ADVERTISEMENT

യൂറോപ്പ് ഏതു സഞ്ചാരിയുടെയും സ്വപ്നമാണ്. എന്നാല്‍ ചെലവ് ആലോചിക്കുമ്പോള്‍ തല്‍ക്കാലം ആ ആഗ്രഹം മാറ്റി വയ്ക്കുകയാണ് പലരും. എന്നാല്‍ ഒരു ലക്ഷം രൂപയില്‍ താഴെ ചെലവില്‍ യൂറോപ്പ് ഒന്നു ചുറ്റിക്കാണാന്‍ പറ്റിയാലോ? 

ചുരുങ്ങിയ ബജറ്റില്‍ യൂറോപ്പ് യാത്ര ചെയ്യാന്‍ ചില വഴികളുണ്ട്. നേരത്തേ പ്ലാനിങ് തുടങ്ങിയാല്‍ ഒരുപാടു പണം ലാഭിക്കാം. ഹോട്ടലും ഫ്ലൈറ്റുമെല്ലാം നേരത്തെ ബുക്ക് ചെയ്ത് അല്‍പം ബുദ്ധിപരമായി നീങ്ങിയാല്‍ ‘പുഷ്പം പോലെ’ സാധിക്കാം !

മേയ് മുതല്‍ ജൂലൈ വരെയുള്ള വേനല്‍ക്കാലത്ത് യാത്ര പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്. പോക്കറ്റ് കീറാതെ പോയി വരാം എന്നു മാത്രമല്ല, ഈ സമയത്ത് നല്ല കാലാവസ്ഥയുമായിരിക്കും. പാരിസിന്‍റെ മനോഹാരിതയും സന്തോഷം വഴിഞ്ഞൊഴുകുന്ന ആംസ്റ്റര്‍ഡാമും ഫ്രാന്‍സിലെ പഞ്ചാരമണല്‍ ബീച്ചുകളുമെല്ലാം കണ്ട് മനസ്സു നിറഞ്ഞു തിരിച്ചു വരാം. ഇതിനായി ചില ടിപ്പുകള്‍...

Europe-trip

പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയെപ്പറ്റി അത്യാവശ്യം ധാരണ ഉണ്ടായിരിക്കണം. ബസും പൊതു ഗതാഗത സൗകര്യങ്ങളും കൂടുതലായി ഉപയോഗപ്പെടുത്താം. എന്തൊക്കെയാണ് അവിടെ പോയി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നും പ്ലാൻ വേണം. ഇത് സമയവും കാശും ഒരുപോലെ ലാഭിച്ചു തരും.

ഷെങ്കന്‍ വീസ, ഇന്‍ഷുറന്‍സ്, ഫ്ലൈറ്റ് ബുക്കിങ്

മുതിര്‍ന്ന ഒരാള്‍ക്ക് ഷെങ്കന്‍ വീസ എടുക്കണമെങ്കില്‍ ഏകദേശം 4400 രൂപയാണ് ചെലവ്. വീസ എടുക്കും മുമ്പ് ഡോക്യുമെന്റുകളും ടിക്കറ്റുകളും മുഴുവന്‍ റെഡിയാക്കി കയ്യില്‍ വയ്ക്കണം.ട്രാവല്‍ ഇന്‍ഷുറന്‍സ് ആണ് മറ്റൊരു പ്രധാന കാര്യം. ഇത് ഓണ്‍ലൈനില്‍ വാങ്ങാം. 1000 രൂപയോളമാണ് ഇതിനു ചെലവാകുക.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് മറ്റൊരു കാര്യം. കാലേകൂട്ടി പ്ലാന്‍ ചെയ്യുക. മേയ്-ജൂലൈ കാലത്ത് റൗണ്ട് ട്രിപ്പ്‌ ടിക്കറ്റുകള്‍  30,000 രൂപ മുതല്‍ ലഭിക്കും.

താമസത്തിനു ഹോസ്റ്റലുകള്‍ തെരഞ്ഞെടുക്കുന്നതാണ് മെച്ചം. ഇവ മിക്കവാറും വൃത്തിയുള്ളതും അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ളതുമായിരിക്കും. റിവ്യൂ നോക്കി വേണം ബുക്ക് ചെയ്യാന്‍. നേരത്തെ ബുക്ക് ചെയ്‌താല്‍ ആറു ദിവസത്തെ താമസത്തിന് 12000 രൂപ മതിയാകും.

ഇന്‍റര്‍സിറ്റി യാത്രകള്‍

ഒരു നഗരത്തില്‍നിന്ന് അടുത്തതിലേക്കു യാത്ര ചെയ്യാൻ ലോക്കല്‍ എയര്‍ലൈനുകള്‍, ബസുകള്‍ എന്നിവയെ ആശ്രയിക്കേണ്ടി വരും. യൂറോപ്പില്‍ ട്രെയിന്‍ യാത്രയ്ക്ക് ഇവയേക്കാള്‍ ചെലവു കൂടുതലാണ്. അധികം ലഗേജ് കരുതരുത്, അധിക തുക നല്‍കേണ്ടി വരും. ആറു ദിവസത്തേക്കുള്ള ഇന്‍റര്‍സിറ്റി യാത്രകള്‍ക്ക് 15,000 രൂപയോളമാണ് ചെലവ്. Flixbus, Ryanair, Vueling തുടങ്ങി നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്. ഇങ്ങനെ ചെന്നെത്തുന്ന സിറ്റികളിലെ മെട്രോ, ട്രാം, ബസ് യാത്രകള്‍ മുതലായവ എല്ലാം കൂടി ഏകദേശം ഒരു 10,000 രൂപ വേറെയും ചെലവാകും.

ഭക്ഷണം 

ബജറ്റില്‍ നില്‍ക്കുന്ന സാധനങ്ങള്‍ വേണം ഭക്ഷണത്തിനായി തിരഞ്ഞെടുക്കാന്‍. സ്ട്രീറ്റ് ഫുഡാണ് ചെലവു കുറയ്ക്കാന്‍ ഏറ്റവും ഉത്തമം. ജ്യൂസും സ്നാക്സുമെല്ലാം സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നു വാങ്ങുക. ആറു ദിവസത്തേക്ക് മൂന്നു നേരം കഴിക്കാനുള്ള ഭക്ഷണത്തിന് മൊത്തം 24000 രൂപ ചെലവാകും. 

അപ്പോള്‍ മൊത്തത്തിലുള്ള ചെലവു നോക്കാം 

ഭക്ഷണം - 24000 രൂപ

താമസം - 12000 രൂപ

ഫ്ലൈറ്റ് ടിക്കറ്റുകൾ - 30000 രൂപ

ഇന്റർസിറ്റി യാത്രകള്‍- 15000 രൂപ

ഇൻട്രാ സിറ്റി യാത്രകള്‍- 10000 രൂപ

ഷെങ്കന്‍ വീസ - 4400 രൂപ

യാത്രാ ഇൻഷുറൻസ് - 1000 രൂപ

ആകെ ചെലവ് - ഒരാൾക്ക് 96400 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com