ADVERTISEMENT

‘ഏതു ടൈപ്പ് ചേട്ടൻ ആണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’ – ഈ ഒരൊറ്റ ഡയലോഗ് മതി ഗ്രേസിനെ മലയാളികൾക്കു തിരിച്ചറിയാൻ. കുമ്പളങ്ങി നൈറ്റ്സിലെ സിമിയെപ്പോലെ ഒതുങ്ങിയ ആൾ തന്നെയാണ് ഗ്രേസും. സിനിമയും യാത്രയും നൃത്തവുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഗ്രേസ് ആന്റണിയുടെ യാത്രാ വിശേഷങ്ങൾ.

grace-travel1

ഏതു സ്ഥലമാണ് ഏറ്റവുമിഷ്ടം എന്നു കൊച്ചിക്കാരോടു ചോദിച്ചാൽ നമ്മുടെ കൊച്ചി തന്നെ എന്നു മാത്രമേ പറയൂ.  കൊച്ചി കണ്ടവന് അച്ചി വേണ്ട എന്നു പറയുന്നത് വെറുതെയല്ല.  ഈ നാടിന്റെ സ്പന്ദനം അറിഞ്ഞവരൊന്നും ഇവിടം വിട്ടു പോകാൻ കൂട്ടാക്കില്ല. ഗ്രേസിനെ സംബന്ധിച്ചും കാര്യം വ്യത്യസ്തമല്ല. യാത്രചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് ഗ്രേസിന്റെ ഉത്തരം ഇങ്ങനെയായിരുന്നു - എനിക്ക് അന്നും ഇന്നും എന്നും കൊച്ചി തന്നെയാണ് ഇഷ്ടം. 

grace-travel

എറണാകുളം ജില്ലയിലെ മുളന്തുരുത്തി ആണ്  ഗ്രേസിന്റെ സ്വദേശം; അമ്മവീട് മാനാശേരിയിലും. ഒഴിവു സമയം കിട്ടിയാൽ നേരെ മാനാശേരിയിലേക്കു വണ്ടി വിടും. അതിന് ഒറ്റക്കാരണമേയുള്ളൂ എന്ന് ഗ്രേസ്.  വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയാൽ കടലാണ്. കടലിന്റെ കാറ്റു കൊണ്ട് ഇരമ്പലും കേട്ട് അങ്ങനെ ഇരിക്കാൻ പ്രത്യേക സുഖമാണെന്ന് ഗ്രേസ് പറയുന്നു.

grace-travel2

‘അവിടെച്ചെന്ന് കല്ലുംപുറത്തു കയറിയിരുന്ന് കടൽ കാണലാണ് എന്റെ പ്രധാന ഹോബി. മനസ്സിന്  ഇത്രയും സുഖം നൽകുന്ന ഒരു ഫീൽ വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല.  ഒത്തിരി ഒച്ചയും ബഹളവും ഉള്ളിടത്തൊന്നും പോകാൻ എനിക്കിഷ്ടമല്ല. സമാധാനം ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് പോകുന്നിടത്തൊക്കെ സമാധാനത്തോടെ ഇരിക്കാൻ പറ്റുമോ എന്നാണ് ആദ്യം അന്വേഷിക്കുന്നത്. 

grace-antony4

കാട് അറിഞ്ഞും മേട് അറിഞ്ഞും പുഴകളെ തലോടിയും ഒക്കെ യാത്ര ചെയ്യാൻ എനിക്കു ഭയങ്കര ഇഷ്ടമാണ്. അങ്ങനെ ഒരു സൂപ്പർ യാത്രയായിരുന്നു അട്ടപ്പാടിയിലേക്കു നടത്തിയത്. നമ്മുടെ നാട് എത്ര സുന്ദരമാണെന്ന് അറിയണമെങ്കിൽ ചില സ്ഥലങ്ങളിൽ ചെല്ലണം. അട്ടപ്പാടി യാത്രയിൽ എനിക്കുണ്ടായ ഒരു അനുഭവം ആണിത്.  അവിടുത്തെ നാട്ടുകാരെ പരിചയപ്പെട്ടു കഴിയുമ്പോൾ അവർ നമ്മളാരും കാണാത്ത പുതിയ ഇടങ്ങളിലേക്ക് കൊണ്ടുപോകും. എന്തു മനോഹരമായ സ്ഥലങ്ങളാണ് എന്നറിയുമോ. നാട്ടുകാർ ആയതുകൊണ്ടും സ്ഥിരം കാണുന്നതുകൊണ്ടും അവർക്കു വലിയ കാര്യമല്ല അതൊന്നും. എന്നാൽ ആദ്യമായി കാണുന്ന എന്നെപ്പോലെയുള്ളവർക്ക് അദ്ഭുതമാണ് ആ കാഴ്ചകളൊക്കെ. ഭയങ്കര തിരക്കും ജനക്കൂട്ടവുമൊക്കെയുള്ള സ്ഥലങ്ങളേക്കാൾ എനിക്കിഷ്ടം ഇത്തരം പീസ് ഫുൾ സ്ഥലങ്ങളാണ്. 

grace-travel5

ഷൂട്ടിങ്ങിനാണെങ്കിലും കോഴിക്കോട്ടു പോയത് നല്ല അനുഭവമായിരുന്നു. അവിടുത്തെ മനുഷ്യർക്ക് പ്രത്യേക സ്നേഹമാണ്. ഞാൻ അത്ര വലിയ ഭക്ഷണപ്രിയ ഒന്നുമല്ല. എങ്കിലും പുതിയതൊക്കെ കണ്ടാൽ പരീക്ഷിക്കാനും മടിക്കാറില്ല. കോഴിക്കോട്ടു പോയപ്പോൾ ഏറ്റവും കൂടുതൽ നോക്കിയതും ആ ഒരു കാര്യമായിരുന്നു. ബീഫ് ബിരിയാണിയൊക്കെ  അവിടെനിന്നാണ് കഴിക്കുന്നത്. ബീച്ചുകളും കാടുകളും എനിക്കു പ്രിയപ്പെട്ടതാണ്. കൊച്ചിക്കാർക്ക് ബീച്ച് ഒരു വികാരം ആണല്ലോ. കടൽ കാണണമെന്നു തോന്നിയാൽ നേരെ വീടിന്റെ മുറ്റത്തിറങ്ങി നിൽക്കും. അതിലും കിടിലനായി ഒരു കാര്യമുണ്ടാകുമോ, എനിക്ക് തോന്നുന്നില്ല.’

സമാധാനം ഏറ്റവും കൂടുതൽ ഉള്ളയിടമാണെന്റെ ലക്ഷ്യം

ലോകത്ത് ഏറ്റവും കൂടുതൽ സമാധാനമുള്ള രാജ്യമാണ് ഫിൻലൻഡ്. ആ സമാധാന രാജ്യം തന്നെയാണ് ഗ്രേസിന്റെയും ഡ്രീം ഡെസ്റ്റിനേഷൻ. അവിടെയാകുമ്പോൾ സമാധാനത്തോടെ എല്ലായിടവും കറങ്ങി നടക്കാൻ സാധിക്കുമെന്നാണ് ഗ്രേസ് പറയുന്നത്. ആരും ശല്യപ്പെടുത്താതെ യഥേഷ്ടം ആസ്വദിക്കാം.

finland

‘കേരളത്തിന്റെ ഏഴിലൊന്ന് ജനസംഖ്യ മാത്രമുള്ള അതിസുന്ദരമായ ഒരു ചെറിയ രാജ്യമാണിത്. വടക്കൻ യൂറോപ്പിൽ ആർട്ടിക്കിന് അടുത്ത് കിടക്കുന്ന നോർഡിക് രാജ്യമാണ്. ലോകത്തിലെ ഏറ്റവും സത്യസന്ധന്മാരുടെ നഗരമായിട്ടാണ് ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കി അറിയപ്പെടുന്നത്. അതിമനോഹരമായ, വൃത്തിയുള്ള പട്ടണമായ ഹെൽസിങ്കി വളരെ നിശ്ശബ്ദമാണ്. പുഴയും കടലുമൊക്കെ വളരെ ശുദ്ധം. വണ്ടികളിൽ ഹോണുകൾ പോലും ഇവിടെ ആരും ഉപയോഗിക്കാറില്ല. ആയിരം തടാകങ്ങളുടെ നാടായ ഇവിടെ ആർക്കും ധൈര്യമായി ടാപ്പിലെ വെള്ളം കുടിക്കാം, അത്രമാത്രം ശുദ്ധമാണവിടുത്തെ ജലം. പച്ചപ്പും മൊട്ടക്കുന്ന് പോലെ ഉള്ള പുൽ മൈതാനങ്ങളുമാണ് ഈ രാജ്യമൊട്ടാകെ. മരങ്ങളെയും പ്രകൃതിയെയും ഇവർ ജീവനു തുല്യം സ്നേഹിക്കുന്നുമുണ്ട്. ഇങ്ങനെയുള്ള ഒരിടത്തേക്ക് അല്ലാതെ സമാധാനപ്രിയയായ ഞാൻ മറ്റ് എവിടെ പോകാൻ’ എന്ന് ഗ്രേസും ചോദിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com