ADVERTISEMENT

ആരാധകര്‍ സ്നേഹത്തോടെ 'ഐശു' എന്ന് വിളിക്കുന്ന ഐശ്വര്യലക്ഷ്മി പുതുവർഷം ആഘോഷിച്ചത് തായ്‌ലൻഡിലാണ്. ജനുവരി ഒന്നിന് ക്വായ് നദിക്കരയിലെ ക്ഷേത്രത്തില്‍ അപ്രതീക്ഷിതമായി ഒറ്റക്കായിപ്പോയെന്ന് ഐശ്വര്യ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. 2020 ന്‍റെ തുടക്കം മനോഹരമായെന്നും കുടുംബത്തെ മിസ്‌ ചെയ്യുന്നു എന്നും നടി പറയുന്നു. എന്നാല്‍ ദൈവം ഇത്രയും വാരിക്കോരി എല്ലാം തരുമ്പോള്‍ പരാതി പറയാനാവില്ല. പടിഞ്ഞാറന്‍ തായ്‌ലൻഡിലുള്ള ഒരു പ്രധാന നദിയാണ് 'സി സാവത്' എന്നും പേരുള്ള ക്വായ് നദി. സായാഹ്ന സൂര്യന്‍റെ സ്വര്‍ണ്ണ കിരണങ്ങള്‍ പിന്നിലെ ആകാശത്ത് ഓറഞ്ചും സ്വര്‍ണ്ണവര്‍ണ്ണവും വാരി വിതറുന്ന പശ്ചാത്തലത്തിലാണ് ഐഷുവിന്‍റെ ആദ്യ ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

വെളുത്ത ടോപ്പണിഞ്ഞ് കയ്യില്‍ ജ്യൂസും പിടിച്ചു നില്‍ക്കുന്ന മറ്റൊരു ഫോട്ടോയില്‍ തന്‍റെ തായ് കസിന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഐശ്വര്യ പുതിയ ഹെയര്‍സ്റ്റൈലില്‍ ഉള്ള ഫോട്ടോ ഇട്ടിരിക്കുന്നത്. സെലിബ്രിറ്റി ഡിസൈനര്‍ ആയ സ്റ്റെഫി സേവ്യര്‍ ആണ് ഐശ്വര്യയുടെ ഈ പുതിയ മേക്കോവറിന് പിന്നില്‍.

മറ്റെല്ലാ സമയത്തെയും പോലെത്തന്നെ ന്യൂ ഇയര്‍ സമയത്തും സഞ്ചാരികളുടെ ഒഴുക്കാണ് തായ‌‌‌്ലൻഡിലേക്ക്. ബീച്ചുകളും പാര്‍ട്ടിയും രുചികരമായ ഭക്ഷണവുമൊക്കെയായി ഇത്ര കുറഞ്ഞ ചെലവില്‍ ഇത്രയധികം ആഘോഷിക്കാന്‍ പറ്റുന്ന മറ്റൊരു രാജ്യം ഇല്ല തന്നെ.  

തായ്‍‍ലൻഡ് എന്നു കേൾക്കുമ്പോൾ പലരും നെറ്റിചുളിക്കുമെങ്കിലും സുന്ദരകാഴ്ചകളുടെ പറുദീസയാണിവിടം. ഒരു സഞ്ചാരി കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകളുടെ ലോകമാണ് തായ്‍ലന്റ്. മനോഹരമായ തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളും കാടിന്റെ വന്യതയും രാത്രിക്കാഴ്ചയുമൊക്കെ സഞ്ചാരികളെ കാത്തിരിക്കുന്നു.

ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യവും ചെലവ് കുറഞ്ഞ നഗരവുമാണ് തായ്‍ലൻഡ്. കാഴ്ചയുടെ അത്യപൂർവ്വ വിസ്മയം തുറന്നുതരുന്ന തായ്‍‍ലൻഡിന്റെ പ്രകൃതി കേരളവുമായി ഏറെ സാമ്യമുള്ളതാണ്. തായ്‍‍ലൻഡിന്റെ സൗന്ദര്യമുണർത്തുന്ന കടൽത്തീരങ്ങളും ഷോപ്പിങും രുചിയുണർത്തുന്ന വിഭവങ്ങളുമൊക്ക ആരെയും ആകർഷിക്കും. ഉറങ്ങാത്ത തെരുവുകളും നിലക്കാത്ത സംഗീതവും നൃത്തചുവടുകളും ഒരുമിക്കുന്ന ഇവിടം സഞ്ചാരികളുടെ പറുദീസയാണ്.

ബൈക്കിങ്, ഡൈവിങ്, കനോക്കിങ്, കയാക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും അനുയോജ്യമായ ഇടമാണ് തായ്‌ലൻഡ്. മലയാളികളുടെ ഇടയിൽ പരിചിതമായ പട്ടായ എന്ന ഡെസ്റ്റിനേഷന് പുറമെ, ഫുക്കറ്റ്, ബാങ്കോക്ക്‌, ഹുവ ഹിൻ എന്നിവയും മികച്ച യാത്രാനുഭവം നൽകുന്നയിടങ്ങളും ഇവിടെയുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com