സണ്ണി ലിയോണിന്‍റെ തായ്‌ലാന്‍ഡ് യാത്രയ്ക്കു പിന്നിലെ ആ രഹസ്യം

sunny-leone-travel
SHARE

താരസുന്ദരി സണ്ണി ലിയോണിന്‍റെ ഏറ്റവും പുതിയ യാത്ര അല്‍പ്പം സ്പെഷ്യലാണ്! ലക്ഷ്വറി നിറഞ്ഞു തൂവുന്ന നഗരപരിസരങ്ങളിലല്ല എന്നതാണ് ആദ്യത്തെ പ്രത്യേകത. ഭര്‍ത്താവുമൊന്നിച്ച് യാത്ര ചെയ്യാന്‍ തെരഞ്ഞെടുത്ത സ്ഥലമാണ് മറ്റൊരു വ്യത്യസ്തമായ കാര്യം. പഞ്ചനക്ഷത്ര മാളുകളിലും സെലിബ്രിറ്റികള്‍ സാധാരണ സന്ദര്‍ശിക്കാറുള്ള വമ്പന്‍ റിസോര്‍ട്ടുകള്‍ പോലെയുള്ളവയിലുമൊന്നുമല്ല, ക്ഷേത്രങ്ങളാണ് ഇക്കുറി സണ്ണിയുടെ യാത്രാ ചാര്‍ട്ടില്‍ ഇടം നേടിയത്, അതും ഇന്ത്യയിലല്ല, അങ്ങു തായ്‌ലാന്‍ഡില്‍!

"തായ്‌ലാന്‍ഡ് ഞാന്‍ ഇഷ്ടപ്പെടാനുള്ള അനവധി കാരണങ്ങളില്‍ ഒന്നാണ് ഇവിടത്തെ ക്ഷേത്രങ്ങള്‍. ചെറുതോ വലുതോ ആവട്ടെ. പ്രത്യേകിച്ച് ഭര്‍ത്താവിനൊപ്പം. വരും വര്‍ഷം മികച്ചതാവാന്‍ പ്രാര്‍ത്ഥിക്കുന്നു" തായ്‌ലാന്‍ഡിലെ ഒരു ക്ഷേത്രത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഫോട്ടോ പങ്കു വച്ചു കൊണ്ട് സണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കടും നീലയില്‍ വലിയ ഫ്ലോറല്‍ പ്രിന്റുള്ള ഫുള്‍ ഫ്രോക്കും കൂളിംഗ്ഗ്ലാസുമണിഞ്ഞ് എപ്പോഴത്തെയും പോലെ തന്നെ ജ്വലിക്കുന്ന സൗന്ദര്യമാണ് ഈ ചിത്രത്തിലും കാണാനാവുക. ഒപ്പം ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് കോമ്പിനേഷനില്‍ പാന്‍റ്സും ഷര്‍ട്ടുമണിഞ്ഞ് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും കൂടെയുണ്ട്.

കറുത്ത ഡീപ്നെക്ക് ടോപ്പും ചെക്ക് പാന്‍റ്സുമണിഞ്ഞ്‌ മറ്റൊരു പ്രാദേശിക ബുദ്ധക്ഷേത്രം സന്ദര്‍ശിക്കുന്ന ചിത്രങ്ങളും സണ്ണി പങ്കു വച്ചിട്ടുണ്ട്. ഇവിടുത്തെ ബുദ്ധസന്യാസിയില്‍ നിന്നും അനുഗ്രഹം വാങ്ങിയത് നല്ല അനുഭവമായിരുന്നു എന്നും ഒപ്പം കുറിച്ചിട്ടുണ്ട്.  

തായ്‌ലാന്‍ഡിലെ ഏറ്റവും പ്രശസ്തമായ ബുദ്ധക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം  

നൂറോ ആയിരമോ അല്ല, ഏകദേശ കണക്കനുസരിച്ച് 41,205 ഓളം ബുദ്ധക്ഷേത്രങ്ങളാണ് തായ്‌ലാന്‍ഡില്‍ ഉള്ളത് എന്നാണ് കണക്ക്. ഇവിടെ 94.6 ശതമാനത്തോളം വരുന്ന ജനത ബുദ്ധിസം പിന്തുടരുന്നവരാണ്. 

ഉയരമുള്ള സ്വർണ്ണ സ്തൂപങ്ങളോടു കൂടിയതും  തായ്‌ലാൻഡിന്റെ ബുദ്ധ വാസ്തുവിദ്യ അനുസരിച്ച് നിര്‍മ്മിക്കപ്പെട്ടതുമാണ് ഇവിടത്തെ ക്ഷേത്രങ്ങള്‍.  കംബോഡിയ, ലാവോസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് സമാനമാണ് ഇത്. ഇവയുമായി സാംസ്കാരികവും ചരിത്രപരവുമായ പൈതൃകവും തായ്‌ലൻഡ് പങ്കിടുന്നുണ്ട്.

ചിയാങ്ങ്‌ രായില്‍ സ്ഥിതി ചെയ്യുന്നതും 'ധവളക്ഷേത്രം' എന്ന് വിളിക്കപ്പെടുന്നതുമായ വാട്ട് റോംഗ് ഖുന്‍(Wat Rong Khun) ഇവിടത്തെ പ്രധാന ബുദ്ധക്ഷേത്രങ്ങളില്‍ ഒന്നാണ്. രാജകീയ പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ആയുത്തായയിലെ വാട്ട് ഫ്രാ സി സാന്‍ഫേത് (Wat Phra Si Sanphet) ആണ് ടൂറിസപ്രാധാന്യമുള്ള മറ്റൊരു ക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് രാജകീയ മഠമായാണ് കണക്കാക്കപ്പെട്ടിരുന്നത്. 

വിശുദ്ധമായ മതിലുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ബുദ്ധശില്പത്തിന് പ്രശസ്തമായ വാട്ട് ഫോ(Wat Pho) ആണ് തായ്‌ലാൻഡില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരു ബുദ്ധക്ഷേത്രം. 150 അടിയിലധികം നീളമുണ്ട് ഈ ശില്‍പ്പത്തിന്. തായ്‌ലൻഡിലെ ആദ്യത്തെ പബ്ലിക് യൂണിവേഴ്‌സിറ്റി കൂടിയാണ് ഈ ക്ഷേത്ര സമുച്ചയം.

'ടെമ്പിള്‍ ഓഫ് മില്ല്യന്‍ ബോട്ടില്‍സ്' എന്നറിയപ്പെടുന്ന വാട്ട് പാ മഹാ ചെടി കോ (Wat Pa Maha Chedi Kaew), 'ഗ്ലാസ് ടെമ്പിള്‍' എന്ന് പേരുള്ള വാട്ട് ചന്ദാരം (Wat Chantaram), ബാങ്കോക്കിനടുത്തുള്ള ഭീമന്‍ ബുദ്ധക്ഷേത്ര സമുച്ചയമായ വാട്ട് ഫ്രാ ധര്‍മ്മകായ (Wat Phra Dhammakaya) എന്നിവയും ബുദ്ധക്ഷേത്ര പര്യടനത്തിനിറങ്ങുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA