sections
MORE

ഇൗ ജനുവരിയിൽ ആ സ്വപ്നയാത്ര നടക്കും; നടി അഹാന

Dr PA Fazal Gafoor
SHARE

ലൂക്കയുടെ നെഞ്ചിലെ  നീറുന്ന പ്രണയം പോലെ ഓരോ മലയാളിയുടെയും മനസ്സില്‍ കയറിക്കൂടിയ കഥാപാത്രമാണ് നിഹാരിക. നിഹാരികയ്ക്കു വെള്ളിത്തിരയില്‍ ജീവൻ നൽകിയ അഹാനയെക്കുറിച്ച് അധികമൊന്നും പ്രേക്ഷകര്‍ക്കു പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല, നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ എന്നതിലുപരി ഗായിക, നര്‍ത്തകി, അഭിനേത്രി എന്നിങ്ങനെ പല തലങ്ങളിൽ മികവു തെളിയിച്ച അഹാനയ്ക്ക് വായനയും യാത്രയും ഫുഡുമൊക്കെയാണ് ഇഷ്ടങ്ങള്‍..

ahana-trip

അഹാനയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, യാത്രകള്‍ മനുഷ്യ മനസ്സിന് നല്‍കുന്ന ലീഷെര്‍ തെറാപ്പിയാണ്. തിരക്കുകളില്‍നിന്നും പിരിമുറുക്കങ്ങളില്‍ നിന്നുമെല്ലാം രക്ഷപ്പെടാന്‍ ഒരു കുഞ്ഞുയാത്രപോലും ഏറെ ഗുണം ചെയ്യുമെന്ന് അഹാന പറയുമ്പോള്‍ അതു സത്യമെന്ന് യാത്രയെ സ്‌നേഹിക്കുന്ന ആരും സമ്മതിക്കും. കുറേയേറെ യാത്രകളൊന്നും നടത്തിയിട്ടില്ലെങ്കിലും ഇതുവരെയുള്ളതെല്ലാം ശരിക്കും ആസ്വദിച്ചു തന്നെയാണെന്നും ഇനിയാണ് ശരിക്കും സഞ്ചാരങ്ങള്‍ ആരംഭിക്കാനിരിക്കുന്നതെന്നും അഹാന.

ahana4

പ്രയാണം തുടങ്ങുന്നു

ഇത്രനാളും അധികം യാത്രകളൊന്നും ചെയ്യാനായിട്ടില്ല. ഇനി ശരിക്കും എൻജോയ് ചെയ്ത് യാത്ര ചെയ്യാനാണ് എന്റെ പദ്ധതി. നിരവധി സ്ഥലങ്ങള്‍ മനസ്സിലുണ്ട്. സമയം അനുവദിക്കുന്നതിനനുസരിച്ച് എല്ലായിടത്തും പോകണമെന്നാണ് ആഗ്രഹം. എന്നുകരുതി യാത്രകളെ തരംതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാത്തരത്തിലുമുള്ളൊരു എക്‌പ്ലൊറേഷന്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. സാഹസിക യാത്രകളോട് വലിയ താല്‍പര്യമില്ലാത്ത ആളാണ് ഞാന്‍. വലിയ റിസ്‌കെടുത്തുള്ള അഡ്വഞ്ചറസ് ട്രിപ്പുകളോട് ഞാന്‍ നോ പറയും. സുരക്ഷിതമായ യാത്രകള്‍ക്കു മാത്രമേ പോകാറുള്ളു. സാഹസികത ഇഷ്മല്ലാത്തതുകൊണ്ടല്ല, വലിയ റിസ്‌കുകള്‍ എടുക്കാന്‍ താല്‍പര്യമില്ലാാത്തതുകാണ്ടാണ്. യാത്രകള്‍ നമുക്ക് ആസ്വദിക്കാനുളളതല്ലേ, അതില്‍ ടെന്‍ഷനടിച്ച് പേടിച്ചൊക്കെ ചെയ്താല്‍ പിന്നെ എന്തു പ്രയോജനം. 

ahana-trip3

ഞാൻ ജനിച്ചു വളർന്നത് തിരുവനന്തപുരത്താണ്. ആർക്കും ഇഷ്ടം തോന്നുന്ന സ്ഥലമാണ്. കാരണം ഇവിടെ എല്ലാം അടുത്താണ്. ബീച്ചും ഹിൽ സ്‌റ്റേഷനും പത്തറുപത് കിലോമീറ്ററിനുള്ളിൽ ഇവിടെയുണ്ട്. റെയിൽവേ സ്‌റ്റേഷനും എയർപോർട്ടും ബസ് സ്‌റ്റേഷനും അടുത്തടുത്തുണ്ട്.  രാത്രിയിൽ ട്രാഫിക് ഒഴിഞ്ഞുകഴിയുമ്പോൾ നഗരത്തിലൂടെ ഡ്രൈവ് ചെയ്യുന്നത് വല്ലാത്തൊരു ഫീലാണ്. മഞ്ഞ വെളിച്ചം പൊഴിക്കുന്ന സ്ട്രീറ്റ് ലൈറ്റുകളും മനോഹരമായ റോഡും. നമ്മൾ ശരിക്കും റിലാക്സ്ഡ് ആകും.

ahana-trip1

അഹാന കണ്ട പിങ്ക് സിറ്റി

യാത്രകൾ പോകാൻ ആഗ്രഹമുണ്ട്, സമയപരിമിതി മൂലം പലപ്പോഴും അതിനു കഴിഞ്ഞിട്ടില്ല.  ആകെ കുറച്ചു സ്ഥലങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കണ്ടിട്ടുള്ളത്. അങ്ങനെയാണ് ഈയടുത്ത് ജയ്പുരും അഹമ്മദാബാദും പോയത്. പിങ്ക് സിറ്റി നേരില്‍ കാണണമെന്ന മോഹത്താലാണ് യാത്ര തിരിച്ചത്. ഞങ്ങള്‍ ശരിക്കും ആ ട്രിപ്പ് ആസ്വദിച്ചു. ഇന്ത്യയുടെ പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പുരിന് പങ്കുവയ്ക്കാന്‍ ഒരായിരം കഥകളുണ്ടെന്ന് അവിടെ പോയവര്‍ക്ക് മനസ്സിലാകും. 

ahana3

രാജാക്കന്‍മാരുടെ നാടായ രാജസ്ഥാനില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരമാണ് ജയ്പുര്‍ അഥവാ ഇന്ത്യയുടെ പിങ്ക് സിറ്റി. നഗരത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളും പിങ്ക് നിറത്തിലായതിനാലാണ് ഈ പേര് വന്നത്. എന്നാല്‍ ആ പിങ്ക് നിറത്തിന് ഒരു ചരിത്രമുണ്ട്. 1876 ല്‍ വെയില്‍സ് രാജകുമാരനും വിക്ടോറിയ രാജഞിയും ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തി. ഈ സമയം അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി ജയ്പുര്‍ മഹാരാജാ റാം സിങ് നഗരത്തിനു മുഴവുന്‍ പിങ്ക് നിറം നല്‍കാന്‍ ഉത്തരവിട്ടു. അങ്ങനെ ജയ്പുര്‍ പിങ്ക് സിറ്റിയായി, പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്ന ഇവിടുത്തെ നാട്ടുകാര്‍ ഇന്നും ആ നിറത്തിന് കോട്ടം തട്ടാതെ കാത്തുപാലിച്ചുപോരുന്നു. 

ahana-trip4

ജയ്പുര്‍ ഇന്ത്യയിലെ ഏറ്റവും മനോഹരവും കാന്തികവുമായ നഗരമാണ്. വാക്കുകള്‍ക്ക് അതീതമാണ് ആ നാടിന്റെ മനോഹാരിത. സംസ്‌കാരം, വാസ്തുവിദ്യ, പാരമ്പര്യം, കല, ആഭരണങ്ങള്‍ തുടങ്ങി എല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.ആധുനികവത്കരണത്തിനുശേഷവും പൈതൃകത്തിന്റെ വേരുകളും മൂല്യങ്ങളും മുറുകെപിടിക്കുന്ന ഈ നഗരത്തെ യുനെസ്‌കോ ലോക പൈതൃകപട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാലത്ത് രാജകുടുംബങ്ങള്‍ താമസിച്ചിരുന്ന നഗരത്തിലെ കൊട്ടാരങ്ങളിലും കോട്ടകളിലും ജയ്പുരിലെ മഹത്തായ ഭൂതകാലം ഇന്നും കണ്ടറിയാം. ഗംഭീരമായ കോട്ടകളും ഹവേലികളും മനോഹരമായ ക്ഷേത്രങ്ങളും ശാന്തമായ പ്രകൃതിദൃശ്യങ്ങളും സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ജയ്പുരിനെ വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. ജല്‍ മഹല്‍, ബിര്‍ള മന്ദിര്‍, ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം, ഹവ മഹല്‍, ജന്തര്‍ മന്ദിര്‍ തുടങ്ങി നിരവധി കാഴ്ചകളുണ്ട് ഇവിടെ. ആധുനിക ഇന്ത്യയിലെ ആദ്യകാല ആസൂത്രിത നഗരങ്ങളിലൊന്നായിരുന്നു ജയ്പുര്‍. 

ahana8

സിംഗപ്പൂര്‍ ഈസ് എ ഡ്രീം വേള്‍ഡ്

യാത്രചെയ്തതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് സിംഗപ്പൂർ. ശരിക്കുമൊരു ഡ്രീം വേള്‍ഡില്‍ എത്തിയപോലെ തോന്നും. എവിടെ നോക്കിയാലും ചിത്രം വരച്ചുവച്ചിരിക്കുന്നതുപോലെ. ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവുമായ നഗരങ്ങളിലൊന്നാണത്. തിയാന്‍ ഹോക്ക് കെംഗ് ക്ഷേത്രം, അതിശയകരമായ ഷോപ്പിങ്, അതിഗംഭീരമായ മാളുകള്‍, നിരവധി ബീച്ചുകള്‍ എല്ലാമുണ്ട് സിംഗപ്പൂരില്‍. നഗരദൃശ്യം ഒരു സയന്‍സ് ഫിക്‌ഷന്‍ കോമിക്ക് പുസ്തകത്തിന്റെ പേജുകളില്‍ നിന്ന് പറിച്ചെടുത്തതായി തോന്നും. ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളും ഗാര്‍ഡന്‍സ് ബൈ ബേയും ഒരു ഹോര്‍ട്ടികള്‍ച്ചറല്‍ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നു. സാന്‍ഡ്‌സ് സ്‌കൈപാര്‍ക്കിന്റെ നിരീക്ഷണ ഡെക്ക് നിങ്ങള്‍ മേഘങ്ങള്‍ക്ക് മുകളിലാണെന്ന് തോന്നിപ്പിക്കും.

ഷൂട്ടിന്റഎ ഭാഗമായി ഒരുപാട് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിലും ഒരുപാട് നല്ല സ്ഥലങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കൊടൈക്കനാൽ ട്രിപ്പ് സൂപ്പറായിരുന്നു. എറണാകുളം, തൃശൂർ ഒക്കെയായിരുന്നു ബാക്കി ലൊക്കേഷനുകൾ. സിനിമയിലും കുടുംബം ട്രിപ്പ് പോകുന്നതാണ് സന്ദർഭം. അവിടെയുള്ള ബോട്ടിങ് പോയിന്റിലാണ് ക്ളൈമാക്സിലെ ബോട്ടിങ് സീനുകൾ എടുത്തത്. ആദ്യം നിവിൻ കുറച്ചു നേരം പെഡൽ ചവിട്ടി. അതുകഴിഞ്ഞു സൂത്രത്തിൽ എനിക്ക് കൈമാറി. ഞാൻ ചവിട്ടി ചവിട്ടി വശം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ! യാത്രകളുടെ കാര്യത്തിൽ എന്നെ പോലെ തന്നെയാണ് സഹോദരികളും. ഷോപ്പിങ്ങും കാഴ്ചകളും ഫൂഡുമൊക്കെയാണ് അവർക്കും പ്രിയം.

മാലദ്വീപിൽ പോകാൻ വളരെ ഇഷ്ടമുള്ള സ്ഥലമാണ്. നീല നിറമുള്ള കടലിനു നടുക്കുള്ള റിസോർട്ടുകൾ ചിത്രങ്ങളിലൂടെ തന്നെ എന്നെ പോകാൻ കൊതിപ്പിച്ച ഇടമാണ്. ഏറെ കാലത്തെ മോഹവും ആഗ്രഹവുമായിരുന്നു മാലദ്വീപ് യാത്ര. ആ യാത്രക്കുള്ള തയാറെടുപ്പിലാണ് ഞാൻ. ജനുവരി 17 ന്  ഞാൻ മാലദ്വീപിലേക്ക് യാത്ര പോകുകയാണ് ആ ത്രില്ലിലാണ് ഇപ്പോൾ.

എല്ലാ വര്‍ഷവും യാത്ര ചെയ്യുന്ന സമ്പ്രദായമൊന്നും ഇതുവരെ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇനി അതൊക്കെ തുടങ്ങണം. പുതിയ സംസ്‌കാരങ്ങളും നാടുകളും, ആളുകളേയുമെല്ലാം അറിയാനും മനസ്സിലാക്കാനും യാത്രകള്‍ കൊണ്ട് സാധിക്കും. നമ്മുടെ നിലപാടുകളുകളിലും സ്വഭാവ രൂപീകരണത്തിലുമെല്ലാം സ്വാധീനം ചെലുത്താന്‍ യാത്രകള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട്  കഴിയുന്നിടത്തോളം യാത്രകള്‍ ചെയ്യണമെന്നുതന്നെയാണ് അഭിപ്രായം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA