sections
MORE

ലോകത്തിലെ ഏറ്റവും അപകടകരമായ ട്രെയിന്‍ റൂട്ടുകള്‍

White-Pass-%26-Yukon-Route1
SHARE

താങ്ങാവുന്ന ബജറ്റില്‍ സുഖകരമായ യാത്ര ചെയ്യാനായി ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്ന ഗതാഗത മാര്‍ഗ്ഗമാണ് ട്രെയിന്‍. ലോകത്താകമാനമുള്ള സഞ്ചാരികള്‍ ഏറ്റവും സുരക്ഷിതമായ യാത്രക്ക് വേണ്ടിക്കൂടിയാണ് ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്നത്. എന്നാല്‍ ഏറ്റവും സാഹസികരായ ആളുകളുടെ പോലും ശ്വാസം നിലച്ചു പോകുന്നത്ര അപകടകരമായ റെയില്‍ റൂട്ടുകള്‍ ഈ ലോകത്തുണ്ട്. ഇങ്ങനെയുള്ള ചില റൂട്ടുകള്‍ പരിചയപ്പെടാം.

1. ചെന്നൈ രാമേശ്വരം റൂട്ട് - ഇന്ത്യ 

rameshwaram

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് രാമേശ്വരം. ചെന്നൈ സിറ്റിയില്‍ നിന്നും രാമേശ്വരത്തേക്ക് പോകുന്ന വഴിയില്‍  ഇടക്കുള്ള 2.3 കിലോമീറ്റര്‍ ദൂരം കടലിനു മുകളിലൂടെയാണ് പോകുന്നത്. തിരമാലകളും കാറ്റും അതിശക്തമായ ഈ പ്രദേശത്തു കൂടി പോകുമ്പോള്‍ ഏതു സാഹസികന്‍റെയും നെഞ്ച് പടപടാ എന്നിടിക്കും!

2. ഡെവിള്‍സ് നോസ് ട്രെയിന്‍ റൂട്ട്, ഇക്വഡോര്‍

devils-nose-train

ഇക്വഡോറിലെ ഏറ്റവും മനോഹരമായ റെയില്‍ റൂട്ടുകളില്‍ ഒന്നാണിത്. ഈ ട്രെയിന്‍ പോകുന്ന വഴിയില്‍ ഏകദേശം 12 കിലോമീറ്റര്‍ ദൂരത്തോളം കുത്തനെയുള്ളതും അഗാധവുമായ കൊക്കയാണ്. ഓടിക്കൊണ്ടിരിക്കുമ്പോള്‍ ട്രെയിന്‍ ചെരിഞ്ഞു താഴേക്ക് പതിച്ചാലോ എന്ന ചിന്തയില്ലാതെ യാത്ര ചെയ്യാന്‍ പറ്റിയാല്‍ ഈ പര്‍വ്വത പ്രദേശത്തിന്‍റെ മതിമയക്കുന്ന സൗന്ദര്യം ആവോളം ആസ്വദിച്ച് യാത്ര ചെയ്യാം.

3. വൈറ്റ് പാസ് ആന്‍ഡ്‌ യൂക്കോണ്‍, അലാസ്ക

White-Pass-&-Yukon-Route

ഇരുപതാം നൂറ്റാണ്ടില്‍ അലാസ്കയിലെ സ്വര്‍ണ്ണഖനികള്‍ക്കു വേണ്ടി നിര്‍മ്മിച്ചതാണ് ഈ റെയില്‍ റൂട്ട്. സ്വര്‍ണ്ണഖനനം ഇല്ലാതായതോടെ ഇത് അടച്ചുപൂട്ടലിന്‍റെ വക്കിലെത്തി. പിന്നീട് വീണ്ടും പ്രവര്‍ത്തനമാരംഭിച്ച ഈ റൂട്ടിലെ, സ്കാഗ്വേ മുതല്‍ കാര്‍ക്രോസ് വരെ നീണ്ടുകിടക്കുന്ന 67 കിലോമീറ്റര്‍ ദൂരം കുത്തനെയുള്ള കൊക്കകളും കൂലം കുത്തിയൊഴുകുന്ന നദികളും കിഴുക്കാന്‍ തൂക്കായ മലഞ്ചെരിവുകളും നിറഞ്ഞതാണ്‌.

4. ജോര്‍ജ്ടൌണ്‍ ലൂപ്, കൊളറാഡോ

റോക്കി പർവതനിരയിലെ ജോർജ്ജ്ടൗൺ, സിൽവർ പ്ലൂം എന്നീ രണ്ട് പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പഴയ ട്രെയിന്‍ റൂട്ടാണ് ഇത്. ഈ പ്രദേശത്തെ വെള്ളിഖനികളുടെ പ്രവര്‍ത്തന ആവശ്യത്തിനായി 1877ല്‍ നിര്‍മ്മിച്ചതാണ് ഇത്. ഈ ട്രാക്ക് 1939 ൽ അടച്ചുപൂട്ടിയിരുന്നു. പിന്നീട് പതിറ്റാണ്ടുകൾക്ക് ശേഷം, 1984 ൽ ടൂറിസം ആവശ്യങ്ങൾക്കായി വീണ്ടും തുറക്കുകയായിരുന്നു. വെറും 7 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഒരു ഹ്രസ്വ യാത്രയാണ് ഇത്. ഈ യാത്രയില്‍ ക്ലിയർ ക്രീക്ക് വാലി പാലങ്ങളിലൂടെയും ഡെവിൾസ് ഗേറ്റ് ഹൈ ബ്രിഡ്ജിലൂടെയും കടന്നുപോകുന്നത് മികച്ച അനുഭവമാണ്.

5. ട്രെന്‍ എ ലാസ് ന്യൂബ്സ്, അര്‍ജന്റീന

അര്‍ജന്‍റീനയിലെ സാള്‍ട്ടയും ചിലിയിലെ പോള്‍വോറില്ലയും തമ്മില്‍ ബന്ധിപ്പിക്കുന്ന 217 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടാണിത്. സമുദ്രനിരപ്പില്‍ നിന്നും 4200 മീറ്റര്‍ ഉയരത്തിലൂടെ മേഘങ്ങളെ തൊട്ടുരുമ്മിക്കൊണ്ടുള്ള ഈ യാത്ര അവിസ്മരണീയവും അതേ സമയം ഭയം ജനിപ്പിക്കുന്നതുമാണ്. മൊത്തം 29 പാലങ്ങളും 21ഓളം ടണലുകളും ഉള്ള ഈ വഴി പിന്നിടാന്‍ മൊത്തം 16 മണിക്കൂര്‍ എടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA