sections
MORE

ഫിന്‍ലന്‍ഡ്‌ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമാകുന്നത് എന്തുകൊണ്ട്?

finland-travel
SHARE

നോക്കിയ ഫോണ്‍ ഉപയോഗിക്കാത്തവരായി എത്ര പേരുണ്ട്? എന്നാല്‍ അത് എവിടെയാണ് ആദ്യമായി നിർമിച്ചതെന്ന് അറിയുമോ? സാന്താക്ലോസിന്‍റെ വീട് എവിടെയാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? രണ്ടു ലക്ഷത്തിലധികം കുഞ്ഞു കുഞ്ഞു തടാകങ്ങള്‍ ഉള്ള, സത്യം മാത്രം പറയുന്ന, ആരോഗ്യപരമായ മാത്രം ഭക്ഷണം കഴിക്കുന്ന, ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോഫിപ്രിയന്മാര്‍ ഉള്ള, ഏറ്റവും മികച്ച പീത്‌സ കിട്ടുന്ന, മൽസ്യ - മാംസങ്ങള്‍ തുടങ്ങി  പച്ചക്കറിയും പഴങ്ങളും മറ്റെല്ലാ ഭക്ഷണ പദാർഥങ്ങളും ഫ്രഷ് ആയി മാത്രം കിട്ടുന്ന ഒരു രാജ്യം! ഒരു സ്വപ്നം പോലെ തോന്നുന്നുണ്ടോ? എന്നാല്‍ അങ്ങനെയൊരു രാജ്യമുണ്ട്. കേരളത്തിന്‍റെ ഏഴിലൊന്നു വലുപ്പം മാത്രമുള്ള ഫിന്‍ലന്‍ഡ്‌! ലോകത്ത് എന്തു മികച്ച റാങ്കിങ് പട്ടിക തയാറാക്കിയാലും അതില്‍ ആദ്യ പത്തില്‍ കാണുന്ന ഈ രാജ്യം ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ സഞ്ചാരികളുടെയും പ്രിയഭൂമിയാണ്.

പ്രകൃതിസൗന്ദര്യത്തിലാവട്ടെ, നഗരങ്ങളുടെ സുരക്ഷിതത്വത്തിന്‍റെ കാര്യത്തിലാവട്ടെ, സമൃദ്ധിയാവട്ടെ... എങ്ങനെ നോക്കിയാലും ഫിന്‍ലന്‍ഡ്‌ എപ്പോഴും ഒരുപടി മുന്നില്‍ തന്നെയാണ്. ഈയടുത്താണ് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഫിന്‍ലാന്‍ഡില്‍ 34കാരിയായ സന മാരിന്‍ സ്ഥാനമേറ്റത്. ഫിൻ‌ലൻ‌ഡിലെ ഇപ്പോഴത്തെ സഖ്യ സർക്കാരിനെ നയിക്കുന്നതും അഞ്ചു സ്ത്രീകളാണ് എന്നത് മറ്റൊരു കാര്യം. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലും അവസരസമത്വത്തിലും മാത്രമല്ല, മറ്റു പല കാര്യങ്ങളിലും ലോകത്ത് ഏറ്റവും മികച്ചു നില്‍ക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്‌. അവ ഏതൊക്കെയാണ് എന്നറിയേണ്ടേ?

finland

1. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം 

കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്‌. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ്‌ ഫിന്‍ലന്‍ഡിന് ഈ പദവി ലഭിക്കുന്നത്.

2. ഏറ്റവും സുരക്ഷിതമായ രാജ്യം 

കുറ്റകൃത്യങ്ങള്‍, അക്രമം മുതലായവയുടെ നിരക്ക് ഏറ്റവും കുറവുള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്‌. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലാണ് ഫിന്‍ലന്‍ഡിന്‍റെ സ്ഥാനം.

502790682

3. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍

ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം വിദ്യാഭ്യാസം എന്നതാണ് ഇവിടത്തെ എലമെന്‍ററി സ്കൂള്‍ പഠന രീതി. കളികളിലൂടെ പഠനം എന്ന ആശയമാണ് ഇവിടെ നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള  അവകാശം ഭരണഘടനാപരമാക്കിയിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം, അപ്പര്‍ സെക്കന്‍ഡറി എന്നിവ സൗജന്യമാണ്. പത്താം ക്‌ളാസ് വരെ കുട്ടികൾക്കു പരീക്ഷയില്ല എന്നതാണ് മറ്റൊരു കാര്യം. 

4. ഉദ്യോഗസ്ഥകളായ സ്ത്രീകളുടെ സ്വര്‍ഗം 

ഇക്കണോമിസ്റ്റിന്‍റെ ഗ്ലാസ്-സീലിങ് ഇന്‍ഡക്സ്‌ അനുസരിച്ച്, ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതല്‍ ഉള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്‌. സ്ത്രീകള്‍ക്ക് തുല്യവരുമാനം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

5. പെറ്റേണിറ്റി ലീവ് 9 ആഴ്ച

കുട്ടികളുടെ വളര്‍ച്ചയില്‍ പിതാക്കന്മാര്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌. ഇതു മനസ്സിലാക്കിക്കൊണ്ട്‌ പുരുഷന്മാര്‍ക്ക് ഒന്‍പതാഴ്ച വരെ പിതൃത്വ ലീവിന് അനുവാദമുണ്ട്. ഈ സമയത്ത് അവര്‍ക്ക് ശമ്പളത്തിന്‍റെ 70% ലഭിക്കും. അമ്മമാര്‍ക്കാവട്ടെ നാല് മാസമാണ് അവധി.

ഇവ കൂടാതെ മികച്ച ആരോഗ്യസംരക്ഷണ സംവിധാനം, ഏറ്റവും കുറഞ്ഞ അഴിമതി നിരക്ക്, ഏറ്റവും കുറഞ്ഞ മലിനീകരണ നിരക്ക്, ഉയര്‍ന്ന സാക്ഷരത, ഉയര്‍ന്ന അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയും ഫിന്‍ലന്‍ഡിനെ വേറിട്ടു നിര്‍ത്തുന്നു. 

സഞ്ചാരികളെ സംബന്ധിച്ച് നോര്‍ത്തേണ്‍ ലൈറ്റ്സിന്‍റെ രാജ്യം എന്നൊരു സവിശേഷത കൂടി ഫിന്‍ലന്‍ഡിനുണ്ട്. രാത്രി ആകാശത്ത് ചുവപ്പും നീലയും പച്ചയും നിറങ്ങള്‍ മാറി മാറി തെളിയുന്ന ഈ അദ്ഭുത പ്രതിഭാസം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.  

ജനസാന്ദ്രത വളരെ കുറഞ്ഞ യൂറോപ്യന്‍ രാജ്യമാണ് ഫിന്‍ലന്‍ഡ്‌. ഷെങ്കന്‍ വീസയുണ്ടെങ്കില്‍ ഇവിടേക്ക് യാത്ര ചെയ്യാം. ലോകത്തെ ഏറ്റവും ശക്തമായ 5 പാസ്പോർട്ടുകളിൽ ഒന്നാണ് ഫിൻലാൻഡ് പാസ്പോർട്ട്. ലോകത്തെ 175 രാജ്യങ്ങളിൽ വീസയില്ലാതെ യാത്ര ചെയ്യാന്‍ ഫിന്‍ലന്‍ഡ്‌ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് പറ്റും. ഇങ്ങോട്ടുള്ള കുടിയേറ്റവും വീസയും അത്ര എളുപ്പമല്ല. ഫിന്നിഷ് ഭാഷ അറിയാതെ ജോലി ലഭിക്കുകയുമില്ല. ഇനി അഥവാ ജോലി കിട്ടിയാലോ, ഇന്ത്യന്‍ രൂപ അമ്പതിനായിരം എങ്കിലും ഇല്ലാതെ മാസം ഏറ്റവും കുറഞ്ഞ രീതിയില്‍ പോലും ജീവിക്കാനുമാവില്ല! എന്നാല്‍ അത്യാവശ്യം നന്നായി ശമ്പളം കൊടുക്കുന്ന രാജ്യമാണ് എന്നതിനാല്‍ ഒരിക്കല്‍ കയറിപ്പറ്റിയാല്‍ ജീവിതം തള്ളി നീക്കാന്‍ പിന്നെ വലിയ പ്രയാസമില്ല. 

യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ വേനലാണോ ശീതകാലമാണോ എന്ന് നോക്കി വേണം പോവാന്‍. ശൈത്യകാലത്ത് -20 ഡിഗ്രി വരെയും, വേനൽക്കാലത്തു +21 ഡിഗ്രി വരെയുമാണ് താപനില. വേനല്‍ക്കാലത്ത് മൂന്നാലു മാസത്തേക്ക് സൂര്യന്‍ അസ്തമിക്കുകയേ ഇല്ല. അതുപോലെതന്നെ തണുപ്പു തുടങ്ങുമ്പോള്‍ രണ്ടു മൂന്നു മാസം സൂര്യന്‍റെ പൊടി പോലും കാണുകയുമില്ല!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA