sections
MORE

ഇരുന്നൂറിൽ കൂടുതൽ കംപാർട്ടുമെന്റുകളുള്ള ലോകത്തേറ്റവും നീളമുള്ള ട്രെയിന്‍

sahara-desert-train
SHARE

ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലൂടെ ഒരു ട്രെയിനില്‍ യാത്ര ചെയ്യുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ശരീരത്തിലെ ഓരോ അണുവിലും സൂര്യരശ്മികള്‍ വന്ന് കുത്തിക്കയറുന്നത് നേരിട്ട് അനുഭവിച്ചറിയാം. അതും ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള ട്രെയിനില്‍.

1963ലാണ് മൗറിറ്റാനിയയുടെ 'ട്രെയിൻ ഡു ഡെസര്‍ട്ട്' പ്രവര്‍ത്തനമാരംഭിക്കുന്നത്. അറ്റ്ലാന്റിക് തീരത്തെ നൗദിബോ തുറമുഖത്തു നിന്ന് രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള സൂറിയത്തിലെ ഇരുമ്പയിരു ഖനികളിലേക്ക് ഓടുന്ന ദൈനംദിന ട്രെയിനാണിത്. മൊത്തം ഓടിത്തീര്‍ക്കുന്ന ദൂരമാകട്ടെ, 704 കിലോമീറ്റര്‍ വരും. ട്രെയിനിന്‍റെ നീളം 2.5 കിലോമീറ്റര്‍. ലോകത്തില്‍ തന്നെ നോക്കിയാല്‍ ഏറ്റവും നീളം മാത്രമല്ല, ഭാരവും ഈ ട്രെയിനിനു തന്നെയാണ് ഏറ്റവും കൂടുതല്‍. 

ചരക്കെടുക്കാന്‍ വന്‍ കപ്പലുകള്‍ വന്നടുക്കുന്ന തുറമുഖമാണ് നൗദിബോ. പൊട്ടിപ്പൊളിഞ്ഞതും പുരാതനവുമായ കപ്പലുകളുടെ അവശിഷ്ടങ്ങള്‍ ഇവിടെയെങ്ങും കാണാം. 'കപ്പലുകളുടെ ലോകത്തെ ഏറ്റവും വലിയ ശ്മശാനം' എന്നാണ് ഈ തുറമുഖത്തെ വിളിക്കുന്നതു തന്നെ. തർക്കപ്രദേശമായ പടിഞ്ഞാറൻ സഹാറയുടെ അതിർത്തിയിലൂടെയാണ് ഈ ട്രെയിനിന്‍റെ യാത്ര. മുഴുവൻ ദൂരം സഞ്ചരിക്കാന്‍ ഏകദേശം 20 മണിക്കൂർ എടുക്കും. മൂന്നാലു ഡീസൽ ലോക്കോമോട്ടീവുകൾ, ഒരു പാസഞ്ചർ കാരേജ്, 200 മുതൽ 210 വരെ ചരക്ക് കമ്പാര്‍ട്ട്മെന്റുകള്‍ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ ട്രെയിൻ. 84 ടൺ ഇരുമ്പയിര് വരെ വഹിക്കാൻ കഴിയുന്ന ബോഗികള്‍ ആണ് ഇവ.

ഇനി ഈ ട്രെയിന്‍ ആളുകളെ എങ്ങനെയാണ് കൊണ്ടുപോകുന്നത് എന്ന് പറയാം. ആളുകള്‍ക്ക് യാത്ര ചെയ്യാനായി തയാറാക്കപ്പെട്ടതല്ല ഈ ട്രെയിന്‍ എന്നതാണ് സത്യം. എന്നാല്‍, മരുഭൂമിയില്‍ ജീവിക്കുന്ന ജനതയുടെ പ്രധാന യാത്രാ മാര്‍ഗ്ഗമാണ് ഈ ട്രെയിന്‍. ഏകദേശം നൂറോളം യാത്രക്കാര്‍ ദിനംപ്രതി ഈ ട്രെയിനില്‍ കയറി യാത്ര ചെയ്യുന്നു. റോഡ്‌ വഴിയാണ് യാത്രയെങ്കില്‍ ഏകദേശം 500 കിലോമീറ്ററുണ്ട്. അസുഖകരമായ ആ യാത്രയില്‍ നിന്നും അല്‍പ്പമെങ്കിലും മോചനം നല്‍കാന്‍ ഈ ട്രെയിനിനു സാധിക്കുന്നുണ്ട്. 

ട്രെയിനിന്‍റെ ഏറ്റവും അവസാന ഭാഗത്താണ് ആളുകളെ കയറ്റാനുള്ള ബോഗി സാധാരണ ഉണ്ടാവുക. ഒരാള്‍ക്ക് നാലു ഡോളര്‍ ആണ് ടിക്കറ്റ് നിരക്ക്. എന്നാല്‍, നാട്ടുകാര്‍ പലപ്പോഴും യാത്ര ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ചരക്കുബോഗികള്‍ ആണ്. ഇവയിലെ തൂങ്ങിപ്പിടിച്ചുള്ള സെക്കന്‍ഡ് ക്ലാസ് യാത്ര ഫ്രീ ആയതിനാല്‍ യാത്രാച്ചെലവ്‌ കുറയും.  പക്ഷേ, പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകുന്നത് സാധാരണയാണ് എന്നതു കൊണ്ടുതന്നെ ഈ യാത്ര അപകടം നിറഞ്ഞതാണ്‌. 

സൂര്യന്‍ ഉദിച്ചു വന്നാല്‍ പിന്നെ ചുട്ടു പഴുത്ത ഇരുമ്പു മുറിയില്‍ നില്‍ക്കുന്നതു പോലെയുള്ള അനുഭവമാണ് ഈ ട്രെയിനിനുള്ളില്‍. വൈകുന്നേരമായാലോ അസഹനീയമായ തണുപ്പും. അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ SNIM (National Mining and Industrial Company)ആണ് ഈ ട്രെയിനിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സൂറിയത്തിലെ ഖനികള്‍ക്കടുത്ത് തന്നെയാണ് ഇവയില്‍ പണിയെടുക്കുന്ന തൊഴിലാളികളും കുടുംബവും താമസിക്കുന്നത്. ഏകദേശം 38000ത്തോളം വരും ഇവിടത്തെ ജനസംഖ്യ. ഇതില്‍ കൂടുതല്‍ പേരും ഖനിത്തൊഴിലാളികളാണ്.

സൂറിയത്തിലെത്തിക്കഴിഞ്ഞാല്‍ ആളുകളെയും ചരക്കുകളും ഇറക്കി തിരിച്ച് നൗദിബോ തുറമുഖത്തേക്ക് തന്നെ ട്രെയിന്‍ യാത്ര തുടരും, ഖനികളില്‍ നിന്നേറ്റിയ ഇരുമ്പയിരും പുറംലോകത്തേക്ക് യാത്ര തുടങ്ങുന്ന സൂറിയത്ത് വാസികളുമായി..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA