടങ്ങിയ 'മാൻ'മാരുടെ പോസ്റ്ററുകളും മട്രിക്സ് പോലെയുള്ള ഹോളിവുഡ് സിനിമകളുടെ ചിത്രങ്ങളുമൊക്കെയുണ്ടായിരുന്നു. വർത്തമാന കാല ജീവിതത്തിന്റെ അവസ്ഥകളെയാണ് അത് ഓർമ്മിപ്പിക്കുന്നതെന്ന് അന്ന് കൂടെയുണ്ടായിരുന്ന ഗൈഡ് പറഞ്ഞു. എന്നാൽ ഇക്കുറി ആ വക ചിത്രങ്ങളും പോസ്റ്ററുകളുമൊന്നും ശ്രീകോവിലിനുള്ളിൽ കണ്ടില്ല. എന്നാൽ സർപ്പദൈവങ്ങളും ലാഫിങ് ബുദ്ധയുമൊക്കെ അവിടെ സ്ഥാനം പിടിച്ചിട്ടുമുണ്ട്.

ചെറിയൊരു മുറിയാണ് ശ്രീകോവിൽ. ശ്രീകോവിൽ കടന്ന് പിൻപുറത്ത് എത്തുമ്പോൾ കാണുന്നത് അതിമനോഹരമായ ഒരു ഗോൾഡൻ കെട്ടിടമാണ്. ഇത് ടോയ്‌ലെറ്റ് കോംപ്ലക്‌സാണ്. എന്നാൽ അതും ക്ഷേത്രത്തിന്റെ ഭാഗമായാണ് ചലംചായ് വിഭാവനം ചെയ്തിരിക്കുന്നത്. വെളുത്ത ക്ഷേത്രം മോക്ഷത്തെ സൂചിപ്പിക്കുന്നെങ്കിൽ ഗോൾഡൻ കെട്ടിടം ശരീരത്തിന്റെ അഥവാ മോഹങ്ങളുടെ പ്രതീകമാണ്. അങ്ങനെയൊരു കെട്ടിടത്തിൽ തന്നെയല്ലേ കക്കൂസ് സ്ഥാപിക്കേണ്ടത്!
വൈറ്റ് ടെമ്പിൾ കോംപ്ലക്‌സിൽ വേറെയും ചെറിയ കെട്ടിടങ്ങളുണ്ട്. ഒരു മണ്ഡപത്തിലുള്ള കിണറ്റിലേക്ക് ചില്ലറത്തുട്ടുകൾ എറിഞ്ഞാൽ ആഗ്രഹിച്ചതു നടക്കുമെന്ന വിശ്വാസമുണ്ട്.

 ഏതു ചെറിയ കെട്ടിടവും ഏത് തൂണും ഏത് പ്രതിമയും അതുല്യമായ കലാചാരുത പേറുന്നുണ്ട് എന്നതാണ് വൈറ്റ് ടെമ്പിളിനെ ശ്രദ്ധേയമാക്കുന്നത്. മേൽക്കൂരയുടെ ഒരു നീണ്ട അറ്റത്തിനു പോലും നോക്കി നിന്നു പോകുന്ന ശില്പചാതുരി.
(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA