sections
MORE

പുരുഷന്മാർക്ക് ഈ ഗ്രാമം സന്ദർശിക്കാം, താമസിക്കാൻ അനുവാദമില്ല; കാരണമിതാണ്

umoja-village-travel
SHARE

സ്വാഹിലി ഭാഷയില്‍ ഉമോജ എന്ന വാക്കിനര്‍ത്ഥം ഐക്യം എന്നാണ്. പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് കെനിയയിലെ ഉമോജ ഉവാസോ ഗ്രാമത്തിലെ ജനങ്ങളുടെ വാസം. തലസ്ഥാന നഗരമായ നയ്റോബിയില്‍ നിന്നും 380 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന, സ്ത്രീകള്‍ മാത്രമുള്ള കെനിയയിലെ ഗ്രാമമാണിത്. 

1990 ലാണ് ഈ ഗ്രാമം സ്ഥാപിക്കപ്പെട്ടത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന ഭവനരഹിതരുടെയും നിർബന്ധിത വിവാഹങ്ങളിൽ നിന്ന് രക്ഷപെട്ട് ഓടി വരുന്ന പെൺകുട്ടികളുടെയും സങ്കേതമായി റെബേക്ക ലോലോസോളി എന്ന സാംബുരു വംശജയാണ് ഉമോജ ഗ്രാമമെന്ന ആശയത്തിന്‍റെ ശില്‍പ്പി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും അവരോടുള്ള സമൂഹത്തിന്‍റെ ദുഷിച്ച മനോഭാവങ്ങളുമായി യോജിച്ചു പോകാന്‍ കഴിയാത്ത സ്ത്രീകളാണ് ഇവിടുത്തെ നിവാസികള്‍. അതായത് സാംബുരു വംശത്തിലെ ഫെമിനിസ്റ്റുകള്‍ എന്ന് പറയാം.

ഇവിടെ ഒരു പ്രൈമറി സ്കൂളും സാംസ്കാരിക കേന്ദ്രവും കൂടാതെ തൊട്ടടുത്തുള്ള സാംബു നാഷണൽ റിസർവ് സന്ദർശിക്കുന്ന സഞ്ചാരികൾക്കായി ക്യാമ്പിംഗ് സൈറ്റ് എന്നിവയും ഈ സ്ത്രീകള്‍ നടത്തുന്നു. ആഭരണ നിര്‍മാണമാണ് മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗം.

പുരുഷന്മാർക്ക് ഈ ഗ്രാമം സന്ദർശിക്കാൻ അനുമതിയുണ്ടെങ്കിലും ഉമോജയിൽ താമസിക്കാൻ അനുവാദമില്ല. ഇവിടെയുള്ള സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ മാത്രമാണ് പുരുഷപ്രജകളായി ഇവിടെ താമസിക്കുന്നത്. ഇപ്പോഴിവിടെ ഏകദേശം അമ്പതോളം സ്ത്രീകളും ഇരുനൂറോളം കുഞ്ഞുങ്ങളുമാണ് ഉള്ളത്. 

എങ്ങനെയാണ് സ്ത്രീകളുടെ മാത്രം ഗ്രാമം ഉണ്ടായത്?

സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്തായി കണ്ടുവരുന്ന പാരമ്പര്യമാണ് സാംബുരു ഗോത്ര വര്‍ഗ്ഗക്കാരുടേത്. സമൂഹത്തില്‍ അവര്‍ എപ്പോഴും മൂന്നാം കിടക്കാരായി തഴയപ്പെട്ടു. ഭൂമിയോ മറ്റു വസ്തുവകകള്‍ക്കോ ഉടമകളാവാന്‍ അവര്‍ക്ക് അവകാശമില്ല. നിര്‍ബന്ധിത വിവാഹം, ബലാത്സംഗം, ഗാര്‍ഹിക പീഡനം മുതല്‍ ജനനേന്ദ്രിയ ഛേദം വരെ അവര്‍ അനുഭവിക്കുന്നു. തൊണ്ണൂറുകളില്‍ നിരവധി സംബുരു സ്ത്രീകളെ ബ്രിട്ടീഷ് പട്ടാളക്കാര്‍ ബലാത്സംഗം ചെയ്ത റിപ്പോര്‍ട്ടുകള്‍ വന്നു. ലൈംഗിക രോഗങ്ങള്‍ വരുമോ എന്നുള്ള ഭയം മൂലം ഇവരെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു. നിരവധി സ്ത്രീകള്‍ ഇങ്ങനെ നിരാലംബരായി മാറി. അങ്ങനെയാണ് റെബേക്ക ഇങ്ങനെയൊരു ആശയവുമായി മുന്നോട്ട് വരുന്നതും മറ്റു സ്ത്രീകളുടെ സഹായത്തോടെ ഇത് സ്ഥാപിച്ചതും. 

എന്നാല്‍ സ്ത്രീകള്‍ ഇങ്ങനെയൊരു സംരംഭവുമായി മുന്നോട്ടു വന്നപ്പോള്‍ പുരുഷന്മാരും അടങ്ങിയിരുന്നില്ല. ഉമോജയിലേക്ക് വരുന്ന ടൂറിസ്റ്റുകളെ തടയാനും മറ്റും അവര്‍ ശ്രമിച്ചെങ്കിലും സ്ത്രീകളുടെ ഉരുക്കുശക്തിക്ക് മുന്നില്‍ അവര്‍ക്ക് മുട്ടു മടക്കേണ്ടി വന്നു. 

ആദ്യകാലത്ത് പച്ചക്കറികള്‍ വിറ്റായിരുന്നു ഇവരുടെ ഉപജീവനം. എന്നാല്‍ പിന്നീട് പരമ്പരാഗതമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു ടൂറിസ്റ്റുകള്‍ക്ക് വില്‍ക്കുന്നതിലേക്ക് തിരിഞ്ഞതോടെ ഇവര്‍ സ്വന്തം കാലില്‍ നില്‍ക്കാവുന്ന പരുവത്തിലായി. പിന്നീട് സര്‍ക്കാര്‍ സഹായവും കൂടി ലഭിച്ചതോടെ ഇവരുടെ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടു. ഇപ്പോള്‍ ഇവിടെയുള്ള ഭൂമി ഈ സ്ത്രീകളുടെ ഉടമസ്ഥതയിലാണ്. 

ടൂറിസ്റ്റുകളും താമസസൗകര്യവും 

ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ഉമോജയിൽ മൂന്നു താമസ സൗകര്യങ്ങളാണ് ഉള്ളത്. ഇതിനായി ആദ്യമേ ബുക്ക് ചെയ്യണം. ഗ്രാമത്തിലെ ഏതെങ്കിലും പരമ്പരാഗത കുടിലിൽ താമസിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സൗകര്യമുണ്ട്. സഫാരി ക്യാമ്പിൽ താമസിക്കുക എന്നതാണ് അടുത്ത വഴി. സാഹസികരായ അതിഥികൾക്കാവട്ടെ, നദിക്കടുത്തുള്ള ക്യാമ്പ് സൈറ്റിൽ താമസിക്കാനും ജലത്തിലെ വന്യജീവികളെ കാണാനും അവസരമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA