sections
MORE

തായ്‍‍ലൻഡ് യാത്രയോട് പുരികം ചുളിക്കുന്നവർ അറിയണം

thailan-night-life
SHARE

ചില നഗരങ്ങള്‍ കൂടുതല്‍ സുന്ദരമാകുന്നത് രാത്രികാലങ്ങളിലാണ്. പകലിനെ വെല്ലുന്ന വെളിച്ചത്തിൽ അതിനേക്കാൾ മനോഹരമായ കാഴ്ചകളുള്ള നഗരങ്ങൾ. അതിലൊന്നാണ് തായ്‌‌ലൻഡ്. നൈറ്റ് ലൈഫ് ആരാധകരായ യാത്രാപ്രേമികകളെ മാടിവിളിക്കും തായ്‌ലൻഡ് എന്ന സ്വപ്ന ഭൂമി. ബീച്ച് പാർട്ടികൾ, സഫാരികൾ, രാത്രിമാർക്കറ്റുകൾ, നൈറ്റ്ക്ലബ്ബുകൾ, സ്ട്രീറ്റ് ഫൂഡ്, വിസ്മയകരങ്ങളായ ഷോകൾ എന്നിവ നിങ്ങളെ മറ്റൊരു ലോകത്ത് എത്തിക്കും. സൂര്യൻ ഉദിക്കുന്നതുവരെ നിങ്ങളെ വെളിച്ചത്തിന്റെ, ആഘോഷങ്ങളുടെ പ്രഭാവലയത്തിൽ നിർത്തും.

thailand

തായ്‌ലൻഡിന്റെ ബീച്ച് പാർട്ടികൾ പേരെടുത്തതാണ്. നിയോൺ ലൈറ്റുകൾ, മികച്ച സംഗീതം, സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങൾ, ഡാൻസ് ഫ്‌ളോറായി പ്രവർത്തിക്കുന്ന സോഫ്റ്റ് സാൻഡ്സ്.  രാത്രിയിൽ ഈ നാടിന്റെ നഗരഹൃദയങ്ങൾ മറ്റൊരു മായാലോകമായി മാറുന്നു. ബിഗ് 3 എന്നറിയപ്പെടുന്ന മൂന്ന് സിറ്റികളിലാണ് ഇവിടുത്തെ തെളിമയാർന്ന രാത്രിജീവിതങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ആ നഗരങ്ങളെക്കുറിച്ച്...

pattaya.jpg.image.784.410

ഫുക്കറ്റ് 

ബിഗ് 3 നഗരങ്ങളിൽ ഒന്നാമൻ. മനോഹര കടല്‍ത്തീരങ്ങളും മഴക്കാടുകളും പര്‍വതങ്ങളും വൈവിധ്യമാര്‍ന്ന സംസ്കാരവുമെല്ലാം സമന്വയിക്കുന്ന ദ്വീപ്. തായ്‌ലന്‍ഡിന്റെ ദക്ഷിണപ്രദേശത്ത് ആന്‍ഡമാന്‍ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം ചെറിയ 32 ദ്വീപുകളുമുണ്ട്. പശ്ചിമ ഫുക്കറ്റിലാണ് ലോകശ്രദ്ധയാകര്‍ഷിച്ച കടല്‍ത്തീരങ്ങളുള്ളത്. പതങ് ബീച്ച്‌, കമല ബീച്ച്‌, കാരന്‍ ബീച്ച്‌, കട്ട ബീച്ച്‌ എന്നിവയാണ് അതിൽ പ്രധാനം. രാത്രി ഫുക്കറ്റ് വിനോദങ്ങൾ ക്ലബുകളിലേക്കും ബീച്ച് പാർട്ടികളിലേക്കും വ്യാപിക്കും. 

pattaya-trip

ബാങ്കോക്ക്

പകലിനെ വെല്ലുന്ന പ്രകാശമാണ് ബിഗ് 3 യിലെ രണ്ടാമനായ ബാങ്കോക്കിന്റെ രാത്രികൾക്ക്. രാത്രിഷോപ്പിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് ബാങ്കോക്ക്. കേരളത്തില്‍ നിന്നടക്കം ധാരാളം പേര്‍ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം കൂടിയാണിത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ ബാങ്കോക്കിലേക്കു വിമാനം കയറുന്നവരും കുറവല്ല. ബാങ്കോക്കിലെ രാത്രിമാർക്കറ്റുകൾ വൈകുന്നേരത്തോടെ സജീവമാകും. തനതായ ഭക്ഷണവിഭങ്ങളും ഇവിടെനിന്ന് വാങ്ങിക്കഴിക്കാം. ധാരാളം തെരുവോര ഭക്ഷണശാലകള്‍ ഇവിടെയുണ്ട്. റോട്ട് ഫായ് മാര്‍ക്കറ്റാണ് ഏറ്റവും പ്രശസ്തം. തുണിത്തരങ്ങള്‍ക്ക് പ്രശസ്തമാണ് ഈ മാര്‍ക്കറ്റ്. ഏഷ്യാട്ടിക് എന്ന തുറന്ന മാളില്‍ കറങ്ങി നടക്കാം. തെരുവോര മാര്‍ക്കറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവേറുമെങ്കിലും ധാരാളം പേര്‍ ഇവിടേക്കും എത്താറുണ്ട്.

phuket-bar

പട്ടായ

മനോഹരമായ കടൽത്തീരങ്ങൾ, വൃത്തിയുള്ള റോഡുകൾ, സുഖകരമായ കാലാവസ്ഥ, രസകരമായ വിനോദങ്ങൾ, വ്യത്യസ്തമായ കാഴ്ചകൾ... പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എല്ലാ അർഥത്തിലും ആഘോഷിക്കാൻ വന്നിറങ്ങുന്ന സ്ഥലമാണ് പട്ടായ. മസാജിന് പേരു കേട്ട ഇവിടുത്തെ മസാജ് പാർലറുകൾ രാത്രി പുലരുവോളം തുറന്നിരിക്കും. സെക്സ് ടൂറിസം നിയമപരമായി നടക്കുന്ന പട്ടായയെ രാത്രിയുടെ മറ്റൊരു മുഖം എന്നു വിളിക്കാം. 

pattaya

ചിയാങ് മായ്

തായ്‌ലൻഡിലേക്കുള്ള പതിവ് സന്ദർശകരോട് അവരുടെ പ്രിയപ്പെട്ട സ്ഥലം ഏതെന്ന്  ചോദിച്ചാൽ, ബിഗ് 3 കൂടാതെ ഏറ്റവും അധികം പേർ പറയുക ചിയാങ് മായ് എന്നായിരിക്കും. വടക്കൻ തായ്‌ലൻഡിലെ ഏറ്റവും വലിയ നഗരം, ഒരുപക്ഷേ രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥ ഇവിടെയാണെന്ന് പറയാം.  കുന്നുകളാൽ ചുറ്റപ്പെട്ട ഇവിടെ നിരവധി നൈറ്റ് ക്ലബുകളും ബീയർ പാർലറുകളും ഉണ്ട്.  ലോയി ക്രോ റോഡ് പോലെയുള്ള പ്രശസ്തയിടങ്ങളിൽ  മസാജ് പാർലറുകളുടെ നീണ്ട നിര കാണാം. ഓൾഡ് ടൗണിലെ യെല്ലോയിലെ സോ പോലെയുള്ള സ്ഥലങ്ങളും ചിയാങ് മയിയിലെ വിനോദ സഞ്ചാരികളുടെ പ്രധാന രാത്രിജീവിത മേഖലകൾ ആണ്. 

കോ സാമുയി

തായ്‌ലൻഡിലെ മികച്ച രാത്രിജീവിതമുള്ള ദ്വീപിനായി നിങ്ങൾ തിരയുകയാണെങ്കിൽ അത് കോ സാമുയി ആയിരിക്കും. ചാവെങ് ബീച്ചും ബാറുകളും ക്ലബ്ബുകളും നിറഞ്ഞ രാത്രികാല പ്രദേശങ്ങൾ ഇവിടെ വേറെ നിരവധിയുണ്ട് താനും. ലാമൈ ബീച്ച് ചാവെങ് ബീച്ചിൽനിന്ന് വിപരീതമായൊരു അനുഭവം നൽകുന്നു. ഇവിടെ നിങ്ങൾക്ക് റൊമാന്റിക് സീഫുഡ് റസ്റ്ററന്റുകളും  ബീച്ചിൽ തന്നെ മസാജ് കുടിലുകളും കാണാം. പട്ടണത്തിന് ചുറ്റുമുള്ള ഇടങ്ങളിൽ ധാരാളം ബീയർ ബാറുകളും ഉണ്ട്.

നവംബർ മുതൽ മാർച്ച് വരെ തായ്‌ലൻഡിലെ ഏറ്റവും തിരക്കേറിയ സീസണാണ്, കാരണം കാലാവസ്ഥ ബീച്ച് വിനോദത്തിന് അനുയോജ്യമാണ്. ഡിസംബർ, ജനുവരി ശൈത്യകാലത്താണ് ബീച്ച് പാർട്ടികൾ കൂടുതലുള്ളത്, അതിനാൽ ജനപ്രിയ പാർട്ടി ദ്വീപുകളിൽ വലിയ ജനക്കൂട്ടം പ്രതീക്ഷിക്കുക.

രാത്രിയിലെ പകലിനെ അടുത്തറിയാൻ പോകാം, വെളിച്ചം നിറഞ്ഞ നിശയുടെ നാട്ടിലേക്ക്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA