ADVERTISEMENT

റിയാലിറ്റി ഷോകളിലൂടെ സിനിമാ ലോകത്തെത്തിയ ഗായകനാണ് നജീം അർഷാദ്. ചുരുങ്ങിയ നാളുകൾകൊണ്ടു പിന്നണി ഗാനരംഗത്ത് തന്റെ സ്ഥാനം കണ്ടെത്താൻ നജീമിനു കഴിഞ്ഞു. നിഷ്കളങ്കമായ പുഞ്ചിരിയും മനോഹരമായ ആലാപനവുമാണ് നജീമിനെ ആരാധകർക്കു പ്രിയങ്കരനാക്കുന്നത്.

najim-travel5

പാട്ടിനെ ജീവനുതുല്യം സ്നേഹിക്കുന്ന നജീം യാത്രാപ്രേമി കൂടിയാണ്. യാത്രകളിലൂടെ നേടുന്ന പോസിറ്റീവ് എനർജിയാണ് ജീവിതത്തിലും പ്രത്യാശ നൽകുന്നതെന്നു കരുതുന്ന നജീം, ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് മനോരമ ഒാൺലൈനിൽ മനസ്സുതുറക്കുന്നു.

യാത്രയാണ് ജീവിതത്തിലെ ഏറ്റവും വലിയ വിനോദം എന്നാണ് നജീം പറയുന്നത്. പുതിയ സ്ഥലങ്ങളും കാഴ്ചകളും മാത്രമല്ല അറിവും യാത്രയിലൂടെ നേടാം. ജോലിയും തിരക്കുമൊക്കെയായി ടെന്‍ഷനുള്ള സമയമാണെങ്കിലും യാത്ര പോകുമ്പോൾ ടെന്‍ഷനൊക്കെ മാറും, മനസ്സു സ്വസ്ഥമാകും. യാത്രയിലൂടെ സന്തോഷകരമായ ഒരുപാട് നിമിഷങ്ങൾ ആസ്വദിക്കാനായിട്ടുണ്ടെന്നും യാത്രകളാണ് ജീവിതത്തെ തിളക്കമുള്ളതാക്കുന്നതെന്നും നജീം പറയുന്നു.

najim-travel4

കേരളത്തിലെ കാഴ്ചകൾ

കൊച്ചിയിലാണ് താമസം. ലോകം മുഴുവൻ ചുറ്റിക്കാണണമെന്ന് ആഗ്രഹമുണ്ട്. ഒഴിവു കിട്ടുമ്പോഴെല്ലാം യാത്ര പോകാറുണ്ട്. വയനാട്, മൂന്നാർ, അതിരപ്പിള്ളി വാൽപ്പാറ എന്നിവിടങ്ങളിലേക്ക് പലതവണ പോയിട്ടുണ്ട്. പ്രകൃതിയുടെ മനോഹാരിത നുകർന്നുകൊണ്ട് പല തവണ വയനാട്ടിലേക്ക് ചുരം കയറിയിട്ടുണ്ട്. കോടമഞ്ഞും തേയിലത്തോട്ടവും നിറഞ്ഞ മൂന്നാറിലേക്കും പോകാറുണ്ട്. മൂന്നാറിൽ താമസിച്ചിട്ടേ മടങ്ങാറുള്ളൂ. അതിരപ്പിള്ളി വാൽപാറ റൂട്ട് ഒരുപാട് ഇഷ്ടമാണ് – നജീം പറയുന്നു.

najim-travel6

കോടമഞ്ഞും മലനിരകളും ഇരുണ്ട കാനനവും വളഞ്ഞുപുളഞ്ഞു പോകുന്ന റോഡുമെല്ലാം യാത്രയ്ക്ക് പുതുമാനങ്ങൾ സമ്മാനിക്കും. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും പച്ചപ്പു മാത്രം. മനോഹരമായ തേയിലത്തോട്ടങ്ങളും അവയ്ക്കു നടുവിലെ കൊച്ചു നീരൊഴുക്കും നിറഞ്ഞ സുന്ദരിയാണു വാൽപാറ. ചാലക്കുടി വഴിയുള്ള യാത്രയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാർപ്പ, പെരിങ്ങൽകുത്ത്, കേരള ഷോളയാർ കാഴ്ചകളുണ്ട്. പാലക്കാട്ടുനിന്നു പൊള്ളാച്ചി വഴി സഞ്ചരിക്കുമ്പോൾ ആളിയാർ ഡാം, മങ്കിഫാൾസ്, കാടമ്പാറ ഡാം എന്നിവ കണ്ട ശേഷം 40 ഹെയർപിൻ വളവുകളിലൂടെ ചുരം കയറാം. വാൽ‌പാറയിലെത്തിയാൽ നല്ലമുടി പൂഞ്ചോലയാണു പ്രധാന കാഴ്ച. ഇൗ റൂട്ടുകളിലൂടെയൊക്കെ യാത്ര പോയിട്ടുണ്ട്.

തിരുവനന്തപുരത്തെത്തിയാൽ പൊന്മുടിയിലേക്ക് പോകാറുണ്ട്. കടൽക്കാറ്റേറ്റ് ബീച്ചില്‍ പോയിരിക്കാനും ഒരുപാട് ഇഷ്ടമാണ്. എത്ര കണ്ടാലും കടലിനോടും തിരമാലകളോടുമുള്ള സ്നേഹം അവസാനിക്കില്ല. ശംഖുമുഖം ബീച്ച്, കോവളം ഒക്കെ ഇഷ്ടമാണ്.

ലോകത്തിലെ ഏറ്റവും സുന്ദര കാഴ്ച 

വിദേശ രാജ്യങ്ങളിലടക്കം ഞാൻ പോയിട്ടുണ്ട്. എങ്കിലും ആ കാഴ്ചകളെക്കാളുമൊക്കെ ഗംഭീര സൗന്ദര്യമായി തോന്നിയത് ഹിമാലയം തന്നെയായിരുന്നു. അവിടുത്തെ ഒാരോ സ്ഥലവും ഒന്നിനൊന്നു പകിട്ടാർന്നതായിരുന്നു. ഒരുപാടു നാളത്തെ ആഗ്രഹമായിരുന്നു ഹിമാലയൻ യാത്ര. കഴിഞ്ഞ ജൂലൈയിൽ ഞാനും ഭാര്യയും ഹിമാലയത്തിൽ പോയിരുന്നു. ഡൽഹിയിൽനിന്നു വാഹനമെടുത്ത് റോഡ്ട്രിപ്പായിരുന്നു. ജമ്മു–ശ്രീനഗർ, അവിടെനിന്നു കാർഗില്‍, പിന്നെ ലഡാക്ക് – മണാലി – ഷിംല. അവിടെനിന്നു തിരിച്ച് ഡൽഹി. പറയാൻ വാക്കുകളില്ല, അത്രയ്ക്കും ഗംഭീരയാത്ര. പതിനഞ്ചു ദിവസം നീണ്ട യാത്രയിൽ മിക്ക സ്ഥലങ്ങളുടെയും സൗന്ദര്യം ശരിക്കും ആസ്വദിക്കുവാനായി. ലോകത്തിൽ ഒരുപാട് സ്ഥലങ്ങളിലേക്കു ഞാൻ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഹിമാലയം തന്നെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷന്‍.

najim-travel1

സിംഹത്തിന്റെ ഗർജനം; മറക്കാനാവില്ല ആ വിദേശാത്ര

ലിസ്റ്റിലുള്ള വിദേശയാത്രകൾ മിക്കതും പ്രോഗ്രാമിന്റെ ഭാഗമാണ്. ഒരുപാടു സ്ഥലങ്ങളിലേക്ക് പോകുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അമേരിക്ക, ന്യൂസീലന്‍ഡ്, യുഗാണ്ട, മലേഷ്യ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, ഒാസ്ട്രേലിയ, കെനിയ, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം പോയി. അമേരിക്കയിൽ പോയപ്പോൾ ഒരു തവണ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ പോയിരുന്നു. കാണേണ്ട കാഴ്ച തന്നെയാണ്. ലോകത്തെ വിസ്മയിപ്പിച്ച സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഈറ്റില്ലമായ ഹോളിവുഡിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ അദ്ഭുതമായി തോന്നി.

najim-travel3

മറ്റൊരു മറക്കാനാവാത്ത യാത്ര വൈൽഡ് സഫാരിയായിരുന്നു. കെനിയൻ യാത്രയിൽ മസായ്മാറയിൽ പോയിരുന്നു. നെയ്റോബിയിൽനിന്നു രണ്ടര മണിക്കൂര്‍ ഒാഫ്റോഡിലൂടെ സഞ്ചരിച്ച് മസായ്മാറയിൽ എത്തി. പ്രകൃതിയും വനസമ്പത്തും ഏറ്റവും കൂടുതലുള്ള കെനിയയിൽ ഇത്രയും സുന്ദരകാഴ്ചകൾ ഉണ്ടോയെന്ന് തോന്നിപ്പോയി. കാടിന്റെ സൗന്ദര്യം ആസ്വദിച്ച് മസായ്മാറയിൽ താമസിച്ചു. കാടിന്റെ ഒത്ത നടുവിലായിരുന്നു ഞങ്ങളുടെ ഹോട്ടൽ മുറി.

ഹോട്ടലായിട്ടല്ല. ഒാരോ റൂമും ടെന്റ് പോലെ കെട്ടിയിരിക്കുകയാണ്. വാതിലുകളില്ല. ഓപ്പൺ ടെന്റാണ്. അതിനു ചുറ്റും മൃഗങ്ങൾ കടന്നു വരാതിരിക്കുവാനായി ഇലക്ട്രിക് വേലികൾ പോലെയും ചെയ്തിട്ടുണ്ട്. എന്നാലും രാത്രിയിൽ സിംഹത്തിന്റെ ഗർജനവും മറ്റു മൃഗങ്ങളുടെ അലർച്ചയും കേൾക്കുന്നത് ആദ്യമായിരുന്നു ശരിക്കും പേടിപ്പെടുത്തി എന്നുതന്നെ പറയാം. രാവിലെ വൈൽഡ് സഫാരിയുമുണ്ടായിരുന്നു. മൃഗങ്ങളെ അവയുടെ വിഹാരരംഗങ്ങളില്‍ നേരിട്ടുകാണുക ഒരു അപൂര്‍വ അനുഭവമായിരുന്നു.

najim-travel2

‘യാത്രകൾ പുസ്തകം പോലെയാണ്. ഒാരോ പുസ്തകത്തിനും വായനാനുഭവം വ്യത്യസ്തമാണ്. അതുപോലെയാണ് യാത്രകളും. ഓരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ്. യാത്രകളെ അത്രയധികം പ്രണയിക്കുന്നയാളാണ് ഞാൻ.  കാഴ്ചകൾ കാണുന്നതിലുപരി ഓരോ നാടിന്റെയും സംസ്കാരം അറിയുവാനും പഠിക്കുവാനും സാധിക്കും. ഇനിയും ഒരുപാട് സ്ഥങ്ങളിലേക്ക് യാത്ര പോകണം എന്നതാണ് എന്റെ സ്വപ്നം’: നജീം പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com