ADVERTISEMENT

ടോക്കിയോക്ക് 200 മൈല്‍ തെക്കായി പസഫിക് മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ആവോഗഷിമ ദ്വീപിലെ താമസക്കാർക്കു മറക്കാനാവാത്ത വര്‍ഷമാണ് 1785. മുതുമുത്തശ്ശന്മാരില്‍നിന്നു കൈമാറി വന്ന അക്കാലത്തെ കഥകള്‍ ഇന്നും പുതു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു. പക്ഷേ, പേടിച്ചു പിന്മാറാനോ നാടു വിട്ടോടിപ്പോകാനോ അവര്‍ ഒരുക്കമല്ല. 

ഏതു നിമിഷവും കത്തിജ്വലിക്കാന്‍ സാധ്യതയുള്ള അഗ്നിപര്‍വതത്താല്‍ വലയം ചെയ്യപ്പെട്ട ഒരു നഗരത്തില്‍ താമസിക്കുന്നത് എങ്ങനെയിരിക്കുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?  

1785 മേയ് പതിനെട്ടാം തീയതിയായിരുന്നു ലോകത്തെ നടുക്കിയ ആ സംഭവം. നോക്കി നില്‍ക്കേ ഭൂമിക്ക് ചെറിയ കുലുക്കം അനുഭവപ്പെടാന്‍ തുടങ്ങി. ദ്വീപിലുള്ള അഗ്നിപർവതത്തിന്‍റെ വായിൽനിന്നു വൻതോതിൽ വാതകവും പുകയും പുറത്തേക്ക് ഒഴുകി. പാറകളും ചെളിയും മറ്റ് അവശിഷ്ടങ്ങളുമെല്ലാം ആരോ എടുത്തെറിഞ്ഞതു പോലെ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങാനാരംഭിച്ചു.

ജൂൺ 4 ആയപ്പോഴേക്കും ദ്വീപിലെ 327 നിവാസികൾക്ക് ഇവിടം വിട്ടോടിപ്പോവുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതായി, പക്ഷേ പകുതിയോളം പേർക്കു മാത്രമേ രക്ഷപ്പെടാന്‍ സാധിച്ചുള്ളൂ. ബാക്കിയുള്ളവർക്ക് മരണമായിരുന്നു വിധി. 

രാജ്യത്തുള്ള 110 സജീവ അഗ്നിപർവതങ്ങളുടെ നിരീക്ഷണ ചുമതലയുള്ള ജാപ്പനീസ് കാലാവസ്ഥാ നിരീക്ഷണ ഏജൻസി (Japanese Meteorological Agency) യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആവോഗഷിമ അഗ്നിപര്‍വതം ഇപ്പോഴും സജീവമാണ്. ചരിത്രം ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ദ്വീപ്‌ നിവാസികള്‍ക്ക് അറിയാം. പക്ഷേ, ആ റിസ്ക്‌ ഏറ്റെടുക്കാന്‍ തയാറായാണ് ഇവിടെയുള്ള ഓരോരുത്തരുടെയും ദിനങ്ങള്‍ പുലരുന്നത്. എവിടെപ്പോയാലും പ്രകൃതിയോടു മല്ലിട്ട് ജയിക്കാന്‍ മനുഷ്യനാവില്ലല്ലോ എന്നാണ് ഇവരുടെ വാദം.

ഇക്കാര്യം അങ്ങു മാറ്റി വച്ചാല്‍ അങ്ങേയറ്റം അനുഗൃഹീതവും സുന്ദരവുമാണ്‌ അവോഗഷിമ ദ്വീപ്‌. ഫിലിപ്പീന്‍ കടലിന്‍റെ മധ്യത്തിലാണ്‌ ഇത്. കൃഷിയും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗങ്ങള്‍. ഹൈക്കിങ്, ക്യാംപിങ്, നീന്തല്‍ തുടങ്ങിയവയ്ക്കെല്ലാമായി നിരവധി സഞ്ചാരികളും ഇവിടെയെത്തുന്നു. എന്നാല്‍ കുത്തനെയുള്ള പാറക്കൂട്ടങ്ങൾ കാരണം തുറമുഖത്തിനു പുറത്തുള്ള മറ്റു പ്രദേശങ്ങളില്‍ നീന്താന്‍ ഇറങ്ങുന്നത് ഇവിടെ അപകടകരമാണ്. 

കൂടാതെ, സഞ്ചാരികള്‍ക്കായി ദ്വീപിനു മുകളിലൂടെയുള്ള ഹെലികോപ്റ്റര്‍ യാത്രയും അഗ്നിപര്‍വതത്തിനരികില്‍ സൗജന്യ ക്യാംപിങ്ങും ഏറ്റവും ഉള്ളിലുള്ള മരുയാമ അഗ്നിപര്‍വതമുഖത്തേക്കുള്ള യാത്രയുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

അഗ്നിപര്‍വത സാമീപ്യമുള്ളതു കൊണ്ടുതന്നെ ചൂടുനീരുറവകള്‍ വളരെ സാധാരണമാണ്. ഇവിടങ്ങളില്‍നിന്ന് ഉയര്‍ന്നു പൊങ്ങുന്ന നീരാവിയില്‍ ഭക്ഷണം പാകം ചെയ്യാന്‍ എത്തുന്നവരും കുറവല്ല. മുട്ടയും പച്ചക്കറികളുമെല്ലാമായി ഇത്തരം സ്ഥലങ്ങളില്‍ പോയിരുന്ന് അവ പ്രകൃതിദത്തമായ ഈ ‘അടുപ്പി’ല്‍ വച്ച് വേവിച്ചു കഴിക്കുകയാണ് ഇവിടത്തുകാരുടെ മറ്റൊരു ഹോബി!

കുഞ്ഞുദ്വീപാണെങ്കിലും ആഡംബരത്തിന് അത്ര കുറവൊന്നും കാണാനാവില്ല. മിക്കവരും യാത്ര ചെയ്യുന്നത് കാറിലാണ്. മഴയും കാറ്റും സാധാരണമായതിനാല്‍ കാല്‍നടയും ബൈക്ക് യാത്രയുമൊന്നും അത്ര പ്രാക്ടിക്കല്‍ അല്ല. ജപ്പാന്‍റെ ദേശീയ മദ്യം എന്ന് വിളിക്കപ്പെടുന്ന 'ഷോചു' നിര്‍മിക്കുന്ന ഒരു ഡിസ്റ്റിലറിയുണ്ട് ഇവിടെ. ആളുകളുടെ ആവശ്യങ്ങള്‍ക്കു വേണ്ട മിക്കവാറും എല്ലാ സാധനങ്ങളും ലഭിക്കുന്ന ഷോപ്പുകളും ഇവിടെയുണ്ട്.

2007 ലാണ് ഇവിടെ അവസാനമായി അഗ്നിപര്‍വത സ്ഫോടന മുന്നറിയിപ്പ് ഉണ്ടായത്. പിന്നീടിങ്ങോട്ട്‌ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അഗ്നിപര്‍വതത്തിന്‍റെ ചുവട്ടിലുള്ള ഈ അതിമനോഹര ഭൂമിയില്‍ സമാധാനത്തോടെയാണ് ഓരോ ദിവസവുമിപ്പോള്‍ പുലരുന്നത്.

എങ്ങനെയാണ് ഈ സ്വര്‍ഗ്ഗഭൂമിയില്‍ എത്തുക?

എഴുപതു കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്ന ഹച്ചിജോജിമ (Hachijojima) എന്ന ദ്വീപിലൂടെയാണ് ആവോഗഷിമയിലെത്താനുള്ള ഏക വഴി. ഹച്ചിജോജിമയില്‍ ഒരു വിമാനത്താവളമുണ്ട്. ഇവിടേക്ക്  ടോക്കിയോയിൽനിന്ന് വിമാനത്തിലോ ബോട്ടിലോ എത്തിച്ചേരാം.

ഹച്ചിജോജിമയിൽനിന്ന് ആവോഗഷിമയിലേക്ക് ബോട്ടു യാത്രയ്ക്ക് 3 മണിക്കൂർ എടുക്കും. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ സമയം അതിലും കൂടും.  

ഹച്ചിജോജിമയിൽനിന്ന് ഹെലികോപ്റ്ററിലാണ് യാത്രയെങ്കില്‍ 20 മിനിറ്റ് മതി ആവോഗഷിമയില്‍ എത്താന്‍. ഇതിനു ബുക്ക് ചെയ്യണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com